ADVERTISEMENT

കോവിഡ് പ്രതിസന്ധിയിലും വീട്ടിലിരുന്നു മികച്ച വരുമാനമുണ്ടാക്കാന്‍ മത്സ്യക്കൃഷിയില്‍ സജീവമാകുകയാണ് യുവാക്കളടക്കം നിരവധിപേര്‍. കടല്‍-കായല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും വിഷരഹിതമായ മത്സ്യം വില്‍ക്കുന്നതിലൂടെ വരുമാനമാര്‍ഗം കണ്ടെത്താമെന്ന ചിന്തയാണ് മത്സ്യംവളര്‍ത്തല്‍ സജീവമായിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയും അല്ലാതെയും നിരവധി പേരാണ് കോവിഡ് കാലത്ത് ഒരു വരുമാന മാര്‍ഗമായി മത്സ്യക്കൃഷി ഏറ്റെടുത്തിരിക്കുന്നത്. 

നല്ല മത്സ്യം വീട്ടില്‍ത്തന്നെ

പ്രാദേശികമായി മത്സ്യം വളര്‍ത്തുന്ന സ്ഥലങ്ങളില്‍നിന്ന് മത്സ്യം വാങ്ങുന്നതിനാല്‍ ജീവനോടെ പച്ചമത്സ്യം ലഭിക്കുമെന്ന വിശ്വാസവും ഉപഭോക്താക്കള്‍ക്കുണ്ടാകുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് വളര്‍ത്തുമത്സ്യങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. കുറഞ്ഞ ചെലവില്‍ വീട്ടുവളപ്പുകളിലും സ്വകാര്യവ്യക്തികളുടെ നിലങ്ങള്‍ പാട്ടത്തിനെടുത്തുമാണ് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മീന്‍ വളര്‍ത്തല്‍ ആരംഭിക്കുന്നത്. 

ശുദ്ധജലത്തെയും ഓരുജലത്തെയും ആശ്രയിച്ച് വിവിധതരത്തില്‍ മത്സ്യകൃഷി നടത്താം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിനു പുറമേ 1.5 ലക്ഷം ടണ്‍ മത്സ്യമാണ് കോവിഡിനു മുന്‍പ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയിരുന്നതെന്നു ഫിഷറീസ് വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പല മാരക രാസപദാര്‍ഥങ്ങളും ചേര്‍ക്കുന്നതായും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത് പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ പദ്ധതികളിലൂടെയും അല്ലാതെയും വ്യക്തികള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സ്വയംസഹായസംഘങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവരുടെ നേതൃത്വത്തിലും മത്സ്യംവളര്‍ത്തലില്‍ സജീവമായവരുണ്ട്. ചെറിയ രീതിയില്‍ പരീക്ഷാടിസ്ഥാനത്തില്‍ മത്സ്യം വളര്‍ത്തുന്നവരും വലിയ രീതിയില്‍ മുതല്‍ മുടക്കി മത്സ്യം വളര്‍ത്തുന്നവരുമുണ്ട്. 

fish-harvesting
ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പാണാവള്ളി പഞ്ചായത്തില്‍ ഒരുക്കിയ ബയോഫ്‌ളോക്ക് മത്സ്യകൃഷി വിളവെടുപ്പ്

സാധാരണ വളര്‍ത്തുന്ന മത്സ്യങ്ങള്‍

തിലാപ്പിയ, കരിമീന്‍, കാരി, വരാല്‍, കാളാഞ്ചി, അനാബസ്, വാള, കാര്‍പ് മത്സ്യയിനങ്ങളായ കട്ല, രോഹു, മൃഗാള്‍ തുടങ്ങിയവയാണ് സാധാരണ വളര്‍ത്തുന്നത്. 

സുഭിക്ഷകേരളത്തില്‍ മൂന്നു പദ്ധതികള്‍ 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൂന്നു പദ്ധതികളാണ് നിലവില്‍ നടപ്പാക്കുന്നത്. വീട്ടുവളപ്പിലെ പടുതക്കുളത്തിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി, കുളങ്ങളിലെ കരിമീന്‍ കൃഷി എന്നിവയാണ്.

ആലപ്പഴ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിനാല്‍ മത്സ്യോല്‍പാദനത്തില്‍ വലിയ വര്‍ധന പ്രതീക്ഷിക്കുന്നു. ഒരു പഞ്ചായത്തില്‍ ഒരോ പദ്ധതിയും കുറഞ്ഞത് 10 യൂണിറ്റെങ്കിലും നടപ്പാക്കണമെന്ന നിര്‍ദേശമുണ്ട്. പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ഹാച്ചറികളില്‍നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നോ ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങളെ ലഭിക്കും.

ഫിഷറീസ് വകുപ്പ് പദ്ധതികള്‍ 

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ജലാശങ്ങളിലെ കൂടുകൃഷി, ഓരുജല സമ്മിശ്ര മത്സ്യകൃഷി, ചെമ്മിന്‍ കൃഷി തുടങ്ങി നിരവധി പദ്ധതികള്‍ ഫിഷറീസ് വകുപ്പ് നേരിട്ട് നടപ്പാക്കുന്നുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃത്യസമയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതും വകുപ്പിന്റെ നേട്ടമാണ്. 

fish-farming-1
ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പാണാവള്ളി പഞ്ചായത്തില്‍ ഒരുക്കിയ പടുതക്കുളം

വീട്ടുവളപ്പിലെ പടുതാകുളതാക്കുളത്തിലെ മത്സ്യകൃഷി

  • സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രണ്ടു സെന്റ് സ്ഥലത്താണ് ഒരു യൂണിറ്റ് പടുതക്കുളം നിര്‍മിക്കേണ്ടത്.
  • പദ്ധതി കാലാവധി                        : ഒരു വര്‍ഷം
  • ചെലവ്                                                  : 1,23,000 രൂപ
  • തദ്ദേശസ്ഥാപന വിഹിതം        : 32,800 രൂപ
  • ഫിഷറീസ് വകുപ്പ് വിഹിതം    : 16,400 രൂപ
  • ഗുണഭോക്തൃവിഹിതം                : 73,800 രൂപ
  • മത്സ്യയിനം                                            :   ആസാംവാള
  • ഒരു തവണ 1000 മത്സ്യകുഞ്ഞുങ്ങള്‍
  • ഒരു വര്‍ഷത്തില്‍ രണ്ടു വിളവെടുപ്പ്. ലക്ഷ്യം ഒരു ടണ്‍ മത്സ്യ ഉല്‍പാദനം.

ബയോഫ്‌ളോക്ക് മത്സ്യകൃഷി

  • കാലാവധി: ഒരു വര്‍ഷം
  • ടാങ്ക്: 5.5 മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ ഉയരവും 550 ജിഎസ്എം കനമുള്ള പിവിസി ആവരണം ചെയ്ത എച്ച്ഡിപിഇ ഷീറ്റ്, ഇരുമ്പ് ചട്ടക്കൂട് എന്നിവ ഉപയോഗിച്ച് ഭൗമനിരപ്പിനു മുകളില്‍ വൃത്താകൃതിയിലുള്ള കുളം.
  • ജലസംഭരണം   : 15,625 ലീറ്റര്‍.
  • ചെലവ് : 1,38,000 രൂപ
  • തദ്ദേശസ്വയംഭരണ സ്ഥാപനവിഹിതം: 36,800 രൂപ
  • ഫിഷറീസ് വകുപ്പ് വിഹിതം: 18,400 രൂപ
  • ഗുണഭോക്ത്യവിഹിതം: 82,800 രൂപ
  • മത്സ്യഇനം: നൈല്‍ തിലാപ്പിയ (ഗിഫ്റ്റ്)
  • ഒരു തവണ 1250 മത്സ്യകുഞ്ഞുങ്ങള്‍
  • നേട്ടം: ആറാം മാസത്തില്‍ ഒരു വിളവെടുപ്പ്, ലക്ഷ്യം 500 കിലോ (ഒരുവര്‍ഷത്തില്‍ രണ്ടു വിളവെടുപ്പ്)
fish-harvesting-1
ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പാണാവള്ളി പഞ്ചായത്തില്‍ ഒരുക്കിയ ബയോഫ്‌ളോക്ക് മത്സ്യകൃഷി വിളവെടുപ്പ്

കുളങ്ങളിലെ കരിമീന്‍ കൃഷി

  • കാലവധി: ഒരു വര്‍ഷം
  • ചെലവ്: 1,50,000 രൂപ
  • വിസ്തീര്‍ണം: കുറഞ്ഞത് 50 സെന്റ്
  • ആഴം: ഒരു മീറ്റര്‍.
  • തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതം: 40,000 രൂപ
  • ഫിഷറീസ് വകുപ്പ് വിഹിതം: 20,000 രൂപ
  • ഗുണഭോക്തൃവിഹിതം: 90,000 രൂപ
  • മത്സ്യഇനം: കരിമീന്‍
  • ലക്ഷ്യം 1000 കിലോ മത്സ്യോല്‍പാദനം
  • 1500 കരിമീന്‍കുഞ്ഞുങ്ങളും 6 കിലോഗ്രാമോളം കരിമീന്‍ മത്സ്യങ്ങളും നിക്ഷേപിക്കണം.
  • വിളവെടുപ്പ് കാലവധി 10 മുതല്‍ 12 വരെ മാസം. തുടര്‍ന്നും പൊരുന്ന മത്സ്യക്കുഞ്ഞുങ്ങളെ സംരക്ഷിച്ച് വളര്‍ത്തി വിളവെടുക്കാം.

English summary: Fish Farming in Kerala

fish-farming
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സുഭിക്ഷകേരളംപദ്ധതിയില്‍ പാണാവള്ളി പഞ്ചായത്തിലെ കരീമിന്‍ കൃഷിയിടം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com