ADVERTISEMENT

വീണ്ടുമൊരു പരിസ്ഥിതി ദിനംകൂടി. പരിസ്ഥിതിയുടെ പേരില്‍ കൂടുതല്‍ മലയോര കര്‍ഷകര്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുന്ന ഒരു വര്‍ഷംകൂടി. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മലയോര കര്‍ഷകര്‍ ഇപ്പോള്‍ സംഘടിതരാണ്. അവരെ ഒന്നിച്ചു നിര്‍ത്താന്‍ രൂപീകൃതമായ കിഫ എന്ന സംഘടനയുടെ ഒന്നാം സ്ഥാപകദിനംകൂടിയാണ് ജൂണ്‍ 5 എന്ന പരിസ്ഥിതി ദിനം. മലയോര കാര്‍ഷികമേഖലയില്‍ വന്യജീവി ശല്യത്തില്‍ കര്‍ഷകര്‍ നട്ടംതിരിയുകയാണ്. അടുത്തിടെ കാട്ടാനകളുടെ ആക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. എങ്കിലും കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ യാതൊരു നടപടികളും സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ വേദനയോടെ പറയുന്നു. 

ഇടുക്കി ജില്ലയിലെ മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയും കര്‍ഷകനുമായ ക്രിസ് കുര്യാക്കോസ്. ഒരുകാലത്ത് പരിസ്ഥിതിയെ സ്‌നേഹിച്ച കര്‍ഷകര്‍ ഇപ്പോള്‍ കേസുകള്‍ ഭയന്ന് മരങ്ങള്‍ നട്ടുപിടിപ്പിക്കാറില്ലെന്നും പകരം പ്ലാസ്റ്റിക് ഷെയ്ഡ് നെറ്റുകളാണ് മരങ്ങളുടെ കടമ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ,

വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി കടന്നു വന്നിരിക്കുന്നു. ആരാണ് യഥാര്‍ഥത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടവര്‍? എന്താണ് അവര്‍ സംരക്ഷണത്തിനായി ചെയ്യേണ്ടത്? ഒരു ജനവിഭാഗത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനുമേല്‍ കുതിരകയറ്റം നടത്തിയാണോ പ്രകൃതി സംരക്ഷിക്കേണ്ടത്?

cardamom-plantaion-1

ഇന്ന്, ജൂണ്‍ 5ന് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടാനായി കുറച്ചു മരം നട്ടുകൊണ്ട് ഒരു വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ ക്വാട്ട തീര്‍ത്ത്, ബാക്കി 364 ദിവസവും മറ്റുള്ളവര്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ക്ലാസ്സ് എടുക്കാന്‍ ലൈസന്‍സ് എടുക്കുന്ന എല്ലാം അഭിനവ മരം നടലുകാരും അറിയാന്‍ ഒരു കഥ സൊല്ലട്ടുമാ?

എന്റെ ചെറുപ്പത്തില്‍ സ്‌കൂള്‍ കുട്ടി ആയിരിക്കുമ്പോള്‍ ജൂണ്‍ മാസത്തിലെ മഴ നനഞ്ഞ് ചെയ്യുന്ന ഒരു ജോലിയാണ് മരത്തൈകള്‍ കണ്ടാല്‍ പറിച്ചെടുത്ത് വീട്ടില്‍ കൊണ്ടുവരിക എന്നത്. തായ് വേര് പൊട്ടാതെ വഴിവക്കില്‍നിന്നും കാടുപിടിച്ചു കിടക്കുന്ന പറമ്പുകളില്‍നിന്നുമൊക്കെ പറിച്ചെടുക്കുന്ന മരത്തൈകള്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ക്ക് അപ്പന്‍ 10 പൈസാ വീതം തരും.

കിഴക്കന്‍ മലയിലെ ഏലത്തോട്ടത്തില്‍ ഷേഡ് കിട്ടാന്‍ എല്ലാ മഴക്കാലത്തും ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിക്കും.

വാഴത്തടയിലും പാളയിലും ഒക്കെ പൊതിഞ്ഞു കെട്ടി ഉലച്ചില്‍ തട്ടാതെ ധാരാളം വൃക്ഷത്തൈകള്‍ മല കയറി ഇടുക്കിയിലെത്തിയിരുന്നു.

1980കളില്‍ കോട്ടയത്തുനിന്നും ചങ്ങനാശേരിയില്‍നിന്നും ഒക്കെ കുമളിയിലേക്കും കട്ടപ്പനയിലേക്കും പുറപ്പെടുന്ന ബസുകളുടെ മുകളിലെ ലഗേജ് കാരിയര്‍ നിറയെ മരത്തൈകളും കുരുമുളക് വള്ളികളും ആയിരിക്കും. ഓരോ വര്‍ഷവും വിറകിനും ഫര്‍ണിച്ചര്‍ പണിക്കും ഒക്കെയായി ധാരാളം മരങ്ങള്‍ വെട്ടുകയും ഒരു മരം വെട്ടുമ്പോള്‍ മൂന്ന് മരത്തെ കുഴിച്ചുവയ്ക്കുകയും ചെയ്യുന്നത് കണ്ടാണ് എന്റെ ബാല്യവും കൗമാരവും ഒക്കെ കടന്നു പോയത്.

പിന്നീട് ഒരു കൃഷിക്കാരനായി മാറിയപ്പോള്‍ ഞാനും ഇതു തുടര്‍ന്നുപോന്നു. വൃക്ഷങ്ങളോടുള്ള അമിത സ്‌നേഹംകൊണ്ട് മാത്രമല്ല, നമുക്ക് ആവശ്യത്തിന് മരത്തൈകള്‍ ഫ്രീയായി കിട്ടുമല്ലോ എന്നോര്‍ത്താണ് 1985ല്‍ പറമ്പിന്റെ ഒരു ഭാഗം, അപ്പന്‍, വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്റ്ററി നഴ്‌സറിക്കായി തുശ്ചമായ വാടകയ്ക്ക് വിട്ടുനല്‍കിയത്.

പിന്നീട് കാറ്റാടി മരത്തിന്റെ തൈകള്‍ നഴ്‌സറിയില്‍നിന്ന് ഫ്രീയായി കിട്ടിയപ്പോള്‍ പറമ്പിന്റെ നാലു ചുറ്റിലും മരത്തൈകള്‍കൊണ്ട് കോട്ട കെട്ടുന്നതു പോലെ തൈകള്‍ നട്ടു. കാലങ്ങള്‍ കടന്നു പോയി. നിയമങ്ങള്‍ ഒരുപാട് പുതുതായി ഉണ്ടായി. കൃഷി ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ക്കുമേല്‍ കര്‍ഷകന് അവകാശങ്ങള്‍ ഇല്ലാതെയായി.

കല്യാണം, വീടുപണി, മെഡിക്കല്‍ എമര്‍ജന്‍സി,  മരണം ഒക്കെ ഉണ്ടാകുമ്പോള്‍ കര്‍ഷകന് പെട്ടന്ന് പണം കണ്ടെത്താനുള്ള മാര്‍ഗമായിരുന്നു മരം മുറിച്ചുവില്‍ക്കുക എന്നത്. ഇടുക്കിയിലെ ഭൂമിക്ക് പല തരം തിരിവുകള്‍ ഉദ്യോഗസ്ഥര്‍ ഓഫീസ് മുറിയില്‍ ഇരുന്നുണ്ടാക്കി. പഴയ പട്ടയം, പുതിയ പട്ടയം, കുത്തകപ്പാട്ടം, മിച്ചഭൂമി, തോട്ട ഭൂമി അങ്ങനെ പലതും. അതിനൊപ്പം മരം വെട്ടിയാല്‍ അകത്തു പോകുന്ന പലവിധ നിയമങ്ങളും.

കാലക്രമേണ മരത്തിന് പകരം ധാരാളം പുതിയ നിര്‍മാണ സാമഗ്രികള്‍ വന്നു. സ്വതവേ വില കുറഞ്ഞ മരത്തിന് ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ കൂടി ആയതോടെ തടിക്കച്ചവടക്കാരും മില്ലുകാരും ഒന്നും വില നല്‍കാതായി. ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്ത ഈ സാധനം പറമ്പില്‍നിന്ന് വെട്ടി ഒഴിവാക്കാന്‍ പോയാല്‍ അതിനും കേസും പുലിവാലും പിടിക്കണം എന്ന അവസ്ഥയായി.

സ്വന്തം പറമ്പില്‍ മരം നട്ടാല്‍ അത് നടുന്നവനുതന്നെ പാരയാകും എന്നതുകൊണ്ട് കര്‍ഷകര്‍ ഇപ്പോള്‍ ഷേഡ് നെറ്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. മരങ്ങള്‍ പൂര്‍ണമായി വെട്ടിമാറ്റി ഷേഡ് നെറ്റുകള്‍ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരെ കാണണമെങ്കില്‍ ഇടുക്കിയിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മതി

50% തണല്‍, 75% തണല്‍, 90% തണല്‍ ഒക്കെ നല്‍കുന്ന നെറ്റുകള്‍ കടകളില്‍ സുലഭം. ആവശ്യം കഴിഞ്ഞാല്‍ അഴിച്ച് മടക്കി വയ്ക്കാം. കാറ്റില്‍ മറിഞ്ഞുവീണ് കൃഷി നശിക്കില്ല എന്ന ഗുണവും, അഴിച്ചുവച്ചാല്‍ ഫോറസ്റ്റുകാര്‍ വന്നു കേസ് എടുക്കില്ല എന്ന ഗുണവും ഉണ്ട്.

പക്ഷേ, സംഗതി പ്ലാസ്റ്റിക് ആണ്. ഒരു 5 വര്‍ഷം കഴിയുമ്പോള്‍ സംഗതി ഉപയോഗശൂന്യമാവുകയും അത് പറമ്പിന്റെ മൂലയ്ക്ക് ഉപേക്ഷിക്കപെടുകയും ചെയ്യും. വേണമെന്ന് വെച്ചിട്ടല്ല സര്‍, സ്വന്തം പറമ്പില്‍ മരം നട്ടുവെച്ചിട്ടു ഫോറസ്റ്റുകാര്‍ എടുക്കുന്ന കള്ളക്കേസുകളില്‍പ്പെട്ടു ജീവിതം തുലയ്ക്കുന്നതിലും നല്ലത് പ്ലാസ്റ്റിക് നെറ്റിന്റെ ഉപയോഗമാണെന്ന് കര്‍ഷകന് മനസിലായതുകൊണ്ടാണ് സര്‍.

അങ്ങനെ ഈ വര്‍ഷത്തേക്കുള്ള നെറ്റ് വാങ്ങാന്‍ കടക്കാരനെ വിളിച്ചപ്പോളാണ് ജൂണ്‍ 5 മുതല്‍ 10 വരെ കട അടവായിരിക്കുമെന്ന് പറഞ്ഞത്. അതുകൊണ്ട് ജൂണ്‍ 5നു വയ്ക്കാതെ ഇന്നലെ ജൂണ്‍ 4നു തന്നെ പോയി ഈ വര്‍ഷത്തേക്കുള്ള നെറ്റ് വാങ്ങി.

FB പേജില്‍ മരത്തൈ നട്ട് സെല്‍ഫി എടുത്ത് സ്റ്റാറ്റസ് ഇട്ട് സായൂജ്യം അടയുന്ന പ്രകൃതി സ്‌നേഹികളോടും, കര്‍ഷകരെ പീഡിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന സാറുമ്മാരോടും ഒന്നേ പറയാനുള്ളൂ.

ഇല്ല സര്‍

കഴിഞ്ഞ 10 വര്‍ഷം ആയി ഞാന്‍ ഒരു മരത്തൈ പോലും കുഴിച്ചു വച്ചിട്ടില്ല. മരം വെട്ടിയാല്‍ കേസ് എടുക്കുന്നതുപോലെ മരം നട്ടില്ല എന്ന് പറഞ്ഞു കേസ് എടുക്കുമോ സര്‍?

മരം നട്ടിട്ട് അത് വെട്ടുമ്പോള്‍ പുലിവാലു പിടിച്ച് കോടതി വരാന്തയില്‍ ശിഷ്ടകാല ജീവിതം തള്ളി നീക്കാന്‍

വയ്യാത്തതു കൊണ്ടാണ് സാര്‍.

പക്ഷേ ഒരു സംശയം മാത്രം. ഇത്രയും കാലം ഓരോ ജൂണ്‍ 5നും നട്ടുപിടിപ്പിച്ച എത്ര തൈകള്‍ ഇപ്പോള്‍ മരം ആയിട്ടുണ്ടാവും?

ഈ വകുപ്പില്‍ സോഷ്യല്‍ ഫോറസ്റ്ററി വകുപ്പ് ചെലവാക്കിയ തുകയ്ക്ക് വല്ല കണക്കും ഉണ്ടോ സര്‍? നിങ്ങള്‍ ഓരോ ദിവസവും പുതിയ നിയമങ്ങള്‍ ഉണ്ടാക്കൂ. എന്നിട്ട് വന വിസ്തൃതി വര്‍ധിപ്പിച്ച് 100 ശതമാനത്തില്‍ എത്തിക്കൂ.

ഞങ്ങള്‍ മലയോര കര്‍ഷകര്‍ വന്യജീവികളുമായി സഹവസിക്കാന്‍ തയാറെടുക്കുകയാണ് സര്‍. അതിനിടയ്ക്ക് മരത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ പോയാല്‍ സഹവസിക്കാന്‍ സമയം തികയാതെ വരും സര്‍.

ജയ് പരിസ്ഥിതി ദിനം

ജയ് ഷെയ്ഡ് നെറ്റ്

ക്രിസ് കുര്യാക്കോസ്

വണ്ടിപ്പെരിയാര്‍, ഇടുക്കി

English summary: Problems of Idukki Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com