15-20 ലീറ്റര്‍ പാല്‍ ചുരത്തുന്ന പശുക്കളെ ദാനം ചെയ്ത് ഗീതാ ഗോപിനാഥിന്റെ പിതാവ്

HIGHLIGHTS
  • കഴിഞ്ഞ 16 വര്‍ഷമായി ടി.വി. ഗോപിനാഥ് മൈസൂരുവില്‍ ഫാം നടത്തുന്നു
  • ഫാമില്‍ നേരത്തേ എണ്‍പതോളം പശുക്കളുണ്ടായിരുന്നു
gopinath
ടി.വി. ഗോപിനാഥ് പശുക്കളെ ഗുണഭോക്താക്കൾക്കു കൈമാറുന്നു.
SHARE

ടി.വി. ഗോപിനാഥനെന്ന പേര് മലയാളികള്‍ക്കു പരിചിതം ഇടതുപക്ഷ സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവായി വന്ന ഗീതാ ഗോപിനാഥിന്റെ പിതാവെന്ന നിലയിലാണ്. എന്നാല്‍ അരനൂറ്റാണ്ടിലേറെക്കാലം മുംബൈയിലും മൈസൂരുവിലുമായി വ്യവസായ, ഉപഭോക്തൃ മാര്‍ക്കറ്റിങ് രംഗത്തു നിറഞ്ഞു പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. തന്റെ മൈസൂരുവിലെ ഫാമില്‍ വളര്‍ത്തിയിരുന്ന 22 പശുക്കളെയാണ് കോവിഡ് കാലത്തു പ്രതിസന്ധിയിലായ 22 കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗമായി കഴിഞ്ഞ ആഴ്ച ടി.വി. ഗോപിനാഥ് ദാനം ചെയ്തത്. മൈസൂരു ജില്ലയിലെ ഗുണഭോക്താക്കളെ അദ്ദേഹം അംഗമായ കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളുടെ സഹായത്തോടെയാണു തിരഞ്ഞെടുത്തത്. ഈ വിവരം പുറത്തറിയുന്നതാകട്ടെ ഗീതയുടെ ഒരു റീട്വീറ്റില്‍ നിന്നും! 

'അച്ഛന്‍ തന്നാല്‍ സാധിക്കുന്ന എല്ലാവരെയും സഹായിക്കുന്ന കാര്യങ്ങള്‍ ഇപ്പോളും തുടരുന്നു. ഇത്തവണ മൈസൂരുവിലെ ഫാമിലെ പശുക്കളെ പാവപ്പെട്ടവര്‍ക്കു നല്‍കി. അച്ഛന്റെ പ്രവൃത്തിയില്‍ അഭിമാനിക്കുന്നു' എന്നായിരുന്നു ഗീതയുടെ ട്വീറ്റ്. സുഹൃത്തിന്റെ ട്വീറ്റില്‍നിന്നാണ് മകളായ താന്‍ പോലും ഇക്കാര്യം അറിഞ്ഞതെന്നും ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് കുറിച്ചു. 

മൈസൂരുവിലെ ഫാം

കഴിഞ്ഞ 16 വര്‍ഷമായി ടി.വി. ഗോപിനാഥ് മൈസൂരുവില്‍ ഫാം നടത്തുന്നു. പ്രതിദിനം 15-20 ലീറ്റര്‍ പാല്‍ നല്‍കുന്ന പശുക്കളെയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കു നല്‍കിയത്. ഫാമില്‍ നേരത്തേ എണ്‍പതോളം പശുക്കളുണ്ടായിരുന്നു. ഇതില്‍ 30 എണ്ണത്തിനെ മുന്‍പ് സമീപത്തെ ആശ്രമത്തിനു കൈമാറിയിരുന്നു. ദേശീയ ഹോര്‍ട്ടി കള്‍ച്ചര്‍ ബോര്‍ഡില്‍ 2002 മുതല്‍ 2005 വരെ അംഗമായിരുന്നു ടി.വി. ഗോപിനാഥ്. പിന്നീട് ഇദ്ദേഹം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയെന്ന ആശയത്തിലേക്കു തിരിഞ്ഞു. അങ്ങനെ രൂപീകരിച്ച കമ്പനിയില്‍ ഇപ്പോള്‍ അഞ്ഞൂറിലേറെ കര്‍ഷകര്‍ അംഗങ്ങളാണ്. മാങ്ങ, പേരയ്ക്ക, ചിക്കു, നെല്ലിക്ക, നാളികേരം എന്നിവയാണു കൃഷി. കൂര്‍ഗിലെ മടിക്കേരിയില്‍ 80 ഏക്കര്‍ കാപ്പിത്തോട്ടവും വാങ്ങി. അവിടെ പൂക്കൃഷിയും നടത്തിയിരുന്നു. കുടകിലെ ഫ്‌ളോറികള്‍ച്ചര്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു. മൈസൂരുവിലെ ഫാമില്‍ ഹോം സ്റ്റേയും നടത്തുന്നുണ്ട്. 

കര്‍ഷകര്‍ക്കായി റൈത്ത മിത്ര

2015ല്‍ ദേശീയ കരിമ്പ് കര്‍ഷക സംഘടനാ പ്രസിഡന്റായ ശാന്തകുമാറിനൊപ്പമാണ് ഗോപിനാഥ് കര്‍ഷക കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. ഇന്ന് കര്‍ണാടകയിലെ 8 ജില്ലകളിലെ 526 കര്‍ഷകര്‍ കമ്പനിയില്‍ അംഗങ്ങളാണ്. 6 ബ്രാഞ്ച് ഓഫിസുകളിലുമായി 1500ലധികം കര്‍ഷകര്‍ ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷക ക്ഷേമമാണ് റൈത്ത മിത്ര എന്ന കാര്‍ഷികോല്‍പാദന സംഘടനയുടെ ലക്ഷ്യം. കര്‍ഷകര്‍ക്കു രാസവളം വില കുറച്ചു ലഭ്യമാക്കുക, ചൂഷകരായ ഇടത്തരക്കാരെ ഒഴിവാക്കി ഉല്‍പന്നങ്ങള്‍ മികച്ച വിലയ്ക്കു വില്‍ക്കാന്‍ സഹായിക്കുക തുടങ്ങിയവയാണു പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇടനിലക്കാര്‍ നെല്ലു വില കുറച്ചു വാങ്ങുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഗോഡൗണുകളില്‍ സംഭരിച്ച് പിന്നീട് മികച്ച വില ലഭിക്കുമ്പോള്‍ വില്‍ക്കുന്നു. 

നേരിട്ടു വിപണി കണ്ടെത്തി വില്‍ക്കാനും കമ്പനി സഹായിക്കുന്നുണ്ട്. വിപണി വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കര്‍ഷകനു മികച്ച വില ഉറപ്പാക്കുന്നു. വിപണി വില താഴുമ്പോള്‍ താങ്ങുവില പ്രഖ്യാപിച്ചു വിപണി വില ഉയരുമ്പോള്‍ കമ്മിഷന്‍ ഈടാക്കാതെ ആ വിലയ്ക്കും റൈത്ത മിത്ര കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നു. 

ചിയ എന്ന ധാന്യം കൃഷി ചെയ്യാനും ഗോപിനാഥ് കര്‍ഷകരെ സഹായിക്കുന്നു. ചിയ ധാന്യം റൈത്ത മിത്രയുടെ നേതൃത്വത്തില്‍ കിലോ 250 രൂപയ്ക്കു വാങ്ങി വില്‍ക്കും. 5% മാത്രം കമ്മിഷന്‍ എടുക്കും. കാര്‍ഷിക രംഗത്തു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമ്പനിയുടെ ലക്ഷ്യം. 

gopinath-1
ടി.വി.ഗോപിനാഥിന്റെ മൈസൂരുവിലെ ഫാമിൽനിന്നുള്ള ദൃശ്യം

വേരുകള്‍ കണ്ണൂരില്‍

കണ്ണൂര്‍ മാവിലായി മക്രേരി തെനിശേരി വീട്ടില്‍ അംഗമാണ് ഗോപിനാഥ്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി വിജയലക്ഷ്മിയാണു ഭാര്യ. കണ്ണൂരില്‍നിന്നു ജോലി തേടി 1958ല്‍ മുംബൈയില്‍ പോയ ഗോപിനാഥ് ഫാനുകള്‍ നിര്‍മിക്കുന്ന ഉഷ സെയില്‍സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി ഉയര്‍ന്നു. അമ്മയ്ക്കു സുഖമില്ലാതായപ്പോള്‍ നാട്ടിലേക്കു തിരിച്ചു പോയി വ്യവസായം തുടങ്ങാന്‍ 1980ല്‍ തീരുമാനിച്ചു. പാലക്കാട്ട് സോള്‍വന്റ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റ് തുടങ്ങുകയായിരുന്നു ലക്ഷ്യം. പിന്നീട് ഈ പദ്ധതി മൈസൂരുവിലേക്കു മാറ്റി. അങ്ങനെയാണ് ഗോപിനാഥ് ഭാര്യ വിജയലക്ഷ്മിയും മക്കളായ അനിതയും ഗീതയുമായി മൈസൂരുവിലെത്തിയത്. 

സോള്‍വന്റ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റും ഹിഡ്ക എന്ന പേരില്‍ ഫാന്‍ കമ്പനിയും ആരംഭിച്ചു. രണ്ടും വിജയകരമായി നടത്തിയിട്ട് പിന്നീടു വിറ്റു. മൈസൂരുവില്‍ തന്നെ 50 ഏക്കര്‍ സ്ഥലം വാങ്ങി. ആന്റണി മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷി മന്ത്രിയായിരിക്കെ കുറച്ചു കാലം ഗോപിനാഥ് അനൗപചാരിക കാര്‍ഷികോപദേഷ്ടാവുമായിരുന്നു. കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പിന് 2017 മുതല്‍ കുറഞ്ഞ വിലയില്‍ റൈത്ത മിത്ര ഉല്‍പന്നങ്ങള്‍ നല്‍കുന്നുണ്ട്.

English Summary: TV Gopinath, Gita Gopinath's Father, Donated His Own Cows to Needy People

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA