വേണം, മൃഗങ്ങളുടെയും മനുഷ്യരുടെയും ക്ഷേമത്തിനുള്ള പാരിസ്ഥിതിക സുരക്ഷ

HIGHLIGHTS
  • ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും വേണം
world-veterinary-day
SHARE

ഇന്ന് ഏപ്രില്‍ 24, ആഗോളതലത്തില്‍ ലോക വെറ്ററിനറി ദിനമായി ആചരിക്കുകയാണ്. 'മൃഗങ്ങളുടെയും മനുഷ്യരുടെയും ക്ഷേമം വര്‍ധിപ്പിക്കുന്നതിനുള്ള പാരിസ്ഥിതിക സുരക്ഷ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം. സമൂഹത്തിന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടേയും ആരോഗ്യകരമായ നിലനില്‍പ്പിന് വെറ്ററിനറി ഡോക്ടര്‍മാര്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ 2001 മുതലാണ് ലോക വെറ്ററിനറി ദിനം ആഘോഷിച്ചു തുടങ്ങിയത്.   ലോക നന്മയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കിയ സംഭാവനകള്‍ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ഒരു അവസരം കൂടിയാണിത്.

പാരിസ്ഥിതിക സുരക്ഷ 

കുളത്തിലെ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു മത്സ്യത്തെ പിടിച്ച് കരയില്‍ ഇട്ടുനോക്കിയിട്ടുണ്ടോ? പ്രാണവായു കിട്ടാതെ അത് പിടഞ്ഞുമരിക്കുന്ന കാഴ്ച എത്ര ഹൃദയഭേദകമാണ്. അലങ്കാരമത്സ്യങ്ങള്‍ സ്വര്‍ണ്ണശോഭ വിതറുന്നചില്ലു പാത്രത്തിലേക്ക് അല്‍പം ചെളിയോ വിഷമോ കലര്‍ത്തി നോക്കൂ! മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളത്തില്‍ അവയുടെ ജീവിതം എത്ര ദുഷ്‌കരമാണെന്ന് നമുക്കുകാണാം.

നമ്മുടെ സ്ഥിതിയും വിഭിന്നമല്ല മലീമസമാക്കപ്പെട്ട ചുറ്റുപാടില്‍ പ്രാണവായുവിനായി കേഴുന്ന അലങ്കാരമത്സ്യങ്ങളെ പോലെയാണ് നമ്മളും. കാരണം മനുഷ്യന്റയും മൃഗങ്ങളുടെയും നിലനില്‍പ്പിന് സംതുലിതമായ പരിസ്ഥിതി അത്യന്താപേക്ഷിതമാണ്. ജീവന്റെ ഗ്രഹമായ ഭൂമിയില്‍, നൈസര്‍ഗികമായ പ്രകൃതിയാണ് നമുക്ക് പ്രാണവായു നല്‍കുന്നത്. ഗര്‍ഭസ്ഥശിശുവിന് ഗര്‍ഭപാത്രം നല്‍കുന്ന സംരക്ഷണകവചം പോലെയാണ് നമ്മെസംബന്ധിച്ചിടത്തോളം പരിസ്ഥിതിയും. 

ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജനം, വിഷരാസവസ്തുക്കളുടെ ഉപയോഗ നിയന്ത്രണം, സംഭരണം എന്നിവയിലൂടെ പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. തൊഴില്‍ സുരക്ഷയും ആരോഗ്യവും, പരിസ്ഥിതി നിയന്ത്രണം, രാസസുരക്ഷ എന്നിവയാണ് പരിസ്ഥിതി സുരക്ഷയെ ബാധിക്കുന്ന മൂന്ന് പ്രാഥമിക മേഖലകള്‍. 

തൊഴില്‍ സുരക്ഷയും ആരോഗ്യവും 

തൊഴില്‍ മേഖലകളില്‍ ഉപയോഗിക്കുന്ന അപകടകരമായ രാസവസ്തുക്കള്‍, വാതകങ്ങള്‍,  പുക, മറ്റു മാലിന്യങ്ങള്‍ എന്നിവയെല്ലാം തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആയതിനാല്‍, തൊഴില്‍പരമായ സുരക്ഷയും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും തൊഴിലിടങ്ങളിലെ പാരിസ്ഥിതിക സുരക്ഷയില്‍ ഉള്‍പ്പെടുന്നു, അതിലൂടെ, ജീവനക്കാര്‍ക്ക് അപകടസാധ്യതകള്‍ കുറയുകയും ചെയ്യുന്നു.

ആരോഗ്യകരമായ തൊഴിലിടങ്ങള്‍, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ  ഉല്‍പാദനക്ഷമതയും പ്രകടനവും ഉയര്‍ത്തുകയും, അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും ക്ഷേമത്തിലും ക്രിയാത്മകമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.

പരിസ്ഥിതി നിയന്ത്രണം

പരിസ്ഥിതി മലിനീകരണവും, പരിസ്ഥിതിയെയും മറ്റു ജീവജാലങ്ങളെയും ബാധിക്കുന്ന ഭീഷണികള്‍ തടയുന്നതുമാണ് പരിസ്ഥിതി നിയന്ത്രണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചുറ്റുമുള്ള ആവാസവ്യവസ്ഥയിലേക്ക് രാസവസ്തുക്കളോ മാലിന്യങ്ങളോ വലിച്ചെറിയുന്നത് തടയുന്നത് പരിസ്ഥിതി നിയന്ത്രണത്തിന് ഉദാഹരണങ്ങളാണ്.

രാസസുരക്ഷ

വിവിധ രാസവസ്തുക്കളുടെ സുരക്ഷിതമായ സംഭരണം, ഉപയോഗം, നിര്‍മ്മാര്‍ജ്ജനം എന്നിവയുമായി ബന്ധപ്പെട്ടതാണ് രാസസുരക്ഷ. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യനിര്‍മിതദുരന്തങ്ങളില്‍ ചിലത്  പാരിസ്ഥിതിക സുരക്ഷാ നടപടികള്‍ പാലിക്കുന്നതിലുള്ള അശ്രദ്ധ മൂലമാണ് സംഭവിച്ചത്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിയമപരവും ധാര്‍മ്മികവുമായ കടമ നമുക്കെല്ലാവര്‍ക്കുമുണ്ട്.

പരിസ്ഥിതി ആരോഗ്യവും പകര്‍ച്ചവ്യാധി നിയന്ത്രണവും

മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ആരോഗ്യകരമായ പരസ്പര ബന്ധത്തിലൂടെ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവും ക്ഷേമവും സുരക്ഷിതവും ഉറപ്പാക്കുന്നതാണ്   പൊതുജനാരോഗ്യമെന്നു പറയുന്നത്. അതിനായി ആരോഗ്യകരമായ അന്തരീക്ഷം നില നിര്‍ത്തി വായു, വെള്ളം, മണ്ണ്, ഭക്ഷണം എന്നിവയുടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള നയങ്ങളും പദ്ധതികളുമാണ് നടപ്പിലാക്കേണ്ടത്. 

കൊറോണ വൈറസ് (കോവിഡ്-19) എന്ന പകര്‍ച്ചവ്യാധി ആഗോളവ്യാപകമാകുന്ന സാഹചര്യത്തില്‍, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ പ്രതിരോധശേഷി വീണ്ടും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമായിരിക്കുകയാണ്.

അടുത്ത കാലത്തായി, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഓരോ പ്രതിസന്ധിയുടെയും സാമ്പത്തിക ആഘാതങ്ങള്‍ ഉടനടി പരിഹരിക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം തന്നെ, പാരിസ്ഥിതിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളേണ്ടതും വളരെ അത്യാവശ്യമാണ്. വായു, വെള്ളം, മണ്ണ്, ഭക്ഷണം, മറ്റ് പാരിസ്ഥിതിക മേഖലകള്‍ എന്നിവിടങ്ങളിലുള്ള അപകടകരമായ ഭൗതിക, രാസ, ജൈവ വസ്തുക്കളുമായി മനുഷ്യരും പക്ഷിമൃഗാദികളും  സമ്പര്‍ക്കം പുലര്‍ത്തുന്നത് നിയന്ത്രിച്ചാല്‍ ഭാവിയിലെങ്കിലും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ സാധിക്കും. 

വനനശീകരണം, ആവാസവ്യവസ്ഥയുടെ നശീകരണം, തീവ്രതാ കൃഷി, വന്യജീവി വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂടെ പരിസ്ഥിതിയുടെ ജൈവവൈവിധ്യം തകരുകയും, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുക്കള്‍ പകരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.

മനുഷ്യരില്‍ പുതിയതോ ഉയര്‍ന്നുവരുന്നതോ ആയ രോഗങ്ങളുടെ 60 ശതമാനവും ജന്തുജന്യ രോഗങ്ങള്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ്-19ന്റെ ആഗോള പ്രതിസന്ധി പകര്‍ച്ചവ്യാധികളുടെ വ്യാപനവും ജൈവവൈവിധ്യവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളുടെ വ്യക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ജൈവവൈവിധ്യം നഷ്ടപ്പെടുമ്പോള്‍ വിവിധ തരം രോഗാണുക്കളുടെ സംക്രമണ ശേഷി വര്‍ധിക്കുന്നതിന് ഇടയാകുന്നു. അതേസമയം ഭൂമി പരിവര്‍ത്തനവും വന്യജീവി വ്യാപാരവും വഴി കൂടുതല്‍ ആളുകള്‍  രോഗാണുക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്നു. കാര്‍ഷിക വിപുലീകരണവും തീവ്രതാ കൃഷിയും  ജൈവവൈവിധ്യത്തിന് കോട്ടം വരുത്തുന്നു. ചില പ്രത്യേക കൃഷിവിളകളും, മൃഗങ്ങളുടെ ഇനവും ഒരു സ്ഥലത്തു തന്നെ കേന്ദ്രീകരിക്കുന്നതിലൂടെയും  രോഗാണു സംക്രമണം വര്‍ധിക്കുന്നു.

ജൈവവൈവിധ്യം ഫലപ്രദമായി സംരക്ഷിക്കുന്നതിലൂടെ  സുസ്ഥിരമായ ആവാസവ്യവസ്ഥ  നിലനിര്‍ത്താനും ജന്തുജന്യ രോഗങ്ങള്‍ പകരുന്നത് കുറയ്ക്കാനും സാധിക്കും. 

പരിസ്ഥിതിയുടെ വിഷമലിനീകരണം

വായു, ജലം,ഭൂമി എന്നിവയെമലിനമാക്കാത്ത തരത്തില്‍ വ്യാവസായികഅവശിഷ്ടങ്ങളെ നാം ബുദ്ധിപൂര്‍വം കൈകാര്യംചെയ്യേണ്ടതാണ്. വ്യാവസായിക യുഗം നമ്മുടെ പരിസ്ഥിതിയില്‍ ദശലക്ഷക്കണക്കിന് ടണ്‍ വിഷമാലിന്യങ്ങള്‍  ചേര്‍ക്കുകയുണ്ടായി. കീടനാശിനികള്‍, ഘനലോഹങ്ങള്‍ (ഉദാ: ലെഡ്, മെര്‍ക്കുറി), സിന്തറ്റിക് രാസവസ്തുക്കള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍, സ്വാഭാവിക ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രാസവസ്തുക്കള്‍ (എന്‍ഡോക്രൈന്‍ ഡിസ്ട്രപ്റ്ററുകള്‍) മുതലായവ നമ്മുടെ വായുവിലും വെള്ളത്തിലും മണ്ണിലും ഇപ്പോള്‍ വ്യാപിച്ചുകിടക്കുന്നു. കല്‍ക്കരി കത്തുമ്പോള്‍ മെര്‍ക്കുറി, സെലിനിയം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍ ഉള്‍പ്പെടെ നിരവധി അപകടകരമായ ഉപോല്‍പ്പന്നങ്ങളാണ് അന്തരീക്ഷത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്. ഇവ പരിസ്ഥിതിയെ മലിനമാക്കുന്നതു കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിനും പുകമഞ്ഞിനും ആസിഡ് മഴയ്ക്കും കാരണമാകുന്നു.  അതുവഴി ജലജീവികളുംമത്സ്യസമ്പത്തും നശിക്കുന്നു.

കല്‍ക്കരി ഖനികളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ ഭൂമിയിലേക്ക് ഒഴുകി മൃഗങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്നു, കൂടാതെ, അത് ജലമലിനീകരണത്തിനും കുടിവെള്ള ക്ഷാമത്തിനും ഇടയാക്കുകയും ചെയ്യുന്നു. യുറേനിയം പോലെയുള്ള ആണവ ഇന്ധനങ്ങള്‍ ജലസ്‌തോതസുകളിലെത്തിയാല്‍ അതിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ ജല ആവാസവ്യവസ്ഥകളെ മലിനമാക്കാന്‍ കഴിയും. അവസാനം അത് ഭക്ഷ്യശൃംഖലയില്‍ എത്തിപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, മത്സ്യങ്ങളുടെയും വന്യജീവികളുടെയും ജീവന് ഭീഷണി ഉയര്‍ത്തുകയും സമൂഹത്തിന്റെ താഴേക്കിടയിലുള്ള മനുഷ്യരെ കൂടുതല്‍ രൂക്ഷമായി ബാധിക്കുകയും ചെയ്യുന്നു. 

ഉയര്‍ന്ന മര്‍ദ്ദമുള്ള ഹൈഡ്രോളിക് ഫ്രാക്ചറിംഗ് ഉള്‍പ്പെടുന്ന ഇന്ധനഖനന രീതി മനുഷ്യനും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരു പോലെ അപകടകരമാണ്. രാസവസ്തുക്കള്‍ മനുഷ്യരിലും മൃഗങ്ങളിലും ക്യാന്‍സര്‍ നിരക്ക് വര്‍ധിപ്പിക്കുകയും പ്രത്യുല്‍പ്പാദന തകരാറുകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ഈ വിഷവസ്തുക്കള്‍ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ഭാവിയെ ദോഷകരമായി ബാധിക്കുന്നു.

മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും 

കന്നുകാലികളുടെ  ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, സ്വാഭാവികമായും അവയുടെ എണ്ണവും വര്‍ധിക്കുന്നതിലൂടെയോ, ലഭ്യമായ പ്രകൃതി വിഭവങ്ങളുടെയും മൃഗപരിപാലന ഉല്‍പ്പന്നങ്ങളുടെയും  അശാസ്ത്രീയമോ അമിതമോ ആയ ഉപയോഗം മൂലമോ പരിസ്ഥിതി നാശവും മലിനീകരണവും ഉണ്ടാകാം. കന്നുകാലികളുടെ അമിതമായ മേയല്‍, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയല്‍, മണ്ണൊലിപ്പ്, മരുഭൂമിവല്‍ക്കരണം എന്നിവയിലൂടെ ഭൂമിയുടെ അധഃപതനത്തിന് കാരണമാകുന്നു. 

ഉല്‍പാദനക്ഷമതയും മൃഗരോഗ നിയന്ത്രണവും വര്‍ധിപ്പിക്കുന്നതോടൊപ്പം വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പ്രത്യാഘാതം കുറയ്ക്കുന്നതിന് ആസൂത്രിതമായ ഭൂവിനിയോഗം നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ഷികാവശ്യങ്ങള്‍ക്കും മൃഗാരോഗ്യ രംഗത്തും കീടനാശിനികള്‍ പോലുള്ള വിഷപദാര്‍ഥങ്ങളുടെ അശാസ്ത്രീയ ഉപയോഗം വര്‍ധിച്ചു വരുന്നതിനാല്‍ മലിനീകരണവും വര്‍ധിക്കുന്നു. വ്യാവസായിക അടിസ്ഥാനത്തിലുള്ള കന്നുകാലി യൂണിറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ ശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് മുന്‍തൂക്കം കൊടുക്കണം. ജലസ്രോതസുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മൃഗമാലിന്യങ്ങള്‍ വരുത്തി വയ്ക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചെറുതല്ല.

അറവുശാല, ഹാച്ചറി എന്നിവിടങ്ങളിലെ മാലിന്യങ്ങളും അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ഇരപിടിയന്‍ ജന്തുവര്‍ഗങ്ങള്‍ (ഉദാ: കഴുതപ്പുലികള്‍, നായ്ക്കള്‍ തുടങ്ങിയവ കരയിലും സ്രാവുകള്‍ കടലിലും) വര്‍ധിക്കാന്‍ കാരണമാകും. മൃഗ സംരക്ഷണ മേഖലയില്‍ പരാദനാശിനികളുടെ ഉപയോഗം കുറയ്ക്കുകയും,  പരിസ്ഥിതി സൗഹൃദ രീതികളിലൂടെ അവ പ്രയോഗിക്കുകയും ചെയ്താല്‍ പരിസ്ഥിതിമലിനീകരണം കുറയ്ക്കാം. പരാദജീവികളെ ചെറുക്കാന്‍ കഴിവുള്ള കന്നുകാലിയിനങ്ങള്‍ വളര്‍ത്തുന്നതും പ്രയോജനം ചെയ്യും.

മാറുന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥ

ഒരു പ്രദേശത്ത് ഒരു പ്രത്യേക ഇനം ജീവിവര്‍ഗ്ഗം കുറയുന്നത് പരിസ്ഥിതിയില്‍ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ആന്റിബയോട്ടിക്കുകളുടെയും പരാദനാശിനികളുടെയും വ്യാപകവും അനുപാതരഹിതവുമായ ഉപയോഗം മരുന്നുകളോട് പ്രതികരിക്കാത്ത രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും അതുവഴി രോഗനിയന്ത്രണ പരിപാടികള്‍ സങ്കീര്‍ണമാക്കുകയും ചെയ്യും.

മൃഗങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് സമഗ്രമായ ആസൂത്രണം ആവശ്യമാണ് എന്നാണ് വിവിധ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മനസിലാകുന്നത്.

മൃഗോല്‍പ്പന്നങ്ങളിലെ വിഷാവശിഷ്ടങ്ങള്‍

ആന്റിബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്ന മൃഗങ്ങളുടെ ഭക്ഷ്യയോഗ്യമായ ഉല്‍പ്പന്നങ്ങളില്‍ മരുന്നുകളുടെ വിഷാവശിഷ്ടങ്ങള്‍ ഉണ്ടായേക്കാം. മൃഗസംരക്ഷണ മേഖലയില്‍ ഉപയോഗിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍, ആന്റിഫംഗല്‍ മരുന്നുകള്‍, അണുനാശിനികള്‍, പരാദനാശിനികള്‍ തുടങ്ങിയവയും ഇത്തരത്തില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്.

പൊതുജനാരോഗ്യവും കാര്‍ഷിക പ്രത്യാഘാതങ്ങളും

ജല മലിനീകരണം: പരമ്പരാഗത കാര്‍ഷിക, മൃഗസംരക്ഷണ സമ്പ്രദായങ്ങളുടെ ഫലമായുള്ള ജല മലിനീകരണം ഉപരിതല, ഭൂഗര്‍ഭജലസ്രോതസുകളെ ഒരു പോലെ ബാധിക്കുന്നു. അമിതമായ വളപ്രയോഗം തടയുകയും അതിന്റെ ശാസ്ത്രീയമായ ഉപയോഗവും സംഭരണ രീതികളും അവലംബിക്കുന്നതും ജല മലിനീകരണം പരിഹരിക്കുന്നതിന് സഹായിക്കുന്നു.

വായു മലിനീകരണം: വായു മലിനീകരണത്തിന്റെ ഗണ്യമായ ഉറവിടം കൃഷിയാണ്. നൈട്രജന്‍ വളങ്ങളുടെയും കന്നുകാലി ഫാമിലെ മാലിന്യങ്ങളും അമോണിയ പുറപ്പെടുവിക്കുന്നു, ഇത് വായുവിലൂടെ സഞ്ചരിക്കുമ്പോള്‍, വാഹനങ്ങളില്‍നിന്നും വ്യവസായ ശാലകളില്‍നിന്നും ബഹിര്‍ഗമിക്കുന്ന പുക വാതകങ്ങളുമായി സംയോജിച്ച്  മനുഷ്യരിലും മൃഗങ്ങളിലും ചുമ, ശ്വാസതടസ്സം കഠിനമായ ആസ്ത്മ മുതല്‍ ഹൃദയസംബന്ധമായ രോഗങ്ങളും അകാല മരണം വരെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

വന്‍ തോതിലുള്ള കന്നുകാലി ഫാമുകളില്‍നിന്ന് അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ്, ബാഷ്പീകൃത ജൈവ സംയുക്തങ്ങള്‍ എന്നിവ അന്തരീക്ഷത്തിലേക്ക് ചേര്‍ക്കപ്പെടുന്നു.

കാലാവസ്ഥയും  ഹരിതഗൃഹ വാതക ബഹിര്‍ഗമനവും : 

വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ എന്നിവ ഉള്‍പ്പെടെ സാമൂഹികവും പാരിസ്ഥിതികവുമായ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു.

കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളായ വള നിര്‍മ്മാണം, സംഭരണം തുടങ്ങിയവയില്‍ നിന്ന്  പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതക(ജിഎച്ച്ജി)ങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ലോകമെമ്പാടുമുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ മൂന്നിലൊന്നും പുറന്തപ്പെടുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്.

മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നീ വാതകങ്ങളാണ് പ്രധാനമായും കാര്‍ഷിക -മൃഗസംരക്ഷണ മേഖലയില്‍നിന്നു പുറന്തള്ളപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഇത്തരം വാതകങ്ങളുടെ അളവ് കൂടുന്നത് ആഗോള താപനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഇത്  മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അസഹനീയമാവുകയും കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത കുറയുകയും ചെയ്യുന്നു. 

ആഗോള താപനഫലമായി ഉണ്ടാകുന്ന കാട്ടുതീ പടരുന്നതോടെ ലക്ഷക്കണക്കിന് ജീവികളുടെ ആവാസവ്യവസ്ഥയാണ് താറുമാറാകുന്നത്. മാത്രവുമല്ല, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ വെള്ളപ്പൊക്കത്തിനു കാരണമാകുകയും തണുപ്പു പ്രദേശത്തു ജീവിക്കുന്ന ജീവജാലങ്ങളുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്യുന്നു.

ആന്റിമൈക്രോബിയല്‍ പ്രതിരോധം:

ഈ കാലഘട്ടത്തില്‍ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഒരു പ്രധാനപ്പെട്ട ആശങ്കയാണ് ആന്റിമൈക്രോബിയല്‍ പ്രതിരോധം എന്നു പറയുന്നത്. മൃഗചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യരുടെ ഭക്ഷ്യശൃംഖലയില്‍ പ്രവേശിക്കുമ്പോള്‍ മനുഷ്യരില്‍  ആന്റിമൈക്രോബിയല്‍ പ്രതിരോധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കോഴികളുടെയും കന്നുകാലികളുടെയും തീറ്റയില്‍ അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടുത്തുന്നതും ആന്റിമൈക്രോബിയല്‍ പ്രതിരോധ ബാക്ടീരിയകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. 

ഭക്ഷ്യവ്യവസ്ഥയുടെ ദുര്‍ബലത

ഏകവിളസമ്പ്രദായങ്ങള്‍ കീടങ്ങള്‍ക്കെതിരെയുള്ള വിളകളുടെ പ്രതിരോധശേഷി കുറയ്ക്കുകയും കീടനാശിനി ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. കീടനാശിനികളുടെ ഉപയോഗം വന്യജീവികളെയും ഭക്ഷ്യഉല്‍പാദനത്തിന്റെ അവിഭാജ്യഘടകമായി പരാഗണത്തിന് സഹായിക്കുന്ന പ്രാണികളെയും ദോഷകരമായി ബാധിക്കുന്നു. 

രാസവസ്തുക്കളുടെ ഉപയോഗമാകട്ടെ മണ്ണിന്റെ അമ്ലതയെയും ഉല്‍പാദനക്ഷമതയെയും വിപരീതമായി ബാധിക്കുന്നു. ചൂട് തിരമാലകള്‍, കനത്ത മഴ, വരള്‍ച്ച തുടങ്ങിയ തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍  കാര്‍ഷികവിളവിന്റെ ഗുണനിലവാരത്തെയും അളവിനെയും ബാധിക്കുന്നു, കാര്‍ഷിക ഭൂമികളെ നശിപ്പിക്കുന്നു, ഭക്ഷ്യ വിതരണ ശൃംഖലകളെ ബാധിക്കുന്നു. 

ആവാസവ്യവസ്ഥയും പൊതുജന ക്ഷേമവും 

മനുഷ്യരുടെ ക്ഷേമകരമായ നിലനില്‍പ്പിന്ഭൂമിയുടെ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും വേണം. മനുഷ്യന് ആവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം, കാലാവസ്ഥ എന്നിവ നല്‍കുന്നതോടൊപ്പം കൃഷി, മത്സ്യബന്ധനം, വനവല്‍ക്കരണം, വിനോദസഞ്ചാരം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് വരുമാനം നേടാനും  ആവാസവ്യവസ്ഥകള്‍ നമ്മെ സഹായിക്കുന്നു. സാമ്പത്തിക വികസനവും മനുഷ്യക്ഷേമവും  ഉറപ്പാക്കുന്നതിന്, ഈ ആവാസവ്യവസ്ഥയുടെയും പ്രകൃതി വിഭവങ്ങളുടെയും സുസ്ഥിരമായ ഉപയോഗം ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. 

ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുന്നത് പ്രകൃതിയുടെ നന്മയ്ക്കു വേണ്ടി മാത്രമല്ല, അവയെ ആശ്രയിച്ച് ജീവിക്കുന്ന ജനസമൂഹങ്ങള്‍ക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ്.

ഈ ലോക വെറ്ററിനറി ദിനം ആഹ്വാനം ചെയ്യുന്നതു പോലെ ഇന്നുവരെ പരിസ്ഥിതി സംരക്ഷണത്തിലുണ്ടായിട്ടുള്ള നമ്മുടെ വീഴ്ചകള്‍ പരിഹരിച്ച് , മനുഷ്യനും മൃഗങ്ങള്‍ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ക്ഷേമത്തോടെ ജീവിക്കാനുതകുന്ന തരത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാമെന്ന് ഈ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

English summary: World Veterinary Day 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA