ADVERTISEMENT

(ക്ഷീരസ്വയംപര്യാപ്തതയിലേക്ക് കേരളത്തിന് ഇനി എത്ര ദൂരം?- പരമ്പര തുടരുന്നു) 

ക്ഷീരാരോഗ്യമേഖല ക്ഷീണിക്കരുത്...

കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവനം ലഭിക്കുന്ന വിധം മൃഗസംരക്ഷണവകുപ്പിനെ നവീകരിക്കുകയും ആധുനീകരിക്കുകയും വേണമെന്ന ആവശ്യം വകുപ്പിനകത്തുനിന്നും പുറത്തുനിന്നും ഏറെ കാലമായി ഉയരുന്ന ഒന്നാണ്. തദ്ദേശസ്വയഭരണസ്ഥാപനങ്ങള്‍ പ്രത്യേകം പരിഗണന നല്‍കിയതിനാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും മൃഗാശുപത്രികള്‍ക്ക് താരതമ്യേന മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, അതോടൊപ്പം തന്നെ സേവനങ്ങളും കാര്യക്ഷമാക്കാന്‍ കഴിയേണ്ടതുണ്ട്. കാര്യക്ഷമമായ സേവനം ഉറപ്പാക്കണമെങ്കില്‍ ഭൗതികസാഹചര്യങ്ങള്‍ക്കൊപ്പം ആവശ്യമായ മനുഷ്യവിഭവശേഷിയും മൃഗസംരക്ഷണവകുപ്പിന് വേണ്ടതുണ്ട്. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പതിറ്റാണ്ടുകള്‍ മുന്‍പുള്ള പരിമിതമായ ഉദ്യോഗസ്ഥ പാറ്റേണിലാണ് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലത്തിലുള്ള മൃഗാശുപത്രികള്‍ ഇന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്.   ഈയിടെ പുറത്തുവന്ന 20-ാം കന്നുകാലി സെന്‍സസ് റിപ്പോര്‍ട്ട് കേരളത്തിലെ കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധന വന്നതായി കണ്ടെത്തിയെങ്കിലും അതിനനുസൃതമായ കാലോചിതമായ മാറ്റം മൃഗസംരക്ഷണവകുപ്പില്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. 

മൃഗങ്ങളുടെ ചികിത്സ, സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വിവിധ പദ്ധതികളുടെ നടത്തിപ്പ്, മാസ്സ് വാക്‌സിനേഷനുകള്‍, വിജ്ഞാനവ്യാപനം, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഇങ്ങനെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു വെറ്ററിനറി ഡോക്ടര്‍ക്ക് ഏറ്റെടുക്കേണ്ട ചുമതലകള്‍ ഏറെയാണ്. ജോലിഭാരത്തിനൊപ്പം ഉദ്യോഗസ്ഥക്ഷാമവും ചേരുന്നതോടെ ചികിത്സാസേവനങ്ങള്‍ക്ക് മാറ്റിവെക്കണ്ട സമയം സ്വാഭാവികമായും കുറയുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെയും മറ്റ് ഉത്തരവാദിത്തങ്ങളുടെയും  കാര്യക്ഷമതയും കുറയുന്നു. വെറ്ററിനറി ഹോസ്പിറ്റലുകളില്‍ മതിയായ എണ്ണം ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ക്ലറിക്കല്‍ ജോലികളുടെ വരെ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ ചുമലിലേറ്റേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. 

ഇക്കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് വകയിരുത്തിയ പദ്ധതി വിഹിതത്തില്‍ ചെറുതല്ലാത്ത ഒരു ശതമാനം തുകയും, നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടില്‍  ഒരു ഭാഗവും  ചെലവഴിക്കാന്‍ കഴിയാതെ തിരിച്ചടക്കേണ്ടി വന്നത് മൃഗസംരക്ഷണവകുപ്പില്‍ നിലനില്‍ക്കുന്ന മനുഷ്യവിഭവശേഷിയുടെ അപര്യാപ്തതയുമായിചേര്‍ത്ത് വായിക്കണം. മൂവായിരവും നാലായിരവും അതിലധികവും പശുക്കള്‍ ഉള്ള (മറ്റ് വളര്‍ത്തുമൃഗങ്ങളും പക്ഷികളും ഇതിനു പുറമെയുണ്ട് ) പഞ്ചായത്തുകളില്‍ പോലും ഒരേയൊരു വെറ്ററിനറി ഡോക്ടര്‍ മാത്രമുള്ള അതിപരിതാപകരമായ സാഹചര്യവും നിലവിലുണ്ട്. ഓരോ പഞ്ചായത്തുകള്‍ക്കും മൃഗസമ്പത്തിന്റെ അടിസ്ഥാനത്തില്‍ മൃഗചികിത്സാസേവനം ഉറപ്പാക്കുന്നതില്‍ വരുന്ന ഈ പാളിച്ച ഡോക്ടര്‍മാരെയും കര്‍ഷകരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. 

തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും പ്രശ്‌നങ്ങളും പൊതുജനങ്ങളുടെ ഇടയില്‍ നിന്നും അടുത്തകാലത്തായി വ്യാപകമായി വരുന്നതിന്റെ കാരണവും വകുപ്പില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവും ജോലിഭാരവും തന്നെ. കൃത്രിമ ബീജദാനം ഉള്‍പ്പെടെ മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന സേവനങ്ങളിലേക്ക് സ്വകാര്യ സംവിധാനങ്ങളുടെ കടന്നുകയറ്റം, സാഹചര്യം മുതലാക്കി അത്തരം ഏജന്‍സികളും വ്യക്തികളും നടത്തുന്ന കര്‍ഷക ചൂഷണം, അനുമതിയില്ലാതെ സ്വകാര്യവ്യക്തികള്‍ നടത്തുന്ന കൃത്രിമബീജദാന പ്രവര്‍ത്തനങ്ങള്‍ വഴി നമ്മുടെ നാട്ടിലെ പശുക്കളില്‍ ഇതുവരെ കണ്ടുവന്നിട്ടില്ലാത്ത രോഗങ്ങളുടെ വ്യാപനം, വ്യാജചികിത്സ പെരുകുന്നത് മൂലം കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന ഭീമമായ നഷ്ടം തുടങ്ങിയ പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനകാരണം മൃഗസംരക്ഷണവകുപ്പില്‍ ആവശ്യമായ വിധത്തില്‍  'മാന്‍ പവര്‍' ഇല്ലാത്തത് തന്നെയാണ്. നമ്മുടെ നാടും കര്‍ഷകരും അവരുടെ പശുക്കളും  ഉല്പാദനവും സൗകര്യങ്ങളും എല്ലാം മാറിയെങ്കിലും മാറാന്‍ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ് മൃഗസംരക്ഷണവകുപ്പ് എന്ന വസ്തുത പറയാതിരിക്കാന്‍ കഴിയില്ല. 

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ സേവനം ഉറപ്പുവരുത്തുന്നതിനായി കര്‍ഷകസൗഹൃദവും കാലാനുസൃതവുമായ രീതിയില്‍ മൃഗസംരക്ഷണവകുപ്പിന്റെ സമഗ്രമായി പുനഃസംഘടന ഇനി വൈകരുത്. ആദരണീയനായ ഗവര്‍ണര്‍ ഇക്കഴിഞ്ഞ ആഴ്ച നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കും എന്ന് പ്രഖ്യപിച്ചതിന്റെ മാതൃകയില്‍ മൃഗാശുപത്രികളെയും കാലാനുസൃതമായ ഒരു സമഗ്രപുനഃസംഘടന വഴി സ്മാര്‍ട്ട് ആക്കി മാറ്റേണ്ടതുണ്ട്. ഈ വിഷയം വര്‍ഷങ്ങള്‍ എടുത്ത് ഗൗരവമായി പഠിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത സംഘടനകളും സമിതികളും സമര്‍പ്പിച്ച നിരവധി പുനഃ സംഘടനാനിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. 

കര്‍ഷകപക്ഷത്തുനിന്ന് അവ നടപ്പിലാക്കാനുള്ള ധീരമായ നടപടികള്‍ മാത്രമാണ് ഇനി വേണ്ടത്. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും വലിയ വികസനമാണ് ഗവണ്‍മെന്റ് ഇപ്പോള്‍ നടത്തുന്നത്. മനുഷ്യരുടെ ആരോഗ്യത്തിനും ജീവനുമൊപ്പം അവരുടെ ജീവനോപാധിക്കും പരിഗണനയും പ്രോത്സാഹനവും നല്‍കുന്ന രൂപത്തില്‍ നമ്മുടെ നയങ്ങള്‍ മാറേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇത്തരം ആര്‍ജവമുള്ള നടപടികള്‍ ക്ഷീര -മൃഗസംരക്ഷ സ്വയംപര്യാപതതയിലേക്ക് ചുവടുവെക്കുന്ന നമ്മുടെ നാടിനും കര്‍ഷകര്‍ക്കും നല്‍കുന്ന ആത്മവിശ്വാസവും ഊര്‍ജവും ചെറുതായിരിക്കില്ല.

എനര്‍ജി നഷ്ടപ്പെട്ട് എമര്‍ജന്‍സി സര്‍വീസ്

മൃഗാശുപത്രികളുടെ സേവനം പകല്‍ മാത്രമായതിനാല്‍ രാത്രികാലങ്ങളില്‍ കര്‍ഷകരുടെ വീട്ടുപടിയ്ക്കല്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് രാത്രികാല എമര്‍ജന്‍സി വെറ്ററിനറി സര്‍വീസ്. രാജ്യത്ത് തന്നെ ഇത്തരം ഒരു കര്‍ഷക സൗഹ്യദ പദ്ധതി ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. നട്ടപാതിരായാവട്ടെ പുലര്‍ച്ചയാവട്ടെ  കര്‍ഷകന്റെ ഒരൊറ്റ ഫോണ്‍ കാളില്‍ തന്നെ ഡോക്ടറുടെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാവുന്നത് കര്‍ഷകര്‍ക്ക് നല്‍കുന്ന കൈത്താങ്ങ് ചെറുതല്ല. പ്രത്യേകിച്ച് ക്ഷീരമേഖലയില്‍ നൈറ്റ് എമര്‍ജന്‍സി സേവനം വലിയ ആശ്വാസമായി മാറി. നടപ്പിലാക്കിയ ബ്ലോക്കുകളിലെല്ലാം രാത്രികാല എമര്‍ജന്‍സി വെറ്ററിനറി സേവന പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് ഡോക്ടര്‍മാരുടെ കൂടുതല്‍ താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നിലവില്‍ നൈറ്റ് എമര്‍ജന്‍സി സര്‍വീസിലെ ഡോക്ടര്‍മാരുടെയും അറ്റന്‍ഡര്‍മാരുടെയും താല്‍കാലിക തസ്തികകളില്‍ ഭൂരിഭാഗവും സംസ്ഥാനത്ത് നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. 

മുന്‍കാലങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ നേരിട്ട് അഭിമുഖം നടത്തിയാണ് ഡോക്ടര്‍മാരെ  തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എസ്‌ക്‌ചേഞ്ച് വഴിയാണ് നിയമനനടപടികള്‍. എംപ്ലോയ്‌മെന്റ് എസ്‌ക്‌ചേഞ്ച് നടപടിക്രമങ്ങളിലെ സ്വാഭാവിക കാലതാമസം നിയമനങ്ങള്‍ വൈകാനും തസ്തിക ദീര്‍ഘകാലം ഒഴിഞ്ഞു കിടക്കാനും വഴിയൊരുക്കുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം തന്നെ സഹായികളായി അറ്റന്‍ഡര്‍മാരെയും നിയമിക്കണമെന്നാണ് നിര്‍ദേശമെങ്കില്‍ അതിനും നടപടികളും ഉണ്ടാവുന്നില്ല. സര്‍ക്കാര്‍ നടപടികളില്‍ വരുന്ന കാലതാമസത്തിന് വില നല്‍കേണ്ടി വരുന്നത് പാവപ്പെട്ട കര്‍ഷകരാണ്.  സംസ്ഥാനത്ത് ഒരിടത്തും ഒരൊറ്റ ദിവസം പോലും വെറ്ററിനറി ഡോക്ടറുടെ സേവനം മുടങ്ങാത്ത രീതിയില്‍ നൈറ്റ് എമര്‍ജന്‍സി സര്‍വീസ് കാര്യക്ഷമമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ നൈറ്റ് എമര്‍ജന്‍സി സര്‍വീസ് കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ ഇപ്പോള്‍ വന്നിട്ടുള്ള വീഴ്ചകളെ കുറിച്ച് പഠിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് തലത്തില്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കണം. കര്‍ഷകസൗഹ്യദ പദ്ധതികളുടെ ലക്ഷ്യങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന കാരണങ്ങള്‍ എന്താണങ്കിലും അത് കണ്ടെത്തി തിരുത്തേണ്ടതുണ്ട്.

വേണം കൂടുതല്‍ കിടാരി പാര്‍ക്കുകള്‍, മൃഗസംരക്ഷണ ചെക്ക് പോസ്റ്റുകള്‍ കാര്യക്ഷമമാവണം 

പശുക്കളുടെ വാങ്ങുന്നതിനായി കേരളത്തില്‍നിന്ന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. മാത്രമല്ല, ക്ഷീരസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് തന്നെ പശുക്കളെ കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം. സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഈ നിര്‍ദ്ദേശം പാലിക്കണമെന്നതുകൊണ്ട് കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പശുക്കളെ വാങ്ങാന്‍ നിര്‍ബന്ധിതരായിതീരുന്നു. കേരളത്തില്‍ പശുക്കളെ ലഭ്യമാക്കാന്‍ തമിഴ്‌നാട്, കര്‍ണ്ണാടക കേന്ദ്രീകരിച്ച് ലോബികളും സജീവമാണ്. 

കേരളത്തിലെ കന്നുകാലി സമ്പത്തും, പാലുല്‍പ്പാദനവും ഉയര്‍ത്തുക എന്നതാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് തന്നെ പശുക്കളെ കണ്ടെത്തണമെന്ന നിര്‍ദ്ദേശത്തിന്റെ ലക്ഷ്യമെങ്കിലും ഫലം നേരെ വിപരീതമാണ്. പ്രത്യേകിച്ച് ആരോഗ്യപരിശോധനകളൊന്നും കൂടാതെ നമ്മുടെ തൊഴുത്തുകളില്‍ എത്തുന്ന ഈ മറുനാടന്‍ പശുക്കള്‍ വലിയൊരു ശതമാനത്തിനും പ്രതീക്ഷിച്ച ഉല്‍പ്പാദനം ലഭിക്കുന്നില്ല എന്നതാണ്  വാസ്തവം. തൈലേറിയ, അനാപ്ലാസ്മ, ബബീസിയ, ട്രിപ്പാനോസോംസ് തുടങ്ങിയ രക്താണുരോഗങ്ങളുടെ നിരക്കും ഈ പശുക്കളില്‍ കൂടുതലാണ്. വാങ്ങി വീട്ടിലെത്തിച്ചതിന്റെ പിറ്റെ ദിവസം മുതല്‍ രോഗങ്ങള്‍ തലപൊക്കും. ഗുരുതരമായ അണുബാധകള്‍ ആയതിനാല്‍ ചികിത്സാച്ചെലവുമേറും. 

മറുനാട്ടില്‍നിന്നുമെത്തുന്ന പശുക്കളെ പരിശോധിക്കാനോ കുറച്ച് ദിവസങ്ങള്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനോ നമ്മുടെ മൃഗസംരക്ഷണ ചെക്ക് പോസ്റ്റുകളില്‍ സൗകര്യമില്ലെന്ന യാഥാര്‍ഥ്യവും ഇതിനൊപ്പം അറിയണം. ഭൂരിഭാഗം ചെക്ക്‌പോസ്റ്റുകളിലും മതിയായ ഉദ്യോഗസ്ഥരോ അടിസ്ഥാന സൗകര്യങ്ങളോ പരിശോധന സംവിധാനങ്ങളോ ഇല്ല. ആകെയുള്ള 18 മൃഗസംരക്ഷണ ചെക്ക് പോസ്റ്റുകളില്‍ വെറും രണ്ടിടത്ത് മാത്രമാണ് പരിശോധനയ്ക്കായി ഡോക്ടറുടെ സേവനം ഉള്ളത്. രക്ത പരാദരോഗങ്ങളും  കുളമ്പുരോഗമെല്ലാം സംസ്ഥാനത്ത് പടരുന്നതിന്റെ പിന്നില്‍ ചെക്ക് പോസ്റ്റുകളിലെ ജാഗ്രതക്കുറവും അപര്യാപതകളും പ്രധാന കാരണമാണ്.

ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് തന്നെ പശുക്കളെ വാങ്ങണമെന്ന നിര്‍ദ്ദേശങ്ങളില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വരുത്തണം. നല്ല മേന്മയുള്ള പശുക്കളെ നമ്മുടെ നാട്ടില്‍നിന്നു തന്നെ കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടത് ഈ സാഹചര്യത്തില്‍ പ്രധാനമാണ്. നല്ലയിനം കിടാക്കളെ ഇവിടെനിന്ന് തന്നെ കണ്ടെത്തി വളര്‍ത്തി വലുതാക്കി കാമധേനുക്കളാക്കാനുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള പശുക്കളെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കിടാരി പാര്‍ക്കുകള്‍. ആറുമാസം പ്രായമായ സങ്കരയിനം പശുക്കുട്ടികളെ എത്തിച്ച് വളര്‍ത്തി പ്രസവിച്ചതിന് ശേഷം പശുവിനെയും, കിടാവിനേയും കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് ഈ പദ്ധതി. പുതിയ തലമുറ ഉരുക്കള്‍ സംസ്ഥാനത്ത് തന്നെ വളര്‍ത്തിയെടുക്കുന്നതിലും, കര്‍ഷകര്‍ക്ക് അവ ലഭ്യമാക്കുന്നതിനും ആരംഭിച്ച കിടാരിപാര്‍ക്കുകള്‍ കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. സംസ്ഥാനത്ത് കൂടുതല്‍ കിടാരി പാര്‍ക്കുകള്‍ വ്യാപകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

മൃഗസംരക്ഷണ ചെക്ക്‌പോസ്റ്റുകളെ കാര്യക്ഷമാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും മതിയായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നതിനൊപ്പം ക്വാറന്റൈന്‍, ലാബ് സംവിധാനങ്ങളും ചെക്ക് പോസ്റ്റുകള്‍ക്ക് അനുബന്ധമായി സജ്ജമാക്കണം.

തൈലേറിയ അടക്കമുള്ള പുതിയ രക്താണുരോഗങ്ങള്‍ വ്യാപകമായ സാഹചര്യമാണ് ക്ഷീരമേഖലയില്‍ ഇപ്പോഴുള്ളത്. ഈ രോഗങ്ങള്‍ക്കെതിരായ മരുന്നുകളുടെ വില സാധാരണ കര്‍ഷകര്‍ക്ക് താങ്ങാനാകുന്നതിലേറെയാണ്. ഇപ്പോള്‍ മൃഗാശുപത്രികളില്‍നിന്നും സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകള്‍ക്കൊപ്പം ഇത്തരം പുത്തന്‍ രോഗങ്ങള്‍ക്കെതിരായ മരുന്നുകള്‍ കൂടി മൃഗാശുപത്രികള്‍ വഴി കൂടുതലായി ലഭ്യമാക്കിയാല്‍ കര്‍ഷകരുടെ മേല്‍ വന്നു വീഴുന്ന ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഫലപ്രദമാവാന്‍

അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങളെ അതിജീവിക്കാനുള്ള മികച്ച പോംവഴിയാണ് ഇന്‍ഷുറന്‍സ് പരിരക്ഷകള്‍. ക്ഷീരമേഖലക്കായി സര്‍ക്കാര്‍ തലത്തില്‍ ഗോസമൃദ്ധി, ക്ഷീരസ്വാന്തനം തുടങ്ങിയ പദ്ധതികള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ കന്നുകാലി ഇന്‍ഷുറസ് പദ്ധതികളില്‍ സബ്സിഡിയുള്ളതിനാല്‍ വാര്‍ഷിക പ്രീമിയം തീരെ തുച്ഛമാണെങ്കിലും പരിമിതമായ എണ്ണം മാത്രമാണ് ഓരോ പഞ്ചായത്തുകള്‍ക്കും ലഭിക്കുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് ലഭ്യമാണെങ്കിലും പ്രീമിയം കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും ഏറെയാണ്. ഉയര്‍ന്ന വാര്‍ഷിക പ്രീമിയം പല ചെറുകിട കര്‍ഷകരെയും കന്നുകാലി ഇന്‍ഷുറന്‍സ്  എടുക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഈയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഓരോ കര്‍ഷകനും ലഭ്യമാവുന്ന ക്വാട്ട വര്‍ധിപ്പിക്കേണ്ടതുണ്ട്.

  കാര്‍ഷിക മേഖലയില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭിക്കുന്ന ജനകീയതയും സ്വീകാര്യതയും കന്നുകാലി ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്ക് ലഭിക്കുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. ക്ഷീരസംരംഭങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത് സാമ്പത്തിക സുരക്ഷിതമാക്കുന്നവര്‍ പലയിടങ്ങളിലും ഇന്നും ന്യൂനപക്ഷം മാത്രമാണ്. ഒരു തവണ ഇന്‍ഷുര്‍ ചെയ്താല്‍ വര്‍ഷാവര്‍ഷം പുതുക്കുന്നവരും കുറവ് തന്നെ.  ഈ സാഹചര്യത്തില്‍ ക്ഷീരമേഖലയില്‍ ഇന്‍ഷുറന്‍സ് ക്വാട്ട ഉയര്‍ത്തുന്നതിനൊപ്പം തന്നെ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കൃത്യമായ ധാരണ വളര്‍ത്തുന്നതിനുമായി ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികളുടെ നടത്തിപ്പില്‍ ഭാഗമാക്കുകയും ഇന്‍ഷുന്‍സ് പ്രീമിയത്തിന്റെ ഒരു വിഹിതം തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍  പദ്ധതിയില്‍നിന്ന് കണ്ടെത്തുകയും ചെയ്താല്‍ കര്‍ഷകര്‍ക്കുമേലുള്ള പ്രീമിയം ഭാരം അല്‍പം കൂടെ  കുറയ്ക്കാന്‍ സാധിക്കും.

പാല്‍ മാത്രമല്ല, വേണം പാലുല്‍പ്പന്നങ്ങളും.

ക്ഷീരമേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. ഓരോ ക്ഷീരസംഘത്തിലും ഉല്‍പാദിപ്പിക്കുന്ന പാലിന്റെ നിശ്ചിത ശതമാനമെങ്കിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യാന്‍ കഴിയണം.  ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് പാലുല്‍പ്പന്ന നിര്‍മാണത്തില്‍ സ്‌റ്റൈപ്പന്റോടുകൂടിയ പരിശീലനങ്ങള്‍ നല്‍കണം. ഉല്‍പ്പന്ന നിര്‍മ്മാണത്തിനായി ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ പലിശരഹിത വായ്പകളും സാങ്കേതിക സഹായവും ലഭ്യമാക്കണം. ക്ഷീരോല്‍പന്ന നിര്‍മാണയൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കണം. വെറ്ററിനറി സര്‍വകലാശാലയടക്കമുള്ള സ്ഥാപനങ്ങളെ ഇതിനായി ആശ്രയിക്കാം. 

കറവപ്പശുവിതരണം, തീറ്റവിതരണം, തൊഴുത്ത് നിര്‍മാണം തുടങ്ങിയ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം ക്ഷീരസംഘങ്ങളുടെ ആധുനികവല്‍കരണം, പാലിന്റ മൂല്യവര്‍ധയും വിപണനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവയ്ക്ക് ക്ഷീരവികസനവകുപ്പ് മുന്‍ഗണന നല്‍കണം. ഡെയറി  പ്ലാന്റുകളില്‍ ഉല്‍പന്നവൈവിധ്യവല്‍ക്കരണം നടത്താനുള്ള നടപടികളും വേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന പാലുല്‍പന്നങ്ങളുടെ ഗുണമേന്മ മനസിലാക്കുന്നതിനും അവ ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്തി വിപണനം വര്‍ധിപ്പിക്കാനുമുള്ള സാധ്യതകള്‍ നാം വേണ്ടവിധം ഉപയോഗപ്പെടുത്തണം.

ക്രീം മാറ്റാത്തതും, സംസ്‌കരണപ്രക്രിയകളിലൂടെ കയറിയിറങ്ങാത്തതുമായ ഫാം ഫ്രഷ് മില്‍ക്കിന് ആവശ്യക്കാര്‍ ഏറുന്ന കാലം കൂടിയാണിത്. ഫാമില്‍നിന്നു നറും പാല്‍ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ച് വിപണി കണ്ടെത്തുന്നവരും വരുമാനം നേടുന്നവരും ഏറെയുണ്ട്. ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നതിനൊപ്പം തന്നെ ഫാം ഫ്രഷ് മില്‍ക്കിന്റെ വിപണി സാധ്യത ക്ഷീരകര്‍ഷകര്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം, 

പാലുല്‍പാദനത്തോടൊപ്പം പാല്‍ സംസ്‌കരണത്തിലും സ്വയം പര്യാപ്തത

പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്ത എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാനം മുന്നോട്ട് പോവുമ്പോള്‍ ഉല്‍പാദനത്തില്‍ വലിയ വര്‍ധന ഉണ്ടാവുക എന്നത്  സ്വാഭാവികമായ കാര്യമാണ്. വര്‍ധിച്ച ഉല്‍പാദനം ഉണ്ടാവുമ്പോള്‍ അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നേ തുടങ്ങേണ്ടതുണ്ട്. ഇപ്പോള്‍ അധികം വരുന്ന പാല്‍  ഇപ്പോള്‍ തമിഴ്‌നാട്ടിലും  കര്‍ണാടകത്തിലും പാല്‍ കൊണ്ടുപോയി പാല്‍പ്പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്, ഇതിന് 1 ലീറ്റര്‍ പാലിന് പത്തു രൂപ അധിക ചെലവ് വരുന്നുണ്ട്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലേയും പ്ലാന്റുകള്‍ കൈമലര്‍ത്തിയാല്‍ പാല്‍പ്പൊടി നിര്‍മാണം നടക്കാതെ അധികമുള്ള പാല്‍ വഴിയില്‍ കിടക്കും. അതാണ് ഈയിടെ സംഭവിച്ചത്.

വരും നാളുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതുണ്ട്. മിച്ചം വരുന്ന പാല്‍ പാല്‍പ്പൊടിയായി മാറ്റി സംഭരിക്കുക എന്ന ലക്ഷ്യത്തോടെ മില്‍മയുടെ കീഴില്‍ മലപ്പുറത്ത് 52 കോടി ചിലവില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 10 മെട്രിക് ടണ്‍ ശേഷിയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിര്‍മാണ നടപടികള്‍ ഊര്‍ജിതപ്പെടുത്തണം. പാല്‍പ്പൊടി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒപ്പം തന്നെ പാല്‍ ബാഷ്പീകരണ പ്ലാന്റും ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണം. കാരണം  പാലുല്‍പാദനത്തോടൊപ്പം പാല്‍ സംസ്‌കരണത്തിലും നമുക്ക് സ്വയം പര്യാപ്തത ഉണ്ടാവേണ്ടതുണ്ട്.

English summary: dairy farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com