ADVERTISEMENT

മേയ് 18 മുതല്‍ മലബാര്‍ മില്‍മ പാല്‍ സംഭരണത്തില്‍ 40 ശതമാനം കുറവ് വരുത്തിയത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. രാവിലെയും വൈകുന്നേരവുമായി പാല്‍ സംഭരണം 60 ശതമാനമാക്കി കുറയ്ക്കാനാണ് മലബാര്‍ മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. പാല്‍ സംഭരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മലബാര്‍ മേഖലയില്‍ കര്‍ഷകര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. അത്തരത്തിലൊരു പ്രതിഷേധത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഏറ്റുവാങ്ങിയത്. കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷീരസംഘത്തിന്റെ പൊട്ടന്‍തോട്ടിലുള്ള സബ് സെന്ററില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകരാണ് ഈ ചിത്രത്തിലുള്ളത്. 15ല്‍പ്പരം ക്ഷീരകര്‍ഷകരാണ് ഈ സെന്ററില്‍ പാലളക്കുന്നത്. സംഭരിക്കാത്ത പാലാണ് അവര്‍ വഴിയിലൊഴിച്ചു പ്രതിഷേധം അറിയിച്ചത്.

കന്നുകാലി വളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ച ഒട്ടേറെ കര്‍ഷകരാണ് ഈ മേഖലയിലുള്ളത്. ഒരു പശുവെങ്കിലും ഇല്ലാത്ത വീടുകള്‍ വളരെ വിരളം. ക്ഷീരസംഘങ്ങളില്‍ പാലളന്നാണ് കര്‍ഷകര്‍ വരുമാനം നേടിക്കൊണ്ടിരുന്നത്. സംഭരണത്തില്‍ നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായ ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പൊട്ടന്‍തോട്ടിലെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ വില്‍സണ്‍ വടക്കയില്‍ ചോദിക്കുന്നു. പാല്‍ ഒഴുക്കിക്കളഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് തങ്ങള്‍ക്കു നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. 

'അധ്വാനത്തിന് വില കല്‍പിക്കാത്തവരെന്നും ഗുണം പിടിക്കില്ലാത്തവരെന്നും ദയ ഇല്ലാത്തവരെന്നുമെല്ലാം ഞങ്ങളെ വിളിച്ചവരുണ്ട്. എന്തുവന്നാലും അയല്‍ക്കാര്‍ക്ക് പാല്‍ വെറുതെ കൊടുക്കില്ലെന്ന ചിന്തയുള്ളവരാണ് ഞങ്ങളെന്ന് കുറ്റപ്പെടുത്തിയവരും ഒരുപാടുണ്ടായിരുന്നു. എന്നാല്‍, മിക്ക വീട്ടിലും കറവപ്പശുവുള്ള ഞങ്ങള്‍ എങ്ങനെ പാല്‍ അയല്‍ക്കാര്‍ക്ക് വിതരണം ചെയ്യും? അനാഥാലയങ്ങള്‍ക്കു കൊടുക്കാമെന്നു കരുതിയാലും ഇവിടെനിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള അവിടെ ചില കര്‍ഷകര്‍ പാല്‍ എത്തിച്ചിരുന്നു. അവിടെ എടുക്കാവുന്ന പാലിനും പരിധിയുണ്ട്'-എന്ന് കര്‍ഷകനായ വടക്കയില്‍ ആല്‍ഫ്രോ പറയുന്നു. പാലുല്‍പന്നങ്ങള്‍ തയാറാക്കിയാലും ഇതുതന്നെ അവസ്ഥ. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു പ്രതിഷേധം നടത്താതെ വഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ശ്രദ്ധിച്ചു. പാല്‍ സൗജന്യമായി വിതരണം ചെയ്തിരുന്നുവെങ്കില്‍ ആരും ശ്രദ്ധിക്കുമായിരുന്നില്ലെന്നും ആല്‍ഫ്രോ പറയുന്നു.

ക്ഷീരകര്‍ഷകനായ വടക്കയില്‍ ടെന്‍സിലിന് 24 പശുക്കളുണ്ട്. അതില്‍ 13 എണ്ണത്തിനാണ് കറവയുള്ളത്. വറ്റുകാലത്ത് കറവയുള്ളതിന്റെ വരുമാനത്തില്‍നിന്നുകൂടിയാണ് മറ്റ് ഉരുക്കള്‍ക്കും ഭക്ഷണം നല്‍കുക. വറ്റുകാലത്തെ പരിചരണം മികച്ചതായെങ്കില്‍ മാത്രമാണ് അടുത്ത പ്രസവത്തില്‍ പശുവിന് ആരോഗ്യവും പാലും ലഭിക്കൂ. അതുപോലെ നല്ല ഭക്ഷണവും വറ്റുകാലത്ത് നല്‍കാതിരിക്കാന്‍ കഴിയില്ല. കറവയുള്ള 13 പശുക്കളില്‍നിന്ന് രാവിലെ 75-80 ലീറ്റര്‍ പാലാണ് ടെന്‍സിലിനുള്ളത്. വൈകുന്നേരം 45 ലീറ്ററും. എന്നാല്‍, വൈകുന്നേരത്തെ 45 ലീറ്റര്‍ പൂര്‍ണമായും സഭരിക്കില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യം രാവിലെയുള്ള പാല്‍ ഇന്നു മുതല്‍ പൂര്‍ണമായും സംഭരിച്ചുതുടങ്ങിയിട്ടുണ്ട്. 5 പശുക്കളുള്ള വടക്കയില്‍ അപ്പച്ചന് രാവിലെ 45 ലീറ്ററും വൈകുന്നേരം 25-30 ലീറ്ററുമാണുള്ളത്. ഇത്രയധികം പാല്‍ വീട്ടില്‍ സംസ്‌കരിക്കുക പ്രായോഗികമല്ല. എങ്കിലും കഴിവതും ആളുകള്‍ക്ക് വീടുകളില്‍ എത്തിച്ചുകൊടുക്കുകയാണ്. ബാക്കി മറിച്ചു കളയുകയാണ് ചെയ്യുന്നത്. എത്രനാള്‍ ഇങ്ങനെ നഷ്ടം സഹിച്ച് സൗജന്യമായി പാല്‍ വിതരണം ചെയ്യാന്‍ കഴിയും? ഞങ്ങള്‍ക്കും ജീവിക്കണ്ടേ? കര്‍ഷകര്‍ ചോദിക്കുന്നു.

ശരാശരി 10 ലീറ്റര്‍ കറവയുള്ള പശുവിന് 4 കിലോ കാലിത്തീറ്റ നല്‍കേണ്ടതായുണ്ട്. കൂടാതെ ആരോഗ്യത്തിനും പാലിന്റെ കൊഴുപ്പിനുമായി കടലപ്പിണ്ണാക്കും ചോളപ്പൊടിയും ഭക്ഷണത്തില്‍ ചേര്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഒരു ദിവസം ഒരു പശുവിന് ശരാശരി 190 രൂപയുടെ തീറ്റ നല്‍കേണ്ടിവരും. 10 ലീറ്റര്‍ പാലിന് ശരാശരി 35 രൂപ വച്ച് 350 രൂപയാണ് ലഭിക്കുന്നത്. കര്‍ഷകന്റെ അധ്വാനത്തിന് ലഭിക്കുന്നത് 150 രൂപ. രാവിലെയും വൈകുന്നേരവുമുള്ള പാല്‍ അളന്നെങ്കില്‍ മാത്രമേ ഈ 150 രൂപ ലഭിക്കൂ. ഇതില്‍നിന്നുതന്നെയാണ് കറവയില്ലാത്ത പശുക്കളുടെ ഭക്ഷണച്ചെലവും. ഇനി പ്രാദേശിക വില്‍പന ലക്ഷ്യമിട്ട് അധിക വരുമാനം നേടണമെങ്കില്‍ അതിനുള്ള സാഹചര്യവും വേണം. പശുക്കള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ എങ്ങനെ പ്രാദേശിക വിപണി കണ്ടെത്തും?

കര്‍ഷകരായ വില്‍സണ്‍ വടക്കയില്‍, മാത്യു പയ്ത്തനാല്‍, സാബു വടക്കയില്‍, മത്തച്ചന്‍ കൊല്ലിയില്‍, ഷിബു ആലുങ്കല്‍, ടെന്‍സില്‍ വടക്കയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

English summary: Lockdown Problems in farming sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com