ADVERTISEMENT

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം മേയ് 26 ബുധനാഴ്ച (ഇന്ന്) ആറു മാസം പൂര്‍ത്തിയാകുന്നു. സമരത്തിന്റെ പുതുദിശയുടെ സൂചകമായി ഇന്ന് കരിദിനമായി ആചരിക്കുകയുമാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കാര്‍ഷികനിയമങ്ങള്‍ 18 മാസം വരെ മരവിപ്പിച്ചു നിര്‍ത്താമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ക്രിയാത്മക പ്രതികരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ സമരം ശക്തമായി തുടര്‍ന്നേക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും ഭക്ഷ്യ ഭദ്രതയുടെയും നട്ടെല്ലായ കര്‍ഷകര്‍ക്ക് കോവിഡ് മഹാമാരിയുടെ ഭീതിജനകമായ സമയത്ത് സമരത്തിനായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നത് നാടിനു ഗുണം ചെയ്യുന്നതല്ല എന്ന് ഉറപ്പാണ്.

മൂന്ന് കാര്‍ഷികനിയമങ്ങള്‍

രാജ്യത്തെ കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന അവകാശവാദവുമായാണ് മൂന്നു ഓര്‍ഡിനന്‍സുകള്‍ പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍  കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. 65 വര്‍ഷം പഴക്കമുള്ള ആവശ്യസാധന നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സ് (ECAO), കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തെവിടെയും വില്‍ക്കാന്‍ അനുവാദം നല്‍കുന്ന ഓര്‍ഡിനന്‍സ് (FPTCO), കമ്പനികളുമായി കരാര്‍ കൃഷിയിലേര്‍പ്പെടാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്ന ഓര്‍ഡിനന്‍സ് (FAPFASO)  എന്നിവയാണ് കാര്‍ഷിക ഇന്ത്യയുടെ തലവര മാറ്റിവരയ്ക്കുമെന്ന വാഗ്ദാനത്തോടെ പുറത്തിറങ്ങിയ പുത്തന്‍ നിയമനിര്‍മാണങ്ങള്‍.

കാര്‍ഷിക ഉല്‍പാദന, സംഭരണ, വിപണന മേഖലകളെ ഉദാരവല്‍കരണ പാതയിലേക്ക് തുറന്നു വിടുന്ന, ദീര്‍ഘകാല ഫലങ്ങളുണ്ടാക്കാവുന്ന മേല്‍പറഞ്ഞ നിയമ പരിഷ്‌കാരങ്ങള്‍ കര്‍ഷകന് സമ്മാനിക്കുന്നത് കതിരാണോ പതിരാണോ എന്നുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. പുതിയ നിയമത്തെ അനുകൂലിച്ചും, ശക്തമായി എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ രാജ്യമെമ്പാടും ഉയരുന്നു. തുടക്കംമുതല്‍ രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പുതിയ നിയമങ്ങളെ എതിര്‍ക്കുന്നു. ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന അഭിപ്രായമായാണ് കേരള സര്‍ക്കാരിനുള്ളത്. പഞ്ചാബുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും തങ്ങളുടെ കടുത്ത എതിര്‍പ്പ് അറിയിക്കുന്നു. എന്നാല്‍, വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം പ്രാപിക്കാന്‍ കഴിയും വിധം കര്‍ഷകര്‍ക്ക് പുത്തന്‍ അവസരങ്ങളൊരുക്കുന്നതാണ് പുതിയ നിയമ ഭേദഗതികളെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.   

നിയമം ലക്ഷ്യം വയ്ക്കുന്നതെന്ത്?

'ഒരു ഇന്ത്യ, ഒരു കാര്‍ഷിക വിപണി' എന്ന ആശയമാണ് പുതിയ ഓര്‍ഡിനന്‍സുകളുടെ കാതല്‍. കാര്‍ഷിക വിപണനത്തിന് സംസ്ഥാന അതിര്‍ത്തികളോ, നിയമങ്ങളുടെ നൂലാമാലകളോ കര്‍ഷകര്‍ക്ക് ഇനി തടസമാവില്ല. മൂന്നു നിയമങ്ങളില്‍ കേരളത്തെ കൂടുതലായി ബാധിക്കുമെന്ന് കരുതപ്പെടുന്നത് കരാര്‍കൃഷി  നിയമാണെന്ന് കരുതപ്പെടുന്നു. 

ദ ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ഓര്‍ഡിനന്‍സ് 2020 (FAPFASO, 2020 എന്ന പേരിലുള്ള കരാര്‍കൃഷി ഓര്‍ഡിനന്‍സ് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. കരാര്‍ കൃഷി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദവും സമഗ്രവുമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ആരാണ് കര്‍ഷകന്‍ എന്നതിന് കൃത്യമായ നിര്‍വചനം നല്‍കപ്പെട്ടിരിക്കുന്നു. സ്വന്തമായോ, തൊഴിലാളികളെ ഉപയോഗിച്ചോ പണിയെടുത്ത് ഉല്‍പാദനം നടത്തുന്ന വ്യക്തികളും സംഘങ്ങളും കര്‍ഷകരുടെ ഉല്‍പാദകകമ്പനികളും കൃഷിക്കാരന്റെ നിര്‍വചനത്തില്‍ വരും. 

ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കോഴി, ആട്, പന്നി, മത്സ്യം, മാംസം തുടങ്ങി മനുഷ്യന്‍ കഴിക്കാന്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ  ഭക്ഷ്യവസ്തുക്കള്‍ക്കുമൊപ്പം കാലിത്തീറ്റ, തീറ്റപ്പുല്ല്, അസംസ്‌കൃത ചണം, പരുത്തി ഉള്‍പ്പെടെയുള്ള അസംസ്‌കൃതവസ്തുക്കളും കരാര്‍ കൃഷിയുടെ പരിധിയില്‍ വരും. നിശ്ചിത ഗുണമേന്മയുള്ള ഭക്ഷ്യോല്‍പന്നം ഉല്‍പാദിപ്പിച്ചു നല്‍കുന്നതിന്, രേഖാമൂലമുള്ള (വാക്കാലല്ല) ഒരു കരാര്‍ കര്‍ഷകനും കമ്പനിയും ( സ്‌പോണ്‍സര്‍) തമ്മില്‍ മുന്‍കൂട്ടി അതായത്, ഉല്‍പാദനം തുടങ്ങുന്നതിനു മുന്‍പ് ഒപ്പു വയ്ക്കുന്നതാണ് കൃഷി കരാര്‍. കൃഷി കരാറുകള്‍ വ്യാപാരവാണിജ്യ കരാര്‍, ഉല്‍പാദന കരാര്‍, രണ്ടും കൂടി ചേര്‍ന്ന കരാര്‍ എന്നിങ്ങനെ 3 തരത്തിലാകാം. ഇവയോരോന്നും എങ്ങനെയെന്നതിനും മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്.

കര്‍ഷകനും സ്‌പോണ്‍സറും ഒപ്പുവയ്ക്കുന്ന കരാര്‍, സംസ്ഥാന തലത്തിലുള്ള റജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ ഇലക്ട്രോണിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കണം. കരാറുകള്‍ പ്രാദേശിക ഭാഷയില്‍ ലളിതമായി  അനായാസം മനസ്സിലാവുന്ന വിധത്തിലായിരിക്കണം തയ്യാറാക്കേണ്ടത്. കര്‍ഷകര്‍ക്കും സ്‌പോണ്‍സര്‍ക്കുമിടയില്‍ ഉല്‍പന്നശേഖരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങര്‍ നടത്തുന്ന വ്യക്തികള്‍ അല്ലെങ്കില്‍ സംഘങ്ങളെ അഗ്രിഗേറ്റര്‍ എന്നാണ് പറയുക. ഉല്‍പന്നത്തിന്റെ ഗുണമേന്മാമാനദണ്ഡങ്ങള്‍, കൈമാറുന്ന സമയം, കര്‍ഷകനു നല്‍കുന്ന വില എന്നിവയൊക്കെ കൃത്യമായി കരാറില്‍ രേഖപ്പെടുത്തുകയും എല്ലാ വ്യവസ്ഥകളും ഒപ്പുവയ്ക്കുന്നതിനു മുന്‍പ് കര്‍ഷകരെ ബോധ്യപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളിലുണ്ട്.

കരാറിന്റെ കാലാവധി ചുരുങ്ങിയത് ഒരു സീസണും പരമാവധി അഞ്ചു വര്‍ഷവുമായിരിക്കണമെന്നാണ് നിബന്ധന. എങ്കിലും പരസ്പര സമ്മതത്തോടെ എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം. കര്‍ഷകനും സ്‌പോണ്‍സറും തമ്മിലുള്ള തര്‍ക്കപരിഹാര മാര്‍ഗ്ഗങ്ങള്‍ കരാറിലുണ്ടാവണം. പ്രകൃതിദുരന്തങ്ങള്‍ കൃഷി നാശമുണ്ടാക്കിയാല്‍ പിന്‍തുടരേണ്ട നടപടിക്രമങ്ങള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തര്‍ക്കപരിഹാര ബോര്‍ഡ് രൂപീകരിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പിന്‍തുടരേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ ഓര്‍ഡിനന്‍സില്‍ വിശദമാക്കുന്നുണ്ട്. ഏതവസ്ഥയിലും കര്‍ഷകന് സ്വന്തം കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവില്ല.

കര്‍ഷകന്‍ ഉല്‍പാദിപ്പിച്ചു നല്‍കുന്ന ഉല്‍പന്നത്തിന്റെ ഗുണമേന്മാ പരിശോധന സ്‌പോണ്‍സറുടെ ചുമതലയാണ്. സ്വീകരിച്ചുകഴിഞ്ഞ ഉല്‍പന്നത്തേക്കുറിച്ച് പിന്നീട് പരാതിയുണ്ടായാല്‍ സ്വീകരിക്കപ്പെടില്ല. ഉല്‍പന്നം കൈമാറുന്ന ദിവസം കര്‍ഷകനു നിശ്ചയിക്കപ്പെട്ട പണം നല്‍കിയിരിക്കണം. ഗുണമേന്മയില്ലായ്മയുടെ നിരസിക്കപ്പെട്ട ഉല്‍പന്നം പരിശോധിക്കാന്‍ കര്‍ഷകന് അവസരമുണ്ടാകും. മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന മൂന്നാം പാര്‍ട്ടികളെക്കൊണ്ട് ഉല്‍പന്നം വീണ്ടും പരിശോധിപ്പിക്കാം. വില മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരിക്കമെന്നു മാത്രമല്ല, വില നിര്‍ണ്ണയ രീതി ലളിതമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 

വിപണിവില, കരാറിലെ മിനിമം ഗ്യാരന്റി വിലയേക്കാള്‍ കുറവായാല്‍ പോലും കരാര്‍ പ്രകാരമുള്ള മിനിമം വിലയും മുന്‍കൂര്‍ നിശ്ചയിച്ച ബോണസും നല്‍കണം. കരാര്‍ കൃഷി ഇലക്ട്രോണിക്കായി റജിസ്റ്റര്‍ ചെയ്യേണ്ട റജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ രൂപീകരണവും, സ്‌പോണ്‍സര്‍മാര്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്ന വില നല്‍കേണ്ട രീതി നിശ്ചയിക്കുന്നതും സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. ഉപഭോക്തൃതാല്‍പര്യം സംരക്ഷിക്കാന്‍ വിപണിയും വിപണിവിലയും സര്‍ക്കാരും നിയമങ്ങളും നിയന്ത്രിക്കുന്നതില്‍നിന്ന് വിടുതല്‍ നല്‍കി സ്വതന്ത്രനാകാന്‍ കര്‍ഷകനെ ആദ്യത്തെ രണ്ട് ഓര്‍ഡിനന്‍സുകള്‍ സഹായിക്കുമെന്നും, കരാര്‍കൃഷി  ഓര്‍ഡിനന്‍സില്‍ കര്‍ഷക സൗഹൃദമായ വ്യവസ്ഥകള്‍ക്കാണ് ഊന്നലെന്നുമാണ് പുത്തന്‍ നിയമനിര്‍മ്മാണത്തെ അനുകൂലികുന്നവരും കേന്ദ്ര സര്‍ക്കാരും പറയുന്നത്.

കര്‍ഷകവിരുദ്ധമായ നിയമനിര്‍മാണമോ?

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ കര്‍ഷക വിരുദ്ധമാണെന്നും, ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളില്‍പ്പെട്ട കൃഷിയുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മാണം സംസ്ഥാനത്തിന്റെ അധികാരത്താലുള്ള കേന്ദ്രത്തിന്റെ കൈകടത്തലാണെന്നുമാണ് കേരള സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന രീതിയെ വരും കാലങ്ങളില്‍ മാറ്റി മറിച്ചേക്കാവുന്ന പുതിയ ഓര്‍ഡിനന്‍സുകളെ ഭരണഘടനയുടെ സഹകരണ ഫെഡറലിസം എന്ന ആശയത്തിനെതിരായിട്ടാണ് പഞ്ചാബ് ഗവണ്‍മെന്റ് കരുതുന്നത്. 

'ഒരു രാജ്യം ഒരു വിപണി ' എന്ന ആശയം തന്നെ അവര്‍ തള്ളിക്കളയുന്നു. ഓരോ സംസ്ഥാനത്തിനും, ഓരോ കാര്‍ഷിക വിളകള്‍ക്കും തനതായ സ്വഭാവ വിശേഷങ്ങളുള്ളപ്പോള്‍, അവയെ ഏകതാനമാകുക പ്രായോഗികമല്ലെന്ന് അവര്‍ പറയുന്നു. സുപ്രധാനമായ കാര്‍ഷിക നിയമനിര്‍മാണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാതെ ഓര്‍ഡിനന്‍സ് വഴിയില്‍ വരുന്നതിനെയും കര്‍ഷ നേതാക്കള്‍ ചോദ്യം ചെയ്യുന്നു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ കൃഷിയെയും കാര്‍ഷികവിപണിയെയും വിഴുങ്ങുമെന്നും, കര്‍ഷകര്‍ സ്വന്തം മണ്ണില്‍ തൊഴിലാളികളായി മാറുമെന്നുമാണ് പഞ്ചാബിലെ കിസാന്‍ യൂണിയന്‍ നേതാക്കളുടെ ആരോപണം. 

ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ പതിനാലാമതായി വരുന്ന കൃഷി, കണ്‍കറണ്ട് ലിസ്റ്റിലെ മുപ്പത്തിമൂന്നാമത്തെ വിഷയമായ കച്ചവടവും വാണിജ്യവും എന്നിവ സംബന്ധിച്ച നിയമനിര്‍മാണവുമായി ബന്ധപ്പെട്ട അസംതൃപ്തി പഞ്ചാബ് മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഹരിതവിപ്ലവത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ദശലക്ഷക്കണക്കിനു കൃഷിക്കാരുടെ ഉപജീവനത്തിനും താങ്ങായി കഴിഞ്ഞ 60 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സുശക്തവും ഫലപ്രദമെന്നു തെളിയിച്ചതുമായ കാര്‍ഷിക സംഭരണ മാര്‍ക്കറ്റുകളും ഗോഡൗണുകളുമാണ് പഞ്ചാബിലുള്ളതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. 

ഏറ്റവും കൃത്യമായ രീതിയില്‍ നടന്നു വരുന്ന ചുരുങ്ങിയ താങ്ങുവില (MSP) സംവിധാനത്തെ പുത്തന്‍ നിയമനിര്‍മ്മാണം ദുര്‍ബലമാകുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറയുന്നു. ഇങ്ങനെ കാര്‍ഷികോല്‍പ്പന്ന വിപണി കമ്മറ്റി (APMC), താങ്ങുവില എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്. വ്യാപാരം സ്വതന്ത്രമാക്കുന്നതും കരാര്‍ കൃഷിക്ക് മാര്‍ഗരേഖകള്‍ നിര്‍ദ്ദേശിക്കുന്നതുമായ ഈ ഓര്‍ഡിനന്‍സുകള്‍ കര്‍ഷകര്‍, വ്യാപാരികള്‍, കര്‍ഷക ഉല്‍പാദകസംഘടനകള്‍ എന്നിവയുടെ അവകാശങ്ങളില്‍ ആശയക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന ആരോപണമുയര്‍ത്തുന്നവരുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ലഭിക്കുന്ന വില കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലയേക്കാള്‍ കൂടുതലായിരിക്കണമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സിലില്ലാത്തത് കര്‍ഷകരെ ചോദിക്കുന്ന വിലയ്ക്ക് വില്‍പന നടത്താന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് വാദം.

കൃഷിയെ കേന്ദ്ര വിഷയമാക്കി മാറ്റുന്നതാണ് FPTCO, 2020 ഓര്‍ഡിനന്‍സെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സംസ്ഥാനങ്ങളുടെ ഭൂവിനിയോഗ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് അവശ്യവസ്തുക്കള്‍ വാങ്ങല്‍ നിയന്ത്രണം ഇല്ലാതാക്കുന്ന ഓര്‍ഡിനന്‍സ് എന്ന വിമര്‍ശനവുമുണ്ട്. ചൂഷണത്തിന്റെ പുതുവഴികള്‍ തേടുന്ന ഉദാരനിയമങ്ങള്‍  കാര്‍ഷിക ഉല്‍പാദക സംഘങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അവ്യക്തത ആശങ്കകള്‍ ഉയര്‍ത്തുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്നവരുടെ നിര്‍വചനത്തില്‍ ഉല്‍പാദക സംഘടനകളെ ഉള്‍പ്പെടുത്തിയിട്ടില്ലായെന്നതും നിര്‍ഭാഗ്യകരമായി കരുതപ്പെടുന്നു. ആധുനിക കരാര്‍ കൃഷിയുടെ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളേയും പ്രതിനിധാനം ചെയ്യുന്നതില്‍ ഓര്‍ഡിനന്‍സ് പരാജയപ്പെടുന്നതായാണ് പ്രധാന വിമര്‍ശനം. രാജ്യത്തെ ഏതൊരു പൗരനും ലഭിക്കേണ്ട നിയമ പരിരക്ഷ പോലും ഉറപ്പു നല്‍കാത്ത വ്യവസ്ഥകളുള്ള കരാര്‍കൃഷി നിയമം കൊണ്ട് കര്‍ഷകനെന്തു ലാഭമെന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്.

English summary: Farmers in India have been protesting for 6 months, have they made any progress?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com