ADVERTISEMENT

ഒരു വർഷത്തിനുശേഷം കേരളം വീണ്ടും ലോക്ഡൗണിലേക്ക് മാറിയപ്പോൾ പ്രതിസന്ധിയിലായത് കർഷകരാണ്. സ്വർണം പണയം വച്ചും കടം വാങ്ങിയും നട്ടുനനച്ചു വളർത്തിയ വിളകൾ കുഴിച്ചുമൂടേണ്ട സ്ഥിതിയിലാണ് കർഷകർ. പഴം, പച്ചക്കറികൾക്ക് ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുമ്പോൾ മൃഗസംരക്ഷണമേഖലയും സമാന പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

ഒരുവശത്ത് വിലക്കയറ്റം മറുവശത്ത് ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥ. കേരളത്തിലെ കന്നുകാലി കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി തീറ്റവിലക്കയറ്റത്തിനു പിന്നാലെ പാൽസംഭരണം മിൽമ നിർത്തിയതോടെ ഇരട്ടിയായി. പല കർഷകരും രാവിലത്തെ പാൽ ചെലവുകൾക്കായി നീക്കിവയ്ക്കുമ്പോൾ ഉച്ചകഴിഞ്ഞുള്ള പാലാണ് ലാഭമായി കണക്കാക്കുന്നത്. മലബാർ മിൽമ ഇന്നു മുതൽ പാൽ സംഭരണത്തിൽ 60 ശതമാനം കുറവ് വരുത്താനാണ് സംഘങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. അതായത് ഉച്ചകഴിഞ്ഞുള്ള പാൽസംഭരണം ഒഴിവാക്കുക. ഇത്തരത്തിൽ പാൽ സംഭരണം നിയന്ത്രിക്കേണ്ടിവരുമ്പോൾ കർഷകർക്ക് അധിക ബാധ്യതമാത്രമാണ് വരുത്തുക.

ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച പല പ്രദേശങ്ങളിലും പാൽ സംഭരണം രാവിലെ 6നു മുൻപ് ആക്കാനായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ നിർദേശം. എന്നാൽ, അതിന്‌റെ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർഷകർ രംഗത്തെത്തിയപ്പോൾ രാവിലെ 8 വരെ പാൽ സംഭരണത്തിന് ഇളവ് ലഭിച്ചിരുന്നു. എന്നാൽ, അതിനു പിന്നാലെ പാൽ സംഭരണം വെട്ടിച്ചുരുക്കാൻ പറഞ്ഞത് കർഷകരെ വലിയ കടണക്കെണിയിലാക്കും.  

കഴിഞ്ഞ വർഷം ലോക്ഡൗണിൽ പാൽ സംഭരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ പാൽ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതായിരുന്നു കാരണമായി പറഞ്ഞിരുന്നത്. കേരളത്തിൽനിന്നുള്ള അധിക പാൽ തമിഴ്നാടിന്റെ സഹായത്തോടെ സംസ്കരിച്ച് പാൽപ്പൊടിയാക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, കേരളത്തിൽ കോവിഡ് പരന്നത് തമിഴ്‌നാട്ടിലെ ഫാക്ടറിയിലേക്ക് കേരളത്തിൽനിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്നതിന് തടസമായി. ഇതിനു പിന്നാലെ സർക്കാർ തലത്തിൽ കേരളത്തിലെ സംസ്കരണ യൂണിറ്റ് പുർജീവിപ്പിക്കുമെന്ന ഉറപ്പും വന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നുവേണം സംഭരണ നിയന്ത്രണത്തിലൂടെ മനസിലാക്കേണ്ടത്.

കഴിഞ്ഞ വർഷത്തെ പാൽവിതരണ സംവിധാനത്തെ അപേക്ഷിച്ച് ഈ വർഷം സ്വകാര്യ പാൽവിതരണ കമ്പനികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കേരളത്തിലെ കർഷകർ, കർഷകരുടെ തന്നെ കമ്പനിയായ മിൽമയിലൂടെ പാൽവിതരണം നടത്തുമ്പോൾ സ്വകാര്യമേഖലയിൽനിന്ന് വിതരണത്തിനെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പാലാണ്. കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിൽ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് പാൽ അതിർത്തി കടന്ന് കേരളത്തിലെത്തുകയും കൂടിയ വിലയ്ക്ക് ഉപഭോക്താക്കളിൽ എത്തിച്ചേരുകയും ചെയ്യുന്നു. 

വിലക്കയറ്റം രൂക്ഷമായ പൗൾട്രി മേഖലയിലും പ്രതിസന്ധിക്ക് അയവില്ല. തീറ്റയ്ക്ക് കഴിഞ്ഞ 3 മാസത്തിടെ ഉയർന്നത് 500–700 രൂപയാണ്. അതോടൊപ്പം കോഴിവില കുത്തനെ ഇടിയുകയും ചെയ്തു. വിലക്കയറ്റം മൂലം പുതിയ കോഴിക്കുഞ്ഞുങ്ങളെ എടുക്കുന്നതിൽ കർഷർ വിട്ടുനിന്നതിനാൽ കുഞ്ഞുങ്ങളുടെ വിലയും കുത്തനെ താഴ്ന്നിരുന്നു. ബ്രോയിലർ ഹാച്ചറികളുടെ കേന്ദ്രമായ തമിഴ്നാട്ടിലെ പല്ലടത്ത് കുഞ്ഞൊന്നിന് വില ഇന്നലെ 6 രൂപയായി.

സമാന പ്രതിസന്ധിതന്നെയാണ് പഴം–പച്ചക്കറി മേഖലയിലും ഉള്ളത്. ഏതാനും മാസങ്ങൾക്കു മുൻപ് കിലോഗ്രാമിന് 15 രൂപ വരെ വന്ന നേന്ത്രന്റെ വില 60 രൂപയിലേക്കെത്തി. വിലയിടിഞ്ഞ അവസരത്തിൽ കർഷകർക്ക് മുടക്കുമുതൽ പോലും ലഭിക്കാത്ത സ്ഥിതിവിശേഷം വന്നു. എന്നാൽ, വില ഉയർന്നപ്പോൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയും. വാങ്ങിയ ഉൽപന്നങ്ങൾ വിതരണം നടത്താൻ കഴിയാതെ വരുന്നതിനാൽ വിഎഫ്‌പിസികെയുടെ സംഭരണശാലകളും കാൽക്കാലികമായി സംഭരണം നിർത്തിവച്ചിട്ടുണ്ട്. 

വാങ്ങാൻ ആളില്ലാത്തതിനാൽ തൃശൂർ ചേലക്കര കളപ്പാറ വിഎഫ്‌‌പിസികെ സമിതിയിൽ സൂക്ഷിച്ചിരുന്ന 2 ടണ്ണിലേറെ പച്ചക്കറികളാണ് കഴിഞ്ഞ ദിവസം നാശാവസ്ഥയിൽ കളയേണ്ടിവന്നത്. ഉൽപാദനം ഉയർന്നതിനൊപ്പം ലോക്ഡൗൺ വന്നതാണ് വലിയ പ്രതിസന്ധിക്കു കാരണം.

കുമ്പളം, മത്തൻ പോലുള്ളവയ്ക്ക് സൂക്ഷിപ്പുകാലാവധി കൂടുതലുണ്ട്. എന്നാൽ, പാവലും പടവലവും വിളവ് കൂടിയതൊപ്പം വിലയും ചെലവും കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. വാഹനങ്ങളിൽ വിൽപന നടത്തിയിരുന്നവർക്ക് വിൽക്കാൻ കഴിയാതെവന്നതും തിരിച്ചടിയായി. അതേസമയം, വള്ളിപ്പയറിന് തരക്കേടില്ലാത്ത നീക്കമുണ്ട്.

English summary: Lockdown Problems in farming sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com