ADVERTISEMENT

ഒന്നാം പിണറായി സര്‍ക്കാരിനു വേണ്ടി കഴിഞ്ഞ ജനുവരിയില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച അവസാനത്തെ ബജറ്റിന്റെ തുടര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാരിനു വേണ്ടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റ്. ജനുവരിയില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും അതേപടി നടപ്പാക്കുമെന്നാണ് പുതുക്കിയ ബജറ്റിലെ പ്രഖ്യാപനം. അതിനാല്‍ കൃഷി അനുബന്ധ മേഖലകള്‍ക്കു വേണ്ടി അധികം പുതിയ പദ്ധതികള്‍ ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനെ നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കുമെന്നതാണ് കൃഷിയുമായി ബന്ധപ്പെട്ട് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയുമാണ് ലക്ഷ്യം. കൃഷി, നടീല്‍ വസ്തു ഉല്‍പാദനം, വിപണനം, സംഭരണം, വെയര്‍ഹൗസിംഗ്, കോള്‍ഡ് സ്റ്റോറേജുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. ക്ലൗഡ് കംപ്യൂട്ടിങ്, നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സങ്കേതങ്ങളാണ് ഉപയോഗിക്കുന്നത്. പ്രാഥമിക ചെലവുകള്‍ക്കായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണത്തിന് വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കും. ഇതിനായി രണ്ടു ജില്ലകളില്‍ പൈലറ്റ് പദ്ധതി ആരംഭിക്കും. കര്‍ഷക ഉല്‍പാദക സംഘടനകള്‍, സഹകരണ സംഘങ്ങള്‍, കാര്‍ഷിക ചന്തകള്‍ എന്നിവയെ പങ്കെടുപ്പിക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കും. വ്യാവസായിക ആവശ്യത്തിനു വേണ്ട ഉല്‍പന്ന നിര്‍മാണവും പ്രോത്സാഹിപ്പിക്കും. കിഫ്ബിയുടെയും കര്‍ഷകരുടെയും പങ്കാളിത്തത്തില്‍ സംയുക്ത സംരംഭമായി അഞ്ച് അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പ ലഭ്യമാക്കും.

കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധന നിക്ഷേപത്തിനുമായി കോഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍ കേരള (CAIK ) എന്ന പദ്ധതി തുടങ്ങും. പ്രാദേശിക ചന്തകള്‍, ഗോഡൗണുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ സ്ഥാപിക്കുക, പഴം-പച്ചക്കറികള്‍, പാല്‍, മാംസം, മത്സ്യം തുടങ്ങിയവയുടെ സംസ്‌കരണ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. നബാര്‍ഡ് പശ്ചാത്തല സൗകര്യ പുനര്‍വായ്പ വഴിയാണ് പദ്ധതി. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയാണ് നടപ്പാക്കുക. നാലു ശതമാനമാണ് പലിശ. ഈ സാമ്പത്തിക വര്‍ഷം 2000 കോടി വായ്പ ലഭ്യമാക്കും. സ്വകാര്യ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെങ്കിലും സ്വകാര്യ കാര്‍ഷിക സംരംഭകര്‍, കര്‍ഷകരുടെ ഉല്‍പാദക സംഘടനകള്‍ക്കും വായ്പ ലഭ്യമല്ല.

കര്‍ഷകര്‍ക്ക് വില സ്ഥിരത ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും വരുമാനം 50 ശതമാനം കണ്ട് വര്‍ധിപ്പിക്കുമെന്നുമായിരുന്നു ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം. ഇതിനുള്ള വ്യക്തമായ വഴി ബജറ്റില്‍ ഇല്ല. റബര്‍ കര്‍ഷകര്‍ക്കു നല്‍കാന്‍ ബാക്കി നില്‍ക്കുന്ന റബര്‍ സബ്‌സിഡിയുടെ കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിനായി 50 കോടി രൂപ പുതുക്കിയ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ബജറ്റ് മൗനം പാലിച്ചിരിക്കുന്നു. കൃഷിച്ചെലവും 50 ശതമാനവും കൂടിച്ചേര്‍ന്ന തുക കുറഞ്ഞ വിലയായി നല്‍കണമെങ്കില്‍ കര്‍ഷകന് കിലോഗ്രാമിന് 250 രൂപയെങ്കിലും സര്‍ക്കാര്‍ സംഭരണവിലയായി നിശ്ചയിക്കേണ്ടി വരും. റബറിന് 170 രൂപ സംഭരണ വിലയായി നല്‍കുമെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം. ഇപ്പോഴത്തെ വിപണിവില ഇതിനൊപ്പമായതിനാല്‍ ഈ വാഗ്ദാനത്തിന് പ്രസക്തി ഇല്ലാതായി. മരച്ചീനി, പൈനാപ്പിള്‍, നേന്ത്രപ്പഴം തുടങ്ങിയവ ഉള്‍പ്പെടെ16 പഴം-പച്ചക്കറി ഇനങ്ങള്‍ക്ക് കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് ഡോ. തോമസ് ഐസക് ജനുവരിയിലെ ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചിരുന്നു. എന്നാല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിളകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പുതുക്കിയ ബജറ്റില്‍ ഇല്ല.

ഡോ. മന്‍മോഹന്‍ സിംഗിന്റെ ഒന്നാം യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയാന്‍ കരാര്‍ തോട്ടം മേഖലയിലെ ചെറുതും വലുതുമായ കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്നാണ് ബജറ്റ് പ്രസംഗത്തിലെ വിമര്‍ശനം. ആഭ്യന്തര ഉല്‍പന്നങ്ങളുടെ വില ഇടിയുകയും കര്‍ഷക ആത്മഹത്യ പെരുകകയും ചെയ്തു. കേരളത്തിലെ തോട്ടം മേഖലയുടെ തകര്‍ച്ചയ്ക്ക് ആസിയാന്‍ കരാര്‍ മാത്രമാണോ കാരണമെന്ന് വസ്തുതാപരമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. 2010 ജനുവരി ഒന്നിനാണ് കരാര്‍ നിലവില്‍ വന്നത്. കരാറില്‍ പറഞ്ഞിരുന്ന തീരുവ ഇളവുകള്‍ 10 വര്‍ഷം കൊണ്ട് പൂര്‍ണമായും നിലവില്‍ വരികയും ചെയ്തു. ആസിയാന്‍ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ആ രാജ്യങ്ങളിലക്കുള്ള ഇന്ത്യയുടെ കയറ്റുമതിയേക്കാള്‍ കൂടുതലാണെന്നത് വസ്തുതയാണ്. എന്നാല്‍ നമ്മുടെ കൃഷിക്കാര്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്മാര്‍ട്ടും മത്സരക്ഷമവുമാക്കാതെ എത്ര നാള്‍ ആഗോള കരാറുകളെ കുറ്റം പറഞ്ഞിരിക്കാനാവും?

തോട്ടവിളകളുടെ വൈവിധ്യവല്‍കരണം നടപ്പാക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു. മംഗോസ്റ്റീന്‍, അവക്കാഡോ, റംബുട്ടാന്‍, ലോംഗന്‍, ഡ്രാഗന്‍ ഫ്രൂട്ട് തുടങ്ങിയ പുതിയ ഫലവര്‍ഗങ്ങളുടെ കൃഷി, വിപണനം, സംഭരണം, മൂല്യവര്‍ധന തുടങ്ങിയവയെക്കുറിച്ച് ആറു മാസത്തിനകം നയ രൂപീകരണം നടത്തും. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കോടി രൂപ വകയിരുത്തി. പരമ്പരാഗത തോട്ടവിളകളില്‍നിന്നു മാറി ബഹുവര്‍ഷ ഫലവര്‍ഗ്ഗ വിളകളിലേക്കു മാറുമ്പോള്‍ വ്യക്തമായ ആസൂത്രണവും വിപണന തന്ത്രങ്ങളും ഗവേഷണ പിന്‍ബലവും വേണ്ടി വരും. കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും മൂലധന നിക്ഷേപത്തിനുള്ള അവസരവും നല്‍കണം. ഭൂവിനിയോഗ നിയമത്തിലും ഭൂപരിഷ്‌കരണ നിയമത്തിലും കാലോചിതമായ മാറ്റം വരുത്താതെ ഇത് സാധിക്കില്ല. പഴവര്‍ഗ്ഗ കൃഷിയോടൊപ്പം ഫാം ടൂറിസം പദ്ധതികളും പ്രോത്സാഹിപ്പിക്കണം. പ്ലാന്റേഷന്‍ മേഖലയുടെ വികസനവും ഭരണപരമായ കാര്യങ്ങളും ശ്രദ്ധിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും. പ്ലാന്റേഷന്‍സ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്തുന്നതിന് പുതുക്കിയ ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ചു. കേരളത്തില്‍ 7.12 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് തോട്ടവിള കൃഷി ചെയ്യുന്നതായി ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. തോട്ടവിള കര്‍ഷകര്‍ എല്ലാം വന്‍കിടക്കാരല്ല. ലക്ഷക്കണക്കിന് ചെറുകിട കര്‍ഷകര്‍ ഈ മേഖലയിലുണ്ട്. ഇവര്‍ക്കു വേണ്ടി പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ല.

കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിച്ച പാലിന് വിപണി കണ്ടെത്താനായില്ല. ഇതിന് പരിഹാരമായി പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ആരംഭിച്ചു. പാല്‍ അധിഷ്ഠിതമായ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി തുടങ്ങും. ഇതിന് 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. മത്സ്യ സംസ്‌കരണത്തിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനുമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിക്കും. കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്ന യൂണിറ്റുകള്‍ കുടുംബശ്രീയിലൂടെ ആരംഭിക്കാന്‍ 10 കോടി രൂപ ചെലവഴിക്കും. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിഷ രഹിത പഴം-പച്ചക്കറികള്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ സ്റ്റോറുകള്‍ തുടങ്ങും.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനെ നവീകരിക്കാനും കൃഷി ഭവനുകളെ നവീകരിക്കാനുമുള്ള ബജറ്റിലെ ശ്രമം സ്വാഗതാര്‍ഹമാണ്. ഇതു ഫലപ്രദമാകണമെങ്കില്‍ വിജ്ഞാന വ്യാപനം, വിപണനം എന്നീ ദൗത്യങ്ങളെ വേര്‍തിരിക്കുകയും കാര്‍ഷിക വിപണനത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കുകയും വേണം. കൃഷി നന്നാകണമെങ്കില്‍ കൃഷി ഭവന്‍ മാത്രം സ്മാര്‍ട്ടായാല്‍ പോരാ. കര്‍ഷകരും സ്മാര്‍ട്ടാകണം. അതിന് ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യ സമയബന്ധിതമായി കര്‍ഷകരിലെത്തണം. അതിനുള്ള ശ്രമം ബജറ്റില്‍ ഇല്ല.

English summary: Kerala revised budget agriculture sector analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com