15,000 രൂപ മുതല്‍മുടക്കി ഓലഷെഡില്‍ തുടങ്ങി, ഇന്ന് അഞ്ചു കോടി രൂപ വിറ്റുവരവുള്ള സ്ഥാപനം

HIGHLIGHTS
  • കര്‍ഷകന്‍ രാജാവായ തൊടുപുഴയിലെ ഹൈടെക് മാര്‍ക്കറ്റ്
  • കേരളത്തിനൊരു മാതൃകാ മണ്ഡി
SHARE

വാഴക്കുലകളും ചേനയും ചേമ്പും ഇഞ്ചിയും മഞ്ഞളുമൊക്കെ വാങ്ങി സംഭരിക്കുന്ന സ്വദേശി മാര്‍ക്കറ്റ്, അവയുടെ സംസ്‌കരണത്തിനായി ഡ്രയര്‍ ഉള്‍പ്പെടെയുള്ള ഉപകരണസംവിധാനങ്ങള്‍,

kads-tdpa-1
കാഡ്‌സ് വില്ലേജ് സ്‌ക്വയര്‍

നാട്ടില്‍പുറങ്ങളില്‍നിന്നുള്ള ആടും കോഴിയുമൊക്കെ മാംസമായി മാറ്റാന്‍ ശീതീകരിച്ച ആധുനിക മീറ്റ്സ്റ്റാള്‍, ഉത്തരവാദിത്തമുള്ള 15 ഉല്‍പാദക നഴ്‌സറികളില്‍നിന്നുള്ള തൈകള്‍, ഗൃഹാതുരത്വം പകരുന്ന നാടന്‍വിഭവങ്ങളുമായി കപ്പ-ചക്ക റസ്റ്ററന്റ്, അറുപതോളം കടകള്‍, കര്‍ഷകപരിശീലനത്തിനു കറങ്ങുന്ന കസേരകളുമായി ശീതീകൃത ഇരുനിലകെട്ടിടം - കാഡ്‌സ് വില്ലേജ് സ്‌ക്വയര്‍ വേറെ ലവലാണ്. രണ്ടര കോടി രൂപ മുതല്‍മുടക്കി തൊടുപുഴ പട്ടണത്തിനുള്ളിലെ 2.3 ഏക്കറില്‍ ഒരുക്കിയിരിക്കുന്ന ഈ കാര്‍ഷികവിപണനകേന്ദ്രത്തിന്റെ ഉടമസ്ഥര്‍ ആയിരത്തിലധികം കൃഷിക്കാരാണെന്നതും ശ്രദ്ധേയം. കാര്‍ഷികകേരളത്തിനു പുതുമയാര്‍ന്ന മറ്റൊരു മാതൃകകൂടി സൃഷ്ടിച്ചിരിക്കുകയാണ് കേരള അഗ്രിക്കള്‍ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി അഥവാ കാഡ്‌സ്.

വെറും ചന്തയായി അധഃപതിച്ച നാട്ടുവിപണികളെ കാലത്തിനു ചേര്‍ന്ന രൂപത്തില്‍ തിരിച്ചുപിടിക്കുകയും അതുവഴി സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നതനുസരിച്ച് കാര്‍ഷികവിപണികളും പരിഷ്‌കൃതമായാലേ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകൂ. വര്‍ഷങ്ങളായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്ന കാഡ്‌സ് കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റിന്റെ പരിമിതികള്‍ മറികടക്കാനായി ഏതാനും മാസം മുന്‍പാണ് വില്ലേജ് സ്‌ക്വയര്‍ ആരംഭിച്ചത്. വിനോദസഞ്ചാരവും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെടുത്തി കാര്‍ഷികവിപണനം കൂടുതല്‍ ഫലപ്രദമാക്കുന്ന ഈ സംവിധാനത്തിന്റെ ഉടമസ്ഥതയും നടത്തിപ്പും കൃഷിക്കാര്‍ ഓഹരിയെടുത്ത കര്‍ഷക ഉല്‍പാദക കമ്പനിക്കാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ അന്തസായി വിപണനം നടത്തുന്നതിനൊപ്പം മറ്റ് കാര്‍ഷിക- അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ ഇടം നല്‍കിയിരിക്കുന്നു. വിപണനം മാത്രമല്ല സംഭരണം, സംസ്‌കരണം, മൂല്യവര്‍ധന, വിത്തുല്‍പാദനം, കാര്‍ഷികോപാധികളുടെ വിതരണം, വിജ്ഞാനവ്യാപനം എന്നിവയൊക്കെ നടക്കുന്ന ചത്വരമായാണ് ഈ അങ്ങാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. 

kads-tdpa-3
കാഡ്‌സ് വില്ലേജ് സ്‌ക്വയര്‍. ഇന്‍സെറ്റില്‍ ചെയര്‍മാന്‍ കെ.ജി. ആന്റണി, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ജേക്കബ് മാത്യു, ഡയറക്ടര്‍ വി.പി. സുകുമാരന്‍.

നാല് ഭാഗങ്ങളാണ്  ഗ്രാമീണചത്വരത്തിനുള്ളത് - നാടന്‍വിഭവങ്ങള്‍ മാത്രം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്വദേശിമാര്‍ക്കറ്റ് തന്നെ പ്രധാനം. ചക്ക, കപ്പ, മാങ്ങ, തേങ്ങ, ചേന, ചേമ്പ്, കാമ്പില്‍, വാഴക്കുല, മുട്ട, പാല്‍ എന്നിങ്ങനെ എല്ലാ നാടന്‍വിഭവങ്ങളും മലയോരഗ്രാമങ്ങളില്‍നിന്ന് ഇവിടെയെത്തും. വിശാലമായ സംഭരണസംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍ വലിയ തോതില്‍ ഉല്‍പന്നസംഭരണം നടത്താനാകുമെന്ന് കാഡ്‌സ് ചെയര്‍മാന്‍ കെ.ജി. ആന്റണി കണ്ടിരിക്കല്‍ ചൂണ്ടിക്കാട്ടി. നാലായിരം ചതുരശ്ര അടിയുള്ള ഒരു കെട്ടിടം ഇതിനായി പൂര്‍ത്തിയായി വരുന്നു വിറ്റുതീര്‍ക്കാവുന്നതിലധികം സംഭരിക്കേണ്ടി വന്നാല്‍ എന്തു ചെയ്യുമെന്നതിനും ഇവിടെ ഉത്തരമുണ്ട്- സംസ്‌കരണം. ഇക്കഴിഞ്ഞ മാസങ്ങളില്‍ പ്രതിദിനം രണ്ടു ടണ്‍ വീതം മരച്ചീനിയാണ് ഇവിടെ വാട്ടുകപ്പയായി മാറിയത്. ഇതിന് കിലോയ്ക്ക് 80-90 രൂപ നിരക്കില്‍ വിലയും നല്‍കി. വരും മാസങ്ങളില്‍ ഇതു വിറ്റഴിക്കാമെന്നാണ് പ്രതീക്ഷ. അധികമായി സംഭരിച്ച ചേമ്പ് ഇപ്പോള്‍ ചിപ്‌സാക്കുകയാണ്. നൂറു ഗ്രാം പായ്ക്കറ്റിന് 30 രൂപ വിലയിട്ടിരിക്കുന്ന ചേമ്പ് ചിപ്‌സ് കേരളത്തിലെവിടെയും എത്തിക്കാന്‍ കാഡ്‌സ് തയാര്‍. കൃഷിക്കാര്‍ക്ക് കപ്പയുള്‍പ്പെടെയുള്ള കാര്‍ഷികവിഭവങ്ങള്‍ നിശ്ചിതഫീസ് ഈടാക്കി ഉണങ്ങിനല്‍കുകയും ചെയ്യും. 

കൂടുതലായി സംഭരിച്ച ചേനയും ചേമ്പും ഇഞ്ചിയും മഞ്ഞളുമൊക്കെ വിത്താക്കി സൂക്ഷിച്ചിട്ടുണ്ട്. പത്താമുദയം കഴിയുന്നതോടെ അവ ഉയര്‍ന്ന വിലയ്ക്കു വില്‍ക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിപുലമായ വിത്തുത്സവം ഇതിനായി സംഘടിപ്പിച്ചിട്ടുണ്ട്. സ്വന്തമായി മാതൃശേഖരമുള്ള15 ഉല്‍പാദക നഴ്‌സറികള്‍ക്കാണ് ഇവിടെ ഇടം നല്‍കിയിരിക്കുന്നത്. ഈ തൈകളുടെ നിലവാരത്തിനു ഗാരണ്ടിയും വാഗ്ദാനം ചെയ്യുന്നു. മഞ്ഞളും ഇഞ്ചിയുമൊക്കെ അരിഞ്ഞുണങ്ങിയ ശേഷം പായ്ക്കറ്റുകളിലാക്കി വില്‍ക്കാനും പദ്ധതിയുണ്ട്. വിവിധ ഇനം നെല്ല് പ്രത്യേകം സംസ്‌കരിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഐആര്‍ എട്ടിന്റെയോ ജ്യോതിയുടെയോ രക്തശാലിയുടെയോ അരി വേണ്ടവര്‍ക്ക് കണ്ടു ബോധ്യപ്പെട്ടു വാങ്ങാമെന്നു സാരം. എല്ലാ കാര്‍ഷികോല്‍പന്നങ്ങളും ഉപഭോക്താക്കളുടെ കണ്‍മുന്നില്‍ സംസ്‌കരിച്ചു നല്‍കും.

kads-tdpa
കാഡ്‌സ് വില്ലേജ് സ്‌ക്വയറിലെ മത്സ്യ-മാംസ സ്റ്റാള്‍

വില്ലേജ് സ്‌ക്വയറിലെ പരിശീലനകേന്ദ്രത്തില്‍ 20 കാര്‍ഷികവിഷയങ്ങളില്‍ തുടര്‍ച്ചയായി പരിശീലനം ഏര്‍പ്പെടുത്തും. ഓരോ മാസത്തിലെയും നിശ്ചിത തീയതി നിശ്ചിത വിഷയത്തിനായി നീക്കിവയ്ക്കുന്ന രീതിയാണിവിടെ. തുടര്‍പരിശീലനവും സംശയനിവാരണവും ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യപ്രദമാകുമെന്ന പ്രതീക്ഷയിലാണിത്. അക്കാദമിക് വിദഗ്ധര്‍ക്കും അനുഭവസമ്പന്നരായ കൃഷിക്കാര്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് ക്ലാസുകള്‍ ക്രമീകരിക്കുക. അക്കാദമിക് വിദഗ്ധര്‍ക്കുള്ള അതേ പ്രതിഫലം തന്നെ ക്ലാസെടുക്കുന്ന കര്‍ഷകര്‍ക്കും നല്‍കും. ഒരു വര്‍ഷത്തെ പരിശീലനത്തിലൂടെ 20 വിഷയങ്ങളിലായി 50 പേര്‍ വീതം 1000 മാസ്റ്റര്‍ കര്‍ഷകരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. അവരുടെ കീഴില്‍ രൂപീകരിക്കുന്ന ഉല്‍പാദക ക്ലസ്റ്ററുകളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് കാഡ്‌സ് വിപണികളില്‍ മുന്‍ഗണന നല്‍കും. ഇപ്രകാരം വിപണിയും വിജ്ഞാനവും ഉറപ്പാക്കുമ്പോള്‍ ജൈവകൃഷിയിലൂടെയും സല്‍കൃഷിരീതികളിലൂടെയും നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വേണ്ടത്ര ലഭ്യമാകുമെന്ന് ആന്റണിസാര്‍ ചൂണ്ടിക്കാട്ടി. വിപണിയുമായി ബന്ധപ്പെടുത്തിയുള്ള ഈ വിജ്ഞാനവ്യാപനമാതൃക കേരളത്തിലെ140 നിയോജകമണ്ഡലങ്ങളിലും പകര്‍ത്താനാകും - അദ്ദേഹം പറഞ്ഞു 

തൊടുപുഴപോലെ കാര്‍ഷികപ്രാധാന്യമുള്ള സ്ഥലത്തുപോലും ഒരു വീട്ടിലേക്കാവശ്യമായ വിഭവങ്ങള്‍ സ്വയം ഉല്‍പാദിപ്പിക്കുന്നത് കഷ്ടിച്ച് 20 ശതമാനം കുടുംബങ്ങള്‍ മാത്രമാണ്- ആന്റണിസാര്‍ ചൂണ്ടിക്കാട്ടി. പാല്‍, മുട്ട, മാംസം, കിഴങ്ങുവിളകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത സംബന്ധിച്ച് കാഡ്‌സ് നടത്തിയ സര്‍വേയില്‍ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമാണിത്. ഇതിനെ ഒരു അവസരമായി മാറ്റുന്നതിനാണ് വില്ലേജ്‌സ്‌ക്വയറിന്റെ ശ്രമം. കൃഷിയില്‍ സജീവമായ 20 ശതമാനം കുടുംബങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനവും അവസരവും നല്‍കി ബാക്കി 80 ശതമാനം കുടുംബങ്ങള്‍ക്കു വേണ്ടതുകൂടി പ്രാദേശികമായി ഉല്‍പാദിപ്പിക്കാന്‍ കഴിയണം. അതോടൊപ്പം ഉപഭോക്തൃസമൂഹത്തെ സ്വദേശിവിപണിയിലെത്താന്‍ പ്രേരിപ്പിക്കുകയും വേണം. കര്‍ഷകവിപണികളെ കാലോചിതമായി പരിഷ്‌കരിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇതുതന്നെ.

വില്ലേജ്‌സ്‌ക്വയറില്‍ വിനോദത്തിനും അവസരങ്ങളേറെ- കാരണവന്മാര്‍ക്ക് വിശ്രമിക്കാന്‍ ഇവിടുത്തെ 20 ഞാറ്റുവേലത്തറകളിലെ ഫലവൃക്ഷങ്ങളുടെ തണലുണ്ട്, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്കുണ്ട്, മുതിര്‍ന്നവര്‍ക്ക് പ്രഭാതസവാരിക്കു നടപ്പാതയുണ്ട്. ആവശ്യപ്പെടുന്ന സിനിമ കാണിക്കാന്‍ മിനി തിയറ്ററും വിനോദസഞ്ചാരികള്‍ക്ക് വിശ്രമകേന്ദ്രവും വൈകാതെയെത്തും. പ്രഭാതസഞ്ചാരത്തിനെത്തി പാലും പച്ചക്കറിയുമൊക്കെ ഫ്രഷായി വാങ്ങുന്ന വീട്ടമ്മമാരും മൂല്യവര്‍ധന നടത്തുന്ന സംരംഭകരും സുഗന്ധവിളകള്‍ തനിമയോടെ വാങ്ങാനെത്തുന്ന സഞ്ചാരികളുമൊക്കെ ചേര്‍ന്ന് ഈ നാട്ടുചത്വരത്തില്‍ പുതിയ ഒരു കാര്‍ഷികസംസ്‌കാരത്തിനു വഴിതെളിക്കുമെന്നു കരുതാം.

വിപണി സൃഷ്ടിക്കുന്നവര്‍

കാര്‍ഷികോല്‍പന്നങ്ങളുമായി ചന്തകളിലെത്തുന്ന കൃഷിക്കാര്‍ നേരിട്ടിരുന്ന തിരസ്‌കാരവും അപമാനവും ഇല്ലാതാക്കാനാണ് 20 വര്‍ഷം മുന്‍പ് തൊടുപുഴയില്‍ കേരള അഗ്രിക്കള്‍ച്ചര്‍ ഡവലപ്‌മെന്റ് സൊസൈറ്റി അഥവാ കാഡ്‌സ് രൂപം കൊണ്ടത്. കൃഷിക്കാരന്റെ നിയന്ത്രണത്തിലുള്ള, അവനു പ്രഥമസ്ഥാനം ലഭിക്കുന്ന ഒരു വിപണനകേന്ദ്രമായിരുന്നു ലക്ഷ്യം. അന്ന് ആരംഭിച്ച കാഡ്‌സ് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ഇന്നും സജീവമായുണ്ട്. കൃഷിക്കാര്‍ നിയന്ത്രിക്കുന്ന മാര്‍ക്കറ്റ് എന്ന ആശയം പിന്നീട് സര്‍ക്കാര്‍ ഉള്‍പ്പെടെ പലരും ഏറ്റെടുത്തെങ്കിലും ഫലപ്രദമായി തുടരുന്നവ ചുരുക്കം. ചാരിറ്റബിള്‍ സൊസൈറ്റിയായി ആരംഭിച്ച കാഡ്‌സ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായാണ് കര്‍ഷക ഉല്‍പാദക കമ്പനി രൂപീകരിച്ചത്. പതിനായിരം കര്‍ഷകരില്‍നിന്ന് ആയിരം രൂപ വീതം ഒരു കോടി രൂപയും 200 പേരില്‍നിന്ന് രണ്ടു ലക്ഷം രൂപ വീതം നാലു കോടി രൂപയും ഓഹരിയായി സമാഹരിക്കുകയാണ് ലക്ഷ്യം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി 20 പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കൂടുതലായി സേവനം നല്‍കത്തക്ക വിധമാണ് കാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍.

കര്‍ഷകന്‍ പ്രമാണിയായി നില്‍ക്കുന്ന മൂന്ന് വിപണികള്‍ ഇപ്പോള്‍ കാഡ്സിനുണ്ട്. തൊടുപുഴയിലെ കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റ്, വില്ലേജ് സ്‌ക്വയര്‍ എന്നിവയ്ക്കു പുറമേ എറണാകുളം ആലിന്‍ചുവട്ടിലെ അഗ്രി ഓര്‍ഗാനിക് ബസാറും. കേവലം 15,000 രൂപ മുതല്‍മുടക്കി ഓലഷെഡില്‍ ആരംഭിച്ച കാഡ്‌സ് അഞ്ചു കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. കാഡ്‌സിലൂടെ കൃഷിക്കാര്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍ എത്ര വിപുലമാണെന്ന് ഇതു വ്യക്തമാക്കുന്നു. അമ്പതുകോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 

കാഡ്‌സ് ഓഹരിയുടമകളായ കൃഷിക്കാരില്‍നിന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച നിരക്കില്‍ അവര്‍ കൊണ്ടുവരുന്ന മുഴുവന്‍ ഉല്‍പന്നങ്ങളും സംഭരിക്കുകയാണ് പതിവ്. ചക്ക- 20 രൂപ,  ചേമ്പ്- 27, കാച്ചില്‍- 20, വിത്തുചേന-35 ,  ചേന-18 ചെറുകിഴങ്ങ്-60, വിത്തിഞ്ചി-100, മഞ്ഞള്‍-20, ഇഞ്ചി-60 എന്നിങ്ങനെ പോകുന്നു വിലനിരക്കുകള്‍. നേന്ത്രന്റെ വില 15 രൂപയായപ്പോഴും കാഡ്‌സ് അംഗങ്ങള്‍ക്ക് 26 രൂപ വില കിട്ടി. കഴിഞ്ഞ വര്‍ഷം കൃഷിവകുപ്പ് കിലോയ്ക്ക് ആറു രൂപ നിരക്കില്‍ സംഭരിച്ച ചക്ക വിറ്റഴിക്കാനാവാതെ വന്നപ്പോള്‍ കാഡ്‌സ് ഏറ്റെടുക്കുകയായിരുന്നു. ഒരു വ്യവസ്ഥ മാത്രം; കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 20 രൂപയും നല്‍കണം. കൈകാര്യച്ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഗത്യന്തരമില്ലാതെ അധികൃതര്‍ സമ്മതിച്ചപ്പോള്‍ മൂന്നിരട്ടിയിലേറെ നേട്ടം കൃഷിക്കാര്‍ക്ക്.

അടിമാലിക്കു സമീപം മാങ്കുളം സമ്പൂര്‍ണ ജൈവഗ്രാമമായി മാറ്റിയതും കാഡ്‌സിന്റെ നേട്ടം തന്നെ. ജൈവസാക്ഷ്യപത്രമുള്ള 340 കൃഷിയിടങ്ങളാണ് ഈ പഞ്ചായത്തിലുള്ളത്. അവിടങ്ങളിലെ ജൈവ ഉല്‍പന്നങ്ങള്‍ 3 കാഡ്‌സ് വിപണികളിലുമായി 20 ശതമാനം അധികവില നേടി വിറ്റഴിക്കപ്പെടുന്നു. ജൈവ കൊക്കോയ്ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ 10 രൂപ കാഡ്‌സ് അധികം നല്‍കുന്നുണ്ട്. ഈയിനത്തില്‍ മാത്രം കൊക്കോ കര്‍ഷകര്‍ക്ക് 30 ലക്ഷം രൂപ അധികം നല്‍കാനായി.   

ഫോണ്‍: 9847413168

English summary: Kads Village Square Thodupuzha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA