ADVERTISEMENT

ഇന്ത്യയിലാദ്യമായി കര്‍ഷകരുടെ സമഗ്രക്ഷേമം മുന്‍പില്‍ക്കണ്ട് കര്‍ഷകക്ഷേമ ബോര്‍ഡ് രൂപീകരിച്ച് അതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ്. കര്‍ഷകരെ എന്‍റോള്‍ ചെയ്ത് ക്ഷേമ ബോര്‍ഡ് അതിന്റെ എല്ലാ അര്‍ഥത്തിലും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയോടൊപ്പം കര്‍ഷകന്റെ വരുമാനം 50% കണ്ട് ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപനത്തില്‍ത്തന്നെ ഊന്നിപ്പറയുന്നു. ഇതിലേക്ക് കാര്‍ഷിക ഉല്‍പന്ന സംഭരണ, സംസ്‌കരണ, വിപണനം ശക്തീകരിക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പുതിയ ചെറുകിട ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍, അഗ്രോ ഫുഡ് പ്രോസസിങ് പാര്‍ക്കുകള്‍ ഇവ സ്ഥാപിച്ച് മൂല്യവര്‍ധന നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കുന്നു. അടുത്ത സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പച്ചക്കറി ഉല്‍പദനം വര്‍ധിപ്പിക്കുന്നതാണെന്നും നയം ഉറപ്പുനല്‍കുന്നു.

നടീല്‍ വസ്തുക്കളുടെ ലഭ്യത ഇപ്പോള്‍ ഒരു കാതലായ പ്രശ്‌നമാണ്. അഞ്ചു വര്‍ഷക്കാലയളവില്‍ നടീല്‍ വസ്തുക്കളുടെ ലഭ്യത ഇരട്ടിയാക്കി ഓണ്‍ലൈന്‍ ലഭ്യത ഉറപ്പു വരുത്തും, ഓണ്‍ലൈന്‍ ബുക്കിങ്ങും ഉറപ്പ് വരുത്തും. അതോടൊപ്പം നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്താന്‍ പുതിയ നഴ്‌സറി നിയമം ഉണ്ടാക്കുന്നതാണ്. 

അടിസ്ഥാന വില പ്രഖ്യാപനം നടത്തിയ വിളകളുടെ വില പരിഷ്‌കരണം കൃഷിച്ചെലവ് വര്‍ധന അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും നടപ്പിലാക്കുന്നതാണ്. പച്ചിലക്കറികളും മറ്റു പോഷകമൂല്യമുള്ള പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യിക്കാന്‍ മാതൃകാ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കും. 

നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ സമഗ്ര പദ്ധതി നടപ്പിലാക്കാന്‍ ബ്ലോക്ക് തലത്തില്‍ മോണിറ്ററിങ് സമിതികള്‍ രൂപീകരിക്കണം. ബ്ലോക്ക് തലത്തില്‍ സംശയ നിവാരണത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോള്‍ സെന്റര്‍ സ്ഥാപിക്കും. നഗര കേന്ദ്രീകൃത കൃഷി ലോകമെങ്ങും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

ഒരുപക്ഷേ കംപ്യൂട്ടര്‍ വല്‍കരണം ആദ്യം നടപ്പാക്കിയ വകുപ്പുകളിലൊന്നായ കൃഷി വകുപ്പില്‍ ഫയല്‍ നീക്കവും മോണിറ്ററിങ്ങും അപേക്ഷിക്കലും എല്ലാം ഇപ്പോഴും പരമ്പരാഗത രീതിയിലാണ് നടപ്പാക്കുന്നത്. ഇതിനു മാറ്റം വരുത്തി കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കി സമഗ്ര ആധുനികവല്‍കരണം കൊണ്ടുവരും.

സഹകരണ മേഖലയില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ യുവജന സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് കൃഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ ഇടപെടല്‍ നടത്തും. സംസ്ഥാനമാകെ പ്രവര്‍ത്തന പരിധിയുള്ള  ഒരു നെല്ല് സഹകരണ സംഘം രൂപീകരിച്ച് പാലക്കാട് റൈസ് മില്‍ മാതൃകയില്‍ സമഗ്ര നെല്‍ സംസ്‌കരണത്തിന് രണ്ട് ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കും. 

കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തില്‍ ക്ലൈമറ്റ് റീ സീലിയന്റ് ഫാമിങ് എന്ന പദ്ധതി കൂടുതല്‍ വിപുലീകരിച്ച് നടപ്പിലാക്കും. ഇത് സംസ്ഥാനത്തിന് ഒരു മാതൃക എന്ന രീതിയില്‍ വികസിപ്പിച്ചെടുക്കും. കാലാവസ്ഥാ വ്യതിയാനം മറികടക്കുന്നതിന് ഒരു കര്‍മ്മ പദ്ധതി പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കും. 

നെല്ല് സംഭരണത്തിലെ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിച്ച് കൂടുതല്‍ കര്‍ഷക കേന്ദ്രീകൃതമാക്കും. ഭക്ഷ്യയോഗ്യമായ നാണ്യവിളകള്‍ മൂല്യവര്‍ധന നടത്തി സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പന നടത്താന്‍ സൗകര്യമൊരുക്കും. സര്‍ക്കാര്‍ കോളജുകളിലും സ്‌കൂളുകളിലും വിദ്യാവനം എന്ന പേരില്‍ ചെറു വനങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കും. 

എല്ലാ കൃഷി വികസന പരിപാടികളും തണ്ണീര്‍ത്തട അടിസ്ഥാനത്തിലാണെന്ന് നടപ്പാക്കുന്നതെന്ന് ഉറപ്പ് വരുത്തും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം നടത്താന്‍ സഹകരണ വകുപ്പിന്റെ കീഴില്‍ ഈ പ്ലാറ്റ്‌ഫോം വികസിപ്പിക്കും.

ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഹകാരികളുടെയും കര്‍ഷക കൂട്ടായ്മകളുടെയും ഗുണത്തിനായി കമ്യൂണിറ്റി ബേഡ്‌സ് മൈക്രോ ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കും. കെ.എം. മാണിയുടെ ഓര്‍മ്മയ്ക്കായി നാണ്യവിളകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നിലവിലുള്ള ലിഫ്റ്റുമായി ബന്ധപ്പെടുത്തി മലയോര മേഖലയില്‍ കൂടി വ്യാപകമാക്കും. 

ചിറ്റൂരില്‍ പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സാമൂഹിക സൂക്ഷ്മജലസേചന പദ്ധതിയുടെ സംസ്ഥാനമൊട്ടുക്കുമുള്ള വ്യാപനമാണ് ഇതിലൂടെ സാക്ഷാല്‍കരിക്കുന്നത്. തെങ്ങ്, കുരുമുളക്, ജാതി, മാവ്, കാപ്പി, ഏലം തുടങ്ങി എല്ലാ വിളകളിലും ഇതു വ്യാപകമാക്കും. അന്തര്‍ സംസ്ഥാന നദീതല തര്‍ക്കങ്ങള്‍ പരിഹരിച്ച് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ജലം ലഭ്യമാകുന്ന രീതിയില്‍ നടപ്പിലാക്കും.

English summary: Governor speech about agriculture sector at kerala assembly 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com