പൊൻകുന്നം വർക്കിയുടെ കഥകളുറങ്ങുന്ന പുരയിടത്തിലെ കശുമാവിന്‍തോപ്പ്

HIGHLIGHTS
  • ആദായകരമല്ലാത്തതിനാൽ റബർ വേണ്ടെന്ന് നേരത്തേതന്നെ തീരുമാനിച്ചിരുന്നു
  • തൈകള്‍ ലഭിക്കാന്‍ കണ്ണൂര്‍ ആറളത്തുള്ള സര്‍ക്കാര്‍ ഫാമിലേക്ക്
cashew-farm
SHARE

വടക്കന്‍ കേരളത്തില്‍ വ്യാപകമായും തെക്കന്‍ കേരളത്തിലെ കുറച്ചു സ്ഥലത്തും കൃഷി ചെയ്യുന്ന വിളയാണ് കശുമാവ്. മധ്യകേരളത്തില്‍ അങ്ങിങ്ങായി ഏതാനും കശുമാവുകള്‍ ഉണ്ടെന്നല്ലാതെ വ്യാപകമായി കൃഷി ചെയ്യുന്നവരില്ല. അതുകൊണ്ടുതന്നെയാണ് കോട്ടയം പാമ്പാടി പെരുഞ്ചേരില്‍ വര്‍ക്കി രാജന്‍ എന്ന ജോണിയുടെ കശുമാവിന്‍തോപ്പിന് പ്രധാന്യമേറുന്നതും. കാളയേയും കലപ്പയേയും ജീവനു തുല്യം സ്നേഹിക്കുകയും അനശ്വര കഥാപാത്രങ്ങളാക്കുകയും ചെയ്ത മഹാനായ കഥാകാരന്‍ പൊന്‍കുന്നം വര്‍ക്കിയുടെ ഏഴു മക്കളില്‍ ആറാമനായ ജോണി കുടുംബസ്വത്തായി ലഭിച്ച ഒന്നര ഏക്കറിലാണ് 150 കശുമാവ് നട്ടിരിക്കുന്നത്. 

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ താമസമാക്കിയപ്പോള്‍ കൃഷിയായിരുന്നു ജോണിയുടെ മനസില്‍. പെരുഞ്ചേരിൽ തറവാടുവീടിനോടുചേർന്നുള്ള പുരയിടത്തിലെ റബര്‍ വെട്ടിമാറ്റി എന്തു കൃഷി ചെയ്യാമെന്ന് ജോണി പലകുറി ആലോചിച്ചു. ഒടുവില്‍ ചെന്നെത്തിയത് കശുമാവിലും. അതിനൊരു കാരണമുണ്ട്. കുന്നിൻചെരിവാണ് സ്ഥലം. അതുകൊണ്ടുതന്നെ ജലക്ഷാമം നേരിടുന്ന പ്രദേശവും. ആദായകരമല്ലാത്തതിനാൽ റബർ വേണ്ടെന്ന് നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ഫലവൃക്ഷങ്ങളുടെ കൃഷി പദ്ധതിയിലുണ്ടായിരുന്നെങ്കിലും വേനൽക്കാലത്ത് നന വേണ്ടിവരും എന്നത് വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ അതുപേക്ഷിച്ചു. പിന്നെയാണ് കശുമാവ് കൃഷി മനസിലേക്കെത്തുന്നത്. മധ്യകേരളത്തില്‍ കശുമാവ്കൃഷിക്ക് പ്രചാരം കുറവായതിനാല്‍ അറിവും തൈകളും ലഭിക്കുക ബുദ്ധിമുട്ടായി.

ഒട്ടേറെ അന്വേഷങ്ങൾക്കൊടുവിൽ നല്ല തൈകള്‍ ലഭിക്കാന്‍ കണ്ണൂര്‍ ആറളത്തുള്ള സര്‍ക്കാര്‍ ഫാമിലേക്ക് തിരിച്ചു. അവിടെനിന്ന് തൈകള്‍ 60 രൂപ നിരക്കില്‍ കോട്ടയത്തെ പാമ്പാടിയിലെ കുടുംബസ്ഥലത്തെത്തി. വളർച്ചയെത്തുമ്പോൾ മുടക്കിയ തുക സബ്സിഡിയായി തിരികെ ലഭിക്കുമെന്ന ഉറപ്പും ലഭിച്ചു. 

വലിയ പരിചരണമോ ശ്രദ്ധയോ ആവശ്യമില്ലാത്തതിനാല്‍ അധ്വാനം വളരെ കുറവെന്ന് ജോണി. വളപ്രയോഗം നാമമാത്രം. അതുകൊണ്ടുതന്നെ കൃഷിച്ചെലവ് കുറവ്. രണ്ടു വർഷത്തിനിടെ ചാണകപ്പൊടിയും സ്റ്റെറാമീലും നൽകിയത് ഒരു തവണ മാത്രം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിളച്ചൊരുക്കിയ മണ്ണിൽ രണ്ടു തൈകള്‍ തമ്മില്‍ 5 മീറ്റര്‍ അകലത്തിലായിരുന്നു നട്ടത്. മൂന്നാം വര്‍ഷം മുതല്‍ ഫലം നല്‍കിത്തുടങ്ങുമെന്നാണ് കശുമാവ് ഗവേഷണകേന്ദ്രം ഉറപ്പുനല്‍കിയിരുന്നതെങ്കിലും രണ്ടര വര്‍ഷത്തില്‍ കായ്ച്ചുതുടങ്ങിയെന്ന് ജോണി പറയുന്നു. ഇതുവരെ 70 കിലോയോളം കശുവണ്ടി ലഭിച്ചുകഴിഞ്ഞു. ഇനിയും വിളഞ്ഞുവരാനുമുണ്ട്. വരും വര്‍ഷങ്ങളില്‍ വിളവ് വര്‍ധിക്കുമെന്ന് ഉറപ്പാണെന്നും ജോണി.

കോട്ടയം മണര്‍കാട് മാധവന്‍പടിയിലാണ് ജോണി കുടുംബസമേതം താമസിക്കുന്നത്. ഭാര്യ ജോയിസും മകൻ ജോഷ്വയും അടങ്ങുന്നതാണ് കുടുംബം. ആഴ്ചയില്‍ 2 ദിവസം തറവാടു വീട്ടിലെത്തും. ജലദൗര്‍ലഭ്യമുള്ളിടത്ത് വേനല്‍ക്കാലത്ത് നന വേണ്ടാത്ത കശുമാവുകള്‍ നിറയെ പഴങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്, ഭാവിയുടെ വിള തങ്ങളാണെന്ന് പറഞ്ഞുകൊണ്ട്.

ഫോൺ: 9539236364

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA