ഒരു പശുവിന്റെ പാല്‍ 3 സംഘങ്ങളില്‍ അളന്നപ്പോള്‍ 3 റീഡിങ്: ആര്‍ക്കാണ് കുഴപ്പം? പശുവിനോ? കര്‍ഷകനോ?

HIGHLIGHTS
  • കാലിവളര്‍ത്തല്‍ ഉപേക്ഷിച്ച ഒരു ഗ്രാമം
  • സ്ഥിരമായി പാല്‍ അളന്നില്ലെങ്കിലും അവഗണന
milk-3
SHARE

സംരക്ഷണമില്ലാത്ത മൃഗസംരക്ഷണമേഖല-1

മൃഗസംരക്ഷണം കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വരുമാനസ്രോതസാണ്. കോവിഡ് 19 ലോകവ്യാപകമായപ്പോള്‍, കേരളം ആദ്യ ലോക്ഡൗണിലേക്ക് പോയപ്പോള്‍ കരുത്തോടെ പിടിച്ചുനിന്നത് മൃഗസംരക്ഷണമേഖലതന്നെയായിരുന്നു. അതുകൊണ്ടുതന്നെ ജോലി നഷ്ടപ്പെട്ട പലരും തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ തിരഞ്ഞെടുത്തതും മൃഗസംരക്ഷണമായിരുന്നു. എന്നാല്‍, എന്താണ് ഇപ്പോഴത്തെ സ്ഥിതി? വിലക്കയറ്റംകൊണ്ടും ഉല്‍പാദനച്ചെലവിലെ വര്‍ധനകൊണ്ടും ഉല്‍പന്നങ്ങള്‍ക്ക് വിലയില്ലാത്തതുകൊണ്ടും നട്ടം തിരിയുന്ന എല്ലാകര്‍ഷകരുടെയും കൂട്ടത്തിലാണ് മൃഗസംരക്ഷണമേഖലയിലെ കര്‍ഷകരുമുള്ളത്. കന്നുകാലി, ആട്, മുയല്‍, പന്നി എങ്ങിങ്ങനെ മൃഗസംരക്ഷണമേഖലയിലെ എല്ലാ വിഭാഗവും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. 

ക്ഷീരകര്‍ഷകര്‍ ഒരു പ്രശ്‌നത്തെ അഭിമുഖീകരിച്ച് മുന്നോട്ടുവന്നപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കി, ആടു വളര്‍ത്താന്‍ സര്‍ക്കാര്‍ പ്രോത്സാപ്പിക്കുന്നുണ്ടെങ്കിലും അതിനെ മുഴുവന്‍ സമയ കാര്‍ഷിക സംരംഭമാക്കി സര്‍ക്കാര്‍ കണക്കാക്കിയിട്ടുപോലുമില്ല. മുയലും പന്നിയും കാര്യമായ സംരക്ഷണമേ ഇല്ലാത്ത വിഭാഗങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വിശദമായി പങ്കുവയ്ക്കാതിരിക്കാന്‍ കഴിയില്ല. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളും ചൂഷണങ്ങളും കര്‍ഷകര്‍ക്കുവേണ്ടി കര്‍ഷകശ്രീ പങ്കുവയ്ക്കുകയാണ് 'സംരക്ഷണമില്ലാത്ത മൃഗസംരക്ഷണമേഖല' എന്ന പരമ്പരയിലൂടെ.

പാലു വേണം പക്ഷേ...

കേരളത്തിലെ മലബാര്‍ മേഖലയിലുള്ള ക്ഷീരകര്‍ഷകര്‍ മേയ് 18 മുതല്‍ അനുഭവിച്ചത് വലിയ ബുദ്ധിമുട്ടുകളാണ്. പാല്‍ സംഭരണം 60 ശതമാനമാക്കി കുറയ്ക്കുകയും ഉച്ചകഴിഞ്ഞുള്ള പാല്‍സംഭരണം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്ത മലബാര്‍ മില്‍മയുടെ തീരുമാനം കര്‍ഷകപ്രതിഷേധങ്ങളുടെയും കോടതി വിധിയുടെയും പശ്ചാത്തലത്തില്‍ 5 ദിവസങ്ങള്‍ക്കുശേഷം പിന്‍വലിച്ചു. പാല്‍ സംഭരണം തടസപ്പെട്ട ഈ 5 ദിവസം കര്‍ഷകര്‍ അനുഭവിച്ച ക്ലേശങ്ങള്‍ കുറച്ചൊന്നുമല്ല. ആ പ്രശ്‌നം അവസാനിച്ചപ്പോള്‍ അടുത്ത പ്രശ്‌നങ്ങള്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ പല ഭാഗത്തും ഉയര്‍ന്നുവരുന്നുണ്ട്. 

milk-4
ചളവറയിലെ സംഭവത്തില്‍നിന്ന്

പാലക്കാട് ചളവറയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രശ്‌നങ്ങള്‍ കേരളത്തിലെ പല ക്ഷീരസംഘങ്ങളിലും പാലളക്കുന്ന കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ്. പാലിലെ ഖരപദാര്‍ഥങ്ങളുടെ അളവ് (എസ്എന്‍എഫ്) 8.3ക്ക് മുകളിലുള്ള പാല്‍ മാത്രം ശേഖരിച്ചാല്‍ മതിയെന്നും അതിനു താഴെയുള്ള പാല്‍ സംഭരിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ചളവറ ക്ഷീരോല്‍പാദക സഹകരണസംഘത്തിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഒട്ടേറെ കര്‍ഷകരുടെ പാല്‍ സംഭരിച്ചില്ല. കര്‍ഷകരും മില്‍മ ജീവനക്കാരും ക്ഷീരസംഘം പ്രവര്‍ത്തരും തമ്മില്‍ വാക്കേറ്റവും ബലപ്രയോഗവും നടക്കുകയും ചെയ്തു. പാല്‍ ക്ഷീരസംഘം ഓഫീസിന്റെ മുന്നിലൊഴിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു. 2 ദിവസത്തിനുശേഷം മുഴുവന്‍ പാലും സംഭരിക്കാന്‍ തുടങ്ങി. ഇത് ചളവറയിലെ മാത്രം പ്രശ്‌നമല്ല. വരും നാളുകളില്‍ കര്‍ഷകര്‍ക്കു ബുദ്ധിമുട്ടായേക്കാവുന്ന വലിയ പ്രശ്‌നത്തിന്റെ തുടക്കമാണ്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തിലുണ്ടായിരുന്ന ഉല്‍പാദനം കുറഞ്ഞ പശുക്കളല്ല ഇന്നുള്ളത്. അത്യുല്‍പാദനശേഷിയുള്ള സങ്കര ഇനങ്ങളാണ്. അതുകൊണ്ടുതന്നെ പാലുല്‍പാദനം കുടുന്തോറും കൊഴുപ്പ് കുറയുക സ്വാഭാവികം. സങ്കര ഇനം പശുക്കളില്‍ കൊഴുപ്പു കൂടുതലുള്ളത് പാലുല്‍പാദനം കുറയുന്ന സമയത്താണ്, അതായത് വറ്റുകാലത്ത്. ഇളം കറവ കാലത്ത് കൊഴുപ്പ് പൊതുവേ കുറവായിരിക്കുകയും ചെയ്യും. പശുവിനെ കറന്ന് അപ്പോള്‍ത്തന്നെ പാല്‍ സൊസൈറ്റികളില്‍ എത്തിക്കാതെ, പാലിലെ ചൂട് കുറഞ്ഞതിനുശേഷം എത്തിക്കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കണം.

milk-2
ക്ഷീരസംഘം പാല്‍ എടുക്കില്ലാ എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കര്‍ഷകന്‍ പാല്‍ നിലത്തൊഴിച്ചു പ്രതിഷേധിക്കുന്നു.

സ്ഥിരമായി പാല്‍ അളന്നില്ലെങ്കിലും അവഗണന

സൊസൈറ്റികളില്‍ മാത്രം പാല്‍ നല്‍കി ജീവിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ കര്‍ഷകര്‍ ഒന്നടങ്കം സമ്മതിക്കും. സത്യത്തില്‍ മിക്ക കര്‍ഷകരും പിടിച്ചുനില്‍ക്കുന്നത് പാലിന്റെ ചില്ലറ വില്‍പനയിലൂടെയാണ്. ചില്ലറ വില്‍പനയ്ക്കുശേഷം അധികമുള്ള പാല്‍ കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്നു. ചില്ലറ വില്‍പനയിലൂടെ 48 രൂപ കര്‍ഷകര്‍ക്കു ലഭിക്കുമ്പോള്‍ സംഘങ്ങളില്‍നിന്ന് ലഭിക്കുക ശരാശരി 35 രൂപയായിരിക്കും. 

എന്നാല്‍, ഇതിനെ എതിര്‍ക്കുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. നിങ്ങള്‍ പാല്‍ സംഘങ്ങളിലെത്തിക്കൂ ഞങ്ങള്‍ നാട്ടുകാര്‍ക്ക് വിറ്റുകൊള്ളാമെന്നാണ് ഇവര്‍ പറയുന്നത്. ചില്ലറ വിതരണം നടത്തുന്നവരുടെ പാല്‍ സംഭരിക്കാത്ത സംഘങ്ങളുമുണ്ട്. അത്തരത്തില്‍ ഏറ്റവുമൊടുവില്‍ പ്രതിഷേധത്തിന് ഇറങ്ങിത്തിരിച്ച കര്‍ഷകനാണ് തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ശിവശങ്കരന്‍. പശുക്കളെ വളര്‍ത്തി പാല്‍വില്‍പനയിലൂടെ മുന്നോട്ടുപോകുന്ന ശിവശങ്കരനോട് ഇനി പാല്‍ കൊണ്ടുവരണ്ട എന്നാണ് താന്ന്യം ക്ഷീരവ്യവസായ സഹകരണ സംഘം പറഞ്ഞിരിക്കുന്നതെന്ന് മകന്‍ സായൂജ് പറയുന്നു. വര്‍ഷങ്ങളായി സംഘത്തില്‍ അംഗത്വമുള്ള ശിവശങ്കരന് ഈ വര്‍ഷം മുതല്‍ പാല്‍ അളക്കാന്‍ സംഘം അനുമതി നല്‍കിയിരുന്നതാണെന്നും സായൂജ് പറയുന്നു. പാല്‍ അളക്കാത്തതിനെത്തുടര്‍ന്ന് ക്ഷീരസംഘത്തിന്റെ മുന്നില്‍ പാലൊഴിച്ചായിരുന്നു 60 കഴിഞ്ഞ ഈ കര്‍ഷകന്റെ പ്രതിഷേധം.

കാലിവളര്‍ത്തല്‍ ഉപേക്ഷിച്ച ഒരു ഗ്രാമം

ഇങ്ങനെയും ഒരു ഗ്രാമമുണ്ട്, ഇടുക്കി കുഞ്ചിത്തണ്ണിക്കടുത്ത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലും വരുമാനമാര്‍ഗമാക്കിയ ഒരു കാര്‍ഷിക ഗ്രാമത്തില്‍ ഇന്ന് പശുവിനെ വളര്‍ത്തുന്നത് രണ്ടോ മൂന്നോ പേര്‍ മാത്രം. അതും ആ നാട്ടിലുള്ളവര്‍ക്കുവേണ്ടി മാത്രം. ഇവിടെയുണ്ടായിരുന്ന പാല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. പശുവിനെ വളര്‍ത്തിയാല്‍ സംഘത്തിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ പോകണം. അതുകൊണ്ടുതന്നെ പശുവളര്‍ത്തല്‍ ക്രമേണ ഗ്രാമത്തിലെ കര്‍ഷകര്‍ അവസാനിപ്പിച്ചു. 

കര്‍ഷകര്‍ തന്നെ രൂപീകരിച്ച സംഘത്തിന് തമിഴ്‌നാട്ടില്‍നിന്ന് പാല്‍ എത്തുന്നുണ്ടെന്നാണ് കര്‍ഷകര്‍തന്നെ പറയുന്നത്. കുറഞ്ഞ വിലയ്ക്ക് പാല്‍ എത്തിച്ച് കൂടുതല്‍ വിലയ്ക്ക് പായ്ക്ക് ചെയ്തു വില്‍ക്കുന്നതിനാല്‍ കര്‍ഷകരുടെ പാല്‍ സംഭരിക്കാന്‍ ഇത്തരക്കാര്‍ക്ക് മടിയാണ്. നിങ്ങള്‍ പശുവിനെ വളര്‍ത്തണ്ട, പാല്‍ ഞങ്ങള്‍ തരാം എന്നാണ് ഇത്തരം സംരംഭങ്ങളുടെ ആപ്തവാക്യം.

milk
3 സംഘങ്ങളില്‍ അളക്കാന്‍ എടുത്ത ഒരു ലീറ്റര്‍ പാല്‍ അടങ്ങിയ കുപ്പികള്‍

ഒരു പശുവിന്റെ പാല്‍ 3 സംഘങ്ങളില്‍ അളന്നപ്പോള്‍ 3 റീഡിങ്

കാലഹരണപ്പെട്ട ഉപകരണങ്ങളും വെയിങ് മെഷീനുകളുമാണ് പല ക്ഷീരസംഘങ്ങളിലുമുള്ളത്. കൃത്യമായ അറ്റകുറ്റപ്പണികളോ റീഡിങ് പരിശോധനയോ ഉണ്ടാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഒരു പശുവിന്റെ പാല്‍ ഒരു ലീറ്റര്‍ വീതം 3 സംഘങ്ങളില്‍ അളന്നപ്പോള്‍ ഒരു കര്‍ഷകന് ലഭിച്ച റീഡിങ്ങുകള്‍. 1.02 ലീറ്റര്‍ പാലാണ് ഇതിനുവേണ്ടി എടുത്ത ഒരു കുപ്പിയിലുള്ളത്. അത് അളന്നപ്പോള്‍ 900 ഗ്രാം, 1.01 കിലോ, 1.03 കിലോ എന്നിങ്ങനെയാണ് തൂക്കം ലഭിച്ചത്. ചില സംഘങ്ങളില്‍ ഗ്രാമുകള്‍ പരിഗണിക്കാറില്ല. 950 ഗ്രാം ഉണ്ടെങ്കിലും 900 ഗ്രാം എന്നുമാത്രമേ റീഡിങ്ങില്‍ കാണിക്കൂ. അതുകൊണ്ടുതന്നെ കര്‍ഷകന് നഷ്ടംതന്നെ വരും. ഇതുതന്നെയാണ് ഫാറ്റ്, എസ്എന്‍എഫ് പരിശോധനാ ഉപകരണങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. 

milk-1
ഒരു പശുവിന്റെ പാല്‍ 3 സംഘങ്ങളില്‍ അളന്നപ്പോള്‍ ലഭിച്ച കൊഴുപ്പും എസ്എന്‍എഫും.

അതുകൊണ്ടുതന്നെ കര്‍ഷകര്‍ ചോദിക്കുകയാണ് സത്യത്തില്‍ ക്ഷീരസംഘങ്ങള്‍ക്കൊണ്ട് ആര്‍ക്കാണ് പ്രയോജനം? കര്‍ഷകനോ ഉപഭോക്താക്കള്‍ക്കോ?

കന്നുകാലിവളര്‍ത്തലിലൂടെ വരുമാനം നേടുന്ന ഒട്ടേറെ കര്‍ഷകര്‍ കേരളത്തിലുണ്ട്. യുവാക്കളും ഈ മേഖലയിലെ സ്ഥിര സാന്നിധ്യമാണ്. എന്നാല്‍, വിവാഹ കമ്പോളത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് ഇല്ലെന്ന് യുവ കര്‍ഷകര്‍ വേദനയോടെ പറയുന്നു. അതേക്കുറിച്ച് നാളെ

English summary: Problems in Animal Husbandry Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA