ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യപോലെ വെറ്ററിനറി ഡോക്ടര്‍മാരിലും സംഭവിക്കാം!

HIGHLIGHTS
  • 3000 പശുക്കള്‍, ചികിത്സിക്കാന്‍ ഒരേയൊരു ഡോക്ടര്‍
  • പ്രോത്സാഹനം മാത്രം പോരാ, അതിനുള്ള സൗകര്യങ്ങളും വേണം
milk-4
SHARE

സംരക്ഷണമില്ലാത്ത മൃഗസംരക്ഷണമേഖല-3

ബാങ്ക് ഉദ്യോഗസ്ഥരുടെ ജോലിപരമായ ബുദ്ധിമുട്ടുകള്‍ ഒരു ബാങ്ക് മാനേജരുടെ ആത്മഹത്യയിലൂടെ കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തതാണ്. അതേ പാതയിലൂടെയാണ് തങ്ങളെന്ന് കേരളത്തിലെ നല്ല ശതമാനം വെറ്ററിനറി ഡോക്ടര്‍മാരും പറയുന്നു. കാലഹരണപ്പെട്ട ചികിത്സാ സംവിധാനവും അസൗകര്യങ്ങളുടെ ആശുപത്രിയും അനുവദിക്കപ്പെട്ട മരുന്നുകള്‍ ഇല്ലാത്തതും മൂലം കര്‍ഷകരുടെ മുന്നില്‍ തങ്ങള്‍ പലപ്പോഴും തൊലിയുരിഞ്ഞ അവസ്ഥയിലാണെന്നു വെറ്ററിനറി ഡോക്ടര്‍മാര്‍ സമ്മതിക്കും. 

വെറ്ററിനറി ഡോക്ടര്‍ കം ക്ലര്‍ക്ക്

മൃഗസംരക്ഷണ വകുപ്പിന്റെ മിക്ക പദ്ധതികളും വെറ്ററിനറി ഡോക്ടര്‍മാരാണ് നടപ്പിലാക്കേണ്ടത്. അതിന്റെ പേപ്പര്‍ വര്‍ക്ക് ചെയ്യേണ്ടതും മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടതും ഇവര്‍തന്നെയാണ്. മീറ്റിങ് ഉള്ള ദിവസങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം കര്‍ഷകര്‍ക്ക് ലഭിക്കില്ല. ഒന്നുകില്‍ പദ്ധതികള്‍ മൃഗസംരക്ഷണ വകുപ്പ് നേരിട്ട് നടപ്പാക്കി ചികിത്സയ്ക്കു മാത്രം വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കണം. അതല്ലെങ്കില്‍ വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ ഒരു ക്ലറിക്കല്‍ തസ്തികകൂടി സൃഷ്ടിക്കണം. 

മറ്റു വകുപ്പുകളിലെല്ലാംതന്നെ ക്ലറിക്കല്‍ തസ്തികളുണ്ട്. എന്നാല്‍, അത്തരം വകുപ്പുകളിലുള്ള പരിഗണന വെറ്ററിനറി മേഖലയില്‍ നല്‍കുന്നില്ലെന്നുള്ളത് വസ്തുതയാണ്. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടി ഡോക്ടറായവര്‍ ചികിത്സയ്‌ക്കൊപ്പം ക്ലര്‍ക്കിന്റെ ജോലികൂടി ചെയ്യേണ്ടിവരുന്ന ഒരേയൊരു ആരോഗ്യവിഭാഗമായിരിക്കും വെറ്ററിനറി. ഇതിനൊരു മാറ്റമുണ്ടായാല്‍ അതിന്റെ ഗുണം ലഭിക്കുക കര്‍ഷകര്‍ക്കുതന്നെയാണ്. 

ലാബില്ല, എക്‌സ്‌റേ ഇല്ല, സ്‌കാനര്‍ ഇല്ല

പക്ഷിമൃഗാദികളുടെ ചികിത്സകള്‍ക്കായി കര്‍ഷകനോ അരുമ പരിപാലകരോ എത്തിയാല്‍ ഊഹിച്ച് ചികിത്സിക്കേണ്ട അവസ്ഥയും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം കാലിനു വേദനയുമായി തന്റെ മുന്നിലെത്തിയ നായയ്ക്ക് പൊട്ടലുണ്ടാകും എന്ന് ഊഹിച്ച് പ്ലാസ്റ്റര്‍ ഇടേണ്ടിവന്ന ഗതികേട് ഒരു ഡോക്ടര്‍ക്കുണ്ടായി. കാലിന് പൊട്ടലാണോ, പൊട്ടലുണ്ടെങ്കില്‍ അത് എവിടെയാണ്, എത്ര ഗുരുതരമാണ് എന്നൊന്നും മനസിലാക്കാന്‍ കഴിയാതെ ഒരു ഊഹത്തിന്റെ ബലത്തില്‍ പ്ലാസ്റ്റര്‍ ചെയ്തു വിട്ടു എന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. ഇത്തരത്തില്‍ ഒരു സൗകര്യവുമില്ലാതെ കര്‍ഷകരുടെ മുന്നില്‍ കഴിവുകെട്ടവരായി തങ്ങള്‍ മുദ്രകുത്തപ്പെടുകയാണെന്ന ചിന്തയും ഡോക്ടര്‍മാര്‍ക്കുണ്ട്.

അതുപോലെ ജില്ലാ ആശുപത്രികളിലാണ് ലബോറട്ടറി സംവിധാനങ്ങളുള്ളൂ. പലേടത്തും ലാബ് ടെക്‌നീഷ്യന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും ലബോറട്ടറി സംവിധാനം ആരംഭിച്ചാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും. അതുപോലെ ഡോക്ടര്‍മാര്‍ക്ക് കൃത്യമായ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കാനും സാധിക്കും. 

മരുന്നില്ല മന്ത്രം മാത്രം

സര്‍ക്കാര്‍ ഡിസ്‌പെന്‍സറികളിലേക്ക് അനുവദിച്ചുകൊടുക്കാറുള്ള കോമണ്‍ ഡ്രഗ്‌സ്, പേറ്റന്റ് ഡ്രഗ്‌സ് മുതലായവ ഇപ്പോള്‍ ആവശ്യാനുസരണം ലഭിക്കുന്നില്ല. പേറ്റന്റ് ഡ്രഗ്‌സ് ഒട്ടും ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. 

കോമണ്‍ ഡ്രഗ്‌സ് എന്നു പറയുമ്പോള്‍ പൊടികളായി മരുന്നില്‍ ഉള്‍പ്പെടുത്തുന്നവയാണ്. സോഡാപ്പൊടി, മഗ്‌നീഷ്യം സള്‍ഫേറ്റ്, സിന്‍ജി ബെറീസ് (ചുക്ക് പൊടി), അനിസി (ജീരക പൊടി), അജോവാന്‍ (പെരുജീരകം പൊടി), ഗ്ലിസറൈസ (ഇരട്ടിമധുരം) എന്നിങ്ങനെയുള്ള പൊടികളാണ് ഇതില്‍ ഉള്‍പ്പെടുക. മരുന്നു കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന പല തരം ഇന്‍ജക്ഷനുകള്‍, ഗുളികകള്‍, ഫ്‌ളൂയിഡുകള്‍ (ഗ്ലൂക്കോസ്, കാത്സ്യം തുടങ്ങിയ) മുതലായവയാണ് പേറ്റന്റ് ഡ്രഗ്‌സില്‍ ഉള്‍പ്പെടുന്നത്.

പേറ്റന്റ് ഡ്രഗ്‌സ് എല്ലാം മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും വാങ്ങാം. എന്നാല്‍, കോമണ്‍ ഡ്രഗ്‌സ് വെളിയില്‍ വാങ്ങാന്‍ കിട്ടില്ല. അത് പണ്ടുകാലം മുതലേയുള്ള ചികിത്സാ രീതിയാണ്. കാലം പുരോഗമിച്ചപ്പോള്‍ പൊടി എല്ലാം കൂടി കുഴച്ചോ കലക്കിയോ കൊടുക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ക്ക് സൗകര്യവും ഇഷ്ടവും ഗുളികകള്‍ ആണ്. അതുകൊണ്ടുതന്നെ പുറത്തേക്ക് മരുന്ന് എഴുതിക്കൊടുക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുക. മരുന്നില്ലാത്ത ആശുപത്രി എന്തിനാണ് പ്രവര്‍ത്തിക്കുന്നത്?

പ്രോത്സാഹനം മാത്രം പോരാ, അതിനുള്ള സൗകര്യങ്ങളും വേണം

സംസ്ഥാനത്തെ മൃഗസംരക്ഷണമേഖല വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രോത്സാഹനവും ബന്ധപ്പെട്ട അധികൃതര്‍ കൊടുക്കുന്നുണ്ട്. എന്നാല്‍, അടിസ്ഥാനസൗകര്യമേഖല അന്നും വെറ്ററിനറി സേവനം ആരംഭിച്ച സമയത്തുള്ളതാണ്. ആദ്യകാലത്ത് കര്‍ഷകരും വെറ്ററിനറി ഡോക്ടര്‍മാരും തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ അതില്ലാ എന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ സമ്മതിച്ചുതരും. കാരണം, പദ്ധതിനിര്‍വഹണവും ഇന്‍ഷുറന്‍സുമെല്ലാം ജോലിയായി മാറുമ്പോള്‍ ബന്ധങ്ങള്‍ക്കെവിടെ പ്രസക്തി. പേപ്പര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലായെങ്കില്‍ മുകളില്‍നിന്ന് അന്വേഷണം ഉണ്ടാകും. പിന്നെ മെമ്മോ ആയി, ട്രാന്‍സ്ഫര്‍ ആയി, സസ്‌പെന്‍ഷന്‍ ആയി അങ്ങനെ പോകും നടപടികള്‍.

3000 പശുക്കള്‍, ചികിത്സിക്കാന്‍ ഒരേയൊരു ഡോക്ടര്‍

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളര്‍ത്തുമൃഗങ്ങളുടെ എണ്ണം കൂടിയ സാമ്പത്തികവര്‍ഷമായിരുന്നു 2020-21. കാര്‍ഷികമേഖലയില്‍ പശുക്കളുടെ എണ്ണം കുത്തനെ കൂടി. അതുപോലെതന്നെ മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും അരുമപക്ഷി-മൃഗങ്ങളുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി. ഇവരെല്ലാം ആശ്രയിക്കുന്നത് വെറ്ററിനറി ഡിസ്‌പെന്‍സറികളെയോ വെറ്ററിനറി പോളി ക്ലിനിക്കുകളെയോ ജില്ലാ ആശുപത്രികളെയോ ആയിരിക്കും. ഇവിടുള്ള ഡോക്ടര്‍മാരുടെ എണ്ണമാവട്ടെ ഒന്നോ രണ്ടോ മാത്രം. ഒരു വെറ്ററിനറി ഡോക്ടറുള്ള ഡിസ്‌പെന്‍സറികളിലാണ് കൂടുതല്‍ ബുദ്ധിമുട്ട്. ആശുപത്രിയില്‍ എത്തുന്ന രോഗികളെയും അതുപോലെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത രോഗികളെയും ചികിത്സിക്കണം. വിഷമ ഗര്‍ഭമോ, കാത്സ്യം കുറഞ്ഞുപോയുള്ള വീഴ്ചയോ പോലുള്ളവ ചികിത്സിക്കണമെങ്കില്‍ നേരിട്ട് പോകേണ്ടിവരും. അത്തരം സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ കാത്തിരുന്ന് മുഷിയും. ഇത് പലപ്പോഴും ഡോക്ടറും പെറ്റ് ഉടമകളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ബ്ലോക്ക് തലത്തില്‍ അടിയന്തിര ചികിത്സകള്‍ക്ക് ഒരു വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉതകുന്നതാണ്.

രോഗികളുടെ എണ്ണം കൂടി പക്ഷേ ചികിത്സിക്കാന്‍ ആളില്ല

സംസ്ഥാനത്തെ പല വെറ്ററിനറി ആശുപത്രികളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2019-20 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2020-21ല്‍ രണ്ടര ഇരട്ടി വര്‍ധന വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഈ രോഗികളെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന വന്നിട്ടില്ല. അതുകൊണ്ടുതന്നെ ജോലിഭാരം വളരെ കൂടുതലാണ്. പല ഡോക്ടര്‍മാരും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ജോലിഭാരം ദിനംപ്രതി കൂടുന്ന സ്ഥിതിക്ക് മാനസിക പിരിമുറുക്കത്തിലാണ് പലരും.

vet

കുറ്റവാളിയാക്കി വിധിക്കാന്‍ സോഷ്യല്‍മീഡിയ കോടതികള്‍

രണ്ടു വിധത്തിലുള്ള ആളുകളാണ് വെറ്ററിനറി സേവനം തേടുന്നത്. മൃഗസംരക്ഷണം ഉപജീവനമാക്കിയ കര്‍ഷകരും മൃഗസംരക്ഷണം ആഡംബരമാക്കിയ അരുമപരിപാലകരും. രണ്ടു പേരെയും ഒരേപോലെ കൈകാര്യം ചെയ്യുക എന്നത് വെറ്ററിനറി ഡോക്ടറെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. പശുവിന് അടിയന്തിര രോഗം വന്നപ്പോള്‍ ആശുപത്രിയില്‍ എത്തി ഡോക്ടറെ കൂട്ടാന്‍ വന്ന കര്‍ഷകനും നായയ്ക്ക് കുത്തിവയ്പ്പ് എടുക്കാന്‍ വന്ന ആള്‍ക്കും അവരെ സംബന്ധിച്ചിടത്തോളം കേസ് എമര്‍ജന്‍സിയാണ്. എന്നാല്‍, നായയെകൊണ്ടുവന്ന ആളുടെ കാര്യത്തിന് പ്രധാന്യം നല്‍കാന്‍ ഡോക്ടര്‍ നിര്‍ബന്ധിതനാവുകയാണ്. കാരണം, കാത്തിരിക്കൂ പശുവിന്റെ കേസ് നോക്കിയിട്ട് വരാം എന്നു പറഞ്ഞാല്‍ ഡോക്ടര്‍ തോന്നിയ വഴിക്ക് പോയി, ക്ലിനിക്കില്‍ ആളില്ല, ഇതാണ് സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി എന്ന വിമര്‍ശനത്തോടെ സമൂഹമാധ്യമങ്ങളില്‍ വിചാരണ തുടങ്ങും. ഇതെല്ലാം കണ്ടുമടുത്ത് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാവാതിരിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ഉചിതമായ സമയത്ത് ചികിത്സ ലഭിക്കാന്‍ വൈകും. അതിനാലാണ് ബ്ലോക്ക് തലത്തിലെങ്കിലും ഇത്തരത്തില്‍ പുറത്തുപോയി ചികിത്സിക്കാനുള്ള എമര്‍ജന്‍സി സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുന്‍പ് സൂചിപ്പിച്ചത്.

രാത്രികാല ചികിത്സയും ഇല്ലാതായി

രാത്രികാല മൃഗചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ അടുത്തിടെ കര്‍ഷകശ്രീ പങ്കുവച്ചിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സേചഞ്ച് വഴിയാണ് ഇപ്പോഴുള്ള നിയമനം. അതിന് കാലതാമസമുള്ളതിനാല്‍ പകുതിയിലധികം തസ്തികകളും ഒഴിഞ്ഞുകിടക്കുവാണ്. അതുകൊണ്ടുതന്നെ രാത്രികാല കേസുകള്‍ വരുമ്പോള്‍ കര്‍ഷകര്‍ക്ക് കൃത്യമായ രീതിയിലുള്ള സേവനം ലഭ്യമാകുന്നില്ല. രാത്രികാല മൃഗചികിത്സയുമായി ബന്ധപ്പെട്ട് കര്‍ഷകശ്രീ മുന്‍പ് പ്രസിദ്ധീകരിച്ച വിശദമായ ലേഖനം ഇവിടെ വായിക്കാം.

പശു സ്ഥിരവരുമാനം നല്‍കുന്നതാണ്. എന്നാല്‍, ആട് സ്ഥിരവരുമാനം നല്‍കുന്ന ഗണത്തില്‍ പെടുത്താന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. അതുകൊണ്ടുതന്നെ അതനുസരിച്ചുള്ള സര്‍ക്കാര്‍ പരിഗണനയും ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ക്കില്ല. ആടുവളര്‍ത്തലും ഉപജീവനമാര്‍ഗമാണ്. അതേക്കുറിച്ച് നാളെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA