ADVERTISEMENT

കോട്ടയം ജില്ലയില്‍നിന്ന് ആലപ്പുഴയിലേക്ക് വിവാഹിതയായി എത്തി വീട്ടമ്മ മാത്രമായി ഒതുങ്ങിക്കഴിഞ്ഞ വിജി താനൊരു സംരംഭകയായി വളരുമെന്ന് കരുതിയതേയല്ല, കയര്‍ ഉല്‍പന്നങ്ങളുടെ ബിസിനസ് ആയിരുന്നു ഭര്‍ത്താവ് ശ്രീകുമാറിന്. ഇടക്കാലത്ത് കയര്‍ ഉല്‍പന്നങ്ങളുടെ വിപണിയും വില്‍പനയും കുറഞ്ഞു. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമയുള്ള വിജി ഒരു ടെയ്ലറിങ് യൂണിറ്റ് ആരംഭിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ആ സംരംഭം ഏറെ മുന്നോട്ടു പോയില്ല. 

പിന്മാറാന്‍ പക്ഷേ, വിജി ഒരുക്കമായിരുന്നില്ല. പാചകത്തില്‍ അഭിരുചിയുള്ള വിജി അതിലൊരു സംരംഭ സാധ്യത കണ്ടു. പായസക്കൂട്ടുകളില്‍ പരീക്ഷണം തുടങ്ങി. വ്യവസായവകുപ്പ് ആലപ്പുഴയില്‍ സംഘടിപ്പിച്ച എക്‌സിബിഷനില്‍ പായസം സ്റ്റാളിന് അനുമതി ലഭിച്ചു. അതൊരു വഴിത്തിരിവായി. തുടര്‍ന്ന് കുടുംബശ്രീ, ആലപ്പുഴ ജില്ലയിലെ വിവിധ ഏജന്‍സികള്‍ തുടങ്ങിയവര്‍ സംഘടിപ്പിച്ച എക്‌സിബിഷനുകളിലും അവസരം ലഭിച്ചു. 

നൂറിലധികം പായസങ്ങളുടെ രുചിക്കൂട്ടുകള്‍ കൈവശമുണ്ട് എന്നതാണ് വിജിയുടെ ബലം. പായസങ്ങളില്‍ ഏറെ ജനപ്രീതി നേടുന്നത് മുളയരിപ്പായസമെന്ന് വിജി. മുളയരിയുടെ ഗുണങ്ങള്‍ രുചിച്ചറിഞ്ഞ ആളുകള്‍ അതിന്റെ കൂടുതല്‍ ഉല്‍പന്നങ്ങളും ആവശ്യപ്പെട്ടു തുടങ്ങി. പായസത്തിനൊപ്പം വിപണനം ചെയ്തിരുന്ന ചുക്കുകാപ്പിപ്പൊടിക്കും ആവശ്യക്കാരേറി. എക്‌സിബിഷനുകളില്‍ ചക്കയ്ക്കു ലഭിക്കുന്ന പ്രാധാന്യം മനസ്സിലാക്കിയ വിജി ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രത്തില്‍നിന്ന് ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിലും പരിശീലനം നേടി. 

കേരളത്തിലെ പ്രധാന എക്‌സിബിഷനുകള്‍ക്കു പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്‍ഡമാന്‍, പുതുച്ചേരി എന്നിങ്ങനെ തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക മേളകളിലും പങ്കെടുത്ത് സംരംഭം നല്ല നിലയില്‍ നീങ്ങുന്നതിനിടയിലാണ് കോവിഡ് കാലം വരുന്നത്. എല്ലാ സംരംഭകരെയുമെന്നതുപോലെ വിജിക്കുമത് തിരിച്ചടിയായി. മേളകളും ഉത്സവങ്ങളും എക്‌സിബിഷനുകളും പഴങ്കഥയായി, മുന്നോട്ടുള്ള പ്രയാണം ദുസ്സഹമായി. പക്ഷേ, അപ്പോഴും തളരാതെ മുന്നോട്ടു പോകാന്‍ തന്നെയായിരുന്നു വിജിയുടെ തീരുമാനം. 

പാതിരിപ്പിള്ളിയില്‍ ദേശീയപാതയ്ക്കരികിലാണ് വിജിയുടെ വീട്. വീടിന്റെ മുന്‍വശം ഉല്‍പന്നങ്ങള്‍ വിപണനം നടത്താനുള്ള ഷോപ്പാക്കി മാറ്റി. വരുമാനത്തില്‍നിന്നു മിച്ചം പിടിച്ചുവച്ചിരുന്ന പണമുപയോഗിച്ച് ചെറിയൊരു റോസ്റ്റിങ് മെഷീനും പള്‍വറൈസറും സജ്ജമാക്കി. തുടര്‍ന്ന് ആലപ്പുഴ കെവികെയുടെ സാങ്കേതിക സഹായത്തോടെ മുളയരിയും മറ്റ്  ചേരുവകളും ചേര്‍ത്ത് 'ബാംബൂവിറ്റ' എന്ന പേരില്‍ ഹെല്‍ത് മിക്‌സ് തയാറാക്കി. ആകര്‍ഷകമായ പായ്ക്കിങ്ങും ലേബലും നല്‍കി, ലാബ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ഗുണമേന്മാ പരിശോധനകള്‍ നടത്തി വിപണിയിലെത്തിച്ചു. 

നൂറിലേറെ ഉല്‍പന്നങ്ങളാണ് തന്റെ ഷോപ്പിലൂടെ ഇന്ന് വിജി ഉപഭോക്താക്കളിലെത്തിക്കുന്നത്. അച്ചാറുകള്‍, കറിക്കൂട്ടുകള്‍, പായസം മിക്‌സുകള്‍, ഹെല്‍ത് മിക്‌സുകള്‍, സൂപ്പു മിക്‌സുകള്‍, തേന്‍ മെഴുക് ചേര്‍ത്ത സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിങ്ങനെ ഒട്ടേറെ ഉല്‍പന്നങ്ങള്‍. അവ പരിചയപ്പെടുത്തുന്നതിന് യുട്യൂബ് ചാനലും വെബ്‌സൈറ്റും തയാറാക്കി ഈ വീട്ടമ്മ. ഒഴിവുസമയം എഴുത്തിനു കൂടി സമയം കണ്ടെത്തുന്ന വിജി പാചകസംബന്ധിയായ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും മികച്ച വിപണി കൈവരുന്നെന്ന് വിജി. ദൂരെനിന്നുള്ള ആവശ്യക്കാര്‍ക്കെല്ലാം കുറിയര്‍ വഴി ഉല്‍പന്നങ്ങള്‍ അയച്ചുകൊടുക്കുന്നു.

ഭര്‍ത്താവും മക്കളും വിജിയുടെ സംരംഭത്തിനു പിന്തുണയുമായി കൂടെയുണ്ട്. മകളുടെ സംരംഭത്തിനു താങ്ങാകാന്‍ വിജിയുടെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്കു മുന്‍പേ കോട്ടയത്തു നിന്നും ആലപ്പുഴയിലെത്തി താമസമാരംഭിച്ചിരുന്നു. ഉല്‍പന്ന നിര്‍മാണത്തിനും പായ്ക്കിങ്ങിനുമായി രണ്ടു വനിതകളെ കൂടെക്കൂട്ടിയതോടെ രണ്ടുപേര്‍ക്ക് ജോലി നല്‍കാനും വിജിക്കു കഴിഞ്ഞു.

അവസരങ്ങളെ കൃത്യമായി ഉപയോഗിക്കുക, പുതിയ മാര്‍ക്കറ്റിങ് രീതികള്‍ പരീക്ഷിക്കുക, പുതിയ ഉല്‍പന്നങ്ങള്‍ പരീക്ഷിക്കുക, കൃത്യമായ ഫീഡ്ബാക്ക് നേടുക, ഉല്‍പന്നങ്ങളുടെ ഗുണമേന്‍മ സൂക്ഷിക്കുക, തളരാത്ത ആത്മവിശ്വാസത്തോടെ മുന്നേറുക, ഇതാവണം വിജയ മന്ത്രമെന്നു വിജി.

ഫോണ്‍: 9544753290

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com