ADVERTISEMENT

ഏതു വിഭാഗത്തിൽപ്പെട്ടവരായാലും സമരഭൂമിയിലേക്ക് ഇറങ്ങുന്നത് അവരുടെ  വിലപേശലിനുള്ള ശക്തി കൂടുമ്പോഴോ അല്ലെങ്കിൽ ജീവിതം നിസഹായാവസ്ഥയിൽ എത്തുമ്പോഴോ ആകാമെന്ന് പൊതുവെ കരുതാം.  കർഷകർ ഒരു സംഘടിത ശക്തിയായി സമരത്തിനിറങ്ങുന്നത് അപൂർവമാണ്. കർഷകർ സമരത്തിനിറങ്ങുകയെന്നാൽ അതിനർഥം അവരത്രയും നിസഹായരായിരിക്കുന്നു എന്നതാവാം. എന്തായാലും 2017 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ കർഷക പ്രതിഷേധങ്ങളുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചിരിക്കുന്നു. ന്യൂഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (CSE) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കർഷകസമരങ്ങൾ സംബന്ധിച്ച സ്ഥിതിവിവരകണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2017ൽ 15 സംസ്ഥാനങ്ങളിലായി കേവലം 34 കർഷക പ്രതിഷേധങ്ങൾ മാത്രമാണ് നടന്നത്. എന്നാൽ 2020-21ൽ ഇത് 22 സംസ്ഥാനങ്ങളിൽ നടന്ന 165 സമരങ്ങളായി ഉയർന്നിരിക്കുന്നു.

കർഷകർ സമരം ചെയ്യുന്നതെന്തിന്?

പ്രധാനമായും മൂന്നു വിഭാഗത്തിൽപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചാണ് സമരങ്ങൾ സംഘടിക്കപ്പെട്ടത്.  165ൽ 96 പ്രതിഷേധസമരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട സാമ്പത്തികനയങ്ങൾക്കെതിരായി (കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ ഉൾപ്പെടെ) ഉള്ളതായിരുന്നു. വിപണി, വിപണിവില, താങ്ങുവില എന്നിവയുമായി ബന്ധപ്പെട്ട് നടന്നത് 38 പ്രതിഷേധങ്ങൾ. റോഡുകളും വിമാനത്താവളങ്ങളും നിർമിക്കാനായി കൃഷിഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ നടന്നതാവട്ടെ 17 സമരങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, ഇൻഷുറൻസ് പരിരക്ഷ ഉറപ്പില്ലാത്തത്, നഷ്ടപരിഹാരം ലഭിക്കാനുള്ള കാലതാമസം എന്നിവയും കർഷകർ സമരവിഷയമാക്കിയിട്ടുണ്ട്. 

കർഷകരോ കർഷകത്തൊഴിലാളികളോ ആയ ഇരുപത്തിയെട്ടോളം പേർ പ്രതിദിനം ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നതായ ഞെട്ടിപ്പിക്കുന്ന വിവരവും CSE പുറത്തുവിടുന്നു. 2019ൽ 5957 കർഷകരും, 4324 കർഷകത്തൊഴിലാളികളും രാജ്യത്ത് ജീവനൊടുക്കിയത്രേ! രാജ്യത്തെ 52 ശതമാനം ജില്ലകളിലും കർഷകത്തൊഴിലാളികളുടെ എണ്ണം കർഷകരുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കുന്നു. ബിഹാർ, കേരളം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജില്ലകളിൽ കർഷകരേക്കാൾ തൊഴിലാളികളാണ് ഉള്ളത്. 

കടുത്ത കാർഷിക പ്രതിസന്ധിയും അശാന്തമായ കാർഷികരംഗവുമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിൽ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട്  കർഷകർ നടത്തുന്ന പ്രക്ഷോഭം കർഷക സമര ചരിത്രത്തിലെ ഏറ്റവും പുതിയതും വിപുലവുമായ ഒന്നാണ്. 65 വർഷം പഴക്കമുള്ള ആവശ്യസാധന നിയമം  ഭേദഗതി ചെയ്യുന്ന ഓർഡിനൻസ് (ECAO), കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാൻ അനുവാദം നൽകുന്ന ഓർഡിനൻസ് (FPTCO), കമ്പനികളുമായി കരാർ കൃഷിയിലേർപ്പെടാൻ കർഷകർക്ക് അവസരം ലഭിക്കുന്ന  ഓർഡിനൻസ് (FAPFASO) എന്നിവയാണ്  കാർഷിക ഇന്ത്യയുടെ തലവര മാറ്റിവരയ്ക്കുമെന്ന വാഗ്ദാനത്തോടെ പുറത്തിറങ്ങിയ പുത്തൻ നിയമനിർമാണങ്ങൾ. ആറു മാസങ്ങൾക്കു ശേഷവും കോവിഡ് മഹാമാരിയെ വകവയ്ക്കാതെ കർഷകർ സമരം തുടരുകയാണ്.

English summary: Fivefold increase in farm protests since 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com