'ശബ്ദിക്കുന്ന കലപ്പ' കര്‍ഷകനെക്കുറിച്ച് പറയുന്ന വര്‍ത്തമാനകാല സത്യങ്ങള്‍

HIGHLIGHTS
  • ലക്ഷ്യമില്ലാത്ത കാറ്റുപോലെ നീങ്ങുന്ന ജീവിതമാണ് പലപ്പോഴും കര്‍ഷകന്റേത്
roots
SHARE

'ആകാശത്തെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതെങ്ങനെ? ആ ചിന്ത ഞങ്ങള്‍ക്ക് അപരിചിതമാണ്. അന്തരീക്ഷത്തിന്റെ നവനൈര്‍മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലായിരിക്കേ നിങ്ങള്‍ക്ക് അവ എങ്ങനെ വാങ്ങാന്‍ കഴിയും' - സിയാറ്റില്‍ മൂപ്പന്‍ ( 1780- 1866)

നവോത്ഥാന സാഹിത്യകാരന്മാരിലെ ധീരനായ വിപ്ലവകാരിയും പകരക്കാരനില്ലാത്ത മനുഷ്യ സ്‌നേഹിയുമായിരുന്ന പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' എന്ന കഥ ഒരിക്കല്‍കൂടി വായിക്കാനിടവരുത്തിയത് പ്രസ്തുത കൃതിയെ ആസ്പദമാക്കി പ്രശസ്ത സംവിധായകന്‍ ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം കാണാനിടവന്നപ്പോഴാണ്. ഒരു കര്‍ഷകനും തന്റെ ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രം 'റൂട്ട്‌സ്' എന്ന ഒടിടി പ്ലാറ്റ്‌ഫോമിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. 2019ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഈ ചിത്രം പ്രദര്‍ശിക്കപ്പെട്ടിരുന്നുവത്രേ. 'പ്രാണവായു ഉള്‍ക്കൊളളുന്ന അന്തരീക്ഷത്തിലെ നീതികേട് കാണുമ്പോള്‍ കണ്ണടച്ചുകളയാന്‍ എന്റെ മനുഷ്യത്വത്തിന് പാണ്ഡിത്യമില്ല' എന്ന് അസന്നിഗ്ദം പ്രഖ്യാപിച്ച എഴുത്തുകാരന്റെ കഥകളിലും പോരാട്ടങ്ങളിലും നിറയുന്ന തീവ്രമായ മനുഷ്യസ്‌നേഹമാണ് ശബ്ദിക്കുന്ന കലപ്പയിലും ഒരു കര്‍ഷകന്റെയും അവന്റെ കുടുംബത്തിന്റെയും നിസഹായതയും നൊമ്പരവുമായി തെളിയുന്നത്. തകഴി ശിവശങ്കരപ്പിള്ള കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതത്തെ വരച്ചുകാട്ടിയപ്പോള്‍ പൊന്‍കുന്നം വര്‍ക്കിയുടെ കഥയില്‍ തെളിയുന്ന മലയോരകര്‍ഷകന്റെ രോദനം കേവലം പതിനഞ്ചുമിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള സചേതനമായ ദൃശ്യങ്ങളിലൂടെ സംവിധായകന്‍ നമ്മുടെ കര്‍ണ്ണപുടങ്ങളിലെത്തിക്കുന്നു.

ഔസേപ്പുചേട്ടനെന്ന കൃഷിക്കാരന്‍

കണ്ണനെന്നു പേരുള്ള തന്റെ കാളയെന്നുവെച്ചാല്‍ ഔസേപ്പിനു ജീവനാണ്. 'കാളപ്രാന്തന്‍' എന്നൊരു വിളിപ്പേരും മറ്റു കര്‍ഷകര്‍ അയാള്‍ക്ക് നല്‍കിയിട്ടുണ്ട്. കാളയുടെ വയര്‍നിറയുമ്പോള്‍ മാത്രമേ അയാളുടെ വിശപ്പ് കെടുകയുള്ളൂ. കന്നുകാലി കൂട്ടില്‍ പട്ടിണിനിന്നാല്‍ ആ വീടിന്റെ ഐശ്വര്യം കെടുമെന്ന വിശ്വാസമാണ് അയാള്‍ക്കുള്ളത്. അധ്വാനത്തിന്റെ വിലയറിയുന്ന ഏതൊരു കര്‍ഷകനെയും പോലെ മണ്ണിന്റെ മണം കിട്ടാനില്ലെങ്കില്‍ മനസ്സു പൊരിയുന്നവനാണ് ഔസേപ്പ്. രണ്ടു കാളയും നാലഞ്ചേക്കര്‍ നിലവും കലപ്പയുമൊക്കെ കൃഷി ചെയ്യാന്‍ സ്വന്തമാകുന്ന കാലത്തേക്കുറിച്ചു സ്വപ്നങ്ങളുള്ളവന്‍. മണ്ണിനോടും  പണിയായുധങ്ങളോടും കാളയോടുമൊക്കെ പുലര്‍ത്തുന്ന ജൈവ ബന്ധമാണ് അയാളുടെ വ്യക്തിത്വത്തിന്റെ കാതല്‍. അതിനാലാവണം ഒരു സ്‌നേഹിതനോടെന്ന പോലെ കണ്ണനോട് സംസാരിക്കുവാന്‍ ഔസേപ്പിനു കഴിയുന്നത്. പക്ഷേ കാല്‍പനികതയ്ക്കപ്പുറം അയാള്‍ക്കുമുണ്ടൊരു കുടുംബം. വലിയ മീശക്കാരനായ പുരുഷന്‍ നോക്കിപുലര്‍ത്തേണ്ടതെന്ന് സമൂഹം കല്‍പിക്കുന്ന ഒരു വീടിന്റെ നാഥനാണയാള്‍. ഭാര്യ മറിയച്ചേടത്തിയും മകളായ കത്രിക്കുട്ടിയും അയാളുടെ ജീവന്റെ ഭാഗം തന്നെയാണ്. പക്ഷേ മകളെ കെട്ടിച്ചയക്കാന്‍ സ്ത്രീധനം വേണം. മകള്‍ക്ക് കുഞ്ഞു ജനിക്കുമ്പോള്‍ പ്രസവാനന്തരമര്യാദ പ്രകാരം മകളെയും കുട്ടിയേയും ഭര്‍ത്തൃഗൃഹത്തിലേക്കു പറഞ്ഞയക്കാന്‍ പണച്ചെലവുണ്ട്. നിത്യജീവിതത്തിനുള്ള വരുമാനത്തിനായി കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരനായ കര്‍ഷകന്റെ മേല്‍ സ്ത്രീധനം തുടങ്ങി നിരവധി ബാധ്യതകള്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്നതില്‍ അയാള്‍ വ്യസനിക്കുന്നു.

കണ്ണന്‍ പ്രിയപ്പെട്ടവന്‍

ഔസേപ്പുചേട്ടന്റെ ജീവനാണ് കണ്ണന്‍ എന്ന ഉഴവുകാള. ഒരു കൃഷിക്കാരന്‍ പ്രകൃതിയിലെ സചേതനവും അചേതനവുമായ ഘടകങ്ങളോട് പുലര്‍ത്തുന്ന ആത്മബന്ധത്തെയാണ് കണ്ണനുമായുള്ള ബന്ധം വഴി സാഹിത്യകാരന്‍ ഉത്‌പ്രേക്ഷിക്കുന്നതെന്ന് നിരീക്ഷിക്കാം. 'ശബ്ദിക്കുന്ന കലപ്പ'യെന്ന വിവക്ഷയാകട്ടെ  പ്രകൃതി മനുഷ്യനോടു കാണിക്കുന്ന ഗോചരമല്ലാത്തതെങ്കിലും സജീവമായി അനുഭവവേദ്യമാകുന്ന ബാന്ധവത്തെയും കുറിക്കുന്നു. ഔസേപ്പുചേട്ടന്‍ മനസ്സില്‍ കാണുന്നത് മനസ്സിലാക്കുന്നവനാണ് കണ്ണന്‍. പൂട്ടുന്നിടത്തൊക്കെ അയാളുടെ മനമറിഞ്ഞ് പണിയെടുക്കുന്നവന്‍. പാടവരമ്പിനുപോലും പോറലേല്‍ക്കാതെ കുളമ്പുകള്‍ നിലത്തുറപ്പിക്കാന്‍ ശീലിച്ചവന്‍. കര്‍ഷകന്‍ പാടുപെട്ടു നട്ടുപിടിപ്പിച്ചിരിക്കുന്ന തെങ്ങോ വാഴയോ കടിക്കുന്നതില്‍ഭേദം കൊമ്പുകൊണ്ട് അവരെ കുത്തുന്നതാണെന്ന തിരിച്ചറിവ് മനസ്സില്‍ പേറുന്നവന്‍. കെട്ടാതെ അടിക്കാതെ ഒച്ചപ്പാടില്ലാതെ കര്‍ഷകന്റെ ഭാഷ മനസ്സിലാക്കുന്നവന്‍. 

കണ്ടം പൂട്ടുന്ന നേരത്തെല്ലാം വാക്കോ വാക്യമോ ഇല്ലാതെ അവുസേപ്പുചേട്ടന്‍ നടത്തുന്ന രാഗാലാപനത്തിനൊപ്പം അവന്റെ കഴുത്തിലെ മണിയും ചെളിയില്‍ താഴുന്ന കുളമ്പുകളും താളവട്ടം സൂക്ഷിക്കുമെന്ന് എഴുതുന്ന കലാകാരന്‍ മനുഷ്യനും പ്രകൃതിയും നയിക്കുന്ന സഹവര്‍ത്തിത്വത്തിന്റെ സ്വപ്നങ്ങളാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ പ്രാരാബ്ധങ്ങള്‍ മുറുകുന്നതോടെ ഔസേപ്പിന് കണ്ണനെ വില്‍ക്കേണ്ടിവരുന്നു. പിന്നീട് യാദൃശ്ചികമായി ഔസേപ്പ് കണ്ണനെ കണ്ടെത്തുന്നത് മരണത്തിന്റെ കറുത്ത മുദ്ര പേറുന്ന ദേഹവുമായി മുനിസിപ്പാലിറ്റിയുടെ അറവുശാലയില്‍ വച്ചാണ്. അടിയന്തരാവശ്യങ്ങള്‍ക്ക് ഭാര്യ സ്വരുക്കൂട്ടിയ പണം കണ്ണനായി ചിലവഴിച്ച് അയാള്‍ കാളയെ രക്ഷപ്പെടുത്തുന്നുണ്ട്. പക്ഷേ വീട്ടുകാര്‍ക്ക് അതു സഹിക്കാന്‍ കഴിയുന്നില്ലായെന്നു മാത്രം. വയറ്റടിയിലുണ്ടായ മുറിവ് ഗുരുതരമായി മാറിയതോടെ കണ്ണന്‍ ജീവന്‍ വെടിയുന്നതാണ് കഥാന്ത്യം. നിര്‍ഭാഗ്യവാനായ തന്നെച്ചൊല്ലി കര്‍ഷകന്റെ കുടുംബം വേദനിക്കരുതെന്നു കരുതി വരിക്കുന്ന സ്വച്ഛന്ദമൃത്യവാണതെന്നാണ് എഴുത്തുകാരന്റെ നിരീക്ഷണം.

കര്‍ഷകന്റെ കഥ തുടരുന്നു

ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിന്റെ കാര്‍ഷിക സാമൂഹ്യ സാഹചര്യങ്ങളാണ് പൊന്‍കുന്നം വര്‍ക്കി തന്റെ കഥയ്ക്ക് വിഷയമാക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യങ്ങളിലും മുഴുവന്‍സമയം കൃഷിപ്പണികൊണ്ട് ജീവിക്കുന്ന ശരാശരി ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം ഏറെയൊന്നും വ്യത്യസ്തമല്ലായെന്നതിലേക്കാണ് നാം കേള്‍ക്കുന്ന കര്‍ഷക സമരങ്ങളുടെ, ആത്മഹത്യകളുടെ വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത്. ലക്ഷ്യമില്ലാത്ത കാറ്റുപോലെ നീങ്ങുന്ന ജീവിതമാണ് പലപ്പോഴും കര്‍ഷകന്റേത്. രാപകലില്ലാതെ വര്‍ഷങ്ങളോളം പണിയെടുക്കുന്ന നല്ല കൃഷിക്കാരന്‍ നരച്ച തലമുടിയും കാഴ്ച കുറഞ്ഞ കണ്ണുകളും ചുളിഞ്ഞ തൊലിയും വാതരോഗം ബാധിച്ച ശരീരവുമായി ഒരു പ്രതീകമായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നുണ്ടോ? പിച്ചാത്തികൊണ്ട് കുത്തിയാലും കയറാത്ത കൈത്തഴമ്പുകള്‍ മാത്രം സ്വന്തമെന്നുപറയാന്‍ ബാക്കിയാകുന്നു. കൃഷി ആധുനികമാകുമ്പോഴും പത്തയ്യായിരം കാലങ്ങള്‍ക്കു മുന്‍പുള്ള കൃഷിയായുധങ്ങളാണോ അവനു സ്വന്തമായുള്ളത്? വളമില്ലാത്തതിനാല്‍ അല്ലെങ്കില്‍ അമിത വളപ്രയോഗത്താല്‍ വീര്യം നഷ്ടപ്പെട്ട മണ്ണാണോ അവനു ബാക്കിയാവുന്നത്? ലോകോത്തരയജ്ഞമായ കൃഷിക്കു സഹായിക്കാന്‍ മഴയോട് പ്രാര്‍ത്ഥിക്കേണ്ട നിസഹായതയാണോ അവനുള്ളത്? കഥാകാരന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇന്നും അര്‍ത്ഥവത്തായി നിലനില്‍ക്കുന്നു. സ്വന്തം നാട്ടില്‍ അപമാനിതരും നിസ്സഹായരുമാകുന്നവരല്ലേ രാജ്യ തലസ്ഥാനത്തേയ്ക്ക് കാല്‍നടയായി സമരത്തിനായി നീങ്ങുന്നതെന്ന ചോദ്യം നമ്മുടെ മുന്‍പിലും തെളിയുന്നുണ്ട്. കാലമേറെ മുന്നേറിയപ്പോഴും അയാളെ അപമാനിക്കുന്ന വിപണികളും ചൂഷണ മാര്‍ഗ്ഗങ്ങളും പലവിധ രൂപത്തില്‍ ചൂഴ്ന്നു നില്‍ക്കുന്നതാണല്ലോ കാര്‍ഷികമേഖലയിലെ വര്‍ത്തമാനചിത്രം. ആകാവുന്ന കാലത്ത് അറുതിയില്ലാതെ പാടുപെട്ടു അവശരായ ഔസേപ്പുചേട്ടനും കണ്ണനും വിധിക്കപ്പെടുന്നത് നിന്ദയ്ക്കും ക്രൂരതയ്ക്കുമാണെന്ന വിധിവൈപരീത്യം പൊന്‍കുന്നം വര്‍ക്കി തന്റെ ശബ്ദിക്കുന്ന കലപ്പയിലൂടെ തുറന്നു കാട്ടുമ്പോള്‍ കഥ കാലത്തിനും ദേശത്തിനും അതീതമായി സഞ്ചാരം തുടരുന്നു.

'ശബ്ദിക്കുന്ന കലപ്പ' എന്ന കഥ, പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍ എന്ന കഥാസമാഹാരത്തില്‍ ഡിസി ബുക്ക്‌സ് പ്രിസിദ്ധികരിച്ചിട്ടുണ്ട്. ഹ്രസ്വചിത്രം കാണാന്‍ www.rootsvideo.com എന്ന OTT വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. roots OTT ആപ്ലിക്കേഷന്‍ പ്ലേസ്റ്റോര്‍/ ആപ്പിള്‍സ്റ്റോറില്‍ ലഭിക്കും.

English summary:  Shabdikkunna Kalappa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA