അക്വേറിയത്തിന് ഭംഗി മാത്രം പോര, മത്സ്യങ്ങള്‍ക്ക് ആരോഗ്യവും വേണം

HIGHLIGHTS
  • വെള്ളം മാറ്റേണ്ടതെപ്പോള്‍?
  • വെള്ളത്തിന്റെ നിറം മാറ്റം
aquarium-2
SHARE

അലങ്കാരമത്സ്യങ്ങള്‍ എക്കാലവും ട്രെന്‍ഡ് ആണ്. കോവിഡ് കാലത്തെ അടച്ചുപൂട്ടലിന്റെ നാളുകളില്‍ ഈ ട്രെന്‍ഡ് ഒരു ഭ്രമമായി വളര്‍ന്നു. അതിനെ ബിസിനസ് ആശയങ്ങളുമായി സംയോജിപ്പിച്ചപ്പോള്‍ ഒട്ടേറെ പുതുസാധ്യതകള്‍ തെളിഞ്ഞുവന്നു. ചെറിയ സ്ഫടികപ്പാത്രങ്ങള്‍, ഭിത്തിയില്‍ കലണ്ടര്‍ പോലെ തൂക്കാവുന്ന ചെറിയ മാതൃകകള്‍, സ്വീകരണമുറിയിലും മേശപ്പുറത്തും വയ്ക്കാവുന്നവ, ഒരു ചെടിയും ഒരു മീനും... അങ്ങനെയങ്ങനെ ഏതു വീട്ടിലും സാഹചര്യത്തിനനുസരിച്ച് വയ്ക്കാവുന്ന അക്വേറിയങ്ങള്‍ വിപണി കീഴടക്കി. 

പരമ്പരാഗതമായി ഉണ്ടാക്കുന്ന അക്വേറിയത്തിനു മൂന്നുഭാഗങ്ങളാണുള്ളത്. മീന്‍ വളര്‍ത്തുന്ന ടാങ്ക്, ഇതു സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡ്, മൂടി എന്നിവ. മേല്‍ത്തരം ചില്ലുപാളികള്‍ സിലിക്കോണ്‍ പശകൊണ്ട് ഒട്ടിച്ചെടുത്തതാണ് ടാങ്ക്. ഇതുവയ്ക്കാനുള്ള സ്റ്റാന്‍ഡ് തടികൊണ്ടോ, ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടോ നിര്‍മിക്കാം. മൂടി നിര്‍മിക്കാന്‍ തടി മതിയാകും. വീടിന്റെ നിര്‍മാണത്തില്‍ തന്നെ അക്വേറിയം ടാങ്കിനുള്ള സ്ഥാനം നിര്‍ണയിച്ചുവയ്ക്കുന്നത് നന്നായിരിക്കും. ഇപ്പോള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന റെഡിമെയ്ഡ് അക്വേറിയങ്ങളുണ്ട്. ലൈറ്റ്, ഫില്‍റ്റര്‍ എല്ലാം അതില്‍ തന്നെ ക്രമീകരിച്ചിട്ടുള്ള അവ എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാനും സാധിക്കും. 

ഒരിഞ്ച് നീളമുള്ള മീനിന് ശരാശരി ഇരുപത്തിനാല് ചതുരശ്ര ഇഞ്ച് ഉപരിതലവിസ്തീര്‍ണം വേണ്ടിവരുമെന്നാണ് കണക്ക്. അതായത് ഒരടിനീളവും എട്ടിഞ്ച് വീതിയുമുള്ള ടാങ്കില്‍ നാലിഞ്ച് നീളമുള്ള ഒരു മീനിനെയോ രണ്ടിഞ്ച് നീളമുള്ള രണ്ടു മീനിനെയോ ഒരിഞ്ച് നീളമുള്ള നാലു മീനിനെയോ ഇടാം. മീനിന്റെ എണ്ണം കൂട്ടുന്നതിലല്ല, ടാങ്കില്‍ എല്ലാ മീനിനും ആരോഗ്യത്തോടെ കഴിയാന്‍ സാധിക്കുന്ന അന്തരീക്ഷമുണ്ടാക്കുന്നതിലാണ് കാര്യം. 

aquarium

ടാങ്ക് ഒരുക്കല്‍ 

വളരെ കൂടുതല്‍ സൂര്യപ്രകാശം പതിക്കുന്ന സ്ഥലവും തീരെ ഇരുണ്ട സ്ഥലവും ടാങ്ക് വയ്ക്കാന്‍ പറ്റിയതല്ല. വെളിച്ചം കൂടുന്നതനുസരിച്ച് ടാങ്കില്‍ ആല്‍ഗവളര്‍ച്ച കൂടി വെള്ളം ഇരുണ്ടു പോകും. വെളിച്ചം തീരെ കുറവാണെങ്കില്‍ സസ്യങ്ങളുടെ വളര്‍ച്ചയും തീരെ കുറയും. നേരിട്ട് വെയില്‍ ഏല്‍ക്കുന്നിടത്തായാല്‍ വെള്ളത്തിന്റെ താപനിലയില്‍ നിരന്തരമായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അക്വേറിയത്തിന്റെ ഭംഗി അതിലിടുന്ന മീനുകളുടെ ഭംഗി മാത്രമല്ല, ഇതു സജ്ജീകരിക്കുന്നിലെ കലാബോധം കൂടിയാണ്. ടാങ്ക് സജ്ജീകരിക്കുമ്പോള്‍ ഏറ്റവും പ്രധാനം വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഫില്‍റ്ററാണ്. 

ടാങ്കിലെ മാലിന്യങ്ങള്‍ വെള്ളം മാറ്റാതെ തന്നെ നീക്കം ചെയ്യുന്നതിന് പലതരം ഫില്‍ട്ടറുകള്‍ വിപണിയില്‍ കിട്ടാനുണ്ട്. ടാങ്കിന്റെ അടിയില്‍ വയ്ക്കാവുന്നതും വശങ്ങളില്‍ വയ്ക്കാവുന്നതുമായ ഫില്‍റ്ററുകളുണ്ട്. ടാങ്കിന്റെ അടിയില്‍ വിരിക്കാനുള്ള മണലും വിവിധ വലിപ്പത്തിലുള്ള വര്‍ണക്കല്ലുകളും ലഭ്യമാണ്. 

വെള്ളം ഹോസില്‍ കൂടിയോ കപ്പുപയോഗിച്ചോ ഒഴിക്കാം. ആദ്യം ടാങ്കിന്റെ പകുതി നിറയ്ക്കുക. പിന്നീട് ചെടികള്‍ നടാം. ഉയരം കൂടിയ ചെടികള്‍ ടാങ്കിന്റെ പിന്‍വശത്തും ഉയരം കുറഞ്ഞവ മുന്‍വശത്തും നടുന്നതാണ് നല്ലത്. പിന്നീട് ടാങ്കില്‍ വെള്ളം നിറയ്ക്കുക. തുളുമ്പി നില്ക്കരുത്. വക്കിനുരണ്ടിഞ്ചു താഴെവരെ മാത്രം വെള്ളം മതിയാകും. മീനുകളെ വിടുന്നതാണ് അടുത്തപടി. ടാങ്കിലേക്ക് ഇവയെ നേരെ തുറന്നു വിടുന്നതിനുപകരം മീന്‍കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പായ്ക്കറ്റ് അല്ലെങ്കില്‍ പാത്രം ടാങ്കിലേക്കിറക്കി 10 മിനിറ്റെങ്കിലും വയ്ക്കുക. ടാങ്കിലെ വെള്ളത്തിന്റെ താപനില തന്നെ പായ്ക്കറ്റിലെ വെള്ളത്തിനും കിട്ടുന്ന തിനുവേണ്ടിയാണിത്. പിന്നീട് ഈ പാക്കറ്റിലേക്ക് ടാങ്കിലെ വെള്ളം കയറ്റി മീനുകളെ തുറന്നു വിടാം. പുറത്തുനിന്ന് കൊണ്ടുവരുന്ന ഇത്തരം പാക്കറ്റുകളിലെ വെള്ളത്തില്‍ രോഗകാരികളായ സൂക്ഷ്മാണുക്കളും ഉണ്ടാവാം. അവയെ ഒഴിവാക്കുന്നതിനായി ടാങ്കിലെ വെള്ളവുമായി പാക്കറ്റിലെ വെള്ളത്തിന്റെ താപനില അനുരൂപപ്പെടുത്തിയശേഷം പാക്കറ്റിനുള്ളില്‍ ഉള്ള വെള്ളത്തിന്റെ അത്രയും വെള്ളം ടാങ്കില്‍നിന്ന് കോരിയൊഴിക്കുക. അതിനുശേഷം നെറ്റ് ഉപയോഗിച്ച് മത്സ്യങ്ങളെ മാത്രം ടാങ്കിലേക്ക് നിക്ഷേപിക്കാാം.

aquarium-plants-1

വെള്ളം മാറ്റേണ്ടതെപ്പോള്‍ 

അക്വേറിയം ടാങ്കില്‍നിന്ന് വെള്ളം മാറ്റുന്നത് എങ്ങനെ വേണം? എപ്പോഴൊക്കെ മാറ്റാം? വെള്ളം മലിനമായിട്ടുണ്ടെന്നുള്ളത് മനക്കണക്കില്‍ കണ്ടെത്താനാകുമോ? പുതിയ വെള്ളം നിറയ്ക്കുമ്പോള്‍ മീനുകള്‍ എങ്ങനെ അതിജീവനം നേടും? ഒരാവേശത്തിന് വീടലങ്കാരത്തിന് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യം എന്ന നിലയില്‍ സ്ഥാപിക്കുന്ന അക്വേറിയങ്ങള്‍ പലപ്പോഴും പരിപാലനയുടെ കുറവും അശ്രദ്ധയും അമിത ശ്രദ്ധയും ഒക്കെ മൂലം പരാജയമാകുന്നത് നാം കാണാറുണ്ട്. മീനിന് തീറ്റ കൊടുക്കുന്നതു മുതല്‍ വെള്ളം മാറ്റുന്നതും ടാങ്ക് വൃത്തിയാക്കുന്നതും മീനുകളുടെ രോഗങ്ങള്‍ തുടക്കത്തിലേ കണ്ടെത്തുന്നതിലുമൊക്കെ ജാഗ്രത കാണിച്ചാലേ ചില്ലുകൂട്ടിലെ വര്‍ണവിസ്മയങ്ങള്‍ തലവേദന സൃഷ്ടിക്കാതിരിക്കുകയുള്ളൂ. 

ഫില്‍റ്ററുകളും എയ്‌റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവില്‍ മാത്രം തീറ്റ നല്‍കുകയും ചെയ്യുന്നുവെങ്കില്‍ കൂടെ ക്കൂടെ വെള്ളം മാറ്റേണ്ടതില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാലും ബാഷ്പീകരണം വഴി കുറേയൊക്കെ വെള്ളം ദിവസവും ടാങ്കില്‍നിന്ന് അപ്രത്യക്ഷമാകും. ഇത് നിറച്ചു കൊടുക്കാന്‍ ശ്രദ്ധ വേണം. 

ഫില്‍റ്ററുകള്‍ ഉപയോഗിക്കാത്ത ടാങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങള്‍ നീക്കാനുള്ള ക്രമീകരണം നടത്തണം. എന്നാല്‍ ടാങ്കിലെ ജലം മൊത്തത്തില്‍ ഒഴിച്ച് കളഞ്ഞിട്ട് പുതിയത് നിറയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ ചിന്ത ഒഴിവാക്കണം. മാലിന്യങ്ങള്‍ മാറ്റുന്നതോടൊപ്പം മൊത്തം വെള്ളത്തിന്റെ നാലില്‍ ഒന്നുഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാല്‍ മതി. പൊതുവിതരണ സംവിധാനത്തിലെ ജലത്തില്‍ ക്ലോറിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്തരം ജലം ഒരു ബക്കറ്റില്‍ നിറച്ച് വെയിലില്‍ വയ്ക്കാം. സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെ ക്ലോറിന്‍ വാതകമായി നീക്കം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ആ വെള്ളം അക്വേറിയത്തില്‍ നിറയ്ക്കാന്‍ പാടുള്ളു. 

ടാങ്കിലെ മാലിന്യങ്ങള്‍ മാറ്റാന്‍ പറ്റിയ റബര്‍ കുഴലുകള്‍ കിട്ടാനുണ്ട്. അവ ഉപയോഗിച്ച് അടിഭാഗത്തെ മാലിന്യങ്ങള്‍ നീക്കാനാകും. റബര്‍ കുഴലില്‍ വെള്ളം നിറച്ച് വിരലുകള്‍ കൊണ്ട് അടച്ചുപിടിക്കുക. ഒരറ്റം മാലിന്യങ്ങള്‍ക്ക് തൊട്ട് മുകളിലായ പിടിക്കുക. മറ്റേ അറ്റം ടാങ്കിന്റെ നിരപ്പിനു താഴെ വെച്ചിരിക്കുന്ന ഒരു ബക്കറ്റിലേക്ക് വയ്ക്കുക. വിരലുകള്‍ മാറ്റുമ്പോള്‍ ജലവും മലിനവസ്തുക്കളും ബക്കറ്റിലേക്ക് ഒഴുകുന്നു. മാലിന്യങ്ങള്‍ക്ക് അല്‍പ്പം മുകളിലൂടെ കുഴല്‍ ചലിപ്പിച്ച് ടാങ്കിന്റെ എല്ലാ ഭാഗത്തുനിന്നും മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ സാധിക്കും. ഇപ്രകാരം ചെയ്യുമ്പോള്‍ വെള്ളം കലങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

aquarium-plants-3

വെള്ളത്തിന്റെ നിറം മാറ്റം 

ചില സന്ദര്‍ഭങ്ങളില വെള്ളം തവിട്ടു നിറമാവുകയും അടിത്തട്ടിലെ മണലിന് നിറം മാറ്റം സംഭവിക്കുകയും ചെയ്യാറുണ്ട്. മീനുകള്‍ക്ക് ടാങ്കില്‍ ഇട്ടു കൊടുകുന്ന തീറ്റ കൂടുതലാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസരത്തില്‍ അധികം വരുന്ന തീറ്റ കുഴല്‍ ഉപയോഗിച്ച് വലിച്ചെടുത്ത് കളയണം. 

അക്വേറിയത്തിലെ വെള്ളത്തിന് നിറംമാറ്റമുണ്ടാകുന്നത് പലപ്പോഴും വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. സസ്യങ്ങള്‍ ആവശ്യത്തിനില്ലാത്തതും മത്സ്യങ്ങള്‍ കൂടുന്നതുമായ അവസരങ്ങളിലും വായുസഞ്ചാരം വെള്ളത്തില്‍ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അങ്ങനെ കണ്ടാല്‍ വെള്ളം ഭാഗികമായി മാറ്റി പുതിയത് നിറയ്ക്കണം. 

aquarium-plants-2

പായലേ വിട 

ഹരിത ആല്‍ഗകള്‍ വെള്ളത്തില്‍ നിറഞ്ഞാല്‍ ജലം പച്ചയായി മാറും. സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നതും തീറ്റ ആവശ്യത്തില്‍ കൂടുതല്‍ നല്‍കുന്നതും ആല്‍ഗകളുടെ പെരുപ്പത്തിന് കാരണമാവുന്നു. അങ്ങനെ വന്നാലും വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്ക്കണം. നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാതിടങ്ങളിലേക്ക് ടാങ്കിന്റെ സ്ഥാനം മാറ്റുക, ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്ന സമയം കുറയ്ക്കുക, ആവശ്യത്തിന് ആവശ്യത്തിന് മാത്രം തീറ്റ നല്‍കുക എന്നിവയിലൂടെ ആല്‍ഗകളുടെ ക്രമാതീതമായ വളര്‍ച്ച നിയന്ത്രിക്കാം. ടാങ്കിന്റെ പിന്‍ഭാഗത്ത് സീനറി പേപ്പര്‍ ഒട്ടിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിച്ചും ആല്‍ഗകളുടെ വളര്‍ച്ച നിയന്ത്രിക്കാം. 

അക്വേറിയം ടാങ്കിന്റെ ഭിത്തിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ആല്‍ഗകളെ മാറ്റാന്‍ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് താഴെ നിന്നും മുകളിലേക്ക് അമര്‍ത്തി തുടച്ചാല്‍ മതി. എന്നാല്‍ പറ്റിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള ആല്‍ഗകളെ മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഗാഢതയുള്ള കറിയുപ്പ് ലായനി ഉപയോഗിച്ച് തുടച്ചാല്‍ ഇവ ഒരുപരിധിവരെ മാറികിട്ടും. ആല്‍ഗകളെ മാറ്റുന്ന മാഗ്‌നറ്റിക് ആല്‍ഗല്‍ സ്‌ക്രാപ്പറുകള്‍ വിപണിയില്‍ ലഭ്യമാണ്. സക്കര്‍ മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിച്ച് ഇത്തരം ആല്‍ഗകളെ നിയന്ത്രിക്കാം. ജലോപരിതലത്തില്‍ എണ്ണയുടെ അംശം കാണുന്നുണ്ടെങ്കില്‍ ഒരു ഫില്‍ട്ടര്‍ പേപ്പര്‍ ജലോപരിതലത്തിലൂടെ വലിച്ച് നീക്കം ചെയ്യാം. 

കാണാന്‍ കൗതുമുണര്‍ത്തുമ്പോഴും ശ്രദ്ധയും കരുതലും അക്വേറിയത്തിന്റെ കാര്യത്തിലും മീനുകളുടെ പരിപാലനത്തിലും ഉണ്ടാകണമെന്ന് കോഴിക്കോട്ടെ അലങ്കാമത്സ്യ വ്യാപാരിയായ സഫ അക്വാ ഫാം ഉടമ ബാബുക്കുട്ടി പറയുന്നു. ഇന്റര്‍നെറ്റ് വഴി അക്വേറിയം പരിപാലനത്തിന്റെ നൂതന അറിവുകള്‍ ധാരാളം ലഭ്യമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്നും അറിവുകള്‍ തേടാവുന്നതാണെന്ന് ബാബുക്കുട്ടി പറഞ്ഞു.

English summary: How to set up a Fish Tank: A Step by Step Guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA