ADVERTISEMENT

മനുഷ്യരിലും മൃഗങ്ങളിലും എലിപ്പനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പകരുന്നതിന് കൂടുതല്‍ അനുകൂലമാണ് മഴക്കാലങ്ങളിലെ കാലാവസ്ഥ. കന്നുകാലികള്‍, പന്നി, കുതിര, നായ, പൂച്ച തുടങ്ങി ഉഷ്ണ രക്തമുള്ള എല്ലാ ജീവികളിലും കണ്ടു വരുന്നതും, മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്നതുമായ ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്.

'സ്‌പൈറോക്കീറ്റ്‌സ്' വിഭാഗത്തില്‍പ്പെട്ട 'ലെപ്‌റ്റോസ്‌പൈറ' ജനുസില്‍പെട്ട ബാക്ടീരിയയാണ് രോഗകാരി. മണ്ണിലും ജലത്തിലുമാണ് രോഗാണുക്കള്‍ കാണപ്പെടുന്നത്. എലികള്‍, പെരുച്ചാഴികള്‍, വന്യ ജീവികള്‍ എന്നിവയാണ് ബാക്ടീരിയയുടെ മുഖ്യ വാഹകര്‍. എങ്കിലും, എലിവര്‍ഗ്ഗത്തില്‍പെട്ട മൃഗങ്ങള്‍ക്ക് അവയുടെ വൃക്കകളില്‍ അണുക്കളെ വഹിക്കാനും രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാതെ തന്നെ മാസങ്ങളോളം രോഗാണുക്കളെ മൂത്രത്തിലൂടെ വിസര്‍ജിക്കാനും സാധിക്കും. രോഗാണുക്കളുടെ നിശ്ശബ്ദവാഹകരായ ഇത്തരം ജീവികളുമായുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സസര്‍ക്കത്തിലൂടെയാണ് വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പകരുന്നത്. മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്ന ബാക്ടീരിയയുടെ നിലനില്‍പ്പ് അന്തരീക്ഷത്തിലെ താപനില, പിഎച്ച് , ഈര്‍പ്പം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് 10°C മുതല്‍ 36°C വരെയാണ് രോഗാണു വളര്‍ച്ചയ്ക്ക് അനുയോജ്യം. കൂടാതെ, ഈര്‍പ്പമുള്ള മണ്ണിലും ആഴം കുറഞ്ഞ വെള്ളക്കെട്ടിലും 180 ദിവസം വരെ നിലനില്‍ക്കാന്‍ അവയ്ക്കു കഴിയും.

രോഗാണുക്കള്‍ കലര്‍ന്ന മൂത്രത്തിലൂടെയാണ് പ്രധാനമായും എലിപ്പനി പകരുന്നത്. രോഗാണുക്കളുള്ള മൂത്രം, മൃഗങ്ങളുടേയോ മനുഷ്യരുടെയോ ഭക്ഷണ പദാര്‍ഥങ്ങളിലോ കുടിവെള്ളത്തിലോ കലരുകയോ, അവയുടെ ശരീരത്തിലുണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍, മൃദു ചര്‍മ്മം, ശ്ലേഷ്മ സ്തരം, നേത്ര ചര്‍മ പാളികള്‍ എന്നിവിടങ്ങളില്‍ വീഴുകയോ ചെയ്താല്‍ രോഗബാധയുണ്ടാകും.

പശു, എരുമ എന്നിവയിലെ രോഗലക്ഷണങ്ങള്‍

ശരീര പ്രതിരോധ ശക്തിയനുസരിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത വ്യത്യാസപ്പെടുന്നു. രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് 1 മുതല്‍ 10 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും, ശക്തിയായ പനി, ഗ്ലേഷ്മസ്തരം ചുവന്നു തടിക്കുക, തീറ്റയെടുക്കാതിരിക്കുക, ഗര്‍ഭമലസല്‍ (5 മുതല്‍ 9 മാസം), മറുപിള്ള വീഴാതിരിക്കല്‍, അകിടുവീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ഗര്‍ഭമലസുന്ന പശുക്കള്‍ പിന്നീട് ചെന പിടിക്കാന്‍ ബുദ്ധിമുട്ടു കാണിക്കാറുണ്ട്. കറവപ്പശുക്കളില്‍ വേദനയില്ലാത്ത, വീര്‍ത്ത അകിടുകളില്‍നിന്നും ഇന്നും ചുവപ്പ് നിറത്തിലുള്ള പാല്‍ വരുന്നത് രോഗബാധയെ സൂചിപ്പിക്കുന്നു.

ആടുകളിലെ രോഗലക്ഷണങ്ങള്‍

എലിപ്പനിയുടെ തീവ്രരൂപത്തില്‍ വിളര്‍ച്ച, കട്ടന്‍ കാപ്പി നിറത്തിലുള്ള മൂത്രം, മഞ്ഞപ്പിത്തം എന്നീ ലക്ഷണങ്ങള്‍ കാണുന്നു. പനി, തീറ്റയെടുക്കാതിരിക്കല്‍, അവസാന ദശയില്‍ ഗര്‍ഭമലസല്‍, മറുപിള്ള വീഴാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

നായ്ക്കളിലെ രോഗലക്ഷണങ്ങള്‍

നായ്ക്കളെയാണ് കൂടുതല്‍ ബാധിക്കുന്നത്. പൂച്ചകളില്‍ വളരെ വിരളമായാണ് എലിപ്പനി കാണപ്പെടുന്നത്. 

നായ്ക്കളുടെ കരളിനേയും കുടലിനേയും വൃക്കകളേയും രോഗാണുക്കള്‍ ബാധിക്കുന്നതിനാല്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം.മഞ്ഞപ്പിത്തത്തോടു കൂടിയും അല്ലാതെയും എലിപ്പനി കാണാറുണ്ട്. പനി, വായ്പ്പുണ്ണ്, ഭക്ഷണമെടുക്കാതിരിക്കല്‍, വിറയല്‍, അമിത ദാഹം, വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം, രക്തം കലര്‍ന്ന മൂത്രം, ഉമിനീര്‍, കാഷ്ഠം, മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ കാണാറുള്ളത്.

വയറിനടിയിലെയും പാദങ്ങളിലേയും ചെവിയുടെ ഉള്‍ഭാഗത്തെ തൊലിക്കും മഞ്ഞ നിറം കാണപ്പെടുന്നത് പ്രധാനപ്പെട്ട ലക്ഷണമാണ്. ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കില്‍ ശ്വാസതടസവും കാണാറുണ്ട്. 

രോഗനിര്‍ണ്ണയവും ചികിത്സയും

രോഗലക്ഷണങ്ങളും, രക്ത പരിശോധനയും വഴി രോഗം നിര്‍ണയിക്കാവുന്നതാണ്. കൃത്യസമയത്ത് ചികില്‍സിച്ചാല്‍ 100% ഫലപ്രദമായ ചികിത്സാ രീതികള്‍ നമുക്കുണ്ട്. പ്രാരംഭഘട്ടത്തില്‍ ഫലപ്രദമായ ആന്റിബയോട്ടിക് പെന്‍സിലിന്‍ മരുന്നുകളും പിന്നീട് രോഗവാഹകാവസ്ഥ തടയാന്‍ഡോക്‌സിസൈക്ലിന്‍, ടെട്രാസൈക്ലിന്‍ എന്നീ മരുന്നുകളും നല്‍കാം.

രോഗനിയന്ത്രണവും പ്രതിരോധ മാര്‍ഗ്ഗങ്ങളും

എലിപ്പനി തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും, എലി നശീകരണ മാര്‍ഗങ്ങളും അവലംബിക്കണം. നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്. നായ്ക്കുട്ടിക്ക് 6 ആഴ്ച പ്രായമാകുമ്പോള്‍ ആദ്യ കുത്തിവയ്പു നല്‍കേണ്ടതാണ്. പിന്നീട്, 3-4 ആഴ്ച കഴിയുമ്പോള്‍ ബൂസ്റ്ററും തുടര്‍ന്ന് വര്‍ഷം തോറും അവയെ കുത്തിവയ്പിന് വിധേയമാക്കണം.

കുടിവെള്ളത്തിലും തീറ്റയിലും രോഗവാഹകരായ എലികളുടെ മൂത്രം കലരാതിരിക്കുക എന്നതാണ് നിയന്ത്രണമാര്‍ഗങ്ങളില്‍ പ്രധാനം. ഇതിനു വേണ്ടി തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും എലിയെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുകയും വേണം. തീറ്റയും കുടിവെള്ളവും മൂടി സൂക്ഷിക്കുകയും വേണം.തൊഴുത്തിലും തീറ്റ സൂക്ഷിക്കുന്ന സ്റ്റോര്‍ മുറികളിലും എലി, പെരുച്ചാഴി എന്നിവ കടക്കാതെ ശ്രദ്ധിക്കണം.

രോഗാണുക്കളുള്ള മൂത്രമോ, മൂത്രം കലര്‍ന്ന് മലിനമാക്കപ്പെട്ട മണ്ണോ കന്നുകാലികളുടെ ശ്ലേഷ്മ സ്തരങ്ങളിലോ, മുറിവുകളിലോ, കണ്ണുകളിലോ പതിക്കാതെ സൂക്ഷിക്കണം. രോഗവിമുക്തി നേടിയ പശുക്കളുടെ മൂത്രത്തിലുടെ 120 ദിവസത്തേക്കും നായ്ക്കളുടെ മൂത്രത്തിലൂടെ 7 മാസം വരെയും രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നു എന്നതിനാല്‍ അവയെ ചികിത്സിക്കുന്നവരും ശ്രുശൂഷിക്കുന്നവരും അതീവ ശ്രദ്ധ ചെലുത്തണം.

എലികളും പെരുച്ചാഴികളും ധാരാളമുള്ളതും രോഗസാധ്യതയുള്ളതുമായ കുളങ്ങളിലും അരുവികളിലും പശുക്കള്‍ ഇറങ്ങാന്‍ അനുവദിക്കരുത്. പന്നികള്‍, വന്യമൃഗങ്ങള്‍ എന്നിവയില്‍നിന്നും കന്നുകാലികളെ അകറ്റി നിര്‍ത്തുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ സഹായം തേടണം.

ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

  • കന്നുകാലികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വിദഗ്ധ ചികിത്സ നല്‍കണം. അവയെ പരിചരിക്കുമ്പോള്‍ വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. 
  • പാടത്തും പറമ്പിലും പുല്ല് വെട്ടുമ്പോള്‍ കാലുറകളും കയ്യുറകളും ഉപയോഗിക്കുക.
  • കണ്ണുകള്‍ ഇടയ്ക്കിടെ ഇളം ചൂടുവെള്ളത്തില്‍  കഴുകുക.
  • കയ്യിലോ കാലിലോ മുറിവുകളോ പോറലോ ഉണ്ടെങ്കില്‍ യഥാസമയം ചികില്‍സിക്കുക.
  • അവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം പ്രതിരോധ മരുന്ന് കഴിക്കുക.
  • എലി നിയന്ത്രണ മാര്‍ഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും അവലംബിക്കണം.

English summary: rat fever precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com