ADVERTISEMENT

ഇന്ന് ലോക ആമദിനം. എന്നെ ഓര്‍മിപ്പിച്ചത് പ്രശസ്ത കലാകാരനും പൊയ്യ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ സുജന്‍ പൂപ്പത്തിയാണ്.

ആമകളെക്കുറിച്ച് ആമുഖമായി പറയട്ടെ, പ്രകൃതിയില്‍ വളരെ സാവധാനത്തില്‍ നടക്കുന്നു, പക്ഷേ വംശനാശത്തിലേക്ക് വളരെ വേഗത്തിലും.

ഒരു മീന്‍പിടുത്തക്കാരന്‍ എന്ന നിലയില്‍ എനിക്ക് ആമകളെ അത്ര ഇഷ്ടമല്ല. വലയിട്ട് മീന്‍ മുഖേന ഉപജീവനവും ഗവേഷണവും നടത്തിയിരുന്ന കാലങ്ങളിലൊക്ക ഈ ആമകള്‍ എന്റെ വലയില്‍പ്പെട്ട മീനുകളൊക്കെയും തിന്നിട്ടുണ്ട്. ചിറയം ചാലില്‍ ഇടയ്ക്കൊക്ക കരിമീന്‍ വലയില്‍ പെടുമായിരുന്നു പണ്ടൊക്കെ, പക്ഷേ രാവിലെ വലയെടുക്കുമ്പോള്‍ മുള്ള് മാത്രമേ കാണു. മാങ്ഗളാഞ്ചി, ബ്രാല്‍, പൂളോണ്‍, കുറുവ, വാള, കാരി ഇവയൊക്കെ വലയില്‍പ്പെട്ടാല്‍ ആമകള്‍ തിന്നുകളയും.

ലോകത്തില്‍ ഏറ്റവും ക്രൂരമായി കൊല്ലപ്പെടുന്ന ജീവികളില്‍ ഒന്നാണ് ആമകള്‍. എന്റെ ഓര്‍മ്മയില്‍ ആദ്യത്തെ ആമയെ കറിവയ്ക്കുന്നത് കണ്ടത് എന്റെ അമ്മയുടെ വല്യപ്പന്റെ വീട്ടില്‍വച്ചാണ്. കരിക്കാട്ട് ചാല്‍ എന്നുപറയുന്ന ഏക്കറുകളോളം വിസ്തൃതിയുള്ള ആ ജലശേഖരവും ഒരുപൂ കോള്‍ നിലങ്ങളും ചേര്‍ന്ന് നീര്‍നായ, കീരി, വെള്ളാമ, കാരാമ എന്നിങ്ങനെ ആമകളടക്കം വലിയൊരു ജൈവസഞ്ചയത്തെ പോറ്റിയിരുന്നു. മീന്‍പിടുത്തക്കാരനായ പൈലിക്കുട്ടി അപ്പൂപ്പന് വലിയൊരു വെള്ളാമയെ കിട്ടിയതിനെ വീട്ടില്‍ കൊണ്ടുവരുന്നു. ഇടയ്ക്ക് തല പുറത്തിടുകയും അകത്തേക്ക് എടുക്കുകയും ചെയ്യുന്ന ആമയെ അന്നാദ്യമായാണ് ഞാന്‍ കണ്ടത്. മൂന്നാം ക്ലാസ്സിലെ എല്‍സി ടീച്ചര്‍ക്ക് തല്ലാന്‍ കൈനീട്ടിക്കൊടുക്കയും അടിവരുമ്പോള്‍ വലിക്കുകയും ചെയ്യുന്ന എന്റെ മുഖം അപ്പോളെനിക്ക് ഓര്‍മ്മ വന്നു. മുയലിനെ തോല്‍പ്പിക്കാന്‍ തക്ക വേഗമില്ലെന്നും മനസിലാക്കിയതും അന്നാണ്.   

അമ്മൂമ്മ വെള്ളം തിളപ്പിച്ചു. പിന്നെ ആമയെ ആ ചെമ്പിലിട്ടു. തിളയ്ക്കുന്ന വെള്ളത്തില്‍ ജീവനുവേണ്ടി ഓടുന്ന ആ വെള്ളാമ ചെമ്പില്‍ വന്നിടിക്കുന്ന ആ താളമുണ്ടല്ലോ അതൊരു മരണവെപ്രാളമാണെന്നറിയാതെ ഞാനാസ്വദിച്ചു. ആ ഇടിയുടെ വേഗത കുറഞ്ഞ് കുറഞ്ഞ് താളക്രമങ്ങള്‍ ഇല്ലാതാവുന്നതും ഞാന്‍ കേട്ടു. എപ്പോഴോ അത് പൂര്‍ണ്ണമായും നിലച്ചു. പിന്നെ ആറിയ വെള്ളത്തില്‍നിന്ന് അമ്മൂമ്മ ആ ആമയെ പുറത്തെടുത്തു. കട്ടിയുള്ള പുറംതോടുകള്‍ക്കിടയിലൊളിപ്പിച്ച ഒരുപാട് നീളമുള്ള തല തൂങ്ങിക്കിടക്കുന്നു, കൈയും കാലും വിരിഞ്ഞ് നില്‍ക്കുന്ന ആ കാഴ്ച്ചയ്‌ക്കൊരു ഭീകരത മാത്രമല്ല ദയയില്ലാത്ത മനുഷ്യന്റെ മനസ്സും ഉണ്ടായിരുന്നു. ആ ചിത്രം എന്റെ അന്നത്തെ മനസ്സില്‍ കോറിയിട്ട ഭീതിയാവാം അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാവാംജീവിതത്തില്‍ ഇന്നുവരെ ആമയെ തിന്നിട്ടില്ല. 

എന്റെ വീടിനടുത്തുള്ള ചാലിലും വെണ്ണിപ്പാടത്തും രണ്ടുതരം ആമകളാണുള്ളത്. ഒന്ന് ശാസ്ത്രജ്ഞമാര്‍ ഇന്ത്യന്‍ മഡ് ഫ്ളാപ്പ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍-Lissemys punctata (BONNATERRE, 1789)-എന്നൊക്കെ വിളിക്കും. ഇവിടെ നാട്ടുകാരനായ ഞാനും ഞങ്ങളും വെള്ളാമ എന്നും വിളിക്കും. അടിവശം വെളുത്തിരിക്കുന്നതുകൊണ്ടാണ് വെള്ളാമ എന്ന് വിളിക്കുന്നത്. മറ്റൊരാമ കാരാമ എന്ന് ഞങ്ങള്‍ പറയുന്ന കറുത്ത ആമയാണ്  ശാസ്ത്രജ്ഞര്‍ ഇതിനെ വിളിക്കുന്നത് Indian black turtle എന്നോ, Indian Pond Terrapin (Melanochelys trijuga) എന്നൊക്കെയാണ്. ഈ ആമ മനുഷ്യന്റെ വിസര്‍ജ്യം കഴിക്കുമത്രേ! അതുകൊണ്ടാണത്രേ ഇതിനെ ആരും തിന്നാത്തത് എന്ന നാട്ടറിവ് എന്റെ നാട്ടിലൊക്കെയുണ്ട്. എന്നാല്‍ ഈ നാട്ടറിവ് അറിയാത്തതുകൊണ്ടാവും ഇതൊക്കെ തിന്നുന്ന നാട്ടുകാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരോട് ഞാന്‍ ഇതൊക്കെ വിശദീകരിച്ചപ്പോള്‍ അവര്‍ ഗര്‍ഭിണികള്‍ ഓക്കാനിക്കുന്നതുപോലെ ഓക്കാനിക്കുകയും കാരാമയെ തിന്നുന്നത് നിറുത്തുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് നല്ലത് കാര്‍ക്കശ്യമുള്ള നിയമങ്ങളല്ല മൃദുവായ നാട്ടറിവുകളാണ് നല്ലതെന്ന് കാരാമ പഠിപ്പിക്കുന്നു.

ഏഷണിക്കാരനാണ് ഞാനെന്നും 'പാര'യാണ് ഞാനെന്നും എനിക്കൊരു മേല്‍വിലാസം ഉണ്ടാക്കിയത് വയനാട്ടിലെ കാരാമകളാണ്. ഞാന്‍ മീന്‍ ഗവേഷണത്തിനായി മുത്തങ്ങയില്‍ വനം വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങി. ആനയില്‍ ഗവേഷണിക്കുന്ന ഡോ. ബാലസുബ്രഹ്മണ്യം എന്ന മറ്റൊരു ഗവേഷണ വിദ്യാര്‍ഥിയും എനിക്കൊപ്പമുണ്ട്. വയനാട്ടില്‍ കാരാമകള്‍ ഏറ്റവും കൂടുതല്‍ അതായത് നിറയെക്കാണുന്ന ഒരിടമാണ് പൊന്‍കുഴിക്കടുത്ത സീതക്കുളം. നൂല്‍പ്പുഴക്കിരുവശവുമുള്ള മുളങ്കാട്ടിലും ഇവയെ ധാരാളം കാണാം. വലവീശാന്‍ പോയിവരുന്ന വഴി എനിക്കൊരു കാരാമയെക്കിട്ടി. അതിനെ ഒരു സ്‌പെസിമെന്‍ ആയി KFRI യിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി ഞാന്‍ അത് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്നുവച്ചു. ഇങ്ങനെ ഒരു ആമയെ കിട്ടിയ വിവരം ഡോ. ഈസ സാറിനോട് ഫോണ്‍ മുഖേന അറിയിക്കുകയും ചെയ്തു. സാര്‍ ജീപ്പുമായി വരുമ്പോള്‍ കൊണ്ടുപോന്നാളാമെന്ന് അറിയിക്കുകയും ചെയ്തു. 

ദൈവ വിശ്വാസിയും ഒപ്പം തന്നെ ആമ വീട്ടില്‍ ഇരുന്നാല്‍ കുടുംബം നശിക്കും എന്ന വിശ്വാസം രൂഢമൂലമായ ഡോ. ബാലസുബ്രഹ്മണ്യം രാത്രി ആ ആമയെ ക്വാര്‍ട്ടേഴ്‌സിന് മുമ്പിലുള്ള ബത്തേരി-മുത്തങ്ങ-പൊന്‍കുഴി- റോഡിലേക്ക് വിട്ടു. അക്കാലത്ത് രാത്രിയാത്രകള്‍ പ്രത്യേകിച്ച് ചരക്ക് ലോറികള്‍ അധികം യാത്രനടത്തിയിരുന്ന കാലമായതിനാല്‍ ലോറി കേറി ചത്ത ആമയെ ആണ് പിറ്റേ ദിവസം കാണുന്നത്. പിറ്റേ ദിവസം വന്ന ഡോ. ഈസ ഡോ. ബാലസുബ്രമണ്യത്തോടെ വളരെയധികം ദേഷ്യപ്പെടുകയും ആയത് പറഞ്ഞുകൊടുത്തത് ഞാനാണെന്ന പേരില്‍ അന്നാള്‍  മുതല്‍ ഡോ. ബാലസുബ്രഹ്മണ്യം എന്നെ KFRIയിലെ പാരയായി പ്രഖ്യാപിക്കുകയും ചെയ്തു. 

കേരള വനഗവേഷണ സ്ഥാപനത്തില്‍ ബോട്ടണി ഡിവിഷനും വൈല്‍ഡ് ലൈഫ് ഡിവിഷനും ഇടയിലുള്ള സ്ഥലത്ത് നിങ്ങള്‍ക്ക് ഒരു ചെറിയ കൂട് കാണാം. അതില്‍ ഒരു ആമ വസിച്ചിരുന്നു. കേരളം മാത്രം പരിഗണിച്ചാല്‍ ചിന്നാര്‍ വന്യമൃഗ സങ്കേതത്തില്‍ മാത്രം കാണുന്ന Indian star tortoise (Geochelone elegans) എന്നൊക്കെ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ആമയെ ഒരിക്കല്‍ ചിന്നാറില്‍നിന്നു കൊണ്ടുവന്നപ്പോള്‍ ശ്രേമ്മതിക്കുവേണ്ടി വീടൊരുക്കിയതിന്റെ അവശിഷ്ടങ്ങളാണത്. ഞാന്‍ 2002ല്‍ അവിടെ നിന്നും പോരുന്നതുവരെ ഈ ആമ കാബെജോക്കെ തിന്ന് സുഖമായി കഴിഞ്ഞിരുന്നു. ചാലക്കുടി-അതിരപ്പിള്ളി ഭാഗത്തുനിന്നും കിട്ടിയ തിരുവതാംകൂര്‍ ടോര്‍ട്ടോയിസ് Travancore Tortoise-Indotestudo forstrenii എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ആമയെയും ആ കൂട്ടില്‍ തന്നെ വളര്‍ത്തിയിരുന്നു. 

അതിനെ കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം അതിനെ മനോഹരമായ നക്ഷത്രവരകളാല്‍ നിറഞ്ഞ പുറംതോടില്‍ അതിന്റെ ശാസ്ത്രനാമം Geochelone elegans-എന്നെഴുതിയ കടലാസ്സ് ഫെവിക്കോള്‍ കൊണ്ട് ഞാന്‍ ഒട്ടിച്ചുവച്ചു. ഇതുകണ്ട ഈസ സാര്‍ എന്നെ എല്ലാവരുടെയും മുമ്പിലേക്ക് വിളിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു-ഞാന്‍ തന്റെ തലയില്‍ ഇതുപോലെ 'ഹോമോ സാപിയന്‍സ് എന്നെഴുതിവെക്കട്ടെടോ' ആ ചോദ്യത്തിന് മുമ്പില്‍ ഞാന്‍ ചൂളിപ്പോയി. ഒരു സ്‌പെസിമെനുമേല്‍ ലേബല്‍ എഴുതി ഒട്ടിക്കുന്ന ലാഘവത്തോടെ ജീവനുള്ള ഒന്നിനുമേല്‍ ഇങ്ങനെ എഴുതിവയ്ക്കുന്നത് ഒരുതരം അനാദരവാണെന്ന തിരിച്ചറിവും എന്നിലേക്ക് വന്നത് ഒരു ആമ വഴിയാണ്. നീ പഠിക്കുന്നു അല്ലെങ്കില്‍ നിനക്ക് പഠിപ്പുണ്ടെന്നോ കരുതി ഒരു ജീവിക്കുമേലും അവകാശമില്ല എന്നര്‍ഥം വരുന്ന എന്തൊക്കെയോ ഈസ സാര്‍ അവിടെനിന്നും പറഞ്ഞു. സാരോപദേശം കലര്‍ത്തി ഈസ സാര്‍ ആദ്യമായി എന്നെ പറഞ്ഞ വഴക്കുകളില്‍ ഒന്നാണിത് എന്നും പറയട്ടെ.

ഇന്നിപ്പോള്‍ കേരള പോലീസില്‍ DYSP റാങ്കില്‍ ജോലി ചെയ്യുന്ന സാജു കെ. എബ്രഹാം, അഡിഷണല്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ജോസഫ് തോമസ് എന്നിവര്‍ കേരള വനഗവേഷണ സ്ഥാപനത്തില്‍ ആമ, ഓന്ത്, അരണ, പല്ലി, പാമ്പ് എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ 1994-2001 വരെയുള്ള കാലഘട്ടങ്ങളില്‍ മുന്നോട്ട്  കൊണ്ടുപോയവരാണ്. 1997ല്‍ എനിക്ക് നിലമ്പൂരിലെ ചാലിയാര്‍ നദിയില്‍നിന്നും ഒരു പ്രത്യകതരം ആമയെ കിട്ടി-Aspideretes leithii (Gray) അഥവാ ലെയ്ത്തിന്റെ ആമ കേരളത്തില്‍ നിന്നും കണ്ടെത്തി എന്ന പേരില്‍ അത് ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ ആമ മീനും ചോറും തിന്ന് KFRI വന്യജീവി വിഭാഗത്തിലെ അക്വേറിയത്തില്‍ ഒരുപാട് നാള്‍ ജീവിച്ചു.

ഞാന്‍ കാണാന്‍ ആഗ്രഹിച്ച ആമകളില്‍ ഒന്നാണ് ചൂരലാമ. ആഗ്രഹിച്ച ഞാനൊഴികെ പ്രശസ്ത ഉഭയജീവി ഗവേഷകനായ സന്ദീപ് ദാസ് വരെയുള്ള ഇളം തലമുറകള്‍ നന്നായി കാണുകയും ചെയ്തിട്ടുള്ള ഒരാമയാണിത്. നമ്മുടെ നാട്ടിലെ ഒരു സ്ഥലപ്പേരിനാല്‍ അറിയപ്പെട്ട ആമയും കൂടിയാണിത്. 

മദ്രാസ് മ്യൂസിയത്തിന്റെ സൂപ്രണ്ടായിരുന്ന ജെ.ആര്‍. ഹെന്‍ഡേഴ്‌സനാണ് 1911 ഒക്ടോബര്‍റില്‍ കൊച്ചിന്‍ ട്രാംവേ ആരംഭിക്കുന്ന ചാലക്കുടിയില്‍നിന്നും 20 മൈല്‍ അകലെയുള്ള കാട്ടിലെ കവല എന്ന സ്ഥലത്ത്  നിന്നും അവിടുത്തെ ആദിവാസികളായ കാടരാണ് ഈ ആമയെ അദ്ദേഹത്തിന് നല്‍കുന്നത്. ആ ആമയ്ക്ക് അദ്ദേഹം Geoemyda silvatica എന്ന് പുതിയൊരു വംശനാമം നല്‍കുകയും ചെയ്തു. സില്‍വാറ്റിക്ക എന്ന വംശനാമത്തിനര്‍ഥം വനത്തിലുള്ളത് എന്നാണ്. വനസസ്യങ്ങളെ വളര്‍ത്തുന്നതിന് സില്‍വികള്‍ച്ചര്‍ എന്നാണല്ലോ പറയുക.

പിന്നീട് ഈ 1915 നെല്‍സണ്‍ അണ്ണാണ്ടെയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാബു അഭയ് ചരണ്‍ ചൗധുരി വരച്ച  ഇതിന്റെ മനോഹരമായ ഒരു ജലഛായ ചിത്രം ഇന്ത്യന്‍ മ്യൂസിയത്തില്‍ ഉണ്ടെന്നും അണ്ണാന്‍ഡൈല്‍ പറയുന്നുണ്ട്..

പിന്നീട് 1931ല്‍ എം.എ. സ്മിത്ത് പ്രസിദ്ധീകരിച്ച ഫോണ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലും ഇതിന്റെ പരാമര്‍ശം ഉണ്ടെങ്കിലും ഇതിനെ ജീവനോടെ ആരും കണ്ടിട്ടില്ലായിരുന്നു. ഇതിനെ വീണ്ടും കണ്ടെത്തുന്നത്  1982ലാണ്.  അതും ചാലക്കുടിയില്‍നിന്നു തന്നെ. ഇ വിജയ എന്നൊരു ഗവേഷണ വിദ്യാര്‍ഥിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 

ഇവിടെയൊന്നും ഇതിനെ ഫോറെസ്‌റ് കെയിന്‍ ടര്‍ട്ടില്‍ എന്നുപറയുന്നല്ലാതെ മറ്റൊരു പേരും കാണുന്നില്ല. കൊച്ചിന്‍ കവലൈ ഫോറെസ്‌റ് കെയിന്‍ ടര്‍ട്ടില്‍ എന്ന വിപുലീകരിച്ച പേര് എപ്പോള്‍ മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് എനിക്കറിയില്ല. 

ഇപ്പോള്‍ ഇതിന്റെ ശാസ്ത്രനാമം Vijayachelys silvatica എന്നാണ്. നിലവില്‍ പീച്ചി, വാഴാനി, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാറ, ഇടുക്കി, ആറളം എന്നിവിടങ്ങളില്‍ കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിത്യഹരിത വനങ്ങളിലും അര്‍ധനിത്യഹരിതവങ്ങളിലും കാണുന്ന ഈ ആമ നദിയോടും അരുവിയോടും അത്ര പ്രതിപത്തി കാണിക്കാറില്ല.

ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന പറമ്പില്‍ ആമകള്‍ മുട്ടയിടാറുണ്ട്, എന്റെ കുളത്തില്‍ കാരാമയുണ്ട്. രാത്രി ഞാന്‍ വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ റോഡില്‍ വെള്ളാമയെ കാണാറുണ്ട്. അവയെ തട്ടി പുല്ലിലോ വെള്ളത്തിലേക്കോ വിടും. അല്ലെങ്കില്‍ അവര്‍ ദയയില്ലാത്താവര്‍ തിളപ്പിക്കുന്ന വെള്ളത്തിലേക്ക് വീഴും.

എന്റെ നാട്ടില്‍ ആമയെ പിടിക്കുന്ന ഒരാളുടെ കളിപ്പേര് ആമളിയന്‍ എന്നാണ്. ഒട്ടും മുടിയില്ലാത്ത ഒരാള്‍ മേലഡൂരില്‍ ഉണ്ടായിരുന്നു, അങ്ങേരുടെ കഷണ്ടിയെ നോക്കി നാട്ടുകാര്‍ സ്വകാര്യത്തില്‍ വിളിച്ചത് വെള്ളാമ എന്നാണ്. ഞങ്ങളുടെ സ്‌കൂളിലെ വെളുത്ത ഒരു ടീച്ചറെ കുട്ടികള്‍ വെള്ളാമ എന്ന് പേരിട്ടിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ആമ മയമാണ് ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com