37 രാജ്യങ്ങളില്‍ ആവശ്യക്കാര്‍; ജോബിയുടേത് ഉലകം ചുറ്റാനായി ഉണങ്ങിയ കപ്പ

tapioca
SHARE

തൊടുപുഴയിലെ ഈ യുവസംരംഭകന്‍ 9 മാസമായി കപ്പ വാട്ടുകയാണ്. പത്തും ഇരുപതും കിലോ വീതമല്ല, ആഴ്ചതോറും ടണ്‍ കണക്കിനു കപ്പയാണ് കാഞ്ഞാര്‍ സ്വദേശി അരീക്കാട്ട് ജോബി ജോസഫ് വാട്ടിയുണക്കി വില്‍ക്കുന്നത്. പ്രമുഖ ഭക്ഷ്യോല്‍പന്ന കയറ്റുമതി ഏജന്‍സിക്കുവേണ്ടി കപ്പ വാട്ടുന്ന ജോബിയുടെ വാട്ടുകപ്പയ്ക്ക് ഇടുക്കിയിലും കോട്ടയത്തും മാത്രമല്ല 37 രാജ്യങ്ങളില്‍ ആവശ്യക്കാരുണ്ട്.

കാര്‍ഷികകുടുംബാംഗമായ ജോബിക്ക് കപ്പവാട്ടലും ഉണക്കലുമൊക്കെ ബാല്യം മുതലേ പരിചയമുള്ള കാര്യങ്ങളാണ്. കപ്പയും ചക്കയുമൊക്കെ ഡ്രയറിലുണങ്ങി വിപണിയിലെത്തിച്ച അപ്പന്‍ ജോസഫും അമ്മ ഏലിയാമ്മയുമാണ് ഇക്കാര്യത്തില്‍ ജോബിക്ക് ഗുരുസ്ഥാനീയര്‍. വീട്ടിലെ മൂന്ന് ഡ്രയറുകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു തുടക്കം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരില്‍നിന്നു കപ്പ വാങ്ങി വാട്ടിയുണക്കിയ ശേഷം കച്ചവടക്കാര്‍ക്ക് നല്‍കുന്നു. കൃഷിക്കാര്‍ കപ്പ എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ പച്ചക്കപ്പയുടെ വില 10 രൂപയിലും താഴ്ന്നപ്പോള്‍ ജോബി കൃഷിയിടങ്ങളിലേക്ക് വാഹനം അയച്ച് സംഭരിച്ചു. കൃഷിക്കാരുെട നാമമാത്ര വരുമാനം കടത്തുകൂലിയായി നഷ്ടപ്പെടുത്തരുതല്ലോ.   

കിലോയ്ക്ക് 12 രൂപ നിരക്കില്‍ പച്ചക്കപ്പ വാട്ടിയുണക്കി തിരികെ നല്‍കുന്ന രീതിക്കും പിന്നീട് തുടക്കം കുറിച്ചു. 500 കിലോ കപ്പയെങ്കിലുമുണ്ടെങ്കിലേ ഒരു ബാച്ച് ആദായകരമായി ഉണക്കിയെടുക്കാനാവൂ എന്ന്  ജോബി പറയുന്നു. എന്നാല്‍ അടുത്ത കാലത്ത് വില കുത്തനെ താഴ്ന്ന സാഹചര്യത്തില്‍ 200 കിലോയെങ്കിലുമുള്ള ചെറുകിടക്കാരില്‍നിന്നുപോലും ജോബി മരച്ചീനി വാങ്ങിയിരുന്നു. ഇത്തരം  സാഹചര്യങ്ങളില്‍ രണ്ടോ മൂന്നോ കൃഷിക്കാരുടെ ഉല്‍പന്നം ഒരുമിച്ചായിരിക്കും സംസ്‌കരിക്കുന്നതെന്നു മാത്രം.  

