5 രൂപയുടെ മുട്ടയ്ക്ക് 50 രൂപയാകുന്ന മൂല്യവർധന: അറിയാം, മുട്ടയിലൊളിക്കുന്ന മുട്ടൻസാധ്യതകൾ

HIGHLIGHTS
  • 2018 മുതൽ പ്രദീപ് ചെറുകിട സംരംഭകർക്കാവശ്യമായ ഇൻക്യുബേറ്ററുകൾ നിർമിച്ചു നൽകുന്നു
pradeep
പ്രദീപും മകൻ അശ്വിനും ഇൻക്യുബേറ്ററിൽ മുട്ട സെറ്റ് ചെയ്യുന്നു
SHARE

ബ്രീഡിങ് ബിസിനസിന്റെ സാധ്യതകൾ വർഷങ്ങൾക്കു മുൻപേ തിരിച്ചറിഞ്ഞ സംരംഭകനാണ് കോട്ടയം കുറിച്ചിത്താനം സ്വദേശി  വലിയപറമ്പിൽ പ്രദീപ്. അഞ്ചു രൂപ മാത്രം വിലയുള്ള കോഴിമുട്ട 21 ദിവസം അടവച്ചു വിരിയുമ്പോൾ 30 രൂപയും 50 രൂപയും 90 രൂപയുമായി മാറുന്ന മൂല്യവർധനയാണ് സംഭവിക്കുന്നത്. ‌ ഈ സാധ്യത തിരിച്ചറിയാതെ ആഹാരാവശ്യത്തിനുള്ള മുട്ടയുൽപാദനത്തിലേക്കു പോകുന്ന കേരളത്തിലെ സംരംഭകർ വരവുചെലവ് കണക്കുകളെക്കുറിച്ച് വേണ്ടത്ര ചിന്തിക്കുന്നില്ലെന്നു പ്രദീപ് ചൂണ്ടിക്കാട്ടി.  അതേസമയം ലക്ഷക്കണക്കിനു കോഴിക്കു‍ഞ്ഞുങ്ങൾ അയൽസംസ്ഥാനങ്ങളിൽനിന്ന് ഇവിടെ എത്തുകയും ചെയ്യുന്നു.

2014ൽ രണ്ട് കരിങ്കോഴികളെ വളർത്തി 2000 രൂപയ്ക്കു വിൽക്കാൻ കഴിഞ്ഞപ്പോഴാണ് കോഴിക്കുഞ്ഞുങ്ങളെ പ്രദീപ് ശ്രദ്ധിച്ചു തുടങ്ങിയത്. വൈകാതെതന്നെ മണ്ണുത്തി വെറ്ററിനറി കോളജ് ഹാച്ചറിയിൽനിന്ന് 12 കരിങ്കോഴിക്കുഞ്ഞുങ്ങളെ 60 രൂപ കൊടുത്തുവാങ്ങി. അവയുടെ മുട്ട അടവച്ചുണ്ടായ കോഴിക്കുഞ്ഞുങ്ങൾ ക്രമേണ വരുമാനസ്രോതസായി മാറിയതോടെ ഈ രംഗത്ത് ഉറച്ചുനിൽക്കാൻവേണ്ട ആത്മവിശ്വാസമായി. വലിയപറമ്പിൽ എഗ്ഗർ നഴ്സറിയുടെ തുടക്കം അങ്ങനെയായിരുന്നു. 

pradeep-1

വീട്ടിൽ വിരിയുന്ന കുഞ്ഞുങ്ങൾ തികയാതെ വന്നപ്പോൾ മുംബൈ സിപിഡിഒയിൽ (സെൻട്രൽ പൗൾട്രി ഡവലപ്മെന്റ് ഓർഗനൈസേഷൻ) നിന്ന് കരിങ്കോഴിയുടെയും പോരുകോഴിയായ അസീലിന്റെയുമൊക്കെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വിമാനത്തിലെത്തിച്ചു തുടങ്ങി.  കേരളത്തിലെ സർക്കാർഫാമുകളിൽ നിന്ന് ഗ്രാമശ്രീ പോലുള്ള ഇനങ്ങളെയും കൊണ്ടുവന്നു.

സ്വന്തമായി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനായി ഇൻക്യുബേറ്റർ വാങ്ങിയതായിരുന്നു അടുത്ത തുടക്കം. 500 മുട്ടകൾ അട വയ്ക്കാവുന്ന ഇൻക്യുബേറ്ററിനു താൻ ഉദ്ദേശിച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലെന്നു മനസ്സിലായതോടെ സ്വന്തമായി ഇൻക്യുബേറ്റർ വികസിപ്പിക്കാൻ ശ്രമമാരംഭിച്ചു.  2018 മുതൽ പ്രദീപ് ചെറുകിട സംരംഭകർക്കാവശ്യമായ ഇൻക്യുബേറ്ററുകൾ നിർമിച്ചു നൽകുന്നു. ചെറുകിട സംരംഭകർക്കു യോജിച്ച ഇൻക്യുബേറ്ററാണ് പ്രദീപ് വികസിപ്പിച്ചിട്ടുള്ളത്. വൻകിട കമ്പനികളുടെ ഇൻക്യുബേറ്ററുകളിലുള്ള മിക്കവാറും സൗകര്യങ്ങൾ ഇതിലുമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 500 മുട്ടകൾ അട വയ്ക്കുന്ന യൂണിറ്റിന് 48,000 രൂപയാണ് വില.  

വീട്ടിൽ നിന്നു തെല്ലകലെയായുള്ള ഫാമിൽ പ്രദീപിനു വിവിധയിനങ്ങളിൽപെട്ട രണ്ടായിരത്തോളം വളർത്തുപക്ഷികളുടെ വിപുലമായ ശേഖരമുണ്ട്. അവിടെ ഉൽപാദിപ്പിക്കുന്ന മുട്ടകളുടെ 90 ശതമാനവും കൊത്തുമുട്ടകളാണ്. സ്വന്തം കോഴികളുടെ മുട്ട സ്വന്തം ഇൻക്യുബേറ്ററിൽ വച്ചു വിരിയിക്കുമ്പോൾ പ്രദീപിനുണ്ടാകുന്ന വരുമാനം കണക്കാക്കാൻ തുടക്കത്തിൽ സൂചിപ്പിച്ച മൂല്യവർധനയുടെ കണക്ക് മതിയാവും.  കരിങ്കോഴി, തനി നാടൻ, പാലക്കാടൻ, തലശ്ശേരി, അസീൽ തുടങ്ങിയ സ്വദേശി ഇനങ്ങളും വിവിധയിനം അലങ്കാരക്കോഴികളുമാണ് ഇവിടെ പ്രധാനമായുള്ളത്. കൂടാതെ താറാവ്, ടർക്കി, ഗിനി എന്നിവയും. പ്രമുഖ കമ്പനികളുടെ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വിൽക്കുന്ന ബിസിനസും പ്രദീപിനുണ്ട്. ഇൻഡ്ബ്രോ ബ്രൗൺ ലെയർ,  ക്രോയിലർ, സാസോ, റെയിൻബോ റൂസ്റ്റർ എന്നീ ഇനങ്ങളാണ് ഇപ്രകാരം വിൽക്കുന്നത്.  എങ്കിലും കൊത്തുമുട്ട ഉൽപാദനവും നാടൻ കോഴിക്കുഞ്ഞുങ്ങളുടെ വിപണനവും തന്നെ പ്രധാനം. എഗ്ഗർ നഴ്സറികളിൽനിന്നു പിന്നോട്ടു നടന്നാണ് ഇൻക്യുബേറ്റർ നിർമാണവും ഇൻക്യുബേഷൻ ബിസിനസുമൊക്കെ ആരംഭിച്ചത്. 

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 45 ദിവസം വളർത്തിയശേഷം കർഷകർക്കു നൽകുന്ന സംരംഭമാണ് എഗ്ഗർ നഴ്സറികൾ. വിവിധ ഇനങ്ങളുടെ എഗ്ഗർ നഴ്സറികളിലൂടെ മികച്ച വരുമാനം ലഭിക്കുമെന്ന് പ്രദീപ് പറഞ്ഞു.  പ്രായമനുസരിച്ച് വില വർധിക്കുന്ന രീതിയാണ് ഇവിടുള്ളത്.  ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്ക് 30 രൂപ കിട്ടുമ്പോൾ  അതേ പ്രായമുള്ള  നാടൻ കോഴിക്കുഞ്ഞുങ്ങൾക്ക് 50 രൂപയും കരിങ്കോഴിക്കുഞ്ഞുങ്ങൾക്ക് 90 രൂപയുമാണ് വില. ഓരോ ദിവസം പിന്നിടുമ്പോഴും ഈ വിലയിൽ ഒന്നര രൂപയുടെ വർധനയുണ്ടാകും. തീറ്റച്ചെലവ് ക്രമീകരിക്കുന്നതിനാണിത്.

മൃഗസംരക്ഷണവകുപ്പിന്റെ അംഗീകാരം നേടാനായാൽ  വിവിധ സർക്കാർ പദ്ധതികൾക്കാവശ്യമായ ഓർഡർ ലഭിക്കും.  എന്നാൽ സംരംഭകർക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളെ നൽകാൻ സർക്കാർ ഫാമുകൾക്ക്  സാധിക്കാത്തതിനാൽ കൂടുതൽ സംരംഭകർക്ക് അവസരം കിട്ടുന്നില്ല. നിലവാരം കുറഞ്ഞ വരവുകോഴിക്കുഞ്ഞുങ്ങൾ കേരളത്തിലെത്തുന്നത് ഈ സാഹചര്യത്തിലാണ്. പ്രതിരോധകുത്തിവയ്പെടുക്കാതെയും ബ്രോയിലർ തീറ്റ കഴിച്ചുമൊക്കെ വളർന്ന ഈ കോഴിക്കുഞ്ഞുങ്ങളിലേറെയും ചത്തൊടുങ്ങുകയാണ്.  ഇതിനുപകരം ഓരോ പഞ്ചായത്തിലും നല്ലയിനം കോഴികളുടെ മാതൃ– പിതൃശേഖരം കർഷകർക്കു നൽകി പ്രാദേശികമായി കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന സംരംഭങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കൃത്രിമത്തീറ്റ മാത്രം നൽകി മുട്ടയുൽപാദനം നടത്തുന്ന സംരംഭങ്ങൾ വിജയകരമല്ലെന്നു പ്രദീപ് പറയുന്നു. അടുക്കളമുറ്റങ്ങളിൽ ചിക്കിച്ചികയുന്ന ഗ്രാമശ്രീ പോലുള്ള ഇനങ്ങളെ എല്ലാ പഞ്ചായത്തിലും  സുലഭമാക്കുകയേ വേണ്ടൂ. ഓരോ പഞ്ചായത്തിലും ഒരു പ്രജനനസംരംഭകനെ വളർത്തിയെടുത്താൽ ഇതു സാധ്യമാകും. കോഴിക്കുഞ്ഞുങ്ങൾക്കല്ല  കോഴിത്തീറ്റയ്ക്കാണ് സബ്സിഡി  നൽകേണ്ടതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമിതമായ തീറ്റച്ചെലവ് ഒഴിവാക്കിയാൽ ഒട്ടേറെ വീടുകളിൽ കോഴിവളർത്തൽ പുനരാരംഭിക്കാനാവും. 

ഫോൺ: 9446197280

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA