ഓഫ് സീസണിലേക്ക് ചക്കയുല്‍പന്നങ്ങള്‍; ഇത് പൂഞ്ഞാറിലെ ജാക്ക് അപ് സംഘം

HIGHLIGHTS
  • അംഗങ്ങളുെട പുരയിടങ്ങളിലുണ്ടാകുന്ന ചക്കയാണ് കൂടുതലായും സംസ്‌കരണത്തിന് എടുക്കുന്നത്
jack-up
SHARE

ചക്കയുടെ സീസണായതോടെ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ജാക്ക് അപ് പ്ലാവുസംഘം ഉഷാറാണ്. ഭൂമിക എന്ന സന്നദ്ധപ്രസ്ഥാനത്തിനു കീഴില്‍ അഞ്ചു വര്‍ഷമായി ചക്ക ഉല്‍പന്നങ്ങളുണ്ടാക്കി വരുമാനം കണ്ടെത്തുന്ന കര്‍ഷക കൂട്ടായ്മയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമികയുടെ നേതൃത്വത്തില്‍ നടത്തിയ ചക്ക സംസ്‌കരണ പരിശീലനമാണ് പ്ലാവില്‍നിന്നും വരുമാനം കണ്ടെത്തുന്നവരുടെ കൂട്ടായ്മയ്ക്ക് വഴി തെളിച്ചത്. പരിശീലനം ലഭിച്ചവരില്‍നിന്നും സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി പിന്തുണ നല്‍കിയത് ഭൂമിക കോര്‍ഡിനേറ്റര്‍ എബി ഇമ്മാനുവല്‍ ആയിരുന്നു. പരിശീലകനായ ജോസഫ് പൂണ്ടിക്കുളം സാങ്കേതികപിന്തുണ കൂടി നല്‍കിയതോടെ പ്ലാവിനു ചുറ്റും തെളിഞ്ഞത് വ്യത്യസ്ത വരുമാനവഴികള്‍.

വികേന്ദ്രീകൃത ശൈലിയില്‍ പ്രാഥമിക സംസ്‌കരണം നടത്തിയശേഷം ഉല്‍പന്നനിര്‍മാണവും വിപണനവും നടത്തുന്ന രീതിയാണ് സംഘത്തിന്റേത്. എട്ട് വീട്ടമ്മമാരാണ് സംഘത്തിലെ അംഗങ്ങളെന്ന് സെക്രട്ടറി ലില്ലിക്കുട്ടി മാത്യു പറഞ്ഞു. ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്കക്കുരു ഹല്‍വ, ചക്കപ്പഴം ഉണ്ണിയപ്പം, ഇടിച്ചക്ക കട്‌ലറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഇവരുണ്ടാക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ചക്ക മഞ്ചൂരിയന്‍, ചക്കപായസം എന്നിവയുമുണ്ടാക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ചക്കസംസ്‌കരണത്തിലെ അടിസ്ഥാന പ്രവര്‍ത്തനം ഉണക്കല്‍ തന്നെ. ഉണങ്ങിയ ചക്ക നേരിട്ടും വിവിധ ഉല്‍പന്ന നിര്‍മാണത്തിലും പ്രയോജനപ്പെടുത്താം. ചക്കക്കുരുവും ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാറുണ്ട്. മുളപ്പിച്ച ചക്കക്കുരു പൊടിയാക്കി സൂക്ഷിക്കുന്നതിനും ജാക് അപ് അംഗങ്ങള്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. മുളപ്പിച്ച ചക്കക്കരുവിനു താരതമ്യേന പോഷകമൂല്യം കൂടുതലായിരിക്കും. ഉണക്കി സൂക്ഷിക്കുക വഴി ഓഫ് സീസണില്‍ മെച്ചപ്പെട്ട വില നേടാന്‍ സാധിക്കുന്നു. ഉണക്ക് പൂര്‍ത്തിയാകുമ്പോള്‍ ചക്കയുടെ ഭാരം അഞ്ചിലൊന്നായി കുറയും.

അംഗങ്ങളുെട പുരയിടങ്ങളിലുണ്ടാകുന്ന ചക്കയാണ് കൂടുതലായും സംസ്‌കരണത്തിന് എടുക്കുന്നത്.  തികയാതെ വരുന്നത് ഭൂമികയുടെതന്നെ കാര്‍ഷികവിപണിയില്‍നിന്നു വാങ്ങും. അയല്‍ക്കാരായ അംഗങ്ങള്‍ വീടുകളില്‍ ഒത്തു കൂടി ചക്ക വെട്ടിയൊരുക്കുന്നു. 100 കിലോ ചക്ക വെട്ടിയൊരുക്കിയാല്‍ ഏകദേശം 25 കിലോ ചുള കിട്ടുമെന്ന് ലില്ലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇത്രയും ചുളകള്‍ ഉണക്കി സംസ്‌കരിച്ചാല്‍ കിട്ടുന്നത് 6 കിലോ  മാത്രം. ആനുപാതികമായി വിലയിലും മാറ്റം വരും. കിലോയ്ക്ക് 10 രൂപ വിലയുള്ള ചക്കയില്‍നിന്നു ചുള വേര്‍തിരിക്കുന്നതോടെ വില കിലോയ്ക്ക് 60 രൂപയായും ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്നതോടെ  500 രൂപയായും വര്‍ധിക്കും. അത്രയെങ്കിലും വില കിട്ടിയാലേ  ഉണക്കച്ചക്ക സംസ്‌കരണം ആദായകരമാകൂ. 

jack-up-1

ഓഫ് സീസണില്‍ ചക്ക കഴിക്കാന്‍ ആഗ്രഹിക്കുന്നവരും വിദേശമലയാളികളുമാണ് ഉണക്കച്ചക്ക കൂടുതലായി വാങ്ങുന്നത്. ഈ സാധ്യതയാണ് ജാക്ക് അപ് അംഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഉണങ്ങിയ ചക്കയുടെ വിപണനം ഒരിക്കലും തലവേദനയായിട്ടില്ലെന്ന് ലില്ലിക്കുട്ടി ചൂണ്ടിക്കാട്ടി. ചക്ക സംസ്‌കരണത്തിലും  ഉല്‍പന്നനിര്‍മാണത്തിലുമൊക്കെ വഴികാട്ടിയായ ജോസഫ് പൂണ്ടിക്കുളത്തിന്റെ ഗ്രാമിക വിപണനകേന്ദ്രം വഴി ഉണക്കച്ചക്കയും ഉല്‍പന്നങ്ങളും വില്‍ക്കാറുണ്ട്. അടുത്ത കാലത്ത് ലഭിച്ച ഓര്‍ഡര്‍ പ്രകാരം 500 കിലോ ഉണക്കച്ചക്ക തയാറാക്കാനുള്ള പ്രയത്‌നത്തിലാണ് പ്ലാവുസംഘത്തിലെ അംഗങ്ങള്‍. രണ്ടു വര്‍ഷം മുന്‍പ് ചെന്നൈ ജാക് ഫെസ്റ്റിവലില്‍ ഒരു ലക്ഷം രൂപയുടെ ഉല്‍പന്നങ്ങളാണ് ഇവര്‍ വിറ്റത്. കോവിഡ് ഭീഷണി അവസാനിക്കുന്ന മുറയ്ക്ക് കൂടുതല്‍ കച്ചവടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണുള്ളത്. 30 കിലോ ശേഷിയുള്ള ഡ്രയറിലാണ് ചക്ക ഉണങ്ങുന്നത്. ഏകദേശം 65,000 രൂപ വില വന്ന ഈ ഡ്രയറിന് 100 ശതമാനം സബ്‌സിഡി ലഭിച്ചു.    

പച്ചച്ചക്ക ഉണങ്ങുന്നതിനു മാത്രമല്ല, ഇടിച്ചക്കയും നാളികേരവുമൊക്കെ ഉണങ്ങാനും  ഡ്രയര്‍ പ്രയോജനപ്പെടുന്നു. ഉണങ്ങിയ ഇടിച്ചക്കകൊണ്ടുള്ള കട്‌ലറ്റ് കേടാകാതെ സൂക്ഷിക്കാനും യാത്രയില്‍ കൈവശം സൂക്ഷിക്കാനും എളുപ്പമാണ്. വരും വര്‍ഷങ്ങളില്‍ ഡ്രയര്‍ ഉപയോഗിച്ച് കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

ഫോണ്‍: 9447292816

English summary: Processed jackfruit products with long shelf life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA