ADVERTISEMENT

സ്വയം വർധിക്കുന്ന മുതലുണ്ടായിരുന്നെങ്കിൽ! വർഷംതോറും ഇരട്ടിക്കുന്ന സമ്പാദ്യത്തിന്റെ തണലിൽ ജീവിതം മെച്ചപ്പെടുത്താമായിരുന്നു അല്ലേ? അങ്ങനൊരു മുതലാണ് എറണാകുളം ജില്ലയിലെ  പിറവത്തിനു സമീപം ഇരപ്പാൻകുഴി സ്വദേശി കാര്യക്കാട്ട് ഒളിവറിനുള്ളത്. ശുദ്ധജനുസിൽപെട്ട ഇരുനൂറോളം വൈറ്റ് ജയന്റ്, സോവ്യറ്റ് ചിഞ്ചില മുയലുകൾ. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ മാതൃ–പിതൃശേഖരങ്ങളിലൊന്ന്.

ഒൻപതു വർഷം മുൻപ്  ഒളിവർ കൂടെ കൂട്ടിയതാണ് ശുദ്ധജനുസിൽപെട്ട 15  മുയലുകളെ.  നിരുത്സാഹപ്പെടുത്തുന്ന നിയമങ്ങളും ചട്ടങ്ങളുമൊക്കെ വന്നപ്പോഴും അവയെ വേണ്ടെന്നുവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.  പ്രശ്നങ്ങളൊക്കെ മാറി മുയൽവളർത്തൽ വീണ്ടും ഉഷാറായപ്പോൾ  ശുദ്ധജനുസ് മുയലുകളുടെ മികച്ച ശേഖരമായി ഒളിവർ ഫാം മാറി.  ജനിതകശുദ്ധിയുടെ വില മനസ്സിലാക്കി തന്റെ മുയലുകളെ കലർപ്പില്ലാതെ സൂക്ഷിക്കാൻ കഴിഞ്ഞതാണ് ഈ യുവാവിന്റെ നേട്ടം. സർക്കാർ ഫാമുകൾക്കുപോലും സാധിക്കാത്ത വിധത്തിൽ ശുദ്ധജനുസ്  മുയൽക്കുഞ്ഞുങ്ങളെ നൽകാൻ  ഈ  യുവസംരംഭകനു സാധിക്കുന്നു. സങ്കരയിനം മുയലുകളെക്കാൾ  ശുദ്ധജനുസുകളോട് താൽപര്യം വർധിച്ചുവരികയാണെന്ന് ഒളിവർ ചൂണ്ടിക്കാട്ടി. സങ്കരയിനങ്ങളുടെ മേന്മയായി കരുതപ്പെട്ടിരുന്ന രോഗപ്രതിരോധശേഷിയും തീറ്റപരിവർത്തനശേഷിയും ശുദ്ധജനുസുകൾക്ക് ഒട്ടും കുറവല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തലമുറകളിലും ഈ ഗുണങ്ങൾ നിലനിൽക്കുന്നതിന് ശുദ്ധജനുസുകൾ ആവശ്യമാണ്. മാത്രമല്ല അവ സ്വന്തമായുള്ളവർക്ക്  ആവശ്യാനുസരണം സങ്കരജനുസുകളെ ഉൽപാദിപ്പിക്കാവുന്നതേയുള്ളൂ.

ലോക്ഡൗൺ കാലത്ത് കാർഷികസംരംഭങ്ങളാരംഭിച്ച ഒട്ടേറെപ്പേർ നിലവാരമുള്ള മുയലുകൾക്കായുള്ള അന്വേഷണത്തിലായിരുന്നു. പ്രതിവർഷം ആയിരത്തോളം കുഞ്ഞുങ്ങൾ പിറന്നുവീഴുന്ന ഒളിവറിന്റെ മുയൽഫാമായിരുന്നു അവരിൽ പലർക്കും ആശ്രയം. കഴിഞ്ഞ വർഷം 800 മുയൽകുഞ്ഞുങ്ങളെ ഇവിടെ നിന്നു വിതരണം ചെയ്തു. 7 പെൺമുയലുകളും 3 ആൺമുയലുകളുമുള്ള പ്രജനനയൂണിറ്റിന് 6500 രൂപയാണ് വില. യൂണിറ്റുകളായല്ലാതെയും വിൽക്കാറുണ്ട്. അധികം വരുന്ന ആൺമുയലുകളെ മാംസാവശ്യത്തിനായി നൽകുന്നു.

rabbit-oliver-mathew
വൈറ്റ് ജയന്റ് മുയലുമായി ഒളിവർ മാത്യു മുയൽ ഫാമിൽ

ഒരു തള്ളമുയലിൽനിന്നു ശരാശരി 5 പ്രസവങ്ങളിലായി ഒരു വർഷം 30 കുഞ്ഞുങ്ങളുണ്ടാകും. ഈ കുഞ്ഞുങ്ങളെ രണ്ടര മാസമെത്തുമ്പോൾ വളർത്തുകാർക്ക് നൽകാം. ശുദ്ധജനുസിൽപെട്ട മുയൽക്കുഞ്ഞുങ്ങൾക്ക് 650 രൂപ വരെ വിലയുണ്ട്. അതായത് ഒരു തള്ളമുയലിൽനിന്ന് ഒരു വർഷം 19,500 രൂപയുടെ കുഞ്ഞുങ്ങൾ! ആകെ 150ലധികം പെൺമുയലുകളിൽ നിന്നു കിട്ടാവുന്ന വരുമാനം ആലോചിച്ചോളൂ. 

എന്നാൽ അത്ര ലളിതമല്ല കാര്യങ്ങൾ. ഏറെ ക്ഷമയും നിരീക്ഷണവും സ്ഥിരോത്സാഹവുമുണ്ടെങ്കിലേ ഏട്ടിലെ കണക്കനുസരിച്ച് മുയൽ പെരുകൂ. പത്തും പതിനഞ്ചും മുയലുകളുമായി പ്രജനനസംരംഭമാരംഭിക്കുന്ന പലരും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മുയലും കൂടും വിൽപനയ്ക്കു വയ്ക്കുന്നതിനു കാരണം മുൻപറഞ്ഞ ഘടകങ്ങളുടെ കുറവുതന്നെ.

rabbit-oliver-mathew-1
മാതൃ–പിതൃ ശേഖരം ഈ ഷെഡ്ഡിൽ

മദികാലം നിരീക്ഷിച്ച് യഥാസമയം പ്രജനനം നടത്തിയാലേ മുടക്കമില്ലാതെ കുഞ്ഞുങ്ങളെ ലഭിക്കൂ. പ്രജനനത്തിനു തയാറായ പെൺമുയലിനെ ആൺമുയലിന്റെ കൂട്ടിലേക്ക് വിടുകയാണു വേണ്ടത്. പ്രജനനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഇണ ചേർന്ന പെൺമുയലുകളെ വൈകാതെ തന്നെ മാറ്റാം. 28–32 ദിവസമാണ് ഗർഭകാലം. നാലാഴ്ച കഴിയുമ്പോൾ  കൂടിന്റെ ഒരു ഭാഗം ഹൈലം ഷീറ്റുപയോഗിച്ച് മറയ്ക്കും. പുറമെ നിന്നുള്ള ശല്യങ്ങളില്ലാതെ പെൺമുയൽ സ്വസ്ഥമായി പ്രസവിക്കുന്നതിനും കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കുന്നതിനുമാണിത്. ഒരു പ്രസവത്തിൽ 5–8 കുഞ്ഞുങ്ങളുണ്ടാകും. ശരിയായ പോഷണവും സുരക്ഷിതസാഹചര്യങ്ങളും നൽകിയാൽ എല്ലാ കുഞ്ഞുങ്ങളെയും തള്ളമുയൽ നന്നായി പരിപാലിച്ചുകൊള്ളുമെന്ന് ഒളിവർ പറഞ്ഞു. ഇവിടെ പിറക്കുന്ന എല്ലാ മുയലുകളുടെയും വംശപാരമ്പര്യം കൃത്യമായി രേഖപ്പെടുത്തിയ റജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്. അന്തഃപ്രജനനം ഒഴിവാക്കുന്നതിന് ഇത് ആവശ്യമാണ്.

വീടിനോടു ചേർന്നുള്ള ചെറിയ ഷെഡുകളിലും തൊഴുത്തിലുമൊക്കെ മുയൽവളർത്തി തുടങ്ങിയ ഒളിവർ ഇപ്പോൾ മാതൃപിതൃശേഖരത്തിനായി കൂടുതൽ സൗകര്യങ്ങളോടെ പ്രത്യേക ഷെഡ് തീർത്തിരിക്കുകയാണ്.  പഴയ ഷെഡുകളിൽ മുയൽക്കുഞ്ഞുങ്ങളും. റബർമരങ്ങളുടെ തണലിലുള്ള പ്രധാന ഷെഡിൽ മാതൃപിതൃശേഖരവും. പ്രജനനസംരംഭത്തിൽ മാതൃപിതൃശേഖരത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്ന ഒളിവറിന്റെ കണ്ണ് സദാ കൂട്ടിലുണ്ടായിരിക്കും.  തെല്ലകലെയായി ബ്രോയിലർ കോഴികളെ വളർത്തുന്ന ഷെഡുമുണ്ട്. ഓരോ ബാച്ചിലും 5500 കോഴികളെ വളർത്തി വിപണിയിലെത്തിക്കുന്ന ഒളിവർ മാംസാവശ്യത്തിനുള്ള മുയൽവളർത്തലിനും തുല്യസാധ്യത കാണുന്നു. എന്നാൽ ഇറച്ചിക്കോഴികൾക്കുള്ളതുപോലെ ഒരു വിപണനശൃംഖലയോ ഇന്റഗ്രേഷൻ സംവിധാനമോ ഇല്ലാത്തതാണ് വെല്ലുവിളി. 

rabbit-oliver-mathew-2
ഒളിവറും കുടുംബവും

ശാസ്ത്രീയമായ തീറ്റയും ശുചിത്വവും ചിട്ടയാർന്ന പരിപാലനവുമാണ് മുയൽവളർത്തലിലെ നിർണായക ഘടകങ്ങളെന്ന് ഒളിവർ ചൂണ്ടിക്കാട്ടി.   മുയലുകളുടെ ആരോഗ്യമാണ് പരമപ്രധാനമെന്നതിനാൽ ഓരോന്നിന്റെയും ആവശ്യമനുസരിച്ച് തീറ്റയിലെ മാംസ്യവും കാർബോഹൈഡ്രേറ്റും നാരുകളുമൊക്കെ ക്രമീകരിക്കേണ്ടതുണ്ട്. ഓരോ മുയലിന്റെയും  തീറ്റയുടെ അളവും അതിലെ പോഷകഘടകങ്ങളും നിശ്ചയിക്കുന്നത് ഒളിവർ തന്നെ. രാവിലെ പുല്ലും വൈകുന്നേരം പ്രത്യേക തീറ്റയും നൽകുന്ന തീറ്റക്രമമാണ് ഇവിടുള്ളത്.  ഫാമിലെ തൊഴിലാളികൾക്ക് പുല്ല് അരിയലും കൂടുവൃത്തിയാക്കലുമൊക്കെ മാത്രം. പോഷകനിലവാരം പാലിച്ചു തീറ്റ നൽകിയാലേ പ്രജനനം വിജയിക്കൂ. 

ഇരുമ്പുവലകൊണ്ടുള്ള കൂടുകളിൽ കഴിയുമ്പോൾ ബ്രോയിലർ മുയലുകൾക്ക് പാദരോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാനായി ഓരോ മുയൽക്കൂട്ടിലും പ്ലാസ്റ്റിക് സ്ലേറ്റുകൾ ഇട്ടുകൊടുത്തിട്ടുണ്ട്. സ്ലേറ്റിനു മീതേ നിൽക്കുമ്പോൾ പാദങ്ങൾക്ക് പരിക്കേൽക്കില്ല.  ഇട്ടുകൊടുക്കുന്ന ഇലകളും പുല്ലുമൊക്കെ ചവിട്ടിനിരത്തി കൂടുകൾ വൃത്തിഹീനമാകുന്നത് മുയൽവളർത്തലിലെ സ്ഥിരം കാഴ്ചയാണ്.  പുല്ലും തീറ്റവസ്തുക്കളുമിടുന്നതിന് മുയൽകൂടുകളുടെ ഇടയ്ക്കായി  പുൽത്തൊട്ടിയുണ്ട്. ഇതിന്റെ ഇരുവശത്തു നിന്ന് മുയലുകൾക്ക് പുല്ല് തിന്നാം. കൂടാതെ തീറ്റ നൽകാനായി ഫീഡ് ബോക്സുമുണ്ട്. വെള്ളം കുടിക്കാനായി നിപ്പിൾ ഫീഡർ ക്രമീകരിച്ചിരിക്കുന്നു. 

ഫോൺ: 9544282565

English summary: Biggest rabbit farm in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com