ADVERTISEMENT

വ്യത്യസ്തതരം കോഴികളുടെ മാതൃപിതൃശേഖരം, വീട്ടമ്മമാരുടെ കോ ഫാമിങ് സെന്ററുകള്‍, കോഴിക്കുഞ്ഞുങ്ങള്‍ക്കായി വിതരണസംവിധാനം, ഒപ്പം പച്ചക്കറി തൈകളും - കേരളത്തിലെ പ്രജനനസംരംഭങ്ങള്‍ക്ക് പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് അങ്കമാലി കൊങ്ങോര്‍പ്പള്ളിയിലെ സിഎഫ്‌സിസി അഥവാ ചിറ്റിലപ്പള്ളി ഫാം കെയര്‍ സെന്റര്‍. 

വികേന്ദ്രീകൃത ശൈലിയില്‍ നടീല്‍വസ്തുക്കളെയും വളര്‍ത്തുപക്ഷികളെയും ഉല്‍പാദിപ്പിക്കുന്ന കുടുംബസംരംഭമാണിത്. ഈ രംഗത്തെ തട്ടിപ്പുകള്‍ക്കും ചൂഷണത്തിനും അറുതി വരുത്തുകയാണ് ലക്ഷ്യമെന്ന് സിഎഫ്‌സിസി ചെയര്‍മാന്‍ ജോയിമോന്‍ ബേബിച്ചന്‍ ചിറ്റിലപ്പള്ളി. 

കോവിഡ്കാലത്ത് കോഴിവളര്‍ത്തല്‍ ആരംഭിച്ച ഒട്ടേറെപ്പേര്‍ തട്ടിപ്പുകള്‍ക്ക് ഇരയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു തട്ടിപ്പിനു സ്വയം ഇരയായതാണ് ജോയിയെ പ്രകോപിപ്പിച്ചത്. അടയിരിക്കുന്ന നാടന്‍കോഴിയെ ഒരു വാട്‌സ്ഗ്രൂപ്പിലെ അറിയിപ്പനുസരിച്ചു വാങ്ങിയതായിരുന്നു അദ്ദേഹം. ഒരു വര്‍ഷമാകാറായിട്ടും കോഴി അടയിരുന്നില്ലെന്നു മാത്രം. 500 രൂപ വില നല്‍കിയ കോഴി അടയിരിക്കില്ലെന്ന് ഉറപ്പായതോടെ ജോയിക്ക് അടങ്ങിയിരിക്കാന്‍ പറ്റാതായി. ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഒരു ഗാര്‍ഹികസംരംഭകരുടെ ശൃംഖലയ്ക്കു രൂപം കൊടുത്തു. 

സിഎഫ്‌സിസി എന്ന ചാരിറ്റബിള്‍ സൊസൈറ്റിക്കു കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക. ജോയിമോന്റെ സഹോദരന്മാരുടെയും മറ്റ് കുടുംബാംഗങ്ങളുടെയുമൊക്കെ വീടുകളിലായിരുന്നു ആദ്യ യൂണിറ്റുകള്‍. പിന്നീട് കുടുംബസുഹൃത്തുക്കളും സ്‌നേഹിതരുമൊക്കെ ചേര്‍ന്ന സംരംഭകകൂട്ടായ്മയായി ഇതു വളരുകയായിരുന്നു. 

poultry-chicks-1

ഇപ്രകാരം 52 വീടുകളിലായി പ്രവര്‍ത്തിക്കുന്ന കോഫാമിങ് സെന്ററുകളാണ് സിഎഫ്‌സിസിയുടെ അടിസ്ഥാന ഉല്‍പാദനയൂണിറ്റ്. അധികവരുമാനം ആഗ്രഹിക്കുന്ന ചെറുകിടകര്‍ഷകരും വീട്ടമ്മമാരുമാണ്  സിഎഫ്‌സിസി സംരംഭകരിലേറെയും. അവര്‍ക്ക് തെരഞ്ഞെടുത്ത കോഴി, താറാവ്, ടര്‍ക്കി, ഗിനി ഇനങ്ങളുടെ മികച്ച മാതൃ- പിതൃശേഖരം നല്‍കുന്നു. അവയില്‍നിന്നും കൊത്തുമുട്ട ശേഖരിക്കുന്നത് നടത്തിപ്പുകാരുടെ ഉത്തരവാദിത്തമാണ്. ഈ മുട്ടകള്‍ സിഎഫ്‌സിസി ശേഖരിക്കും.

സൊസൈറ്റിക്കു കീഴില്‍ സംഭരിക്കുന്ന കൊത്തുമുട്ടകള്‍ അട വയ്ക്കാനായി പ്രത്യേക ഇന്‍ക്യുബേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ 45 ദിവസം വളര്‍ത്തി വലുതാക്കുന്നതും കോഫാമിങ് സെന്ററുകളില്‍ തന്നെ. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് ജോയിമോന്റെ ഭാര്യയും സിഎഫ്‌സിസി ട്രഷററുമായ ജ്യോത്സനയാണ്. കോഫാം നടത്തിപ്പുകാരായ വീട്ടമ്മമാര്‍ക്ക് മാസം തോറും നിശ്ചിതപ്രതിഫലം നല്‍കും. വന്‍കിടഫാമുകളോ ഇന്‍ക്യുബേഷന്‍ സൗകര്യങ്ങളോ ഇല്ലാതെതന്നെ പ്രജനനസംരംഭങ്ങള്‍ നടത്താമെന്ന് ഇവര്‍ കാണിച്ചുതരുന്നു. കൊങ്ങോര്‍പ്പള്ളിയിലെ ഓഫിസിനു മാത്രമാണ് പ്രത്യേകം സ്ഥലം കണ്ടെത്തേണ്ടി വന്നത്. വീട്ടമ്മമാരുടെ കോഴിക്കൂടുകള്‍ കോഫാമിങ് സെന്ററുകളായി മാറി. ഹാച്ചറിസൗകര്യം വാടകയ്‌ക്കെടുത്തു. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ 5 വാക്‌സിനുകളും കോഫാമിങ് സെന്ററുകളില്‍ നല്‍കും. നിശ്ചിതവളര്‍ച്ചയെത്തിയ കോഴിക്കുഞ്ഞുങ്ങളെ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് ആവശ്യക്കാരുടെ വീടുകളിലെത്തിച്ചു നല്‍കുന്നു. 

വാക്‌സിന്‍ നല്‍കിയ കോഴിക്കുഞ്ഞുങ്ങളാണെങ്കിലും അവയ്ക്കു വേണ്ടിവരാവുന്ന മരുന്നുകളുടെ കിറ്റും ഇതോടൊപ്പം സൗജന്യമായി വിതരണം ചെയ്യാറുണ്ട്. കൂട് മാറുമ്പോഴുണ്ടാകുന്ന സ്‌ട്രെസ് മൂലം കോഴികളുടെ ആരോഗ്യം അപകടത്തിലാവാതിരിക്കാന്‍ ഇത് ഉപകരിക്കുന്നു. മികച്ച വില്‍പനാനന്തരസേവനത്തിനായി ഉപഭോക്താക്കളുടെ വാട്‌സാപ് ഗ്രൂപ്പും സിഎഫ്‌സിസി ആരംഭിച്ചിട്ടുണ്ട്. 52 കര്‍ഷകരെ പൊതുബ്രാന്‍ഡിനു കീഴിലാക്കി അവര്‍ക്ക് സമൂഹമാധ്യമങ്ങളിലും മറ്റും മികച്ച പരസ്യം നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു. പഞ്ചായത്തുതലത്തില്‍ ഒതുങ്ങുമായിരുന്ന കര്‍ഷകര്‍ക്ക് കേരളമാകെ വിപണി സൃഷ്ടിക്കുകയാണ് സിഎഫ്‌സിസി.

കഴിഞ്ഞ വര്‍ഷം കര്‍ഷകദിനത്തില്‍ ആരംഭിച്ച ഈ സംരംഭത്തിനു വൈകാതെതന്നെ കിടാരികളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും ലഭ്യമാക്കാനും പദ്ധതിയുണ്ട്. മുട്ടയുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയും കേരളത്തിന്റെ തനതു ജനുസുകളുടെ സംരക്ഷണവുമായിരുന്നു ലക്ഷ്യം. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, തലശേരിനാടന്‍, കുട്ടനാടന്‍ താറാവ്, ഗിനി, ടര്‍ക്കി, കടക്‌നാഥ് കരിംകോഴി തുടങ്ങിയവയാണ് നിലവില്‍ സിഎഫ്‌സിസി വിതരണം ചെയ്യുന്നത്. 

ഗ്രാമശ്രീ ഇനത്തെ മറ്റൊരു മുട്ടക്കോഴി ഇനവുമായി സങ്കരണം നടത്തി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായി ജോയി അവകാശപ്പെട്ടു. കൂടുതല്‍ മുട്ടയുല്‍പാദനകാലവും വളര്‍ച്ചയുമുള്ള ഈയിനം ഗ്രാമശ്രീ ഗ്രോസ്റ്റര്‍ എന്ന പേരിലാണ് വിതരണം ചെയ്യുന്നത്. ഗാര്‍ഹികസംരംഭകരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ മാത്രമാണ് സിഎഫ്‌സിസി സ്വീകരിക്കുക. ഓരോ മാസവും സ്വീകരിക്കുന്ന ഓര്‍ഡറുകള്‍ അടുത്ത മാസം 10 മുതല്‍ വിതരണം ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ സിഎഫ്‌സിസി കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചു നല്‍കുന്നു. കുറഞ്ഞത് 40 കോഴിക്കുഞ്ഞുങ്ങളെ ആവശ്യപ്പെടുന്നവര്‍ക്ക് സമീപജില്ലകളാണെങ്കില്‍ വീടുകളില്‍ എത്തിക്കും. പഞ്ചായത്തുകളുടെയും സന്നദ്ധ പ്രസ്ഥാനങ്ങളുടെയും പ്രോജക്ടുകള്‍ക്കായി വന്‍കിട ഓര്‍ഡറുകളും സ്വീകരിക്കാറുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ സൊസൈറ്റി പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നത്. 

ഫോണ്‍: 9495722026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com