കപ്പയുടെ വില താഴ്ന്നതനുസരിച്ച് ഉണക്കക്കപ്പയുടെ വിലയും കുറഞ്ഞിട്ടുണ്ടെന്ന് ജോബി ചൂണ്ടിക്കാട്ടി. പച്ചക്കപ്പയ്ക്ക് 14 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉണക്കക്കപ്പയ്ക്ക് 100 രൂപ ലഭിച്ചിരുന്നു. എന്നാല്‍, വില 10 രൂപയായി താഴ്ന്നപ്പോള്‍ ഉണക്കക്കപ്പയ്ക്ക് 80 രൂപ മാത്രമാണ് ലഭിക്കുന്നത്. നൂറു കിലോ പച്ചക്കപ്പ വാട്ടിയുണങ്ങിയാല്‍ ശരാശരി 33 കിലോ വാട്ടുകപ്പ ലഭിക്കും. 365 ദിവസം വാട്ടിയുണങ്ങാന്‍ മാത്രം മരച്ചീനി ഇടുക്കിയിലും എറണാകുളത്തും കോട്ടയത്തും പത്തനംതിട്ടയിലുമായി കിട്ടുമെന്ന് ജോബി. കോതമംഗലത്തൊക്കെ 20 ടണ്ണിലധികം ഉല്‍പാദനമുള്ള കപ്പത്തോട്ടങ്ങളുണ്ട്. ഇത്തവണ വില ഇടിഞ്ഞപ്പോള്‍ ഒട്ടേറെ കര്‍ഷകര്‍ തന്നെ വിളിച്ചിരുന്നതായി ജോബി പറഞ്ഞു. എന്നാല്‍ കടത്തുകൂലി വര്‍ധിക്കുമെന്നതിനാല്‍  വിദൂരസ്ഥലങ്ങളില്‍നിന്ന് ഉല്‍പന്നങ്ങള്‍ എടുത്തില്ല. 2020ല്‍ 57 ടണ്‍ പച്ചക്കപ്പയാണ് ജോബി ഉണക്കിയത്. ഇതില്‍ 90 ശതമാനവും കയറ്റുമതി ചെയ്യുകയായിരുന്നു. ഒരു വര്‍ഷത്തേക്കുള്ള കയറ്റുമതി ഓര്‍ഡറുള്ളതിനാല്‍ വിപണനത്തെക്കുറിച്ച് ആശങ്കയില്ല. ഉയര്‍ന്ന അളവിലും നിലവാരത്തിലും സ്ഥിരമായി ഉണക്കക്കപ്പ നല്‍കാന്‍ സാധിക്കുന്നതാണ് കയറ്റുമതി ഏജന്‍സികള്‍ക്ക് ജോബിയെ സ്വീകാര്യനാക്കുന്നത്. വിപുലമായി കപ്പ വാട്ടുന്നതിനു സ്വന്തം വീട്ടിലെ ഡ്രയറുകള്‍ മതിയാകാതെ വന്നപ്പോള്‍ മൂന്നു കൂട്ടുകാരുമായി ചേര്‍ന്ന് ജോബി തൊടുപുഴ വെള്ളിയാമറ്റത്ത് ഒരു സംസ്‌കരണ കേന്ദ്രം ആരംഭിച്ചു. ദിവസേ ന 5 ടണ്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഈ ഡ്രയര്‍ പ്രത്യേക നിര്‍ദേശം നല്‍കി രൂപകല്‍പന ചെയ്യിച്ചതാണ്. ട്രേകളുള്ള സാധാരണ ഡ്രയറുകളില്‍നിന്നു വ്യത്യസ്തമാണിത്. ഇന്ധനമായി വിറകും ബ്രിക്കറ്റുമാണ് ഉപയോഗിക്കാറുള്ളത്. അറക്കപ്പൊടിയും കാപ്പിത്തൊണ്ടുമൊക്കെ കൂട്ടിക്കലര്‍ത്തിയശേഷം അമര്‍ത്തിയെടുക്കുന്ന ബ്രിക്കറ്റ് ഡ്രയറുകള്‍ക്ക് ഏറെ യോജ്യമാണെന്ന് ജോബി ചൂണ്ടിക്കാട്ടി. ഒരിക്കല്‍ നിറച്ചുകഴിഞ്ഞാല്‍ എട്ടു മണിക്കൂര്‍ നേരം തുടര്‍ച്ചയായി ജ്വലിച്ചുകൊള്ളും.

കപ്പയുടെ വരവു കുറയുന്ന മുറയ്ക്ക് ഈ മാസം മുതല്‍ ഇവിടെ ചക്കയും ഉണങ്ങിത്തുടങ്ങും. ഉണക്കച്ചക്കയ്ക്കും വിദേശത്ത് ആവശ്യക്കാരേറെയുണ്ട്. ചക്ക കിലോയ്ക്ക് 20 രൂപ നിരക്കിലാണ് വാങ്ങുന്നത്. ഡ്രയറില്‍ ഉണങ്ങിയാല്‍ മാത്രമെ  ഉല്‍പന്നങ്ങള്‍ക്ക് മികച്ച നിലവാരം ഉറപ്പാക്കാനാവൂ എന്ന് ജോബി ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായി ഡ്രയറില്‍ ഉണങ്ങിയ ഉണക്കക്കപ്പ രണ്ടു വര്‍ഷംവരെ പുതുമ നഷ്ടപ്പെടാതെ അടച്ചു സൂക്ഷിക്കാനാവും. മെച്ചപ്പെട്ട നിറവും ലഭിക്കും ജോബി പറഞ്ഞു. 

ഫോണ്‍: 8547992755

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA