ഇടുക്കിയെ പിടിച്ചുലച്ച് ഏലക്കാവില; കരുതലോടെ പോയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും

HIGHLIGHTS
  • ഉല്‍പാദനച്ചെലവ് പരമാവധി കുറച്ചു മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ
cardamom
SHARE

ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കയോടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ഏലത്തിന്റെ വിലത്തകര്‍ച്ച. കരുതലോടെ കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് എത്തിച്ചേരും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യക്കു പുറമെ ഗ്വാട്ടിമാലയാണ് ഏലക്ക ഉല്‍പാദിപ്പിക്കുന്ന മറ്റൊരു പ്രധാന രാജ്യം. 2017-2020  കാലഘട്ടത്തില്‍ ഗ്വാട്ടിമാലയുടെ ഉല്‍പാദനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ കൂടി അവരുടെ ഏലക്കായുടെ ഗുണനിലവാരം കുറഞ്ഞിരുന്നുവെന്ന് പറയപ്പെടുന്നു. അതേകാലയളവില്‍ പ്രകൃതിക്ഷോഭം മൂലം നമ്മുടെ ഉല്‍പാദനവും ഇരുപതിനായിരം ടണ്ണില്‍നിന്നു പതിമൂവായിരം ടണ്ണിലേക്ക് കുറയുകയും ചെയ്തു. ഈ കുറവും ഗ്വാട്ടിമാല ഏലത്തിന്റെ ന്യൂനതയും പ്രാദേശിക കമ്പോളത്തില്‍ പ്രതിഫലിക്കുകയും, ഏറ്റവും കൂടിയ വില ഏകദേശം ഏഴായിരവും ശരാശരിവില നാലായിരം എത്തുകയും ചെയ്തു. ഈ വിലവര്‍ധന സ്വാഭാവികമായും കൂലിവര്‍ധനയ്ക്കും, വളം-കീടനാശിനി എന്നിവയുടെ വിലവര്‍ധനയ്ക്കും കാരണമായി. ഇതോടെ ഉല്‍പാദനച്ചെലവ് ഏകദേശം 1000 രൂപ കടന്നു.

വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം കൂടുതല്‍ ആളുകളെ ഏലക്കൃഷിയിലേക്കു ആകര്‍ഷിക്കുന്നതിനും കൃഷി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും വഴിയൊരുക്കി. 2019-2020 കാലയളവില്‍ പ്രാദേശിക കൃഷി 69,132 ഹെക്ടറില്‍നിന്ന് 69,993 ഹെക്ടറില്‍ എത്തിയെങ്കിലും ആഭ്യന്തര കമ്പോളത്തില്‍ എത്തിയ ഏലക്കാ ഉല്‍പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വീണ്ടും കുറഞ്ഞ് 11,000 ടണ്ണിലേക്ക് എത്തി. മുന്‍വര്‍ഷത്തില്‍ കിട്ടിയ അധികവരുമാനം, ഇടത്തരം/വലിയ കര്‍ഷകരെ ഏലക്ക സംഭരിച്ചു വയ്ക്കാന്‍ പ്രേരിപ്പിച്ചു എന്നുവേണം കരുതാന്‍. ഇതിനിടെ ലേല മാര്‍ക്കറ്റില്‍ നടന്ന ആരോഗ്യകരമല്ലാത്ത ചില കിടമത്സരങ്ങളും, സംഭരണം ഉണ്ടാക്കിയ കൃത്രിമമായ ക്ഷാമവും ഗ്വാട്ടിമാല ഏലത്തിന്റെ ഇറക്കുമതി വര്‍ധിപ്പിച്ചു. ഇതോടെ വില കുറയാനും സംഭരണ ശേഖരത്തില്‍നിന്നു വന്‍തോതില്‍ ഏലക്ക കമ്പോളത്തില്‍ എത്താനും ഇടയാക്കി. ഇത് വില വീണ്ടും കുറയാന്‍ കാരണമായി.

ഉയര്‍ന്ന വിലയെ ലക്ഷ്യംവച്ചു ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കൈക്കൊണ്ട അശാസ്ത്രീയമായ കീടനാശിനി പ്രയോഗങ്ങളും, നിറം നല്‍കാന്‍ ചില ഏലക്കാ സ്റ്റോര്‍ ഉടമകള്‍ നടത്തിയ മായം ചേര്‍ക്കലുകളും നമ്മുടെ ഏലക്കയുടെ വിശ്വാസ്യതയെത്തന്നെ പ്രതികൂലമായി ബാധിച്ചു. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഗ്വാട്ടിമാല ഏലക്കയുടെ പ്രിയം വര്‍ധിക്കാന്‍ കാരണമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നമ്മുടെ ഏലക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്ന സൗദി 2016-2019 കാലഘട്ടത്തില്‍, ഇറക്കുമതി 40,000 ടണ്ണില്‍നിന്ന് 120 ടണ്ണിലേക്ക് ചുരുക്കി. ഉല്‍പാദനത്തിലുണ്ടായ കുറവു മൂലം ആദ്യവര്‍ഷങ്ങളില്‍ ഈ ഇടിവ് വിപണിവിലയില്‍ കാര്യമായ മാറ്റം വരുത്തിയില്ലയെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കര്‍ഷകര്‍ ഇതിനുള്ള വില നല്‍കേണ്ടിവരും എന്ന സൂചനയിലേക്കാണ് ഇപ്പോഴത്തെ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

cardamom-12

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒന്നിലധികം രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ ഏലം മേഖലയെ നഷ്ടമില്ലാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. അതിലേക്കു ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • ഇറക്കുമതി നിയന്ത്രിച്ചു ആഭ്യന്തര ഉപയോഗത്തിലൂടെ വിപണിയെ പിടിച്ചുനിര്‍ത്തുക.
  • അമിതമായ കീടനാശിനി പ്രയോഗം നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള പരിശോധനാസംവിധാനങ്ങള്‍ ഒരുക്കുക.
  • കയറ്റുമതി വര്‍ധിപ്പിക്കാന്‍ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക.
  • വളം, കീടനാശിനി എന്നിവയുടെ വില നിയന്ത്രിക്കുക.

മുകളില്‍പ്പറഞ്ഞ കാര്യങ്ങളാണ് ആദ്യമായി ചെയ്യേണ്ടത്. ഒപ്പം, ഉപയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനികളെക്കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കുകയും വേണം.

കര്‍ഷകരെ സംബന്ധിച്ച് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുന്ന കുറച്ചു വര്‍ഷങ്ങളാണ് ഇനി മുന്‍പിലുള്ളത്. ഉല്‍പാദനച്ചെലവ് പരമാവധി കുറച്ചു മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ അടിപതറാം.

English summary: Cardamom price touches all-time low

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA