കടല്‍ വിറ്റതുപോലെ കാടും? മലയോരമേഖലയില്‍ വനവല്‍കരണം തുടരും!

forest
SHARE

കടല്‍ വിറ്റതിനേക്കാള്‍ വലിയ വഞ്ചനയാണ് ഇടതുസര്‍ക്കാര്‍ കിഫ്ബിയിലൂടെ കേരളത്തിന്റെ മലയോരവും  കാടും ലോകബാങ്കിന്റെ പണത്തിനുവേണ്ടി നീക്കിവച്ചത്. ആദ്യം കിഫ്ബി എന്താണെന്ന് ലളിതമായി പറയാം. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 65% സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ്. ജനസംഖ്യയുടെ വെറും 5% ആളുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. 20% വരുമാനം പലിശ നല്‍കാനും മറ്റു ഭരണ ചെലവുകള്‍ക്കുമായി വേണ്ടിവരുന്നു. ബാക്കിയുള്ള 15% വരുമാനം കൊണ്ട് വേണം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. കിറ്റ് അടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷനുകളും  ഈ 15%ല്‍ നിന്നാണ്. ഈ സാഹചര്യത്തിലാണ് കിട്ടാവുന്നിടത്തോളം കടം വാങ്ങി പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കിഫ്ബി എന്ന സ്ഥാപനം കൊണ്ടുവന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും വായ്പ  വാങ്ങും. സര്‍ക്കാരിന്റെ ഉറപ്പാണ് ഈട്. 

ഇങ്ങനെ കടമെടുത്തു കുറെ സ്‌കൂള്‍ കെട്ടിടങ്ങളും റോഡുമൊക്കെ പണിതിട്ടുണ്ട്. മുതലും പലിശയും തിരിച്ച് കൊടുക്കേണ്ടത് അടുത്ത സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇങ്ങനെയല്ലാതെ വികസനപ്രവര്‍ത്തനം നടത്തണമെങ്കില്‍ ഒന്നുകില്‍ ശമ്പളവും പെന്‍ഷനും കുറയ്ക്കണം അല്ലെങ്കില്‍ വരുമാനം കൂട്ടണം. വരുമാനം കൂടണമെങ്കില്‍ കേരളത്തില്‍ ബിസിനസും ഉല്‍പ്പാദനവും കൂടണം. അതിന് അടിസ്ഥാന സൗകര്യ വികസനം ഉണ്ടാവണം. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തില്‍ ബിസിനസും ഉല്‍പാദനവും  കുറഞ്ഞുവരികയാണ്. 

5 ശതമാനം ആളുകള്‍ക്ക് വേണ്ടി 65% പണം ചെലവഴിക്കലും (അവര്‍ സംഘടിത വോട്ട് ബാങ്ക് ആണ്, ഭൂരിപക്ഷവും  ഇടതുപക്ഷവും ആണ്) കടമെടുത്തു കുറച്ചു കെട്ടിടവും റോഡ് ഉണ്ടാക്കലും കിറ്റും ക്ഷേമ പെന്‍ഷനും കൊടുക്കലും മാത്രമായി സംസ്ഥാന ഭരണം. 

വിദേശത്തുനിന്നു കിഫ്ബി വായ്പ എടുക്കുന്നത് രണ്ട് ബോണ്ടുകളിലൂടെയാണ്. മസാല ബോണ്ടും ഗ്രീന്‍ ബോണ്ടും. ഇന്ത്യന്‍ രൂപയില്‍ കിട്ടുന്ന വിദേശ വായ്പയാണ് മസാല ബോണ്ട്. 8000 കോടി രൂപയാണ് എടുത്തിട്ടുള്ളത്. പലിശ 9.72%.

മസാല ബോണ്ട് അവിടെ നില്‍ക്കട്ടെ നമ്മുടെ വിഷയം ഗ്രീന്‍ ബോണ്ടാണ്. എന്താണ് അതിന്റെ ചതിക്കുഴി? സര്‍ക്കാര്‍ നടപ്പാക്കേണ്ട പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനമാണ് ഗ്രീന്‍ ബോണ്ട് വായ്പയുടെ നിബന്ധന. 1700 കോടി രൂപ കിഫ്ബി ഗ്രീന്‍ ബോണ്ട് ആയി ലോക ബാങ്കിന്റെ ഉപ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പി(ഐഎഫ്‌സി)ല്‍നിന്ന് വാങ്ങാനുള്ള നടപടികളാണ് ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞത്. കുറേ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്തത് സമര്‍പ്പിച്ചാല്‍ 1700 കോടി രൂപയ്ക്ക് തുല്യമായ ഡോളറാണ് ലോക ബാങ്ക് വഴി ലഭിക്കുക. അതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പ്രോജക്ട് വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയാണ്. എന്നുവച്ചാല്‍ കാപ്പിത്തോട്ടങ്ങളിലെ മരംമുറി നിരോധനം.

പക്ഷേ ജനരോഷം ഭയന്ന് രഹസ്യമായി ചെയ്ത വേറെ ചില കാര്യങ്ങള്‍ കൂടിയുണ്ട്. കേരളത്തിലെ 23  വന്യജീവിസങ്കേതങ്ങള്‍ ചുറ്റും ഇക്കോ സെന്‍സിറ്റീവ് നിര്‍ണയിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരള സര്‍ക്കാര്‍ തിരക്കിട്ട് നിര്‍ദ്ദേശം നല്‍കിയതാണ് അതിലൊന്ന്. വയനാട്ടില്‍ അടക്കം കേരളത്തിലെ മലയോരമേഖലകളിലെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് വളരെ തിടുക്കത്തില്‍ ഒരു ആഘാത പഠനവും നടത്താതെ ഇക്കോ സെന്‍സിറ്റീവ് സോണാക്കിയത്.  ലക്ഷക്കണക്കിന് കര്‍ഷകരെ അവരുടെ ആവാസഭൂമിയില്‍നിന്ന് ക്രമേണ പറിച്ചെറിയാന്‍ ഇത് കാരണമാവും. 

പൂര്‍ണമായും കാര്‍ബണ്‍ രഹിത മേഖല നിര്‍മിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ ഫണ്ട് എന്ന് ധനമന്ത്രി തോമസ് ഐസക്കും പറയുന്നുണ്ട്.

English summary: Kiifb to get rs 1700cr from world banks investment arm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA