6 ലക്ഷം ലീറ്റര്‍ വെള്ളം, 6 ലക്ഷം വനാമി ചെമ്മീന്‍; ഇത് തീവ്ര അതിസാന്ദ്രത കൃഷിരീതി

HIGHLIGHTS
  • 100 ശതമാനം കൃത്യത (precision) ആവശ്യമുള്ള രീതി
biofloc-vannamei
SHARE

എറണാകുളത്തിനടുത്ത്അരൂര്‍ എഴുപുന്ന തെക്ക് ചെറിയപറമ്പില്‍ എസ്.എസ്. റോഷന്റെ വീട്ടുമുറ്റത്തെ ഒറ്റ ബയോഫ്‌ലോക് ടാങ്കില്‍ മാത്രം വളരുന്നത് 6 ലക്ഷം വനാമി ചെമ്മീന്‍കുഞ്ഞുങ്ങള്‍. 6 ലക്ഷം ലീറ്റര്‍ വെള്ളം കൊള്ളുന്ന, 20 മീറ്റര്‍ വ്യാസമുള്ള ഈ ടാങ്ക് ഉള്‍പ്പെടെ മൂന്നെണ്ണത്തിലാണ് മത്സ്യക്കൃഷി. രണ്ടെണ്ണത്തില്‍ വനാമി, മൂന്നാമത്തേതില്‍ തിലാപ്പിയ. കേരളത്തില്‍ പ്രചാരമേറുന്ന അതിസാന്ദ്രത (high density) മത്സ്യകൃഷിയുടെ അടുത്ത ഘട്ടമായി കരുതാം തീവ്ര അതിസാന്ദ്രത (ultra high density) രീതിയിലുള്ള വനാമി ചെമ്മീന്‍കൃഷി.

എക്‌സോട്ടിക് ചെമ്മീന്‍ ഇനമാണ് വനാമി. മുന്‍പ് കര്‍ണാടകയില്‍ പാടത്ത് വനാമി വളര്‍ത്തി പരിചയമുള്ള റോഷന്‍ തീവ്ര അതിസാന്ദ്രതാരീതിയില്‍, അതും വാണിജ്യാടിസ്ഥാനത്തില്‍ ബയോഫ്‌ലോക് ടാങ്കില്‍ ചെമ്മീന്‍ വളര്‍ത്താന്‍ ഇറങ്ങിയത് വിപുലമായ പഠനത്തിന്റെ ബലത്തില്‍ തന്നെ.

അതിസാന്ദ്രതമത്സ്യക്കൃഷിക്ക് അതിജാഗ്രത ആവശ്യമുള്ള മത്സ്യക്കൃഷി എന്നുകൂടി അര്‍ഥമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു റോഷനും അദ്ദേഹത്തിന് സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുന്ന എംപിഡിഇഎ (സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി) മുന്‍ ജോയിന്റ് ഡയറക്ടര്‍ എം. ഷാജിയും. അത്രമേല്‍ കൃത്യതയും കാര്യക്ഷമതയും പുലര്‍ത്തിയില്ലെങ്കില്‍ കൈപൊള്ളുമെന്നു തീര്‍ച്ച. തീവ്ര അതിസാന്ദ്രതയിലേക്കു വരുമ്പോള്‍ കുളത്തില്‍ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം അതിസാന്ദ്രത രീതിയെക്കാള്‍ പല മടങ്ങാകും. സാങ്കേതിക സൗകര്യങ്ങളും അറിവും അതിന് അനുസരിച്ചു വര്‍ധിക്കണം.

ബയോഫ്‌ലോക്

മത്സ്യക്കുളത്തിലെവിസര്‍ജ്യങ്ങള്‍, തീറ്റയവശിഷ്ടങ്ങള്‍ എന്നിവയെ ബാക്ടീരിയകളുടെ സഹായത്തോടെ മത്സ്യങ്ങള്‍ക്കു തിന്നാവുന്ന പ്രോട്ടീന്‍ തീറ്റയാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ബയോഫ്‌ലോക്. ബാക്ടീരിയകളും സസ്യപ്ലവകങ്ങളും ജന്തുപ്ലവകങ്ങളുമെല്ലാം ചേരുന്ന 'ഫ്‌ലോക്കി'നെ ടാങ്കില്‍ നിലനിര്‍ത്താനുള്ളസാങ്കേതിക സാഹചര്യമൊരുക്കുക എന്നതാണ് വെല്ലുവിളി. അതുകൊണ്ടുതന്നെ 100 ശതമാനം കൃത്യത (precision) ആവശ്യമുള്ള രീതികൂടിയാണത്.

അക്വാപോണിക്‌സ്, റാസ് തുടങ്ങിയ അതിസാന്ദ്രത രീതികളില്‍ കുളത്തിലെ വെള്ളം ഫില്‍റ്ററിങ് വഴി നിരന്തരം ശുദ്ധീകരിക്കപ്പെടുകയാണല്ലോ. എന്നാല്‍ ബയോഫ്‌ലോക് സംവിധാനത്തില്‍ ടാങ്കില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളില്‍നിന്നു രൂപപ്പെടുന്ന അമോണിയ ഉള്‍പ്പെടെയുള്ള വിഷലിപ്ത വാതകങ്ങളെ ഉപകാരി ബാക്ടീരിയകള്‍ മത്സ്യങ്ങള്‍ക്കുള്ള പ്രോട്ടീന്‍ തീറ്റയാക്കി മാറ്റുന്നു. അതുവഴി തീറ്റച്ചെലവ് കുറച്ച്, കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാനും കഴിയുന്നു. റോഷന്റെ ഫാമിലെ വനാമിയുടെ കാര്യം തന്നെയെടുക്കാം, 40 കൗണ്ട് (40 ചെമ്മീന്‍ ചേരുമ്പോള്‍ ഒരു കിലോ) ഉള്ള ഒരു കിലോ ചെമ്മീന്‍ വളര്‍ത്തിയെടുക്കാന്‍ സാധാരണ രീതിയനുസരിച്ച് 1.6 കിലോ തീറ്റ ആവശ്യമുണ്ട്. എന്നാല്‍ ബയോഫ്‌ലോക് സംവിധാനത്തില്‍ ഒരു കിലോ മതി.

ബയോഫ്‌ലോക്ഉള്‍പ്പെടെയുള്ള അതിസാന്ദ്രത സംവിധാനത്തില്‍ മിക്കവരും പരിപാലിക്കുന്നത് തിലാപ്പിയ(ഗിഫ്റ്റ്)യാണ്. ചെറിയ സാങ്കേതികപ്പിഴവുണ്ടായാലും അതിജീവിക്കുന്ന ഇനമാണ് തിലാപ്പിയ. എന്നാല്‍ ചെമ്മീനും കാളാഞ്ചിയും പോലുള്ളവയുടെ സ്ഥിതി അങ്ങനെയല്ലെന്ന് ഷാജിയും റോഷനും പറയുന്നു. തിലാപ്പിയ വളര്‍ത്തുന്ന പലരും പക്ഷേ ഇന്ന് വിലയിടിവിന്റെ പ്രശ്‌നവും നേരിടുന്നുണ്ട്. കൃത്രിമത്തീറ്റ മാത്രം നല്‍കി വളര്‍ത്തുന്ന തിലാപ്പിയ വില കുറച്ചു നല്‍കിയാല്‍ മുതലാവുകയുമില്ല. അതുകൊണ്ടുതന്നെയാണ് വനാമിക്ക് ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചതെന്നു റോഷന്‍.

പുതുച്ചേരിലെ അംഗീകൃത ഹാച്ചറിയില്‍നിന്നാണ് റോഷന്‍ വനാമിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. 35 പൈസയാണ് ഒന്നിനു വില. വീട്ടുവളപ്പിലെ കുളത്തില്‍നിന്നും കുഴല്‍ കിണറില്‍നിന്നുമുള്ള വെള്ളമാണു ടാങ്കില്‍ നിറയ്ക്കുക. സാധാരണ രീതിയില്‍ പാടത്ത് വനാമി ചെമ്മീന്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്രമീറ്ററില്‍ 20 എണ്ണം എന്നാണ് കണക്ക്. അതിസാന്ദ്രത രീതിയിലത് 60 എണ്ണമായി മാറുന്നു. തീവ്ര അതിസാന്ദ്രതരീതിയിലേക്കു വരുമ്പോള്‍അത് 600-800 എണ്ണമാകുമെന്നു ഷാജി. അതിനുള്ള സാങ്കേതികത്തികവും അറിവും നേടിമാത്രമെ കൃഷിക്കിറങ്ങാവൂ എന്നു മാത്രം.

കുളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ എയറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, ജലത്തിന്റെ ഗുണനിലവാരം നിരന്തരം പരിശോധിക്കാനുള്ള സാങ്കേതികവിദ്യകള്‍, ഓരോ തവണ തീറ്റ നല്‍കുമ്പോഴും എത്ര കഴിക്കുന്നു, എത്ര പാഴാക്കുന്നു എന്നു തിട്ടപ്പെടുത്തി തീറ്റയുടെ അളവ് ക്രമീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവയ്ക്കായി ലക്ഷങ്ങള്‍ ചെലവിട്ടാണ് റോഷന്റെ സംരംഭം. ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ ഷീറ്റ്‌കൊണ്ടുള്ള ടാങ്ക് നിര്‍മാണത്തിനും അതിന്റെ അടിത്തട്ട് കോണ്‍ക്രീറ്റിങ്ങിനുമെല്ലാം വന്‍ മുതല്‍മുടക്ക് വേണ്ടിവന്നു. എങ്കിലും വരുമാനത്തിന്റെ 40 ശതമാനം ലാഭമുള്ളതിനാല്‍ വനാമി നേട്ടം തന്നെയെന്നും റോഷന്‍.

പല 'കൗണ്ട്' ആയാണ് വനാമി വിളവെടുപ്പ്. 100 ചെമ്മീന്‍ ചേരുമ്പോള്‍ ഒരു കിലോ എത്തുന്ന 100 കൗണ്ടില്‍ ആദ്യ ബാച്ച് വിളവെടുപ്പ്. 90 ദിവസംകൊണ്ട് ഈ വളര്‍ച്ചയെത്തും. എണ്ണം കുറയുന്ന തോടെ ബാക്കിയുള്ളവയുടെ വളര്‍ച്ചവേഗം കൂടും. അവയെ കൂടുതല്‍ വളരാന്‍ വിടാം. അവ 60 കൗണ്ട്, 40 കൗണ്ട്എന്നിങ്ങനെ കയറ്റുമതിക്കാരുടെ ഡിമാന്‍ഡ് നോക്കി വിളവെടുക്കുന്നു. ഒരു ബാച്ചിനു ശേഷം കുളം ശുദ്ധീകരിച്ച് അടുത്ത കൃഷി.

വനാമിക്കൃഷിയില്‍ അനുഭവസമ്പത്ത് പ്രധാനമാണ്. വിശേഷിച്ചും ഇത്രയേറെ മുതല്‍മുടക്കുള്ള സംരംഭത്തില്‍. അതുകൊണ്ടുതന്നെ തീവ്ര അതിസാന്ദ്രതകൃഷിയില്‍ താല്‍പര്യപ്പെട്ടു വരുന്നവര്‍ക്ക് പരിശീലനം നല്‍കാനും തുടങ്ങിയിരിക്കുന്നു റോഷന്‍.

ഫോണ്‍: 8086799160

വീട്ടിലും വളര്‍ത്താം വനാമി ചെമ്മീന്‍

''കേരളത്തില്‍സമീപ വര്‍ഷങ്ങളില്‍ ബയോഫ്‌ലോക് യൂണിറ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അവയില്‍ നല്ല പങ്കും പരാജയം രുചിച്ചിട്ടുമുണ്ട്. ചെറിയ ടാങ്കില്‍ ചെറിയ മുതല്‍ മുടക്കില്‍ ചെയ്യുമ്പോള്‍ നഷ്ടത്തിന്റെ ആഘാതം കുറയും. എന്നാല്‍ വന്‍വാണിജ്യ സംരംഭമായി മാറുമ്പോള്‍ സ്ഥിതി അതല്ല. അതുകൊണ്ടുതന്നെ കാര്യങ്ങളറിയാതെ ബയോഫ്‌ലോക്കിന് മുതല്‍മുടക്കരുത്. മികച്ച സാങ്കേതിക സൗകര്യങ്ങളും അറിവുകളുമാണ് റോഷനു തുണയാവുന്നത്''എം. ഷാജി, മുന്‍ ജോയിന്റ് ഡയറക്ടര്‍, എംപിഡിഇഎ 

English summary: Ultra high density biofloc vannamei

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA