പഴം-പച്ചക്കറികള്‍ കേടാകാതെ സൂക്ഷിക്കാന്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാം കൂള്‍ ചേംബര്‍

HIGHLIGHTS
  • പഴം-പച്ചക്കറികള്‍ കേടാകാതെ സൂക്ഷിക്കാനുള്ള ശീതീകരണി കര്‍ഷകര്‍ക്കുതന്നെ ഉണ്ടാക്കാം
  • തുറസ്സായതും തണലുള്ളതുമായ സ്ഥലത്താണ് ഇതു സ്ഥാപിക്കേണ്ടത്
cool-chamber
SHARE

ചെറുകിട കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ കേടുകൂടാതെയും പുതുമ നഷ്ടപ്പെടാതെയും കുറഞ്ഞ കാലയളവിലേക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന സംവിധാനമാണിത്. നമ്മുടെ നാട്ടിലുണ്ടാകാറുള്ള സമരങ്ങളും ഹര്‍ത്താലുകളും കടയടപ്പുമൊക്കെ പരിഗണിക്കുമ്പോള്‍ കര്‍ഷകര്‍ ഇത് അത്യാവശ്യമായും കരുതണം. 

നൂറു ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയോടെ ഇതു നിര്‍മിക്കാം. താല്‍പര്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍ മതി. പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് ഇതുണ്ടാക്കാം. സിമന്റ്, പ്ലാസ്റ്റിക് തുടങ്ങിയവ ആവശ്യമില്ല. വിദഗ്ധരായ തൊഴിലാളികള്‍ വേണമെന്നു മാത്രം.

തുറസ്സായതും തണലുള്ളതുമായ സ്ഥലത്താണ് ഇതു സ്ഥാപിക്കേണ്ടത്. സ്ഥല ലഭ്യതയ്ക്കനുസരിച്ച് ഏതളവിലും നിര്‍മിക്കാം. നാലു വശങ്ങളിലും വായുസഞ്ചാരം ഉണ്ടായിരിക്കണം. 4 പച്ചക്കറിപ്പെട്ടി വയ്ക്കാന്‍ ആവശ്യമായ കൂള്‍ ചേംബറിന്റെ നിര്‍മാണത്തിന് ഏകദേശം 500 ചുടുകട്ടയും 25-30 ഘന അടി മണലും 15 ഘന അടി ചെളിയും ആവശ്യമാണ്. സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ തറ നിരപ്പാക്കി അതില്‍ ഒന്നര ഇഞ്ച് കനത്തില്‍ മണല്‍ വിരിക്കുക. അതിനു മുകളില്‍ ചുടുകട്ട അടുപ്പിച്ചു നിരത്തുക.

cool-chamber-1

കൂള്‍ ചേംബറിന് 2 ഭിത്തികള്‍ ഉണ്ട്. അകംഭിത്തിയും പുറംഭിത്തിയും. ഇവ തമ്മിലുള്ള അകലം രണ്ടര ഇഞ്ച് ആണ്. പുറംഭിത്തിയുടെ നീളം 225 സെ. മീറ്ററും വീതി 120 സെ.മീറ്ററും.  അകംഭിത്തികളുടെ നീളം 175 സെ.മീറ്ററും വീതി 75 സെ.മീറ്ററും ആയിരിക്കണം. ഈ അകലം പാലിച്ചുകൊണ്ട് 60 സെ.മീ. ഉയരത്തില്‍ ഭിത്തികള്‍ കെട്ടുക. ഭിത്തികള്‍ കെട്ടിയുറപ്പിക്കേണ്ടത് ചെളി ഉപയോഗിച്ചാണ്.

അകംഭിത്തിക്കും പുറംഭിത്തിക്കും ഇടയ്ക്കുള്ള ഭാഗത്ത് മണല്‍ നിറയ്ക്കണം. ഭിത്തിയുടെ ഉയരത്തില്‍നിന്ന് 5 സെ.മീ. താഴെ ആയിരിക്കണം മണ്ണിന്റെ നിരപ്പ്. ഈ മണല്‍ ദിവസവും രണ്ടു നേരം നനയ്ക്കുക. ഇതിനായി തുള്ളിനന സംവിധാനം ഉപയോഗിക്കാം. 

ഓല, പനമ്പ്, ചണച്ചാക്ക് ഇവയില്‍ ഏതെങ്കിലും ഉപയോഗിച്ചു ചേംബറിനു മൂടിയുണ്ടാക്കാം. ഇതില്‍ ഏകദേശം 100-150 കിലോ പച്ചക്കറി, 4-5 ദിവസത്തേക്ക് കേടാകാതെയും പുതുമ നഷ്ടപ്പെടാതെയും സൂക്ഷിക്കാം.

English summary: Zero energy cool chamber, low cost storage structure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA