ADVERTISEMENT

രാജ്യത്തിന് അഭിമാനമായ അമൂല്‍ ക്ഷീരമാതൃകയില്‍ നമ്മുടെ സംസ്ഥാനത്ത് മില്‍മ രൂപീകരിച്ചിട്ട് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായ സമയമാണിത്. പിന്നിട്ട 4 പതിറ്റാണ്ടിനിടയില്‍ ലോകമറിയുന്ന ഒരു ബ്രാന്‍ഡ് ആയി മില്‍മയെ വളര്‍ത്തിയതില്‍ കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ക്ഷീരകര്‍ഷകരുടെ അശ്രാന്ത പരിശ്രമമുണ്ട്. സാധാരണക്കാരായ ക്ഷീരകര്‍ഷകരുടെ കയ്യും മെയ്യും മറന്നുള്ള അധ്വാനവും വിയര്‍പ്പുമില്ലായിരുന്നെങ്കില്‍ ഇന്ന് മലയാളിക്ക് നിത്യവും കണികണ്ടുണരാന്‍ മില്‍മയുണ്ടാവുമായിരുന്നില്ലന്നത് തീര്‍ച്ചയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് എപ്പോഴും ക്ഷീരകര്‍ഷകനൊപ്പംനിന്ന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാന്‍ മില്‍മയുടെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് സാധിക്കേണ്ടതുണ്ട്. എന്നാല്‍, അതുണ്ടാവുന്നില്ലതിന്റെ തെളിവാണ് ഇപ്പോള്‍ ക്ഷീരസംഭരണവുമായി ബന്ധപ്പെട്ട് മില്‍മ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിതവും അനിശ്ചിതമായ നിയന്ത്രണങ്ങള്‍. മറ്റ് ഉപജീവനോപാധികളും വരുമാനവും മുടങ്ങിയ കോവിഡ് ദുരിതത്തിന്റെ ഈ സമയത്ത്  പാല്‍ സംഭരണത്തില്‍ നിയന്ത്രണവും വന്നതോടെ കര്‍ഷകരുടെ ദുരിതം ഇരട്ടിയായി. ഈ നാട്ടിലെ പാവപ്പെട്ട ക്ഷീരകര്‍ഷകരുടെ കുടുംബങ്ങളില്‍ കണ്ണീര്‍ വീണതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് എളുപ്പം കൈ കഴുകാന്‍ മില്‍മയ്ക്ക് കഴിയില്ല.

ഉല്‍പ്പാദനം കൂടിയാല്‍ ഉടനെത്തും സര്‍ക്കുലര്‍

സംസ്ഥാനത്ത് പത്തുലക്ഷതിലധികം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ആളുകള്‍ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നാണ് കണക്ക്. സ്വന്തമായി വലിയ ഹൈടെക്ക് ഡയറി ഫാമുകളും പാല്‍സംസ്‌കരണ, വിതരണ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള തീരെ ചുരുക്കം പേരെ ഒഴിച്ച് നിര്‍ത്തിയാല്‍ കേരളത്തിലെ മഹാഭൂരിഭാഗം വരുന്ന ക്ഷീരകര്‍ഷകരും രണ്ടു മുതല്‍ അഞ്ചു വരെ പശുക്കളെ മാത്രം വളര്‍ത്തി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവരാണ്. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളില്‍ പശുക്കളെ പരിപാലിക്കുന്ന ഈ പാവപെട്ട മനുഷ്യര്‍ക്ക് പാല്‍ വിപണനം ചെയ്യാന്‍ മില്‍മയുടെ സഹകരണ സംഘങ്ങളെ ആശ്രയിക്കുകയല്ലാതെ വേറെ ഒരു വഴിയില്ല. സഹകരണ സംഘങ്ങളില്‍ പാല്‍ വിറ്റ് അന്നന്നത്തെ വരുമാനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ തൊഴില്‍ സുരക്ഷിതത്വത്തെയാണ് മില്‍മയുടെ ഇപ്പോഴത്തെ നിലപാടുകള്‍ ദുര്‍ബലമാകുന്നത്. മില്‍മയെ ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് പ്രാദേശിക വിപണനം നടത്താമല്ലോ എന്ന് ചോദിക്കാമെങ്കിലും പ്രാദേശിക വിപണിക്ക് അതിന്റെതായ പരിമിതിയും സുസ്ഥിര വിപണിയില്ലാത്തതിന്റെ പ്രശ്‌നങ്ങളുമുണ്ട്. ഏറ്റവും എളുപ്പം കേടുവരുന്ന കാര്‍ഷിക ഉല്‍പന്നമാണ് പാല്‍ എന്ന വസ്തുതയും വിസ്മരിക്കരുത്.

ഈ കോവിഡ് ലോക്ഡൗണ്‍ വേളയില്‍ മാത്രമല്ല അധിക പാല്‍ ഉല്‍പ്പാദനം ഉണ്ടാവുമ്പോഴെല്ലാം പാല്‍ സംഭരണത്തില്‍ അപ്രതീക്ഷിതമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മില്‍മ ഇപ്പോള്‍ പതിവാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നും മുന്‍പും ഉയര്‍ന്നിട്ടുണ്ട്. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്ത എന്ന  ലക്ഷ്യം നേടിയെടുക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാനം മുന്നോട്ട് പോവുമ്പോള്‍ പാല്‍ ഉല്‍പാദനത്തില്‍ വലിയ വര്‍ധന ഉണ്ടാവുക എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്ത എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇന്നലെ അധികാരമേറ്റതിനു ശേഷം ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ പോലും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

പാല്‍ ഉല്‍പാദനത്തില്‍ വര്‍ധന ഉണ്ടാവുമ്പോള്‍ ആ നേട്ടത്തെ കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന വിധം ഫലപ്രദമാക്കി മാറ്റുന്ന ഭാവിയെ മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് മില്‍മയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക ഉത്തരവാദിത്തമാണത്. എന്നാല്‍, അതിനു പകരം പാല്‍ ഉല്‍പാദനം കൂടുമ്പോഴും ലോക്ഡൗണ്‍ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴും വിറ്റഴിക്കാന്‍ മാര്‍ഗമോ വിപണിയോ ഇല്ലെന്ന തൊടുന്യായം പറഞ്ഞ് പാല്‍ സംഭരിക്കില്ലെന്ന് സര്‍ക്കുലറിറക്കി സ്ഥലം വിടുന്ന മില്‍മ സ്വന്തം കടമ മറക്കുന്നു എന്ന  അലോസരപ്പെടുത്തുന്ന യാഥാര്‍ഥ്യം പറയാതെ വയ്യ.

പാല്‍പ്പൊടി ഫാക്ടറി എവിടെ?

അധികമുള്ള പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാന്‍ അയല്‍സംസ്ഥാനങ്ങളിലെ പ്ലാന്റുകളെയാണ് മില്‍മ കാലങ്ങളായി ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലേയും പ്ലാന്റുകള്‍ കൈമലര്‍ത്തിയാല്‍ പാല്‍പ്പൊടി നിര്‍മാണം നടക്കാതെ അധികമുള്ള പാല്‍ വഴിയില്‍ കിടക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചത്.

സംഭരണം കുറച്ചതിന്റെ കാരണമായി മില്‍മ പറയുന്നതും ഇത് തന്നെ. ആലപ്പുഴയില്‍ മില്‍മയ്ക്ക് ഉണ്ടായിരുന്ന പാല്‍പ്പൊടി നിര്‍മാണ പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. കഴിഞ്ഞ ലോക്ഡൗണ്‍ വേളയില്‍ പാല്‍ സംഭരണത്തില്‍ ഇതുപോലെ തടസം നേരിട്ടപ്പോള്‍ മലപ്പുറത്ത് പുതിയ പാല്‍പ്പൊടി നിര്‍മാണ പ്ലാന്റ് ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപടികള്‍ക്ക് ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗമാണ്. സ്വന്തമായി ഒരു പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ പാല്‍ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്നത് ഉറപ്പാണ്.

പാല്‍പ്പൊടിക്ക് വിപണിയോ വിലയോ ഉണ്ടാവില്ലന്നതും ഉല്‍പാദനച്ചെലവ് തിരിച്ചു പിടിക്കാന്‍ കഴിയാതെ പ്ലാന്റുകള്‍ നഷ്ടത്തിലാകുമെന്നുമാണ് മില്‍മയില്‍നിന്ന് പാല്‍പ്പൊടി ഫാക്ടറികള്‍ക്ക് എതിരെ ഉയരുന്ന വാദം. പാല്‍പ്പൊടി നിര്‍മിക്കാന്‍ വേണ്ടത്ര പാല്‍ എപ്പോഴും അധികമുണ്ടാവില്ല എന്നതും ചൂണ്ടിക്കാണിക്കുന്നു. മാറ്റത്തിന്റെ നാമ്പുകളെ മുളയിലെ നുള്ളാന്‍ നഷ്ടസാധ്യതയെന്ന വാദമുള്‍പ്പെടെയുള്ള നിരവധി കാരണങ്ങള്‍ ഉണ്ടാവും. ഇത്തരം പിന്തിരിപ്പന്‍ വാദങ്ങളെ ധീരമായി അതിജീവിച്ച് എടുക്കുന്ന വിപ്ലവകരമായ തീരുമാനങ്ങളാണ് മികവിന്റെയും മുന്നേറ്റത്തിന്റെയും നാന്ദി കുറിക്കുന്നത് എന്ന വസ്തുത മില്‍മ മിഴി തുറന്ന് മനസിലാക്കണം. പുറംരാജ്യങ്ങളില്‍നിന്നും പാല്‍പ്പൊടിയിറക്കി അതില്‍നിന്നും പാലിന്റെ രുചിയറിഞ്ഞിരുന്ന  നമ്മുടെ രാജ്യം ധവളവിപ്ലവം എന്ന വലിയ ലക്ഷ്യം കൈവരിച്ചതും ഇന്ന് ലോകത്ത് ആകെ പാല്‍ ഉല്‍പാദനത്തിന്റെ 22 ശതമാനവും സംഭാവന ചെയ്യുന്ന രാജ്യമായി വളര്‍ന്നതും പിന്തിരിപ്പന്‍ വാദങ്ങളെയും നഷ്ടഭയത്തെയും വകവയ്ക്കാതെ നടത്തിയ ധീരമായ ചുവടുവെപ്പുകളിലൂടെയാണ്. ലാഭകണ്ണിലൂടെ മാത്രം കാണാതെ സഹകരണപ്രസ്ഥാനത്തിന്റെ സാമൂഹികഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞ് ദീര്‍ഘവീക്ഷണമുള്ള നടപടികളിലൂടെ  ഈ നാടിന്റെ ക്ഷീരസ്വപ്നങ്ങളെ കൂടുതല്‍ ശോഭനമാക്കാന്‍  മില്‍മയ്ക്ക് കഴിയണം. നാളെ മില്‍മയെന്ന ബ്രാന്‍ഡില്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഒരു പാല്‍പ്പൊടി വിപണിയില്‍ എത്തിയാല്‍ ഇക്കഴിഞ്ഞ നാല്‍പതാണ്ടുകള്‍ മില്‍മയെ നെഞ്ചിലേറ്റിയ മലയാളി അതും ഹൃദയപൂര്‍വം സ്വീകരിക്കും എന്നത് തീര്‍ച്ചയാണ്.

വിശ്വാസമാണ് എല്ലാം

സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം ഏകദേശം 87 ലക്ഷം ലീറ്റര്‍ പാല്‍ ആവശ്യമാണെന്നാണ് കണക്ക്. ഇതില്‍ 82 ലക്ഷം ലീറ്റര്‍ പാലാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അധിക ആവശ്യം നിറവേറ്റാന്‍   അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പാലോ വിഷലായിനിയോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത  പാലിനെ ആശ്രയിക്കാതെ നമുക്ക് വേറെ വഴിയില്ല. പാല്‍ ആവശ്യകത ഇനിയും കൂടുകയല്ലാതെ കുറയുകയില്ലെന്ന കാര്യം ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്. പാല്‍ ആവശ്യകതയും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള ഈ അന്തരം ക്ഷീരമേഖലയ്ക്ക് സംസ്ഥാനത്ത് ഇനിയും വലിയ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. കോവിഡിനെ തുടര്‍ന്നുള്‍പ്പടെ തൊഴില്‍ നഷ്ട്ടപെട്ട അനേകം ആളുകള്‍ക്ക് ഉപജീവനോപാധി ഉറപ്പാക്കാനുള്ള ശേഷി ക്ഷീരമേഖലയ്ക്ക് സംസ്ഥാനത്തുണ്ട്. കൂടുതല്‍ പാല്‍ ഉല്‍പാദനം ഉണ്ടാവുമ്പോള്‍ അത് കൃത്യമായി സംഭരിക്കാനും മൂല്യവര്‍ദ്ധനവും ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണവും നടത്തി വിപണിയില്‍ എത്തിക്കാന്‍ മില്‍മ കൂടെയുണ്ടെന്ന് വിശ്വാസം ഈ മേഖലയിലേക്ക് കടന്നുവരുന്ന പുതുസംരംഭകര്‍ക്ക് പ്രതീക്ഷയും കരുത്തും പകരുമെന്നത് തീര്‍ച്ച. നമ്മുടെ ആരോഗ്യസുരക്ഷിതത്വത്തിനും അത് തുണയാവും.

അധികം വാങ്ങാം അര ലീറ്റര്‍ പാലെങ്കിലും, അതിജീവനത്തിന് കൈത്താങ്ങാവാം 

നമ്മള്‍ സുഖനിദ്രയിലാഴുന്ന പുലര്‍ച്ചസമയത്ത് തുടങ്ങി പകലും രാവുമില്ലാതെ തൊഴുത്തിലും പുറത്തും അധ്വാനിച്ചാണ് ഓരോ തുള്ളി പാലും നമ്മുടെ ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്നത്. തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതിനുമീതെ വള്ളമിറക്കാനുള്ള അതിജീവനശേഷി അവര്‍ക്കുണ്ട്. കോവിഡ് കാലത്തെ ക്ഷീരപ്രതിസന്ധിയെ അവര്‍ കരുത്തോടെ മറികടക്കുമെന്നത് തീര്‍ച്ചയാണ്. അധികമുള്ള പാല്‍ സംഭരിച്ച് പ്രാദേശികമായി വിറ്റഴിക്കുന്നതിനുള്ള കര്‍ഷകകൂട്ടായ്മകള്‍ പലമേഖലകളിലും ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്. അര ലീറ്റര്‍ പാല്‍ എങ്കിലും അവരില്‍നിന്ന് അധികം വാങ്ങി ക്ഷീരകര്‍ഷകരുടെ ഈ അതിജീവന പരിശ്രമത്തില്‍   കൈത്താങ്ങാനുള്ള കരുതല്‍ പൊതുസമൂഹത്തില്‍ നിന്നുമുണ്ടാവേണ്ടതുണ്ട്.

English summary: Milma must consider dairy farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com