ADVERTISEMENT

ഭൗമസൂചികാ പദവിക്ക് അരികിലെത്തി നില്‍ക്കുന്ന കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഉല്‍പാദനത്തില്‍ വന്‍ ഇടിവ്. കാലാവസ്ഥാ വ്യതിയാനവും കീടബാധയും മൂലം ഉല്‍പാദനം നാലിലൊന്നായി കുറഞ്ഞു. കുറ്റിയാട്ടൂര്‍ പെരുമയുമായി കടല്‍ കടക്കാന്‍ ഇത്തവണ ഏറെയില്ല മാമ്പഴ മധുരം. കയറ്റുമതിയെയടക്കം ബാധിച്ചതോടെ കര്‍ഷകര്‍ക്കു മാത്രമല്ല, കച്ചവടക്കാര്‍ക്കും കൈ പൊള്ളി. കണ്ണൂര്‍ ജില്ലയില്‍ മാമ്പഴത്തിന്റെ പേരില്‍ കേള്‍വികേട്ട കുറ്റിയാട്ടൂര്‍ എന്ന ഗ്രാമത്തില്‍ മൂവായിരത്തിലേറെ മാവ് കര്‍ഷകരുണ്ട്. ഒരു ഗ്രാമത്തിലെ റോഡ് നീളെ മാങ്ങ വില്‍ക്കുന്ന സ്ത്രീകളും കുട്ടികളും, എവിടെ നോക്കിയാലും മാങ്ങകള്‍ കൊണ്ട് ഹരിതാഭമായി നിറഞ്ഞ് പന്തലിച്ചു നില്‍ക്കുന്ന മാവുകള്‍, ഇതായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷം വരെ മാമ്പഴ സീസണിലെ കുറ്റിയാട്ടൂരിലെ കാഴ്ച. എന്നാല്‍ ഇത്തവണ കുറ്റിയാട്ടൂരില്‍ മാമ്പഴ സീസണിലെ ആഘോഷമായ വിഷുവിനു കുറ്റിയാട്ടൂരുകാര്‍ക്കു കണി കാണാന്‍ പോലും മാങ്ങ ഉണ്ടായില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. 

കര്‍ഷകനു കയ്ക്കുന്നു

സാധാരണ സീസണുകളെ അപേക്ഷിച്ചു നാലിലൊന്ന് ഉല്‍പാദനം മാത്രമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഉല്‍പാദനം കുറഞ്ഞിരുന്നെങ്കിലും കര്‍ഷകനു വലിയ നഷ്ടം വരാത്ത തോതില്‍ ഉല്‍പാദനം നടന്നിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഉല്‍പാദനം വര്‍ഷം തോറും കുറയാന്‍ പ്രധാന കാരണമായത്. കൂടാതെ കീടബാധയും ഉല്‍പാദനത്തെ സാരമായി ബാധിച്ചു. ഉല്‍പാദനം കുറഞ്ഞുവരുന്നതിനാല്‍ ലാഭകരമാകില്ലെന്നു കണ്ടു പുതിയ കര്‍ഷകര്‍ വര്‍ഷങ്ങളായി മാവ് കൃഷിരംഗത്തില്ല. വളര്‍ന്നു പന്തലിക്കുന്ന മാവായതിനാല്‍ കൃഷി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. അതനുസരിച്ചുള്ള ലാഭമില്ലാത്തതിനാല്‍ മാവിനു പകരം, കൃഷിഭൂമി മറ്റു കൃഷിക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്നു. ഇതും ഉല്‍പാദന ഇടിവിനു കാരണമായി തീരുന്നു. 

അരക്കോടിയുടെ നഷ്ടം

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള മാവുകള്‍ കുറ്റിയാട്ടൂരില്‍ ഉണ്ട്. രണ്ട് വര്‍ഷം വരെ മുന്നൂറു കിലോ വരെ ഉല്‍പാദനം ഉണ്ടായിരുന്ന മാവുകള്‍ക്ക് അന്‍പത് കിലോയില്‍ താഴെയാണ് ഇത്തവണ ഉല്‍പാദനം. കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ മൊത്തത്തില്‍ അന്‍പത് ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടം വരുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു. കുറ്റിയാട്ടൂര്‍ ബ്രാന്‍ഡ് മാവുകള്‍ പഞ്ചായത്തിനു പുറമേ ജില്ലയുടെ മറ്റു മേഖലകളിലുമുണ്ട്. വകഭേദമുണ്ടെങ്കിലും ഇവരും കുറ്റിയാട്ടൂര്‍ മാമ്പഴം എന്ന പേരിലാണു മാമ്പഴം വിപണിയിലെത്തിച്ചുവരുന്നത്.

നാരു കൂടിയ മാങ്ങ, വരവ് രാജകുടുംബത്തില്‍നിന്ന്

നമ്പ്യാര്‍ മാങ്ങ എന്നും അറിയപ്പെടുന്ന കുറ്റിയാട്ടൂര്‍ മാങ്ങയ്ക്കു ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. കൂടാതെ ഏറെ രുചികരമായ മാങ്ങ മാംസളമാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നീലേശ്വരം രാജ കുടുംബത്തില്‍ നിന്ന് വേശാലയിലെ കാവില്ലത്തും, കുറ്റിയാട്ടൂര്‍ ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റിയാട്ടൂര്‍ മാവിന്‍ തൈകള്‍ എന്നാണ് ഐതിഹ്യം. മണ്ണും കാലാവസ്ഥയും അനുകൂലമായതോടെ തൈകള്‍ വളര്‍ന്നു പന്തലിച്ചു. ഇപ്പോള്‍  മാങ്ങ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ട്. എന്നാല്‍ മാങ്ങയുടെ ഗുണനിലവാരം തനിമയും കുറ്റിയാട്ടൂരില്‍ ഉണ്ടാകുന്ന മാങ്ങയ്ക്കാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ മാങ്ങയ്ക്കു ആവശ്യക്കാര്‍ ഏറെയാണ്. 

കയ്യെത്തും ദൂരെ ഭൗമസൂചികാ പദവി

കുറ്റിയാട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ ഭൗമസൂചിക പദവിക്കായി ഉള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. മുന്‍കാലങ്ങളില്‍ ദൂരദേശത്തുനിന്നടക്കം മാങ്ങ പാട്ടത്തിനു വാങ്ങാന്‍  ആളുകള്‍ എത്തിയിരുന്നു. കര്‍ഷകനു നാമമാത്രമായ തുക നല്‍കി ചൂഷണം ചെയ്യുന്ന പാട്ടക്കാരെ ഒഴിവാക്കാന്‍ കൃഷി വകുപ്പിന്റെയും നബാര്‍ഡിന്റെയും സഹായത്തോടെ, കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കുറ്റിയാട്ടൂര്‍ മാങ്കോ പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് നേരിട്ട് മാങ്ങ സംഭരിക്കുന്നത്. കമ്പനിയുടെ നേതൃത്വത്തില്‍ ഗുണമേന്മയുള്ള മാമ്പഴവും, ഗ്രീന്‍ മാംഗോ സ്‌ക്വാഷും ഗ്രീന്‍ മാംഗോ പൗഡറും അച്ചാറും വിപണിയില്‍ എത്തിക്കുന്നുണ്ട്. ജൈവ രീതിയില്‍ വൈക്കോലും, കാഞ്ഞിര ഇലയും ഉപയോഗിച്ചാണ് കമ്പനി മാങ്ങ പഴുപ്പിക്കുന്നത്. 

കുറ്റിയാട്ടൂര്‍ മാമ്പഴ പദവി നിലനിര്‍ത്താന്‍ പഞ്ചായത്തും, കൃഷിഭവനും, വിവിധ സാംസ്‌കാരിക സംഘടനകളും മാവിന്‍ തൈകള്‍ നട്ടു പരിപാലിക്കുന്നുണ്ട്. കൂടാതെ മാമ്പഴ കര്‍ഷകര്‍ക്കു എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നുമുണ്ട്. ഇത്തവണ ഒരു ലക്ഷം മാവിന്‍ തൈകള്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിനു പദ്ധതിയുണ്ട്.

English summary: Kuttiattoor Mango Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com