ADVERTISEMENT

ഇലക്ട്രീഷ്യനായ സുബീഷ് അധികവരുമാനത്തിനായാണ് 500 ബിവി 380 കോഴികളെ വാങ്ങിയത്. കൊട്ടാരക്കരയിലെ വേണാട് കർഷക ഉൽപാദനക കമ്പനി കോഴികളെയും കൂടുമൊക്കെ ഏർപ്പാടാക്കി. മുട്ടയിടാറായ കോഴികൾ ഫാമിലെത്തി 10 ദിവസത്തിനുള്ളിൽ ഉൽപാദനം ആരംഭിച്ചു. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ദിവസേന 400–450 മുട്ട ഉൽപാദിപ്പിക്കുന്ന സംരംഭമായി സുബീഷിന്റെ ഫാം. ഇപ്പോൾ 460 മുട്ടയാണ് ശരാശരി ഉൽപാദനം. 

തീറ്റച്ചെലവ് കൂടുതലാണെങ്കിൽപോലും മുട്ടയുൽപാദനം ആദായകരമാണെന്നാണ് സുബീഷിന്റെ പക്ഷം. വിപണനത്തിനും വലിയ പ്രയാസമില്ല. സമീപപ്രദേശങ്ങളിൽ നേരിട്ടു മുട്ടയെത്തിക്കുന്നതിനാൽ പരമാവധി വില നേടാൻ സാധിക്കുന്നുണ്ട്. കൂടാതെ,  വീടുകളിലും മുട്ടയെത്തിക്കുന്നു. കടകളിൽ 7 രൂപയ്ക്കും വീടുകളിൽ 8 രൂപയ്ക്കുമാണ് മുട്ട നൽകുക. അടുത്ത കാലത്ത് മുട്ടക്കോഴിയുടെ തീറ്റച്ചെലവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. ലോക്ഡൗൺ മൂലമുള്ള പ്രശ്നങ്ങൾ വേറെയും. ഇതൊക്കെയാണെങ്കിലും  ഒരു മുട്ടയ്ക്ക് പരമാവധി 4 രൂപ മാത്രമാണ് ഉൽപാദനച്ചെലവ് വരുന്നതെന്ന് സുബീഷ് ചൂണ്ടിക്കാട്ടി. മാസം തോറും 14,000 മുട്ട വിൽക്കാൻ കഴിഞ്ഞാൽ മാന്യമായ വരുമാനം നേടാനാവും. എന്നാൽ കോഴികളുടെ പരിപാലനവും മുട്ടവിപണനവുമൊക്കെ സ്വയം ഏറ്റെടുത്തു ചെയ്യണമെന്നു മാത്രം.

ഒരു കൂട്ടിൽ 5 കോഴി വീതം 200 കൂടുകളിലായി 1000 കോഴികളെ വളർത്താനുള്ള സൗകര്യമാണ് സുബീഷിനുള്ളത്. എങ്കിലും തുടക്കമെന്ന നിലിയിൽ 500 കോഴികളെ മാത്രമാണ് ഇപ്പോൾ വളർത്തുന്നത്.  കൂടുകൾക്കും അവ സ്ഥാപിച്ച ഷെഡിനും കൂടി 4 ലക്ഷം രൂപ ചെലവായി.  500 കോഴികൾക്ക് 440 രൂപ നിരക്കിൽ 2,20,000 രൂപ വില നൽകി. ദിവസേന 500 കോഴികൾക്കായി 50 കിലോയുടെ ഒരു ചാക്ക് തീറ്റ വേണ്ടിവരുന്നുണ്ട്. പ്രതിദിനതീറ്റച്ചെലവ് 1400 രൂപയാണ്. മുടക്കുമുതലിന്റെ പലിശയിനത്തിൽ ദിവസവും 200 രൂപ നീക്കിവച്ചാൽ പോലും ആകെ 1600 രൂപയാണ് ഫാമിലെ ഉൽപാദനച്ചെലവെന്നു സുബീഷ് ചൂണ്ടിക്കാട്ടി. ആറു രൂപ നിരക്കിൽപോലും  2760 രൂപ ദിവസ വരുമാനം കിട്ടുമെന്നതിനാൽ ലാഭക്ഷമതയെക്കുറിച്ച് തീരെ ആശങ്കയില്ലെന്ന് സുബീഷ് പറയുന്നു. മുട്ടയുൽപാദനം കുറയുമെന്നതിനാൽ ഒന്നര വർഷം കഴിയുമ്പോൾ കോഴികളെ മാംസത്തിനായി വിൽക്കേണ്ടവരും.  ഒരു കോഴിക്ക് 250 രൂപ നിരക്കിൽ വില കിട്ടുമെന്നാണ് പ്രതീക്ഷ. അടുത്ത ബാച്ച് എത്തുമ്പോൾ കോഴികളുടെ എണ്ണം ഇരട്ടിക്കുമെന്നതിനാൽ വരുമാനത്തിലും വർധന പ്രതീക്ഷിക്കുന്നു സുബീഷ് .

മുട്ട വേണം, എന്നും എവിടെയും, വിപണിയേക്കുറിച്ചുള്ള പഠനം പ്രധാനം

ഉൽപാദനം ഉപഭോഗത്തിന്റെ ഏഴയലത്ത് എത്താത്ത ഉൽപന്നമാണ് മുട്ട. സംസ്ഥാനത്തെ ഏതു കുഗ്രാമത്തിലും മുട്ടയ്ക്ക് ആവശ്യക്കാരുണ്ട്. നാടൻമുട്ടയ്ക്ക് എന്നും പ്രീമിയം വിലയും ഉറപ്പ്. എന്നാൽ, മുട്ടവിലയെ നിഷ്പ്രഭമാക്കുന്ന തീറ്റച്ചെലവാണ് ഈ രംഗത്തെ വെല്ലുവിളി. രണ്ടു രീതികളാണ് ഇവിടെയുള്ളത്– മുഴുവൻ സമയവും കൂട്ടിലടച്ചു കൃത്രിമതീറ്റ നൽകി വളർത്തലും ഭാഗികമായി അഴിച്ചുവിട്ടു വളർത്തലും. ആദ്യരീതിയിൽ തീറ്റച്ചെലവ് കൂടുമെങ്കിലും മുട്ട ഉൽപാദനവും കൂടുമെന്ന മെച്ചമുണ്ട്. ദീർഘനാളേയ്ക്ക് മുടക്കമില്ലാതെ തുടരുമെന്നുമുള്ള മെച്ചമുണ്ട്.  എന്നാൽ രണ്ടാമത്തെ രീതിയിൽ ഉൽപാദനച്ചെലവ് കുറയുമെന്നതിനാൽ വിപണനം കുറച്ചുകൂടി എളുപ്പമായിരിക്കും. പക്ഷേ മുട്ടകളുടെ എണ്ണം കുറയും. നിങ്ങളുടെ സാഹചര്യങ്ങൾക്കു യോജിച്ച മാതൃക ഏതാണെന്നു വിപണിപഠനത്തിന്റെ കൂടി അടിസ്ഥാനത്തിൽ തീരുമാനിക്കുക. തുടർച്ചയായി മുട്ട വാങ്ങാൻ സാധ്യതയുള്ള കടകൾ, ഹോട്ടലുകൾ, തട്ടുകടകൾ, കേറ്ററിങ്ങ്സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, കാന്റീനുകൾ എന്നിവയുമായി മുൻകൂട്ടി ധാരണയിലെത്തണം. 

വില ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയാൽപോലും നഷ്ടമാകാത്ത വിധത്തിൽ ഉൽപാദനച്ചെലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കൃത്രിമത്തീറ്റയ്ക്കൊപ്പം പുല്ലും അസോളയുമൊക്കെ നൽകുന്നത് തീറ്റച്ചെലവ് കുറയ്ക്കും. കൂടിനും മറ്റും വേണ്ടിവരുന്ന പ്രാരംഭച്ചെലവുകളിൽ  മിതത്വം വേണം. സ്ഥിരമായി കൂട്ടിലടച്ചുവളർത്തുന്ന ഊർജിത മുട്ടയുൽപാദനത്തിനു യോജിച്ച ബിവി 380 കോഴികളാണ് ഈ രംഗത്തെ താരങ്ങൾ. എന്നാൽ ഭാഗിതമായി അഴിച്ചുവിട്ടുവളർത്താവുന്ന ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനങ്ങളെയും മുട്ടയുൽപാദനത്തിനു പ്രയോജനപ്പെടുത്താം. മുട്ടയുൽപാദനത്തിനുള്ള ഇനം കോഴികളെ തന്നെയാണ് വാങ്ങുന്നതെന്നും എല്ലാ പ്രതിരോധ കുത്തിവയ്പുകളും നൽകിട്ടുണ്ടെന്നും ഉറപ്പാക്കിയേ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവൂ. ബിവി380 പോലുള്ള ഇനങ്ങൾ  അംഗീകാരമുള്ള ഏജൻസികളിലൂടെ മാത്രം വാങ്ങുക.  വളർച്ചയുടെ ഒരു ഘട്ടത്തിലും മുട്ടക്കോഴികൾക്ക് ബ്രോയിലർ തീറ്റ നൽകിയിട്ടില്ലെന്നും ഉറപ്പാക്കണം. കോഴിക്കൂടുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന നിർമാണ സാമഗ്രികൾ, പ്രത്യേകിച്ച് വയർമെഷ് നിലവാരമുള്ളതാണെന്ന് ഉറപ്പാക്കണം. മുട്ടക്കോഴികൾക്ക് ലെയർ കോഴിത്തീറ്റയ്ക്കു പുറമെ ഷെൽഗ്രിറ്റ്, ബി കോംപ്ലക്സ് വിറ്റമിൻ എന്നിവ നൽകണം രാത്രിയിൽ 4 മണിക്കൂർ പ്രകാശം നൽകണം. കുടിക്കുന്നതിനുള്ള ശുദ്ധജലം സദാസമയത്തും ഉറപ്പാക്കണം.

മുട്ടകൾക്ക് സ്വയം കണ്ടെത്തുന്ന വിപണി  സ്ഥിരമായി നിലനിർത്താവുന്ന വിധത്തിൽ ഉൽപാദനം ക്രമീകരിക്കണം.  ഇത് രണ്ടു വിധത്തിലാകാം, 1. പ്രായം കുറഞ്ഞ കോഴികളെ  ആറു മാസത്തെ ഇടവേളയിൽ രണ്ടു ബാച്ചുകളായി വളർത്തുക. 2. മുട്ടയിടാറായ കോഴികളെ മാത്രം ഓരോ തവണയും വാങ്ങി വളർത്തുക.

വിവരങ്ങൾക്കു കടപ്പാട്:  ഡോ. ചന്ദ്രപ്രസാദ്

English summary: Success story of a poultry farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com