എന്തൊക്കെയാണ് കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍? ഒരു അവലോകനം

HIGHLIGHTS
  • പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കൊണ്ടിരിക്കുന്നത് നിസാരകാര്യമല്ല
  • പാല്‍ ഉല്‍പന്നങ്ങളുടെ കാര്യത്തിലും ശോചനീയമായ അവസ്ഥ
malabar-milk-challenge
SHARE

കേരളത്തിലെ പാല്‍ സംഭരണ പ്രതിസന്ധി.

കേരളത്തില്‍ ഒരു സംരംഭമായി പശുക്കളെ വളര്‍ത്താന്‍ മുന്നോട്ടു വരുന്നവര്‍ക്കുള്ള ഒരു വിശ്വാസമുണ്ടായിരുന്നു; പാലിന് വിപണി കണ്ടെത്താന്‍ പ്രയാസമില്ല. അതു ശരിയാണ് താനും... 

ഉത്തരേന്ത്യയിലെ പോലെ പാലുല്‍പ്പന്നങ്ങള്‍ അത്രയൊന്നും ഇന്നും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇടംപിടിച്ചിട്ടില്ലെങ്കിലും, ചായ അധികം മലയാളികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ്. പാല്‍, തൈര്, പായസം, നെയ്യ്, സംഭാരം, പേട, ഐസ്‌ക്രീം, പനീര്‍, കണ്ടെന്‍സ്ഡ് മില്‍ക്ക്, പാല്‍പ്പൊടി ഒക്കെയായി പാല്‍ നമ്മുടെ നാട്ടില്‍ വിപണി കണ്ടെത്തുന്നുമുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന പാല്‍വില എടുത്താല്‍ കേരളം മുന്നിലാണെന്ന് കാണാന്‍ കഴിയും. രാജ്യത്താദ്യമായി ക്ഷീരകര്‍ഷകര്‍ക്ക് മാത്രമായി ഒരു ക്ഷേമനിധി വന്നതും കേരളത്തിലാണ്. 

പച്ചക്കറിക്കും മുട്ടയ്ക്കും ഇറച്ചിക്കുമെല്ലാമുള്ള പൂര്‍ണമായ ആവശ്യകത നിറവേറ്റാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളം, പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കൊണ്ടിരിക്കുന്നത് നിസാരകാര്യവുമല്ല. എന്നാല്‍, ഏതുല്‍പ്പന്നത്തെയും പോലെ 'സ്വയംപര്യാപ്തത' എന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരവും, ഉല്‍പാദകര്‍ക്ക് തിരിച്ചടി കിട്ടിയേക്കാവുന്നതുമായ ഒരു അവസ്ഥാവിശേഷവുമാകാം.

കോവിഡ് പ്രതിസന്ധിയില്‍, വീടുകളില്‍ ചെലവ് കുറയ്ക്കുന്നതിനു ചിലരെങ്കിലും ഒഴിവാക്കാന്‍ മുന്‍ഗണന കൊടുക്കുന്ന ഇനങ്ങളാണ് പാലും പത്രവും. പാല്‍ കൂടുതല്‍ അളവില്‍ വാങ്ങിയിരുന്ന ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും ഇപ്പോള്‍ അധികവും പ്രവര്‍ത്തിക്കുന്നില്ല. വിവാഹം ഉള്‍പ്പെടെയുള്ള വലിയ ചടങ്ങുകളും, ആഘോഷങ്ങളും പായസ വിതരണവും ഒന്നും ഇല്ലാത്തത് പാലിന്റെ ഉപഭോഗം പിന്നെയും കുറച്ചു. സ്‌കൂളുകളിലും അംഗനവാടികളിലും നിലവില്‍ കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ കഴിയുന്നില്ല. അങ്ങനെയും വിപണി നഷ്ടമായി. പാലിന്റെ കാര്യത്തില്‍ വിപണി നേരിടുന്ന പ്രതിസന്ധി ഇങ്ങനെയെങ്കില്‍, പാല്‍ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇതിലും ശോചനീയമായ അവസ്ഥയാണുള്ളത്. 

കോവിഡ് സാഹചര്യത്തില്‍, തണുത്ത ഒന്നും കഴിച്ചു ചുമയും പനിയും വരുത്താതെ ശ്രദ്ധിക്കുന്ന ഒരുപാട് പേരുണ്ട്. ഐസ്‌ക്രീമും സിപ്പ്-അപ്പും തണുത്ത യോഗര്‍ട്ടുമെല്ലാം ഒഴിവാക്കപ്പെടുന്നു. മഴകൊണ്ട് വേനല്‍ക്കാലം ചുരുങ്ങിയതും, കടകളും സ്‌കൂളുകളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുന്ന ലോക്ക്ഡൗണ് പ്രതിസന്ധിയും ഇതിന് ആക്കം കൂട്ടി.

ഒരു സംരംഭമായി പാല്‍ പായ്ക്ക് ചെയ്തു വില്‍ക്കുന്ന സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഒരു സംരംഭകനെ സംബന്ധിച്ച്, ഉല്‍പ്പന്നം എവിടെ നിന്നാണ് വിലകുറച്ച് കിട്ടുന്നത്, അവിടെനിന്ന് വാങ്ങാനാണ് താല്‍പര്യവും. തമിഴ്‌നാട്ടില്‍ പാലിന് വില കുറവുള്ളതുകൊണ്ട് തന്നെ, നമ്മുടെ നാട്ടിലെ സ്വകാര്യ പാല്‍ വിപണനരംഗത്ത് ഉള്ളവര്‍ക്ക് തമിഴ്‌നാട് പാല്‍ വാങ്ങാനാണ് താല്‍പര്യവും. പാലുല്‍പാദനച്ചെലവും ഉപഭോഗവും വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ് എന്നതുകൊണ്ടുതന്നെ ഏകീകരിച്ച വിലയല്ല പാലിനു ഇന്ത്യയിലുള്ളത്. തമിഴ്‌നാട്ടില്‍ അധികാരമേറ്റയുടന്‍ പുതിയ മന്ത്രിസഭ എടുത്ത അഞ്ചു തീരുമാനങ്ങളില്‍ ഒന്ന് പാല്‍വില മൂന്ന് രൂപ കുറച്ചത് ആയിരുന്നു എന്നതും ഇവിടെ ഓര്‍ക്കണം.

നമ്മുടെ നാട്ടിലെ ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനാണ് ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും, മില്‍മ എന്ന ബ്രാന്‍ഡില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്നതും. കേരളത്തില്‍ കുറച്ച് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചതു പോലും കഴിഞ്ഞവര്‍ഷം മാത്രമാണ്. എന്നാല്‍, എത്രയോ വര്‍ഷങ്ങളായി പാലിന് ഗുണനിലവാരം അനുസരിച്ച് വിലനിര്‍ണയം കേരളത്തില്‍ നടന്നു പോകുന്നു. 

കേരളത്തില്‍ പാല്‍ ഉല്‍പാദനം അധികവും മലബാര്‍ മേഖലയില്‍ ആണുള്ളത്. ഒരു ഉദാഹരണമായി വയനാട് എടുത്താല്‍, വയനാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പാലിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് വയനാട് ജില്ലയില്‍ വിപണനം ചെയ്യുന്നത്. ബാക്കിയുള്ളവ ചുരമിറങ്ങിയും, മൂല്യവര്‍ധന നടത്തിയുമാണ് വിപണി കണ്ടെത്തുന്നത്. മലബാര്‍ മേഖലയില്‍, വിപണനത്തേക്കാളും ഒക്കെ മുകളിലാണ് പാലുല്‍പാദനം.

ഫെഡറല്‍ സംവിധാനം ഉള്ള നമ്മുടെ രാജ്യത്ത്, സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാരവും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കൈമാറ്റ വിപണിയും സ്വാഭാവികമായി നടന്നു വരുന്നതാണ്. ഒരു സംസ്ഥാനത്തെ ഒരു കാര്‍ഷിക ഉല്‍പ്പന്നം വാങ്ങില്ല എന്ന നിലപാട് മറ്റൊരു സംസ്ഥാനം എടുത്താല്‍, മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് അവരുടേതായ നിലപാടുകള്‍ ആ സംസ്ഥാനത്തിനും എടുക്കാവുന്നതേയുള്ളൂ. പ്രത്യേകിച്ച് ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ജനങ്ങളുടെ ആഹാര/ദൈനംദിന ആവശ്യത്തിനുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍, ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്.

വയനാട് ജില്ലയിലെ കര്‍ഷകര്‍ പശുക്കളുടെ തീറ്റയ്ക്കായി ചോളത്തണ്ട് കര്‍ണാടകത്തില്‍നിന്ന് ധാരാളമായി വാങ്ങാറുണ്ട്. ഇപ്പോള്‍ പറഞ്ഞു കേട്ടത് കര്‍ണാടകത്തില്‍നിന്നുള്ള പാല്‍ വരവ് ഇവിടെയുള്ളവര്‍ തടഞ്ഞപ്പോള്‍, ചോളതണ്ട് വരവ് അവിടെയുള്ളവര്‍ തടഞ്ഞു എന്നാണ്. പശുക്കള്‍ തീറ്റയുടെ കാര്യത്തില്‍ ബുദ്ധിമുട്ടും എന്ന് സാരം.

വയനാട് പോലെ ക്ഷീരകര്‍ഷകരുടെ സാന്ദ്രതകൂടിയ ജില്ലകളില്‍ (മിക്ക വീടുകളിലും പശു ഉണ്ടെന്നതിനാല്‍ തന്നെ) അധികംപേരും ചില്ലറവില്‍പ്പന ഇല്ലാതെ പാല്‍ ക്ഷീര സംഘത്തില്‍ തന്നെയാണ് നല്‍കുന്നത്. എന്നാല്‍ മറ്റു ജില്ലകളില്‍ ക്ഷീര സംഘത്തില്‍നിന്ന് ലഭിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ കിട്ടും എന്നതിനാല്‍ തന്നെ, കര്‍ഷകര്‍ക്ക് അടുത്തുള്ള വീടുകളില്‍ ചില്ലറ വില്‍പനയും, ഹോട്ടലുകളിലും മറ്റുമുള്ള വില്‍പ്പനയും ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍, കര്‍ഷകരെല്ലാം മുഴുവന്‍ പാലും ക്ഷീരസംഘത്തില്‍ തന്നെ നല്‍കാന്‍ തുടങ്ങിയപ്പോള്‍ പാല്‍ സംഭരണം വര്‍ധിച്ചു. മറുവശത്ത് പാലിന്റെ വിപണി കുത്തനെ ഇടിയുകയും ചെയ്തു. 

കേരളത്തിലേക്കാള്‍ വില കുറവാണ് മറ്റ് സംസ്ഥാനങ്ങളില്‍ പാലിന് എന്നതിനാല്‍ തന്നെ ഇതു സംഭരിച്ച് പുറത്തുകൊണ്ടുപോയി വിപണനം ചെയ്യുക, പ്രായോഗികമല്ല. ആര്‍സിഇപി കരാറിനെയൊക്കെ നമ്മുടെ ക്ഷീരകര്‍ഷകര്‍ എതിര്‍ത്തത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോക വിപണിയെടുത്താല്‍ പാലിന്റെ പ്രതിസന്ധി എല്ലായിടത്തുമുണ്ട്. പലരാജ്യങ്ങളിലും ഗവണ്‍മെന്റ് നല്‍കുന്ന ക്വാട്ടയ്ക്കുശേഷം ഉല്‍പാദിപ്പിക്കുന്ന പാല്‍ കളയേണ്ടി വരുന്ന ഫാമുകളും ഉണ്ട്.

നമ്മുടെ നാട്ടിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതീക്ഷയാണ് ക്ഷീരമേഖല. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വരുമാനം കിട്ടിക്കൊണ്ടിരുന്ന ഒരു വിഭാഗമാണ് ക്ഷീരകര്‍ഷകര്‍ എന്നതും എടുത്തു പറയേണ്ടതാണ്. ചില കൃഷിക്കാര്‍ വിപണി കണ്ടെത്താനാവാത്ത കപ്പയും വാഴയും പോലും വെട്ടിയരിഞ്ഞ് പശുവിന് കൊടുത്തു, പാല്‍  ഉല്‍പാദിപ്പിച്ചു. സ്ഥിരവരുമാനം എന്നതില്‍ വലിയ പ്രതീക്ഷയാണ് പാലിന്റെ വിപണിക്ക് കര്‍ഷകര്‍ നല്‍കിയിരുന്നത്. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ പലരും ഡെയറിഫാം തുടങ്ങാനും താല്‍പര്യപ്പെടുന്നതും ഇതു കൊണ്ടു തന്നെയാണ്. 

കോവിഡ് പ്രതിസന്ധിയില്‍ പല മേഖലകളും തിരിച്ചടി നേരിട്ടപ്പോള്‍ ക്ഷീരമേഖല വലിയ പ്രതീക്ഷയാണ് നമ്മുടെ കര്‍ഷകര്‍ക്ക് നല്‍കിയത്. പാലിന്റെ വിപണി ക്ഷീരസംഘങ്ങള്‍ മാത്രമായി ചുരുങ്ങിയപ്പോള്‍, പാല്‍ സംഭരണം കൂടുകയും, അതേസമയം പാല്‍ വിപണി തിരിച്ചടി നേരിടുകയും  ഉണ്ടായതാണ് നിലവിലെ പ്രതിസന്ധി. പാല്‍, പാല്‍പ്പൊടിയാക്കി മാറ്റുന്നത് ചെലവേറിയതാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവു മൂലം പാല്‍പ്പൊടി കയറ്റുമതി പ്രതിസന്ധിയിലായി രാജ്യത്ത് ധാരാളം പാല്‍പ്പൊടി കെട്ടിക്കിടപ്പുണ്ട് (ഡെയറി പ്ലാന്റില്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ചെയ്യാന്‍ പാല്‍പ്പൊടി പാലില്‍ ചേര്‍ക്കുന്നത് മായം ആണെന്ന അബദ്ധധാരണ ഉള്ളവരും കുറവല്ല).

2021 മേയ് 18, 19, 20 തീയതികളില്‍ മലബാര്‍ മേഖലയില്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍) രാവിലെ സംഭരിക്കുന്ന പാലിന്റെ 60%  മാത്രം മില്‍മ സംഭരിച്ചു. ഈ ദിവസങ്ങളില്‍ വൈകുന്നേരം പാല്‍ സംഭരണം ഉണ്ടായില്ല. 21, 22 തീയതികളില്‍ സംഭരണം 80% ആകുകയും, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന്, ഇനി പൂര്‍ണമായും പാല്‍ സംഭരണം നടത്തുമെന്ന് മില്‍മ റിയിക്കുകയും ചെയ്തു. 

പാലിന്റെ സംഭരണത്തിലും പാലുല്‍പാദന വര്‍ധനയ്ക്കുള്ള ശ്രമങ്ങളിലും ഉള്ളതിനേക്കാള്‍, കേരളത്തില്‍ ഇനി ശ്രദ്ധ വേണ്ടത് പാലിന്റെ വിപണനത്തില്‍ തന്നെയാണ്. ശക്തമായ ഒരു വിപണന ശൃംഖലയും, കര്‍ഷകമായ വിപണന തന്ത്രങ്ങളും, ലോക്ഡൗണ്‍ പോലുള്ള പ്രതിസന്ധികളില്‍ പാല്‍ എങ്ങനെ വിപണിയില്‍ ചെലവഴിക്കും എന്നുള്ള മുന്നാലോചനകളും കൂടുതല്‍ കാര്യക്ഷമമായി ഉണ്ടാകണം. പാല്‍ പാല്‍പ്പൊടി ആക്കുന്നതാണോ, കണ്ടന്‍സ്ഡ് മില്‍ക്ക് ആക്കി സൂക്ഷിക്കുന്നതാണോ ഇവിടെ ലാഭകരം എന്ന് ചര്‍ച്ച ചെയ്യപ്പെടണം.

പാലിന്റെ ഓണ്‍ലൈന്‍ വില്‍പന, നറും പാല്‍ കറന്നെടുത്ത് ഫ്രഷ് ആയി വീടുകളില്‍ ബോട്ടിലില്‍ വിപണനം ചെയ്യുന്നത്, ആശുപത്രികളിലും കോവിഡ് സെന്ററുകളിലും പാല്‍ നല്‍കുന്നത്, വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും വീടുകളില്‍ പാല്‍ വാങ്ങി നല്‍കുന്നതും, പരിഗണിക്കാം.

വളരെ പെട്ടെന്ന് കേടാവുന്ന ഒരു കാര്‍ഷിക ഉല്‍പന്നമാണ് പാല്‍. പാല്‍ ഉല്‍പാദിപ്പിച്ച ശേഷം, വിപണനം ചെയ്യുന്നതില്‍ തീരുമാനം എടുക്കുമ്പോഴേക്കും, ചിലപ്പോള്‍ പാല്‍ പിരിഞ്ഞു പോയിട്ടുണ്ടാകും.  അതുകൊണ്ടുതന്നെ വിപണന കാര്യത്തില്‍, സുവ്യക്തമായ പ്ലാനിങ്, ഡെയറി ഫാം തുടങ്ങുന്ന സംരംഭകര്‍ക്കും കൂടി ആവശ്യമാണ്.

എന്തുതന്നെയായാലും കേരളത്തില്‍ പാലിന്റെ സംഭരണത്തില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇടപെടുകയും പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ എടുക്കുകയും ചെയ്തു. കോവിഡ് മഹാമാരിക്കിടെ GST പ്രതിസന്ധിയില്‍ കേന്ദ്രധനമന്ത്രി പറഞ്ഞതു 'ആക്ട് ഓഫ് ഗോഡ്' എന്നാണ്.. 'ആക്റ്റ് ഓഫ് പീപ്പിള്‍' ആണ് നമ്മുടെ പരിഹാരം.

നമ്മുടെ നാട്ടിലെ ഉപഭോക്താക്കളുടെ പര്‍ച്ചേസിങ് കപ്പാസിറ്റി വ്യത്യസ്തമാണ്. എങ്കിലും നമ്മുടെ നാട്ടിലെ ഒരുപാട് കര്‍ഷകര്‍ ഈ കോവിഡ് പ്രതിസന്ധിയിലും വരുമാനം നേടി പിടിച്ചുനില്‍ക്കുന്ന ഒരു മേഖല എന്ന നിലയില്‍, കഴിയുന്ന പോലെ പാല്‍ വാങ്ങി വിപണി വിപുലമാക്കുവാന്‍ ഉപഭോക്താക്കളുടെയും സഹകരണം ഇപ്പോള്‍ വേണം. സകല ഉല്‍പ്പാദന മേഖലയിലും നാശംവിതച്ചു പോകുന്ന കോവിഡ് എന്ന മഹാമാരിയും, കേരളം കുതിര്‍ക്കുന്ന പേമാരിയും ഒക്കെ അതിജീവിച്ച്, നമ്മള്‍ ഇനിയും മുന്നോട്ടു തന്നെ പോകും, തീര്‍ച്ച..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA