ADVERTISEMENT

സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് പാൽപ്പൊടി പാലിൽ ചേർക്കുന്നത് മായമാണോ എന്നത്. പാക്കറ്റ് പാൽ എന്നാൽ മായം ചേർത്തത് എന്നൊരു മുൻവിധി ചിലരിലെങ്കിലും അടിയുറച്ചു പോയി. പൊടി ചേർത്ത പാലാണോ എന്ന ചോദ്യം കേട്ടാൽ പാൽപ്പൊടി ആരോഗ്യത്തിനു ഹാനികരമാണോ എന്നുകൂടി തോന്നിപ്പോകും.

പാക്കറ്റ് പാലായി നമ്മുടെ കയ്യിലെത്തുന്നത് അധികവും പശുവിൻ പാലാണ്. പശുവിൻ പാലിൽ ശരാശരി 3.4% പ്രോട്ടീൻ, 3.6% കൊഴുപ്പ് (Milk Fat), 4.6% ലാക്ടോസ്, 0.7% മിനറൽസ് എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാം കൂടി 12.3% ഖരപദാർഥങ്ങൾ (Solid matters). ബാക്കി 86.7% വെറും വെള്ളമാണ്.  അതായത്, കൊഴുപ്പും (Fat), കൊഴുപ്പിതര ഘടകങ്ങളും (Solid Not Fat/SNF) ചേർന്നാൽ ശരാശരി 12.3% ആകെ ഖരപദാർഥങ്ങൾ പാലിൽ വേണം.

കൊഴുപ്പ്, കൊഴുപ്പിതര ഖരപദാർഥങ്ങൾ എന്നിവയുടെ കണക്കുകൾ വിവിധ ഇനം പശുക്കളിൽ വ്യത്യസ്തമായിരിക്കും. ഒരേ തൊഴുത്തിലെ ഒരേ ഇനം പശുക്കളിൽ പോലും പാലിന് ഒരേ ഗുണനിലവാരം ഉണ്ടാകണമെന്നില്ല.

ഇനി പാൽ വിൽക്കണമെങ്കിൽ ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന  ഫാറ്റും എസ്‌എൻഎഫും പാലിൽ ഉണ്ടായിരിക്കണം. അനേകം പശുക്കൾ നൽകുന്ന പാൽ ഒന്നിച്ചെടുക്കുമ്പോൾ ലഭിക്കുന്ന ഫാറ്റും എസ്എൻഎഫും വ്യത്യസ്തമായിരിക്കും. അപ്പോൾ പാൽ വിൽക്കാൻ നിയമം അനുശാസിക്കുന്ന പ്രകാരം അവ ക്രമീകരിച്ചേ മതിയാകൂ. അതിനു ചെയ്യുന്നത് പാൽ പരിശോധിച്ച് അധികമുള്ള കൊഴുപ്പു നീക്കം ചെയ്യുക/SNF വർധിപ്പിക്കുക  ( Standardisation) എന്നതാണ്. എസ്എൻഎഫ് വർധിപ്പികാനായി കൊഴുപ്പു നീക്കം ചെയ്ത പാലിൽനിന്നു നിർമിച്ച പാൽപ്പൊടി (Skimmed Milk Powder) ആവശ്യത്തിനു ചേർക്കുന്നു.

ഇനി അറിയേണ്ടത്, 'വില്ലൻ' എന്നു കരുതുന്ന പാൽപ്പൊടിയെക്കുറിച്ചാണ്. മികച്ച ഗുണനിലവാരമുള്ള പാൽ സ്പ്രേ ഡ്രൈയിങ് പോലുള്ള മാർഗങ്ങളിലൂടെ ജലാംശം പരമാവധി കളഞ്ഞു പൊടിയാക്കി സൂക്ഷിക്കുന്നു (കൂവക്കിഴങ്ങ് കുട്ടികൾക്കുവേണ്ടി അരച്ച് ഉണക്കിയെടുക്കാറുണ്ട്. ആ പൊടി സൂക്ഷിച്ചു വച്ചു കുറുക്കു കാച്ചാറുമുണ്ട്; അതിനെ മായം എന്നു വിളിക്കുന്നുമില്ല). പാൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു മാർഗമാണ് അതിനെ പാൽപ്പൊടിയാക്കുക എന്നത്. 

ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് പാലിൽ ഉണ്ടാകേണ്ട കുറഞ്ഞ അളവ് ഫാറ്റ്, എസ്എൻഎഫ് ഇപ്രകാരമാണ്

  • Toned Milk        : 3.0, 8.5
  • Double Toned Milk : 1.5, 9.0
  • Standardized Milk : 4.5, 8.5

ഫാറ്റും എസ്എൻഎഫും കൃത്യം ഇങ്ങനെയാക്കി പാൽ ഉൽപാദിപ്പിക്കാൻ ഒരു പശുവിനും കഴിയില്ല. അതിനാൽ നേരത്ത വിവരിച്ച Standardization ചെയ്ത് ഫാറ്റിന്റെയും എസ്എൻഎഫിന്റെയും അളവ് ക്രമപ്പെടുത്തുന്നു. അങ്ങനെയുള്ള പാലാണ് പാസ്ചുറൈസേഷൻ ചെയ്തു ശീതീകരിച്ച് പാക്കറ്റിൽ നമ്മുടെ കയ്യിൽ എത്തുന്നത്.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ/ഡെയറി പ്ലാന്റ്കൾക്കു മാത്രമേ ഇത്തരത്തിൽ പാൽ വിൽക്കാൻ അനുമതിയുള്ളു. ശ്രദ്ധിക്കേണ്ടത്, നമുക്ക് വിശ്വാസയോഗ്യമായ ബ്രാൻഡ് വാങ്ങുക എന്നതാണ്. വിപണിയിൽ സ്ഥിരം ലഭിക്കുന്നതും, പരിചിതവുമായ പാൽ വാങ്ങാം. 

ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഗുണ നിയന്ത്രണ ഓഫീസുകളിലും ഡെയറി ലാബുകളിലും പാലിന്റെ ഗുണനിലവാര പരിശോധന നടത്താൻ കഴിയും. പാൽ ക്ഷീരകർഷകരിൽനിന്നു സംഭരിച്ചു, ട്രാൻസ്പോർട് ചെയ്തു, ഡെയറി പ്ലാന്റിൽ എത്തിച്ചു, Chilling, Pasturization, Homoginization, Chilling, Packing, Cold Chain Transportation and Storage.... തുടങ്ങിയ പ്രക്രിയകൾ കഴിഞ്ഞാണ് പാക്കറ്റ് പാൽ ആയി ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നത്. ഗുണനിലവാര പരിശോധന, standardization വേറെയും. പെട്ടെന്ന് കേടാകുന്നതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടെന്നു പറയാതെ വയ്യ. 

ഇതാണ് നമ്മുടെ പാവം പാക്കറ്റ് പാൽ. പാക്കറ്റ് പാൽകൊണ്ടുള്ള പ്രധാന പ്രശ്നം, പ്ലാസ്റ്റിക് മാലിന്യമാണ്. അല്ലാതെ, പാൽപ്പൊടി ചേർത്തതുകൊണ്ടു 'വില്ലൻ' ആകുന്നില്ല.

English summary: Milk powder and packed milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com