ADVERTISEMENT

നൂറു രൂപയ്ക്ക് നാലും അഞ്ചും കിലോ നേന്ത്രൻ വിൽക്കേണ്ടിവന്നു ഈയിടെ കേരളത്തിലെ കർഷകർക്ക്. വഴിയ രികിൽ കൂട്ടിയിട്ടിരിക്കുന്ന നേന്ത്രപ്പഴത്തിനു വീണ്ടും അ‍ഞ്ചു രൂപ  കുറച്ചു തരാമോയെന്നു തർക്കിക്കുന്ന ഉപഭോക്താക്കളും ഇവിടെയുണ്ട്. അവർക്കിടയിൽ ഇതാ കിലോയ്ക്ക് 600 രൂപ വിലയുള്ള നേന്ത്രപ്പഴവുമായി കണ്ണൂർ തളിപ്പറമ്പിനു സമീപം പൂമംഗലം സ്വദേശി വി. ശ്രീകാന്തൻനായരും മകൻ ശ്രീജിത്തും.  

തേനിൽ മുക്കിയശേഷം ഇലക്ട്രിക് ഡ്രയർ ഉപയോഗിച്ച്  ഉണക്കിയ ഏത്തപ്പഴം അഥവാ ബനാനാ ഫിഗാണ് ഇവർ വിൽക്കുന്നത്. മറ്റ് പഴങ്ങളും ഉണങ്ങി വ്യത്യസ്ത വിഭവങ്ങളാക്കാറുണ്ട്. കദളിപ്പഴം ഉണക്കിപ്പൊടിച്ച് ഔഷധച്ചേരുവകൾ ചേർത്തുണ്ടാക്കിയ കദളീചൂർണമാണ് അവയിലൊന്ന്.  നാരങ്ങയും മാങ്ങയുമൊക്കെ ഉണങ്ങിയശേഷം ഡ്രൈ പിക്കിളാക്കി മാറ്റും. നാച്ചുറൽ സ്പ്ലാഷ്  ഹെൽത്ത് കെയ്ർ ആൻഡ് കൺസ്യൂമബിൾ പ്രോഡക്ട്സ് എന്ന കമ്പനിയുടെ കീഴിൽ ‘തമ്പുരാൻ’ ബ്രാൻഡിലാണ് വിപണനം.

ലളിതമാണ് ഈ സംരംഭം. നേന്ത്രപ്പഴം കനം കുറച്ച് അരിഞ്ഞ ശേഷം  പത്തു മിനിറ്റോളം തേനിൽ മുക്കിയിടുന്നു. തുടർന്ന് ഡ്രയറിൽ ഉണങ്ങുന്നു. ഉണങ്ങിയ നേന്ത്രപ്പഴം 300 ഗ്രാം വീതം  ചെറുപാത്രങ്ങളിലാക്കി വിപണിയിലെ ത്തിക്കുന്നു. ഇപ്രകാരം സംസ്കരിച്ച ബനാനാ ഫിഗ് ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം. വ്യത്യസ്തമായ രുചിയും  പോഷകസമ്പത്തുമാണ് ഈ ഉൽപന്നത്തെ ആകർഷകമാക്കുന്നത്. 

നേന്ത്രപ്പഴം മുഴുവനായി ഉണങ്ങുന്ന രീതിയായിരുന്നു തുടക്കത്തിൽ. പിന്നീട് ചിപ്സിനെന്നപോലെ വട്ടത്തിൽ അരിഞ്ഞുതുടങ്ങി. കനം ഒരിഞ്ചായി ക്രമീകരിക്കുകയും ചെയ്തു. 48 മണിക്കൂറിനകം 300 കിലോ നേന്ത്രപ്പഴം ഉണങ്ങാൻ ശേഷിയുള്ള  2 ഡ്രയറുകളാണ് ഇവർക്കുള്ളത്. മെക്കാനിക്കായ ശ്രീകാന്തൻ നായർ സ്വന്തം നിലയിൽ രൂപകൽപന ചെയ്തതാണിവ. രണ്ടിനും കൂടി അഞ്ചു ലക്ഷം രൂപ ചെലവായി. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ബാച്ച് വീതമാണ് ഉൽപാദനം.  പ്രാദേശികമായി കൃഷിക്കാരിൽനിന്നു വാങ്ങുന്ന തേനാണ് ഇതിനായി ഉപയോഗിക്കുന്നത്. മാസം ശരാശരി 4000 കിലോ ഏത്തപ്പഴം സംസ്കരിക്കാൻ സാധിക്കുന്നു. 10 കിലോ ഏത്തപ്പഴത്തിൽനിന്ന് 2 കിലോ ഉണക്കപ്പഴം ലഭിക്കും. ഒരു ബാച്ച് ബനാനാ ഫിഗ് സംസ്കരിക്കുന്നതിന് 6 ലീറ്ററോളം തേൻ വേണ്ടിവരും. ഒരു പായ്ക്കറ്റിന് 150 രൂപയാണ് വില. ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഏറെ  പ്രയോജനപ്രദമായ ഫുഡ് സപ്ലിമെന്റാണ് പാരമ്പര്യവിധിപ്രകാരം തയാറാക്കിയ കദളീചൂർണമെന്ന് ശ്രീകാന്തൻ നായർ പറഞ്ഞു. 150 ഗ്രാം പായ്ക്കറ്റിന് 425 രൂപയാണ് വില.

അന്യദേശങ്ങളിൽ ഏറെ പ്രചാരമുണ്ടെങ്കിലും കേരളത്തിലെ ഉപഭോക്താക്കൾ ബനാനാ ഫിഗ് പരിചയിച്ചു വരുന്ന തേയുള്ളൂ. ഏത്തപ്പഴത്തിനൊരു പകരക്കാരൻ എന്ന രീതിയിലല്ല ഇതിനെ കാണേണ്ടതെന്നു ശ്രീകാന്തൻ നായർ ചൂണ്ടിക്കാട്ടി. പോഷകപ്രാധാന്യവും സവിശേഷരുചിയുമുള്ള ഡ്രൈഫ്രൂട്സ് ശ്രേണിയിലാണ് ബനാനാ ഫിഗിന്റെ സ്ഥാനം. നേന്ത്രപ്പഴം മുഴുവനായി കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഏതാനും ബനാനാ ഫിഗ് നൽകിയാൽ തുല്യ പോഷകഗുണം ലഭിക്കും. യാത്രയ്ക്കിടയിലും മറ്റും വിശപ്പറിയാതിരിക്കാനും ഇത് നന്ന്.

തൃശിനാപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രത്തിൽനിന്ന് 10,000 രൂപ ഫീസ് നൽകിയാണ് ബനാനാ ഫിഗിന്റെ നിർമാണവിദ്യ ശ്രീകാന്തൻനായർ സ്വന്തമാക്കിയത്. തമിഴ്നാട്ടിലെ വാഴക്കർഷകസംഘം  സോളർ ഡ്രയർ ഉപയോഗിച്ച് ബനാനാ ഫിഗ് നിർമിക്കുന്ന സ്ഥാപനം പരിശീലനത്തിന്റെ ഭാഗമായി  സന്ദർശിക്കുകയും ചെയ്തു.   കഴിഞ്ഞ വർഷം ജനുവരിയിൽ പ്രവർത്തനമാരംഭിച്ച നാച്ചുറൽ സ്പ്ലാഷിനു  ലോക് ഡൗൺമൂലം ചില ബാലാരിഷ്ടതകളൊക്കെയുണ്ടായെങ്കിലും ഇപ്പോൾ വിപണിയുടെ മനം കവർന്നു തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലെയും കോഴി ക്കോട്ടെയും സൂപ്പർമാർക്കറ്റുകളിലൂടെ വിപണനം ആരംഭിച്ച ഇവർ ഇപ്പോൾ വിദേശവിപണിയിലും കണ്ണുവച്ചിരിക്കുകയാണ്. 

ഫോൺ: 9495534654

English summary: Honey Banana Dried Fig

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com