ADVERTISEMENT

ശാസ്ത്രലോകത്തിന് ഇതുവരെ പൂര്‍ണവും വ്യക്തവുമായ സ്ഥിരീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു ജന്തുസ്രോതസില്‍നിന്നു മനുഷ്യരിലേക്ക് പകര്‍ന്ന് പിന്നീട് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പടരുന്ന മഹാമാരിയായി പരിണമിച്ച കോവിഡ്-19 അതിജീവിക്കാനും അതിജയിക്കാനുമുള്ള മനുഷ്യരാശിയുടെ പോരാട്ടം തുടരുന്ന കഠിനകാലത്ത് ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം എന്ന മുഖ്യ പ്രമേയവുമായി ഒരു പരിസ്ഥിതി ദിനം വന്നെത്തുന്നു. ഈ പ്രമേയത്തിലൂന്നി യുഎന്‍ഇപി, ലോകഭക്ഷ്യകാര്‍ഷിക സംഘടന തുടങ്ങിയ ഘടക സംഘടനകളുടെ സഹായത്തോടെ ഐക്യരാഷ്ട്ര സംഘടന 2021 മുതല്‍ 2030 വരെ ആവാസവ്യവസ്ഥ പുനസ്ഥാപനദശകം ആചരിക്കാനും  തീരുമാനിച്ചിട്ടുണ്ട്. 

നട്ടെല്ലുള്ള ജീവികളില്‍നിന്നു മനുഷ്യരിലേക്ക് നേരിട്ടും അല്ലാതെയും പടരുന്ന രോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍. കോവിഡ് രോഗകാരിയായ സാര്‍സ്-കോവ്-2 വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് പിന്നില്‍ ഇടനിലയായി വര്‍ത്തിച്ച ഒന്നോ രണ്ടോ ജന്തുസ്രോതസുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിട്ടുള്ളത്. സാര്‍സ്-കോവ്-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍നിന്ന് ചോര്‍ന്നതാണെന്ന വാദത്തെയും ചോര്‍ച്ചാ സിദ്ധാന്തത്തെയും ലോകാരോഗ്യസംഘടന തള്ളിയ വസ്തുതയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക. 

കോവിഡ്-19 മാത്രമല്ല, വന്യമൃഗങ്ങളില്‍നിന്നും പടര്‍ന്ന് മഹാമാരികളായി പരിണമിച്ച ആരോഗ്യവെല്ലുവിളികള്‍ക്ക് കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മാത്രം ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്. കോഗോ പനിയും, എബോളയും, മെര്‍സ് കൊറോണയും, സാര്‍സ് കൊറോണയും, നിപയും, സിക്കയും, ഹെനിപയും, മാര്‍ബെര്‍ഗും എല്ലാം ഉദാഹരണങ്ങളാണ്. ഈ മഹാമാരികള്‍ക്ക് കാരണമായ രോഗാണുക്കള്‍ ജന്തുക്കളില്‍നിന്നു മനുഷ്യരിലേക്കെത്തിയതിന്റെ വഴികള്‍ അന്വേഷിച്ചാല്‍ പരിസ്ഥിതിനശീകരണത്തിന്റെയും വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റത്തിന്റെയും ആവാസവ്യവസ്ഥ നശിപ്പിച്ചതിന്റെയുമെല്ലാം യാഥാര്‍ഥ്യങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. 

പരിസ്ഥിതി ദിനം ഓര്‍മപ്പെടുത്തുന്നത് 

ആദ്യമായി മനുഷ്യരില്‍ നിപ രോഗം സ്ഥിരീകരിച്ചത് 1999ല്‍ മലേഷ്യയിലായിരുന്നു. മലേഷ്യന്‍  സംസ്ഥാനങ്ങളില്‍ ഒന്നായ പെറാക്കിലെ ഐഫ് പ്രദേശത്തോടു ചേര്‍ന്നുണ്ടായ ആദ്യ നിപ രോഗവ്യാപനത്തില്‍ 105 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. വനങ്ങളിലെ വലിയ മരങ്ങളില്‍ ചേക്കേറി ജീവിച്ചിരുന്ന സ്റ്റെറോപസ് ജീനസിലെ വലിയ പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയുടെ ശിഥിലീകരണമായിരുന്നു നിപ വൈറസിനെ മനുഷ്യരില്‍ എത്തിച്ചത്. 

രോഗം കണ്ടെത്തിയ 1998-1999ന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍  മലേഷ്യയിലും അയല്‍ രാജ്യമായ ഇന്തോനേഷ്യയിലും വന്‍തോതിലായിരുന്നു വനനശീകരണം നടന്നത്. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എല്‍നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസഹമാക്കി. വനനശീകരണവും വരള്‍ച്ചയും കാരണം ആവാസവ്യവസ്ഥ നഷ്ടമായ വവ്വാലുകള്‍ തീരപ്രദേശങ്ങളില്‍നിന്നു വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍നിന്നും പുതിയ വാസസ്ഥാനങ്ങള്‍ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേക്കു കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. ഒരേ ചുറ്റുപാടില്‍ നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുണ്ടായതോടെ വവ്വാലുകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന അനേകം വൈറസുകളില്‍ ഒന്നായ നിപ വൈറസുകള്‍ വളര്‍ത്തു പന്നികളിലേക്കെത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമാണുണ്ടായതെന്ന് നിപ മനുഷ്യരില്‍ എത്തിയ വഴികണ്ടെത്താന്‍ വേണ്ടി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ സംശയലേശമന്യേ വ്യക്തമാക്കുന്നു.

എയ്ഡ്‌സിന് കാരണമായ ഹ്യൂമന്‍ ഇമ്യുണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (എച്ച്‌ഐവി) ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരില്‍ എത്തിയത്. വനത്തിനുള്ളില്‍ കടന്ന് ചിമ്പാന്‍സികളെ വേട്ടയാടുകയും അവയുടെ മാംസം ആഹാരമാക്കുകയും ചെയ്തതായിരുന്നു വൈറസിനെ മനുഷ്യരില്‍ എത്തിച്ചത്. റീസസ് കുരങ്ങുകള്‍ക്കും കൊതുകുകള്‍ക്കുമിടയില്‍ മാത്രം ഒതുങ്ങിനിന്ന് ജീവിതചക്രം പൂര്‍ത്തിയാക്കിയിരുന്ന ഫ്‌ളാവി വൈറസ് കുടുംബത്തിലെ സിക വൈറസുകള്‍ക്ക് മനുഷ്യശരീരത്തിലേക്കുള്ള വ്യാപനം എളുപ്പമാക്കിയത് വനവ്യൂഹങ്ങളിലേക്കുള്ള കടന്നുകയറ്റവും വനനശീകരണവും അതിവേഗത്തിലുള്ള നഗരവല്‍കരണവുമായിരുന്നു. 

ഉഗാണ്ടയില്‍ സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ഈഡിസ് ഈജിപ്തി വിഭാഗത്തിലുളള കൊതുകുകളാണ് വൈറസ് വാഹകര്‍. 2007ല്‍ ആദ്യമായി മൈക്രോനേഷ്യയിലാണ് രോഗം വ്യാപകമായി പടര്‍ന്നത്. ഏറെ താമസിയാതെ അമേരിക്കന്‍ വന്‍കരകളിലേക്കും അവിടെനിന്ന് യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും രോഗം പടര്‍ന്നു. രോഗത്തിനെതിരെ ലോകരാജ്യങ്ങളെ സജ്ജരാക്കാനും പടരുന്നതു പ്രതിരോധിക്കാനുമായി 2016 ഫെബ്രുവരി 2ന് ലോകാരോഗ്യസംഘടന സിക രോഗത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരുന്നു. 

അതീവജാഗ്രത പുലര്‍ത്തേണ്ട രോഗമായും ഒരു ആഗോള ആരോഗ്യ എമര്‍ജന്‍സിയായും ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച മറ്റൊരു രോഗമാണ് എബോള ഹേമേറജിക് ഫീവര്‍ (എബോള വൈറസ് രോഗം / ഇവിഡി) വവ്വാലുകളില്‍നിന്നും വേട്ടയാടി വീഴ്ത്തി ആഹരിച്ച ഗൊറില്ല, ചിമ്പാന്‍സി തുടങ്ങിയ ആള്‍കുരങ്ങുകളില്‍ നിന്നുമാണ് എബോള വൈറസ് മനുഷ്യരില്‍ എത്തിയത്. ഏറ്റവുമൊടുവില്‍ ആഫ്രിക്കയിലുണ്ടായ രോഗവ്യാപനത്തില്‍ മരണനിരക്ക് ശരാശരി 50 ശതമാനം വരെയായിരുന്നു. 1976ല്‍ തന്നെ തെക്ക് സുഡാനിലും, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും എബോള കണ്ടെത്തിയിട്ടുണ്ട്. 1976-മുതല്‍ ഇന്നേ വരെയുള്ള എബോള രോഗത്തിന്റെ വ്യാപനരീതി പരിശോധിച്ചാല്‍ ഭൂരിഭാഗം ആരംഭ കേസുകളും (ഇന്‍ഡക്‌സ്) ഖനനമുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി വനശീകരണവും ആള്‍കുരങ്ങുവേട്ടയും വ്യാപകമായി നടന്ന ആഫ്രിക്കയിലെ പ്രദേശങ്ങളോട് ചേര്‍ന്നായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. ഉദാഹരണത്തിന് 1994-1995 കാലഘട്ടത്തില്‍ ഗാബണില്‍ എബോള പൊട്ടിപുറപ്പെട്ടത് ഇവിന്‍ഡോ നദിയൊഴുകുന്ന മഴക്കാടുകള്‍ക്കുള്ളിലെ സ്വര്‍ണ്ണഖനികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്കിടയിലായിരുന്നു. അതേ വര്‍ഷം ഗാബണില്‍ ഉണ്ടായ മറ്റൊരു എബോള വ്യാപനം ചിമ്പാന്‍സിയെ വേട്ടയാടി ഭക്ഷിച്ച ആളുകള്‍ക്കിടയിലായിരുന്നു. 

ഏറ്റവും വലുതും തീവ്രവുമായ എബോള രോഗവ്യാപനം ഉണ്ടായത് 2013-2016 കാലഘട്ടത്തില്‍ പശ്ചിമാഫ്രിക്കയിലാണ്. ലൈബീരിയ, സിയാറ ലിയോണ്‍, ഗിനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വൈറസ് വന്‍ നാശം വിതച്ചു. 2013ല്‍ ഗിനിയയില്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് പഠിക്കാന്‍ എത്തിയ ഗവേഷകസംഘത്തോട് പ്രദേശത്തെ കുട്ടികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നതും അടുത്തിടെ തീയിട്ട് നശിപ്പിച്ചതുമായ ഒരു വലിയ മരത്തെക്കുറിച്ചാണ് സംസാരിച്ചത്. 

വലുതും ചെറുതുമായ വവ്വാലുകള്‍ ധാരാളമായി ചേക്കേറി പാര്‍ത്തിരുന്ന ആവാസവ്യവസ്ഥകളില്‍ ഒന്നായിരുന്നു ആ മഹാമരം. ആ മരം തീയിട്ട് നശിപ്പിച്ചതോടെ അതില്‍ പാര്‍ത്തിരുന്ന വവ്വാലുകള്‍ വാസസ്ഥാനം നഷ്ടപെട്ട് പലവഴിക്കും പറന്നു. കുറെയെണ്ണം ചത്തുവീണു. ആഹാരവും അഭയസ്ഥാനവും നഷ്ടപ്പെട്ട്  ശരീരസമ്മര്‍ദ്ദത്തിലായതും ചത്തുവീണതുമായ  വവ്വാലുകളില്‍ നിന്നും പുറത്തെത്തിയ  എബോള വൈറസുകള്‍  മനുഷ്യരിലേക്ക് പകര്‍ന്നതും മനുഷൃരില്‍നിന്നു മനുഷ്യരിലേക്ക് പകരുന്ന അതുതീവ്രരോഗമായി മാറി വന്‍കരയിലാകെ പടര്‍ന്നതും വളരെ വേഗത്തിലായിരുന്നു. 2013-2016  കാലഘട്ടത്തിലുണ്ടായ എബോള രോഗവ്യാപനത്തില്‍ മാത്രം 28,000ലധികം ആളുകള്‍ രോഗബാധിതരാവുകയും 11,000ലധികം രോഗികള്‍ക്ക് ജീവന്‍ നഷ്ടമാവുകയുമുണ്ടായി. 70 ശതമാനം വരെ ആയിരുന്നു രോഗബാധിതരില്‍ മരണനിരക്ക്.

വനനശീകരണത്തിന്റെയും വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി നശിപ്പിച്ചതിന്റെയും ഫലമായി ജന്തുജന്യമഹാമാരികള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. പശ്ചിമഘട്ട വനമേഖലയില്‍ ഉണ്ടായ മനുഷ്യ ഇടപെടലുകളാണ് 1957ല്‍ കര്‍ണ്ണാടകയിലെ ഷിമോഗയിലെ ക്യാസനൂര്‍ വനമേഖലയില്‍ കുരങ്ങുപനി / ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്  (കെഎഫ്ഡി) പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. രോഗാണുവിന്റെ സ്രോതസ്സായ കുരങ്ങുകളുടെ ശരീരത്തില്‍ വ്യാപകമായി കാണുന്ന ഒരിനം പട്ടുണ്ണികളായിരുന്നു കെഎഫ്ഡി വൈറസുകളെ മനുഷ്യരിലേക്കെത്തിച്ചത്. വനത്തില്‍വച്ച് വൈറസുകളുടെ വാഹകരായ ഈ പട്ടുണ്ണികളുടെ കടിയേല്‍ക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തും. 

1957 മുതല്‍ 2006 വരെ കര്‍ണ്ണാടകയില്‍ മാത്രം ഒതുങ്ങി നിന്ന കുരങ്ങുപനി പിന്നീട് പശ്ചിമഘട്ടമേഖലയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. ഇന്ന് പശ്ചിമഘട്ടത്തിലെ  വനമേഖലകളിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും ഓരോവര്‍ഷവും അഞ്ഞൂറിലധികം കുരങ്ങുപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കെഎഫ്ഡി രോഗത്തിന് സമാനമായ പട്ടുണ്ണി പരാദങ്ങള്‍ വഴി പകരുന്ന നിരവധി വൈറസ് രോഗങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളില്‍ വനമേഖലയോട് ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യയില്‍ കണ്ടെത്തിയ പട്ടുണ്ണികള്‍ വഴി പകരുന്ന റഷ്യന്‍ സ്പ്രിങ് സമ്മര്‍ എന്‍സഫലൈറ്റിസ്, സൈബീരിയയില്‍ കണ്ടെത്തിയ ഓംസ്‌ക് ഹെമറോജിക് ഫീവര്‍, 1990കളില്‍ സൗദി അറേബ്യയില്‍ കണ്ടെത്തിയ അല്‍ ഖുറുമ ഹെമറാജിക് ഫീവര്‍ എന്നിവയെല്ലാം ഉദാഹരണങ്ങള്‍.

വന ആവാസവ്യവസ്ഥകളിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല ഏത് രീതിയിലുള്ള ആവാസവ്യവസ്ഥകളുടെ സ്വാഭാവികത തകര്‍ക്കുന്നതും രോഗാണുക്കളുടെ ഉല്‍ഭവത്തിന് വഴിയൊരുക്കും എന്നത് നമ്മള്‍ അറിയണം തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന വൈറസ് രോഗമായ ജപ്പാന്‍ ജ്വരം അഥവാ ജാപ്പനീസ് എന്‍സെഫാലിറ്റിസ് വ്യാപകമായത് ജല അനുബന്ധിയായ പരിസ്ഥിതിവ്യൂഹങ്ങളുടെ സ്വാഭാവികത തകര്‍ന്നതോട് കൂടിയാണ്. ക്യൂലക്‌സ് ജനുസില്‍പ്പെട്ട ക്യൂലക്‌സ് ട്രൈറ്റീനിയോറിങ്കസ്, ക്യൂലക്‌സ് വിഷ്ണുയി, ക്യൂലക്‌സ് സ്യൂഡോവിഷ്ണുയി, ക്യൂലക്‌സ് ജെലിദസ് എന്നീ നാലിനം കൊതുകുകളാണ് ഈ രോഗാണുവിന്റെ പ്രധാന വാഹകര്‍.  

അനോഫെലിസ്,  മന്‍സോണിയ ജനുസ്സിലെ ചില കൊതുകുകളില്‍ നിന്നും ജപ്പാന്‍ ജ്വരത്തിന്റെ കാരണമായ ഫ്ളാവി  വൈറസുകളെ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. പന്നികളും കന്നുകാലികളും വൈറസ് സംഭരണികളാണ്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ജപ്പാനിലാണ് ഈ വൈറസ് രോഗത്തിന്റെ തുടക്കം. തണ്ണീര്‍ത്തടങ്ങള്‍ പരുവപ്പെടുത്തി വന്‍തോതില്‍ നെല്‍കൃഷി ചെയ്യാന്‍ ആരംഭിച്ചതോട് കൂടിയാണ് ജപ്പാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തുന്നു. നെല്‍ക്കൃഷിയിടങ്ങളോട് ചേര്‍ന്ന് പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളും ധാരാളമുണ്ടായിരുന്നു. നെല്‍പ്പാടങ്ങളിലെ വെള്ളകെട്ടുകളില്‍ പെരുകിയ ക്യൂലക്‌സ് കൊതുകുകള്‍ സമീപങ്ങളില്‍ തന്നെയുണ്ടയിരുന്ന ഫാമുകളിലെ പന്നികളില്‍ നിന്നും ജപ്പാന്‍ ജ്വരവൈറസിനെ എളുപ്പത്തില്‍ മനുഷ്യരില്‍ എത്തിച്ചെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നു. 

കേരളത്തില്‍  ജപ്പാന്‍ ജ്വരം ആദ്യം കണ്ടെത്തിയത് 1996ല്‍ ആലപ്പുഴയിലാണ്. പിന്നീട് പലതവണകളായി രോഗബാധയുണ്ടായി. ആലപ്പുഴയില്‍ ജപ്പാന്‍ ജ്വരം എങ്ങനെ ഇത്രത്തോളം വ്യാപകമായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വേണ്ടി നടത്തിയ ഗവേഷണപഠനങ്ങളിലെ നിരീക്ഷണങ്ങള്‍ വളരെ പ്രസക്തമാണ് .

വൈറസ് വാഹകരായ ക്യൂലക്‌സ് ട്രൈറ്റീനിയോറിങ്കസ് ഉള്‍പ്പെടയുള്ള കൊതുകുകള്‍  ഉപ്പുവെള്ളത്തില്‍ സാധാരണ പെരുകാറില്ല. തണ്ണീര്‍മുക്കം ബണ്ട് വന്നതോടെ ഉപ്പുവെള്ളത്തിന്റെ വരവു കുറഞ്ഞു. കൊതുകു പെരുകുന്നതു തടയാന്‍ നേരത്തേ തവളകളും മത്സ്യങ്ങളുമുണ്ടായിരുന്നു. കീടനാശിനി ഉപയോഗത്തോടെ മത്സ്യങ്ങള്‍ കുറഞ്ഞു. ഇതിനിടെ, നെല്‍കൃഷി ഉപേക്ഷിച്ചതോടെ വെള്ളക്കെട്ടായി മാറിയ ഉപ്പുവെളളത്തിന്റെ അളവ് കുറഞ്ഞ പാടങ്ങളില്‍ ക്യൂലക്‌സ് കൊതുകുകള്‍ വന്‍തോതില്‍ പെരുകി. ഇതോടെ ജപ്പാന്‍ ജ്വരമുണ്ടാക്കുന്ന ഫ്ളാവി വൈറസിന് മനുഷ്യരിലേക്ക് കടന്നുകയറാനുള്ള വഴി എളുപ്പമായി. ഈ കണ്ടെത്തലുകള്‍ ജല പരിസ്ഥിതിയുടെ സ്വാഭാവിക നാശം ഒരു രോഗാണുവിന്റെ വ്യാപനത്തിന് വഴിവെച്ചതെന്ന വസ്തുതയെ അടിവരയിടുന്നതാണ്

മഹാമാരികളുടെ ഉദ്ഭവവും ആവാസവ്യവസ്ഥയുടെ നശീകരണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് രോഗാണുക്കളുടെ ഈ ആവിര്‍ഭാവ, വ്യാപന ചരിത്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജന്തുജന്യരോഗങ്ങളുടെ ഉദ്ഭവവും ആവാസവ്യവസ്ഥകളുടെ നശീകരണവുമായുള്ള ബന്ധം തുറന്നുകാണിക്കുന്ന വളരെ കുറച്ച് ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ പരിശോധിക്കപ്പെട്ടിട്ടുള്ളത്. ഓരോ ജന്തുജന്യരോഗാണുവിന്റെയും ആവിര്‍ഭാവ, വ്യാപനചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാല്‍ അനേകം ഉദാഹരണങ്ങളും തെളിവുകളും  ഇനിയുമുണ്ട്.

ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കാം

മനുഷ്യന്റെ അറിവുകള്‍ക്ക് ഇന്നേവരെ തീര്‍ത്തും അപരിചിതമായ അനേകലക്ഷം രോഗാണുക്കള്‍  വന്യജീവികളിലും പക്ഷികളിലും സ്വാഭാവികമായ രീതിയില്‍ വസിക്കുന്നുണ്ട്. ഓരോരോ  ജീവികള്‍ക്കും പ്രകൃതി സ്വാഭാവികമായി അനുവദിച്ച ആവാസവ്യവസ്ഥയ്ക്ക് മാറ്റം വരുത്തുകയും അവയുടെ ആവാസവ്യവസ്ഥയിലേക്ക് അന്യായമായി കടന്നുകയറുകയും അവയെ വേട്ടയാടുകയും വിപണനം ചെയ്യുകയും ആഹാരമാക്കുകയുമെല്ലാം ചെയ്യുന്നതുവഴി അതുവരെ ജീവികളില്‍ മാത്രം അഭയം പ്രാപിച്ചിരുന്ന വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍ക്ക് ജൈവ അതിരുകള്‍ മറികടന്ന് (സൂനോട്ടിക് സ്പില്‍ ഓവര്‍) മനുഷ്യശരീരത്തിലേക്ക് കടന്ന് കയറാനുള്ള എളുപ്പ വഴി ഒരുക്കിക്കൊടുക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അറിയുക, കോവിഡ്- 19 അവസാനത്തെ മഹാമാരിയല്ല, ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥകളുടെയും നശീകരണം തുടര്‍ന്നാല്‍ മനുഷ്യരിലേക്ക് കടന്നുകയറാന്‍ കാത്തിരിക്കുന്ന അനേകം രോഗാണുക്കള്‍ പ്രകൃതിയില്‍ മറഞ്ഞിരിപ്പുണ്ട്.

ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും നശീകരണവും വന്യജീവി വാണിജ്യവുമെല്ലാം മഹാമാരികളിലേക്കുള്ള എടുത്തുചാട്ടം കൂടിയായിരിക്കും എന്ന അതീവ ഗൗരവമുള്ള വസ്തുത നാം ഉള്‍ക്കൊള്ളുകയും അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയും സുരക്ഷിതത്വവും മനുഷ്യന്റെ ആരോഗ്യരക്ഷയുടെയും അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അത്യാടിസ്ഥാനമാണ്. ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന പരിസ്ഥിതിദിന പ്രമേയം കോവിഡ് അതിജീവനകാലത്ത് മനുഷ്യരാശിയെ ഓര്‍മിപ്പിക്കുന്ന വലിയ സന്ദേശവും അതുതന്നെയാണ്.

English summary: Zoonotic disease outbreak in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com