ADVERTISEMENT

എത്ര വേഗത്തിലാണ് ലോകജനസംഖ്യ കുതിക്കുന്നത്. 700 കോടിയിലധികം ജനങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. 2050 വര്‍ഷത്തില്‍ അത് 900 കോടിയായി വളരും. അതായത് 30ല്‍ താഴെ വര്‍ഷങ്ങള്‍കൊണ്ട് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ 200 കോടിയില്‍ അധികം ജനങ്ങള്‍ക്ക് നാം ഭക്ഷണമൊരുക്കണം. പക്ഷേ അപ്പോഴും ഭൂമിയും അതിലെ വിഭവങ്ങളും പരിമിതമായിത്തന്നെ നിലനില്‍ക്കുമെന്നും നമുക്കറിയാം. ഇത്രയും വലിയൊരു ജനരാശിയെ പ്രകൃതിക്കു പോറലേല്‍ക്കാതെ ആരോഗ്യകരമായി അന്നമൂട്ടാന്‍ നമുക്ക് കഴിയുമോ? എല്ലാ പരിസ്ഥിതി ദിനങ്ങളിലും ഉയരുന്ന ഒരു ചോദ്യമാണിത്. പരിസ്ഥിതിയെയും ഭക്ഷ്യഭദ്രതയേയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന സുസ്ഥിര കൃഷിരീതികള്‍ പ്രായോഗികമാണോ എന്ന സമസ്യയാണ് നമ്മുടെ  മുന്നിലുള്ളത്. ഒപ്പം കാര്‍ഷികവൃത്തിയെ ജീവന മാര്‍ഗ്ഗമായി സ്വീകരിച്ചവരുടെ സാമൂഹിക സാമ്പത്തിക സുരക്ഷയും കണക്കിലെടുക്കേണ്ടതുണ്ട്. 

കോവിഡ്- 19 മഹാമാരി മാനവരാശിക്ക് നല്‍കുന്ന സുപ്രധാന സന്ദേശങ്ങളിലൊന്ന് പ്രകൃതിയുമായി ഇണങ്ങി മാത്രമേ മനുഷ്യനു ജീവിതം സാധ്യമാകുകയുള്ളൂ എന്നതാണ്. ഒപ്പം മഹാരോഗത്തിന്റെ നീണ്ട നാളുകള്‍  കോടിക്കണക്കിനാളുകളെ പട്ടിണിയിലേക്കും ഉപജീവനനഷ്ടത്തിലേക്കും തള്ളിവിടുന്നുമുണ്ട്. പ്രകൃതി, കൃഷി, മനുഷ്യരാശി എന്നീ മൂന്നു ഘടകങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് കൂടുതല്‍ ചര്‍ച്ചാവിഷയമാകേണ്ട ഒരു ദശാസന്ധിയിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിനം കടന്നുവരുന്നത്. 2050ല്‍ ഭൂഗോളത്തെ തീറ്റിപ്പോറ്റണമെങ്കില്‍ 2013 വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷണത്തിന്റെ ഉല്‍പാദനം 50 ശതമാനം കൂട്ടണമത്രേ!

മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കൊന്നും എളുപ്പത്തില്‍ ഉത്തരം പറയാന്‍ സാധ്യമല്ലായെന്നതാണ് യാഥാര്‍ഥ്യം. കൃഷിക്കായി കൂടുതല്‍ ഭൂമി മാറ്റിവയ്ക്കാന്‍ നമുക്ക് കഴിയുമോ? പക്ഷികളുടെയും മൃഗങ്ങളുടെയും സ്വാഭാവികആവാസവ്യവസ്ഥകള്‍ തകര്‍ത്തെറിയാതെ ഇനിയത് സാധ്യമാവില്ല. അത്തരം നശീകരണങ്ങളാണ് ഇന്നത്തെ മഹാമാരികളുടെ മൂലകാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് എന്നതോര്‍ക്കുക. കൃഷിക്കായി ഇന്ന് ലഭ്യമായ സ്ഥലത്തിന്റെ ഉല്‍പാദനക്ഷമത സുസ്ഥിരമായി വര്‍ധിപ്പിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പോംവഴി. പക്ഷേ ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനം പരമാവധി കുറയ്ക്കുന്ന രീതികളിലായിരിക്കണം. ഈ ലക്ഷ്യങ്ങള്‍ സാധിക്കണമെങ്കില്‍ ബുദ്ധിപരമായ കൃഷിരീതികള്‍ രൂപപ്പെടുത്തണം. ശാസ്ത്രത്തിലും ബിസിനസിലുമുള്ള വിദഗ്ദരുടെ സഹായത്തോടെ പുത്തന്‍ ആശയങ്ങളും രീതികളുമുണ്ടാകണം.

ഡിജിറ്റല്‍ യുഗത്തിലെ കൃഷിക്ക് ഏറ്റവുമധികം ആശ്രയിക്കാവുന്നത് ഡിജിറ്റലൈസേഷനെ തന്നെയാണ്. ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍കൊണ്ട് പരമാവധി ഉയര്‍ന്ന ഉല്‍പാദനമെന്ന ലക്ഷ്യം കൈവരിക്കാന്‍ കൃഷിക്കാരെ സഹായിക്കാന്‍ പോകുന്നത് വിവിധ രൂപങ്ങളില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ വിവരങ്ങളായിരിക്കും. ഉചിതമായ വിളകളുടെ തിരഞ്ഞെടുപ്പ്, കിറുകൃത്യമായ വളപ്രയോഗം, രോഗങ്ങളില്‍നിന്നും കീടാണുക്കളില്‍നിന്നുമുള്ള വിളസംരക്ഷണം, കാലാവസ്ഥാ പ്രവചനം, മൂല്യവര്‍ധന, വിപണി നിയന്ത്രണം എന്നിവയിലൊക്കെ പുത്തന്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് ടൂളുകള്‍ സഹായകരമാകും. ജനസംഖ്യാ വളര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളിലാണ് പട്ടിണിക്കാരും കൂടുതലുള്ളത്. പരാജയപ്പെടുന്ന ഓരോ വിളവും അവരുടെ നിലനില്‍പ്പിനെയാണ് അപകടത്തിലാകുന്നത്. 

സുസ്ഥിരകൃഷിയെന്നാല്‍

ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇന്ന് നമ്മുടെ ആവശ്യങ്ങള്‍ നിറവേറുന്നതുപോലെ ഇനി വരുന്ന തലമുറകള്‍ക്കും അവരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിധം ഭൂമിയെയും അതിലെ വിഭവങ്ങളെയും ഉപയോഗിക്കുക എന്നതാണ്. പ്രായോഗികമായി വിശകലനം നടത്തിയാല്‍ സുസ്ഥിര കൃഷിരീതികള്‍ ( sustainable agriculture ) മൂന്ന് ലക്ഷ്യങ്ങള്‍ സാധിക്കുന്നതാവണം. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിതവും പോഷകസമ്പന്നവുമായ ഭക്ഷണം താങ്ങാവുന്ന ചിലവില്‍ ലഭ്യമാക്കുകയാണ് ആദ്യത്തെ ലക്ഷ്യം. കര്‍ഷകന് ലാഭം ഉണ്ടാക്കുന്നതാവണമെന്നത് രണ്ടാം ലക്ഷ്യം. പ്രകൃതിയെ പരമാവധി പരിക്കേല്‍പ്പിക്കാതിരിക്കാന്‍  ഉന്നംവച്ചുള്ള കൃഷിരീതികളാവണമെന്നത് മൂന്നാമത്തെ ലക്ഷ്യവും. ജൈവകൃഷി മുതല്‍ സുസ്ഥിര രീതികള്‍ അവലംബിക്കുന്ന ഊര്‍ജ്ജിത കൃഷിരീതികള്‍ വരെ സുസ്ഥിരമായി  പ്രയോഗിക്കാം. പക്ഷേ ഏത് രീതി ഉപയോഗിച്ചാലും സമൂഹത്തിനാവശ്യമായ ഭക്ഷണം പ്രദാനം ചെയ്യുന്നതും, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രകൃതിക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കണമെന്നു മാത്രം. 

പരിമിതമായ വിഭവങ്ങള്‍ മാത്രമാണ് നമുക്കുള്ളത്. അത് കൃഷിഭൂമിയായാലും, ജലമായാലും മറ്റു നിക്ഷേപങ്ങളായാലും അങ്ങനെതന്നെയാകും. വിത്തു മുതല്‍ വളം വരെയും വെള്ളം മുതല്‍ വിളസംരക്ഷണം വരെയും ഉള്ള കാര്യങ്ങളില്‍ ഫലപ്രദമായ പലവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം ഉചിതമായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ കൂടി ഉപയോഗിച്ചാലേ പരിമിത വിഭവങ്ങളില്‍നിന്ന് പരമാവധി ഉല്‍പാദനക്ഷമത കൈവരിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

'സ്മാര്‍ട്ട് ഫാമിങ്ങ്' അല്ലെങ്കില്‍ 'സുസ്ഥിര ഊര്‍ജ്ജിത രീതി' എന്നു വിളിക്കാവുന്ന സുസ്ഥിരവും എന്നാല്‍ ആധുനികവും കാലത്തിനനുസരിച്ചുള്ളതുമായ നവീന കൃഷിരീതികളുടെ അനവധി ഉദാഹരണങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്തില്‍ വികസിച്ചു വരുന്ന സുസ്ഥിര സ്മാര്‍ട്ട് ഫാമിങ്ങിന്റെ ചില ഉദാഹരണങ്ങളായി അവയില്‍ ചിലതിനെ നമുക്ക് പരിചയപ്പെടാം. ഇവയില്‍ പലതും അതാതു പ്രദേശങ്ങളിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉരുത്തിരിച്ചെടുത്തവയാണെന്നത് ഓര്‍ക്കുക. ഒരിടത്തു പരീക്ഷിച്ചു വിജയിക്കുന്നത് മറ്റൊരിടത്ത് പ്രയോഗികമാകണമെന്നില്ല. പക്ഷേ ഒന്നുണ്ട് ദേശമേതായാലും കര്‍ഷകര്‍ക്കെല്ലാം ഒരേ അടിസ്ഥാന നിക്ഷേപങ്ങളാണുള്ളത് - മണ്ണ്, വിത്ത, ജലം, വിളകള്‍, കന്നുകാലികള്‍ എന്നിവയാണവയെന്നതും ഓര്‍ക്കുക.

സീറോ ടില്ലേജ് 

എത്രയോ നൂറ്റാണ്ടുകളായി  മിക്ക കര്‍ഷകരും  കൃഷിക്കാലം  തുടങ്ങുന്നത് തന്റെ കൃഷിഭൂമി ഉഴുതുമറിച്ചു കൊണ്ടാവും. നിരവധി പ്രയോജനങ്ങള്‍ നിലം ഉഴുതുമറിക്കുന്നതുകൊണ്ടുണ്ട്. പഴയ വിളകളുടെ അവശിഷ്ടങ്ങളും കളകളും മാറ്റി കൃഷി ഭൂമി വൃത്തിയാക്കാനും അത് സഹായിക്കുന്നു. ഇപ്പോഴിതാ ലോകത്തില്‍ പലയിടത്തും കര്‍ഷകര്‍ ഭൂമി ഉഴുതുമറിക്കാറില്ല. 'no - till' എന്നു വിളിക്കപ്പെടുന്ന പുതിയ രീതിയാണിത്. മണ്ണിനെ അതിലുള്ള ജൈവമൂല്യവും പോഷകസമ്പത്തും നഷ്ടപ്പെടാത്ത വിധം സ്വതന്ത്രമായി വിടുന്നത് പല പ്രയോജനങ്ങള്‍ നല്‍കുന്നു. മുന്‍വിളയുടെ അവശിഷ്ടങ്ങള്‍ ഒരു ആവരണമായി കിടന്ന് മണ്ണിലെ ഈര്‍പ്പം കാത്തുസൂക്ഷിക്കുന്നു. മണ്ണിന് കൂടുതല്‍ വെള്ളം വലിച്ചെടുക്കാനും സൂക്ഷിക്കാനും കഴിയുന്നു. ഈ രീതിയില്‍ വിളവും കൂടുതലാണ്.

സൂക്ഷ്മ കൃഷിരീതികള്‍

സൂക്ഷ്മതയും കൃത്യതയുമാണ് പുതിയകാലത്തെ കൃഷിക്കുള്ളത് (Precision farming) . ഗുണമേന്മ നഷ്ടപ്പെട്ട മണ്ണില്‍ ആവശ്യത്തിന് വളപ്രയോഗം നടത്താന്‍ ശേഷിയില്ലാതെ കൃഷി ചെയ്യേണ്ടി വരുന്ന സബ്‌സഹാറന്‍ ആഫ്രിക്കയിലെയും മറ്റും കര്‍ഷകരെ ഓര്‍ക്കുക. ലഭ്യമായ വളം കാര്യക്ഷമമായി ഉപയോഗിക്കാന്‍ അവര്‍ മൈക്രോഡോസിങ്ങ് ( microdosing ) എന്ന മാര്‍ഗം പ്രയോഗിക്കുന്നു. വിത്ത് കുഴിച്ചിടുന്ന ചെറിയ ദ്വാരങ്ങളില്‍ ചെറിയ അളവില്‍ വള പ്രയോഗം നടത്തുന്ന രീതിയാണിത്. സാധാരണ ഉപയോഗിക്കുന്ന വളത്തിന്റെ പത്തിലൊന്ന് മാത്രം ഇതിന് മതി. വിളവാകട്ടെ 120 ശതമാനത്തോളമാണ് വര്‍ധിച്ചത്. വളത്തിന്റെ ഉപയോഗത്തിലും വിളവിലും ഉണ്ടാകുന്ന ഫലപ്രാപ്തിക്കൊപ്പം  അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതക ഉത്സര്‍ജനവും ഈ രീതി ഉപയോഗിക്കുമ്പോള്‍ കുറയുന്നു.

കൂടുതല്‍ ശക്തിയുള്ള വിത്തുകള്‍, വിളകള്‍

ഏറ്റവും പുതിയ ജീന്‍ എഡിറ്റിങ് ( CRISPR/ Cas9) സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിത്തുകളുടെ ജനിതകതലവര മാറ്റിയെഴുതുന്ന രീതി വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ആവശ്യമുള്ള ജീനുകളെ ഓണ്‍ ചെയ്തും അല്ലാത്തവയെ ഓഫ് ചെയ്തും നമുക്കാവശ്യമുള്ള സവിശേഷതകളുള്ള വിത്തുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുന്ന ജീന്‍ ഒരു വിളയിലുണ്ടെങ്കില്‍ അത് മറ്റൊരു വിളയുടെ കാര്യത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാന്‍ കഴിയുന്നു. ആഗോളതപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാലത്ത് ഇത്തരം സാങ്കേതിക വിദ്യകള്‍ സ്മാര്‍ട്ടായി മുന്നിലെത്തുന്നു. 

വിത്തു നന്നായാല്‍ മാത്രം പോരാ വിളകളെ രോഗങ്ങളില്‍നിന്നും കീടാണുക്കളില്‍നിന്നും രക്ഷിക്കുന്നതും അതിപ്രധാനമാണ്. കീടാണുക്കളുടെ സ്വാഭാവിക ശത്രുക്കളെ ഉപയോഗിച്ചുള്ള  ജൈവകീടനിയന്ത്രണം പ്രചാരം നേടുന്നുണ്ട്. സംയോജിത കീടനിയന്ത്രണ രീതികളുടെ ഒരു ഭാഗമാണിത്. ഉയര്‍ന്ന വിളവ് കിട്ടാനും  പാരിസ്ഥിതികാഘാതം കുറയ്ക്കാനും ലഭ്യമായ രീതികളും തന്ത്രങ്ങളും സംയോജിപ്പിക്കുന്ന രീതിയാണിത്. ചോളത്തിന് ഇടവിളയായും അതിര്‍ത്തി വിളയായും കീടാണുകളെ ആകര്‍ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ചില സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്ന 'പുഷ് പുള്‍'  ടെക്‌നിക്കും ഉപയോഗിക്കുന്നവരുണ്ട്.

കൃഷിയില്‍ ഡിജിറ്റല്‍ ടെക്‌നോളജി വരുമ്പോള്‍

ലോകമൊട്ടുക്കും കൃഷിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഡിജിറ്റല്‍ ടെക്‌നോളജി വഴിയൊരുക്കുന്നത്. സെന്‍സറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഡ്രോണുകള്‍, റോബോട്ടുകള്‍ എന്നിവ മറ്റേതൊരു ഉപകരണം പോലെ കൃഷിയിടത്തിലും ഉപയോഗിക്കപ്പെടുന്നു. മെഷീന്‍ ലേണിങ്ങ്, കൃത്രിമബുദ്ധി, ബിഗ് ഡേറ്റ എന്നിവ വിളവ് കൂട്ടാനും കൃഷിയുടെ ഓരോ ഘട്ടത്തേയും സുസ്ഥിരമാക്കാനും കര്‍ഷകരെ സഹായിക്കുന്നുണ്ട്. കൃഷി രീതികള്‍ മനുഷ്യ കേന്ദ്രീകൃതമായി തുടരുമ്പോഴും വസ്തുതാപരമായ തീരുമാനങ്ങള്‍ വേഗത്തിലെടുക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ കര്‍ഷകനെ സഹായിക്കുന്നു.

കന്നുകാലിവളര്‍ത്തലും കരുതലോടെ

വളരുന്ന ജനസംഖ്യയ്‌ക്കൊപ്പം പാലിനും മാംസത്തിനും വന്‍തോതില്‍ ആവശ്യമുണ്ടാകുന്നു. പക്ഷെ ആഗോളതാപനത്തിന് കാരണമാകുന്ന മീഥേന്‍ വാതകത്തിന്റെ പ്രമുഖ സ്രോതസാണ് കന്നുകാലികള്‍. കാലിത്തീറ്റയില്‍ സീ വീഡുകള്‍ ( sea weeds) ഉള്‍പ്പെടുത്തുന്നതു പോലുള്ള രീതികള്‍ മീഥേന്‍ ഉല്‍പാദനം 60 ശതമാനം വരെ കുറയ്ക്കുമത്രേ! കോഴി, പന്നി, മത്സ്യ തീറ്റകളില്‍ യോജിച്ച ഷഡ്പദങ്ങളെ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുന്നു.

ഉല്‍പാദന രീതികള്‍ സുസ്ഥിരവും കാര്യക്ഷമവും ആക്കിയതുകൊണ്ടു മാത്രമായില്ല. ഭക്ഷ്യോല്‍പാദനത്തെ ഒരു സംരഭകന്റെ  ബിസിനസ് കണ്ണോടു കൂടി കാണാന്‍ കര്‍ഷകര്‍ പഠിക്കുന്നതും 'സ്മാര്‍ട്ട് കൃഷി'യില്‍  ഉള്‍പ്പെടണം.

അടിക്കുറിപ്പ്

  • 1961ല്‍  ഭൂമിയില്‍ ഒരു ഹെക്ടറിനെ ആശ്രയിച്ച് ഉണ്ടായിരുന്നത് 2.2 പേരായിരുന്നു. 2016ല്‍ അത് 4.7 ആയി. 2050ല്‍ അത് 5.8 ആകും.
  • 1961ലെ ലോക ജനസംഖ്യ 300 കോടിയായിരുന്നു. 2016ല്‍ അത് 740 കോടി. 2050ല്‍ അത് 970 കോടിയിലെത്തും.
  • 1961ല്‍ കൃഷിക്ക് യോഗ്യമായ 138 കോടി ഹെക്ടര്‍ സ്ഥലമുണ്ടായിരുന്നു. 2016ല്‍ അത് 158 കോടി ആയിരുന്നു. 2050ല്‍ അത് 166 കോടിയായിരിക്കും.

English summary: linking environment and farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com