ADVERTISEMENT

ക്ഷീരകർഷകർ  നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സഹകരണ സംഘങ്ങളിൽ പാൽസംഭരണം മുടങ്ങുകയെന്നത്. ലോക്‌ഡൗണും ട്രിപ്പിൾ ലോക്‌ഡൗണും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ മൂലം വിൽപ്പനയിൽ വലിയ കുറവു വന്നതോടെ ക്ഷീരസഹകരണസംഘങ്ങളിൽ ഉച്ചകഴിഞ്ഞുള്ള പാൽ സംഭരണം നിർത്തുകയാണെന്ന് മലബാർ മിൽമ അറിയിച്ചിരിക്കുന്നു. പുലരി മുതൽ പാതിരാ വരെ നീളുന്ന കഠിനാധ്വാനം കൊണ്ട് നമ്മെ പാലൂട്ടുന്ന ക്ഷീരകർഷകരെ സഹായിക്കാനായി നമുക്ക് എന്ത് ചെയ്യാനാവും? സാമ്പത്തികം അനുവദിക്കുന്നവർ ഇന്നു മുതൽ അര ലീറ്റർ പാൽ  (ഇഷ്ടമുള്ള അളവാകാം) അധികമായി  വീട്ടിലേക്ക് വാങ്ങുക എന്നതാണ്  നമുക്ക് ചെയ്യാവുന്ന ഒരു കാര്യം. ഇത്തരമൊരു കാമ്പയിൻ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.കർഷക സഹകരണസ്ഥാപനമായ മിൽമയും കർഷകരും നേരിടുന്ന പ്രതിസന്ധിയിൽ അതൊരു  വലിയ കൈത്താങ്ങാകും. മാത്രമല്ല നമ്മുടെ കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധശേഷിക്കും മുതൽക്കൂട്ടാകുന്ന പോഷകഗുണങ്ങളാൽ സമ്പന്നമാണ് പാൽ എന്നതും പ്രചരിപ്പിച്ച് പാൽ ഉപഭോഗം കൂട്ടാൻ ശ്രമിക്കാം.

മിൽമയുടെ പ്രതിസന്ധി

കോവിഡ്-19ന്റെ  രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പാൽ സംഭരണ വിപണന പ്രക്രിയ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മലബാർ മേഖലാ യൂണിയൻ ക്ഷീരസംഘങ്ങൾക്ക് നൽകിയ കത്തിൽ മലബാർ മിൽമ വിവരിക്കുന്നുണ്ട്. കോവിഡ്-19 വ്യാപനം തടയാനായി  കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുത്ത നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള നിയന്ത്രണങ്ങൾ മൂലം മിൽമ വലിയ പ്രതിസന്ധിയിലായിരുന്നു. എങ്കിലും പാൽ സംഭരണ സംസ്കരണ വിപണന പ്രക്രിയ, ക്ഷീര സംഘങ്ങളുടെയും മിൽമ ജീവനക്കാരുടെയും ഏജൻസികളുടെയും ആത്മാർഥമായ സഹകരണത്തിന്റെ ഫലമായി വിജയപ്രദമായി നടന്നുവരികയായിരുന്നു. 

എന്നാൽ കഴിഞ്ഞ ഏപ്രിൽ 20നു ശേഷം മേഖല യൂണിയൻ പ്രവർത്തനമേഖലയിൽ മിക്കയിടങ്ങളിലും വ്യാപകമായ മഴ ആരംഭിക്കുകയും തൽഫലമായി പാലുൽപാദനം വലിയ അളവിൽ കൂടുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മലബാറിൽ ദിനംപ്രതി മിച്ചമാകുന്ന പാൽ  എറണാകുളം, തിരുവനന്തപുരം യൂണിയനുകൾക്ക് കൈമാറുകയും ബാക്കി തമിഴ്നാട്ടിൽ അയച്ച് പാൽപ്പൊടിയും നെയ്യുമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, ഇപ്പോൾ തിരുവനന്തപുരത്തും എറണാകുളത്തും പാൽസംഭരണം വർധിച്ചതിനാൽ അവർക്കും കൂടുതൽ പാൽ സ്വീകരിക്കാൻ ആവുന്നില്ല സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മുതൽ ലോക്ക് ഡൗൺ ആരംഭിച്ചതോടെ  ഉൽപന്നങ്ങളുടെ വിപണനവും നന്നേ കുറഞ്ഞു വരുന്നു. വിൽപന വർധിപ്പിക്കാൻ മേഖലാ യൂണിയൻ എല്ലാവിധ ശ്രമങ്ങളും  തീവ്രമായി തുടരുകയാണ്. ഓൺലൈനായി പാൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതടക്കം വിവിധങ്ങളായ  പദ്ധതികൾ  തുടർന്നുവരുന്നുമുണ്ട്. എങ്കിലും, ശരാശരി പ്രതിദിന പാൽസംഭരണം ഇപ്പോൾ 8 ലക്ഷം ലീറ്ററിൽ എത്തിയപ്പോൾ വിപണനം കേവലം  4 ലക്ഷം ലീറ്റർ മാത്രമാണ്. 

തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ പൗഡർ ഫാക്ടറികളിൽ പാൽ പാൽപ്പൊടിയും നെയ്യുമാക്കി മാറ്റാൻ ഇപ്പോഴും നൽകുന്നുമുണ്ട്. പക്ഷേ, അവിടെ വിവിധ യൂണിയനുകളിൽ നിന്നുള്ള പാലും  എത്തിച്ചേരുന്നതുകൊണ്ട് വലിയ പ്രതിസന്ധി ആ വഴിയിലും ഉണ്ടായിരിക്കുകയാണ്. ദിവസവും സംഭരിക്കുന്ന പാൽ മേഖലായൂണിയന് യാതൊരു വിധേനയും കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധം വർധിച്ചതിനാൽ പാൽ സംഭരണത്തിന് നിയന്ത്രണം കൊണ്ടുവരാൻ മലബാർ  മിൽമ തീരുമാനിച്ചിരിക്കുന്നു എന്നാണ് കത്തിന്റെ സംഗ്രഹം. അതിനാൽ പാലിന്റെ പ്രാദേശിക വിൽപ്പന കൂട്ടുകയാണ് സംഘങ്ങളുടെയും കർഷകരുടെയും മുന്നിലുള്ള പ്രാധാന മാർഗം.  ദിവസവും വാങ്ങുന്ന പാലിന്റെ അളവൽപ്പം കൂട്ടിയാൽ നമുക്കവരെ സഹായിക്കാൻ സാധിക്കുമെന്ന് ഓർക്കുക.

പാൽ കുടിച്ചാൽ പലതുണ്ട് കാര്യം

ക്ഷീരകർഷകരെ സഹായിക്കുകയെന്ന പ്രചരണത്തിനൊപ്പം പാലിന്റെ പോഷകഗുണങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതും പാൽ ഉപഭോഗം വർധിപ്പിക്കാൻ സഹായിക്കുന്നു. സമീകൃതാഹാരം എന്നതിനൊപ്പം മറ്റു ചില ഗുണങ്ങളും പാലിനുണ്ടെന്ന അവബോധം പൊതു സമൂഹത്തിനു നൽകാൻ പറ്റിയ സമയം കൂടിയാണിത്. പ്രത്യേകിച്ച്, പാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനാവശ്യമായ ഘടകങ്ങൾ പ്രദാനം ചെയ്യുന്ന വിവരം ഉയർത്തിക്കാട്ടുന്നത് കോവിഡ്‌കാല വിപണനത്തിന് സഹായകരമാകും. പാലിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്കുകൾ, വിറ്റമിൻ ഡി, ഇമ്യൂണോഗ്ലോബുലിൻ എന്നിവ രോഗ പ്രതിരോധം കൂട്ടാൻ സഹായിക്കുന്നവയാണ്. രാവിലെ പ്രഭാതഭക്ഷണത്തിൽ പാൽ കൂടി ഉൾപ്പെടുത്തുന്നത് പ്രമേഹരോഗികൾക്കു ഗുണകരമാകുമെന്ന് പഠനങ്ങൾ പറയുന്നു. അമിതവണ്ണം. അലർജി, ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, മാംസപേശികളുടെ ചലനം, നെഞ്ചെരിച്ചിൽ തുടങ്ങിയ നിരവധി ആരോഗ്യ വിഷയങ്ങളിൽ പാൽ ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തലുകൾ എന്നതും പ്രചരണത്തിന് മുതൽക്കൂട്ടാകും.

English summary: Campaign for dairy farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com