ADVERTISEMENT

റബർകർഷകർക്ക് വീണ്ടുമൊരു നല്ലകാലം ആസന്നമോ? രണ്ടു മുന്നണികൾ കിലോയ്ക്ക് 250 രൂപ വില വാഗ്ദാനം നൽകിയതുകൊണ്ടു മാത്രമല്ല ഈ ശുഭപ്രതീക്ഷ. വിലയിടിവിന്റെ കാലം കഴിയുകയാണെന്നാണ് രാജ്യാന്തരവിപണിയിൽനിന്നുള്ള സൂചന. 2023ൽ വില ഉയർന്നു തുടങ്ങുമെന്ന് രണ്ടു വർഷം മുൻപേ പ്രവചനമുള്ളതാണല്ലോ. അതു ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് ലോകവിപണിയിൽനിന്നും വരുന്നത്. 

ഇപ്പോഴത്തെ വിലവർധനയുടെ അടിസ്ഥാനത്തിലല്ല പ്രവചനം.  മുഖ്യ ഉൽപാദകരാജ്യങ്ങളിൽ ഒരു മാസത്തിനുള്ളിൽ ടാപ്പിങ് പുനരാരംഭിക്കുന്നതോടെ ഇപ്പോഴത്തെ വിലവർധന അവസാനിച്ചേക്കാം. എന്നാൽ നിലനിൽക്കുന്ന വിലവർധനയ്ക്കായി രണ്ടു വർഷം കൂടി കാത്തിരിക്കേണ്ടി വരില്ലെന്നാണ് മനസ്സിലാകുന്നത്.  വിവിധ രാജ്യങ്ങളിലെ കാലാവധി കഴിഞ്ഞ റബർത്തോട്ടങ്ങൾ വെട്ടിനീക്കുന്നതുമൂലം ഉൽപാദനത്തിൽ കുറവുണ്ടാകുന്നതാണ്  ഒരു കാരണം. പുതുതായി റബർകൃഷി ആരംഭിച്ച പല ആഫ്രിക്കൻ രാജ്യങ്ങളിലും വിലയിടിവിന്റെ കാലത്തെ ഉപേക്ഷമൂലം തോട്ടങ്ങൾ നശിച്ചിട്ടുണ്ട്. പ്രമുഖ ഉൽപാദകരാജ്യങ്ങളിൽ ഫംഗസ് രോഗബാധ മൂലം 15– 30 ശതമാനം ഉൽപാദന നഷ്ടമുണ്ടാകുന്നതും  റബറിന്റെ ലഭ്യതയെ സാരമായി ബാധിക്കും. ഇതു രണ്ടു വർഷത്തോളം നീണ്ടുനിൽക്കുമത്രെ.

അതേസമയം ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപഭോഗം വർധിക്കുകയാണ്. ഇന്ത്യയുടെ വാഹനവിപണി രണ്ടുവർഷത്തിനു ശേഷം വളർച്ചയുടെ പാതയിൽ എത്തിക്കഴിഞ്ഞു. പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന  കേന്ദ്രനയം ഇന്ത്യയിലെ വാഹനക്കച്ചവടം കുതിച്ചുയരാനിടയാക്കും.  ആനുപാതികമായി ടയർനിർമാണത്തിനുള്ള റബർ ഉപഭോഗവും വർധിക്കും.   

വീണ്ടുമൊരു പുഷ്കലകാലം ആസന്നമാവുമ്പോൾ കേരളത്തിലെ റബർകൃഷിക്കാർ സ്വയംതിരിച്ചറിയേണ്ട ചില യാഥാർഥ്യങ്ങളുണ്ട്. റബർകൃഷി ഇനി പഴയ റബർകൃഷിയാവില്ല. കാലാനുസൃതമായ ചില മാറ്റങ്ങൾ കൃഷിയിലും കച്ചവടത്തിലുമൊക്കെ വേണ്ടി വരും. ആ മാറ്റങ്ങളെ മുൻകൂട്ടി കാണാനും ഉൾക്കൊള്ളാനും സാധിക്കുന്നതിലാണ് ഓരോ റബർകർഷകന്റെയും വിജയം.

ഇടവിളക്കൃഷിക്ക് കൂടുതൽ അവസരം

റബർത്തോട്ടത്തിൽ രണ്ട് ആഞ്ഞിലി നിന്നാൽപോലും പ്രശ്നമായിരുന്ന കാലം കഴിഞ്ഞു. പരമാവധി ഇടവിളക്കൃഷിക്ക് അവസരം ലഭിക്കുന്ന പുതിയ നടീൽരീതി റബർബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. നിശ്ചിത സ്ഥലത്തെ റബർമരങ്ങളുടെ എണ്ണം കുറയാതെതന്നെ കൂടുതൽ പഴങ്ങളും പച്ചക്കറികളുമൊക്കെ ഉൽപാദിപ്പിക്കാൻ ഇത് സഹായിക്കും. ഈ മാതൃകയിൽ കോഴി, താറാവ്, ആട് തുടങ്ങിയവയ്ക്കും ഇടം നൽകാനാകും. വിലയിടിവിന്റെ കാലത്ത് റബർമരങ്ങൾക്കിടയിൽ നട്ട കൊക്കോ, കാപ്പി, അലങ്കാര ഇലച്ചെടി തുടങ്ങിയ കൃഷികൾ തുടർന്നാൽ വരുമാനം മെച്ചപ്പെടും. ഏകവിളത്തോട്ടമെന്ന പേരുദോഷം മാറ്റി അധികവരുമാനമേകുന്ന മാതൃകയായിരിക്കുമിത്. 

ആർഎസ്എസ്-3 നു ഡിമാൻഡ്

ഏറ്റവുമധികം വ്യാപാരം നടക്കുന്ന ഗ്രേഡ് എന്ന നിലയിൽ ആർഎസ്എസ്–4നാണ് ഇതുവരെ റബർകർഷകർ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ടയർകമ്പനികളും വാഹന നിർമാതാക്കളും മറ്റും ഗുണനിലവാരത്തിനു കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയതോടെ മൂന്നാം ഗ്രേഡ് റബറിന്റെ ഉപയോഗം വർധിച്ചു തുടങ്ങിയിട്ടുണ്ട്. വരും വർഷങ്ങളിൽ ടയർ നിർമാണത്തിന് ഇതായിരിക്കുമത്രെ കൂടുതൽ ഉപയോഗിക്കുക. ക്രമേണ ആർഎസ്എസ് –4ൽനിന്നും ആർഎസ്എസ്-3 ലേക്ക് ഷീറ്റ് ഉൽപാദനം ക്രമീകരിക്കാൻ കഴിയുന്നവർക്ക് അധികവിലയും മെച്ചപ്പെട്ട വരുമാനവും ലഭിക്കാനിടയുണ്ടെന്നു സാരം.

ഇലക്ട്രോണിക് വ്യാപാരം

ഇലക്ട്രോണിക് വ്യാപാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ റബർ ബോർഡ് നടപടി സ്വീകരിച്ചുകഴിഞ്ഞു. നിലവിലുള്ള സംവിധാനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഇ-വ്യാപാരം നടപ്പാക്കാനാണ് തീരുമാനം. പാതിവഴി പിന്നിട്ട പരിഷ്കാരം ഈ വർഷംതന്നെ യാഥാർഥ്യമാകും. കർഷകർക്കും ബോർഡ് അംഗീകരിച്ച വ്യാപാരികൾക്കും എസ്റ്റേറ്റുകൾക്കും ഉൽപന്നനിർമാതാക്കൾക്കും ഇ- വ്യാപാരത്തിൽ പങ്കെടുക്കാം. ഗ്രേഡ് ചെയ്ത ഷീറ്റ്, ലാറ്റക്സ്, ബ്ലോക്ക് റബർ എന്നിവ ലോകത്ത് എവിടെയിരുന്നും വിൽക്കാനും വാങ്ങാനും ഇത് അവസരമൊരുക്കും.  ഉൽപന്നത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനാസംവിധാനം ആവശ്യമുള്ളവർക്ക് റബർബോർഡിൽനിന്ന്  പ്രത്യേകം ലഭ്യമാക്കും. കൃഷിക്കാർക്കും ഉപയോക്താക്കൾക്കും പരസ്പരം കണ്ടുമുട്ടാനും വിലപേശാനും കൂടുതൽ അവസരം സൃഷ്ടിക്കുകയാണ് ഇ–വ്യാപാരത്തിന്റെ ലക്ഷ്യം.

ഭൂപ്രകൃതിക്കു യോജിച്ച ക്ലോണുകൾ

ഏറ്റവും യോജിച്ച ഭൂപ്രകൃതിയിൽ മാത്രം റബർ കൃഷി ചെയ്ത് ഏറ്റവും മികച്ച ഉൽപാദനക്ഷമത നേടുന്നവർക്കു മാത്രമെ ലോകവിപണിയിൽ മത്സരിക്കാനാകു. അതോടൊപ്പം വ്യത്യസ്ത ഭൂപ്രകൃതികൾക്കും കാലാവസ്ഥകൾക്കും യോജിച്ച റബർ ക്ലോണുകൾ തിരഞ്ഞെടുക്കാനും വരും വർഷങ്ങളിൽ സാധിക്കണം. റബർ ബോർഡ് പുറത്തിറക്കിയ വിവിധ ക്ലോണുകളെ വ്യത്യസ്ത കാലാവസ്ഥാ മേഖലകളിലേക്ക് വേർതിരിച്ചു ശുപാർശ ചെയ്തത് അടുത്ത കാലത്താണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള  പരീക്ഷണക്കൃഷിയുടെയും വൻകിട എസ്റ്റേറ്റുകളിലെയും  ഉൽപാദനം കണക്കിലെടുത്താണ്  പൊതുവെ നടീൽ ഇനങ്ങൾ ശുപാർശ ചെയ്യുന്നത്. എന്നാൽ പുതിയ കാലഘട്ടത്തിൽ കാലാവസ്ഥാമാറ്റവും  അനുബന്ധമായുള്ള രോഗകീടബാധ, വർൾച്ച, അതിശൈത്യം തുടങ്ങിയ വെല്ലുവിളികളും കർഷകർ  അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടീൽവസ്തുക്കളുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള ശുപാർശയുടെ പ്രസക്തി. 

റബർകൃഷിക്ക് യോജിച്ച കാലാവസ്ഥയും ഭൂപ്രകൃതിയും അടിസ്ഥാനമാക്കി  9 കാർഷിക കാലാവസ്ഥാമേഖലകളാണുള്ളത്. ഇവയിൽ പരമ്പരാഗത കൃഷിമേഖലയായ കന്യാകുമാരി മുതൽ കേരളം ഉൾപ്പെടെ ദക്ഷിണ കർണാടകവരെയുള്ള  7 മേഖലകളും  മഹാരാഷ്ട്രയും ഒഡീഷയുമടങ്ങുന്ന വരൾച്ചബാധിത മേഖലയും അതിശൈത്യമനുഭവപ്പെടുന്ന  വടക്കുകിഴക്കൻ മേഖലയും ഉൾപ്പെടും. 

റബർ ക്ലസ്റ്ററുകൾ

ഓരോ കൃഷിക്കാരനും സ്വന്തനിലയിൽ ഷീറ്റ് ഉണ്ടാക്കി വിപണിയിലെത്തിക്കുന്ന രീതി അധികകാലം നിലനിൽക്കുമെന്നു കരുതാനാവില്ല.  വ്യക്തിപരമായ സൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കാലത്ത്  ക്ലസ്റ്റർ അടിസ്ഥാനത്തിൽ വിളവെടുപ്പും സംസ്കരണവുമൊക്കെ നടത്താൻ കൃഷിക്കാർ നിർബന്ധിതരാകും. ഇത് ആർപിഎസുകളിലൂടെ മാത്രമാവണമെന്നില്ല. പൊതുസംസ്കരണ സംവിധാനങ്ങൾ സംരംഭസാധ്യതയായി മാറിയിട്ടുണ്ട്. തോട്ടങ്ങളിൽനിന്നു  ലാറ്റക്സ് സംഭരിച്ചശേഷം ആർഎസ് എസ് –1 നിലവാരത്തിലുള്ള ഷീറ്റ് ഉണ്ടാക്കുന്ന  സംരംഭങ്ങൾ ഇതിനകം തന്നെ വ്യാപകമായിട്ടുണ്ടല്ലോ. ഇത്തരം സംരംഭങ്ങൾക്കു ചുറ്റും ക്ലസ്റ്ററുകൾ രൂപപ്പെടാവുന്നതേയുള്ളൂ. വിപണിയിലെ ഡിമാൻഡനുസരിച്ച് ലാറ്റക്സിന്റെയും ഷീറ്റിന്റെയും ഉൽപാദനം ക്രമീകരിക്കാൻ ക്ലസ്റ്ററുകൾക്ക് സാധിക്കും. വരുംവർഷങ്ങളിൽ വിപണിയ്ക്കനുസരിച്ച് ഉയർന്ന ഗ്രേഡുകളിലേക്കു ഷീറ്റ് നിർമാണം മാറുന്നതിനും  ഇലക്ട്രോണിക് വ്യാപാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമൊക്കെ ക്ലസ്റ്റർ സമീപനം വേണ്ടിവരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com