തീറ്റപ്പുല്ലിനായൊരു പട്ടാളം; ഇത് വെറ്ററിനറി സര്‍വകലാശാല വാര്‍ത്തെടുക്കുന്ന ആര്‍മി

HIGHLIGHTS
  • സ്വയംപര്യാപ്തതക്കായി ഒരു ചുവടുവയ്പ്
  • പുല്ലില്‍ ഒളിഞ്ഞിരിക്കുന്ന ആദായസാധ്യതകള്‍ ഏറെ
fodder-crop
SHARE

ഏതൊരു ക്ഷീരസംരംഭത്തിന്റെയും വളര്‍ച്ചയുടെയും വിജയത്തിന്റെയും നെടുംതൂണുകളില്‍ പ്രധാനം തീറ്റപ്പുല്‍കൃഷിയാണ്. ഗുണമേന്മയുള്ള തീറ്റപ്പുല്ലിന്റെ തടസമില്ലാത്ത ലഭ്യത പശുക്കളുടെ പാലുല്‍പാദനത്തിലും ആരോഗ്യത്തിലും പ്രത്യുല്‍പാദനക്ഷമതയിലുമെല്ലാം പ്രതിഫലിക്കും. പച്ചത്തളിരിട്ട് വിളയുന്ന പുല്‍നാമ്പുകള്‍ പാല്‍ത്തുള്ളികളായി പാല്‍പാത്രങ്ങള്‍ മാത്രമല്ല, ക്ഷീരകര്‍ഷകരുടെ പോക്കറ്റും മനസ്സും നിറയ്ക്കും. ഫാമിന്റെ മികവും പോരായ്മകളുമെല്ലാം തീറ്റപ്പുല്‍ കൃഷിയിടം കണ്ടാലറിയാം എന്ന് ചുരുക്കം. 

ക്ഷീരസംരംഭം മാത്രമല്ല, പോത്ത്, ആട് തുടങ്ങി മൃഗസംരക്ഷണസംരംഭങ്ങള്‍ ഏതുമാവട്ടെ ദൈനംദിനപ്രവര്‍ത്തങ്ങള്‍ക്കായി വേണ്ടി വരുന്ന ആവര്‍ത്തനച്ചെലവുകളില്‍ 70 ശതമാനത്തിന് മേല്‍ തീറ്റയ്ക്ക് വേണ്ടിയാണെന്ന കാര്യം കര്‍ഷകരോട് പ്രത്യേകം പറയേണ്ടതില്ല, അത് അവരുടെ അനുഭവപാഠമാണ്. ആവശ്യമായത്ര തീറ്റപ്പുല്‍കൃഷി സ്വന്തമായുണ്ടെങ്കില്‍ സംരംഭങ്ങള്‍ നടത്താന്‍ വേണ്ടിവരുന്ന ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നതും തീര്‍ച്ചയാണ്. പശു, ആട്, പോത്ത്, എരുമ തുടങ്ങിയ മൃഗസംരക്ഷണസംരംഭങ്ങളോട് ചേര്‍ന്ന് ആവശ്യമായ തീറ്റപ്പുല്‍കൃഷിയൊരുക്കി കര്‍ഷകര്‍ സ്വയംപര്യാപ്തരാണെങ്കില്‍ സംരംഭങ്ങള്‍ തളിര്‍ക്കും, ഇല്ലെങ്കില്‍ തളരും എന്ന് ഉറപ്പിച്ച് പറയാം. 

മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍ക്കൃഷിയില്‍ മറഞ്ഞിരിക്കുന്ന സ്ഥിരവരുമാനം നേടാവുന്ന സംരംഭകസാധ്യതകളും ഉണ്ട്. തീറ്റപ്പുല്‍ക്കൃഷി സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ കര്‍ഷകരെയും ക്ഷീരമേഖലയെയും പ്രാപ്തമാക്കുന്നതിനായും തീറ്റപ്പുല്‍ക്കൃഷിയിലെ സംരംഭകസാധ്യതകള്‍ പരിചയപ്പെടുത്താനുംകേരള വെറ്ററിനറി സര്‍വകലാശാല ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് ഫോഡര്‍ ക്രോപ് ഡെവലപ്പ്‌മെന്റ് ആര്‍മി. സര്‍വകലാശാലയുടെ പതിനൊന്നാം വാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെയും വൈസ് ചാന്‍സിലര്‍ ഡോ. ശശീന്ദ്രനാഥിന്റെയും സാന്നിധ്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് പദ്ധതി ഔദ്യോഗികമായി കാര്‍ഷികകേരളത്തിന് സമര്‍പ്പിച്ചത്.

ഫോഡര്‍ ക്രോപ് ഡെവലപ്പ്‌മെന്റ് ആര്‍മി, പച്ചപ്പുല്ലിനായൊരു പട്ടാളം 

തീറ്റപ്പുല്‍കൃഷിയും അനുബന്ധമേഖലകളിലും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതിന് സംരഭകവികസനത്തില്‍ ഊന്നല്‍ നല്‍കി ആവിഷ്‌കരിച്ചിരിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പഠന പരിശീലന പദ്ധതിയാണ് സര്‍വകലാശാലയുടെ ഫോഡര്‍ ക്രോപ് ഡെവലപ്പ്‌മെന്റ് ആര്‍മി. വിവിധ കാര്‍ഷിക മേഖലകളില്‍ ഇപ്പോള്‍ നിലവിലുള്ള തൊഴില്‍ കര്‍മ്മസേനയുടെ മാതൃകയില്‍ തീറ്റപ്പുല്‍കൃഷിയുല്‍പാദനത്തിന് ഒരു കര്‍മ്മസേന എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 

കര്‍ഷകരും യുവാക്കളും ഉള്‍പ്പെടെയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് വിവിധ തരം തീറ്റപ്പുല്‍ കൃഷിരീതികള്‍, വിള പരിപാലനം, മൂല്യവര്‍ധന എന്നിവയില്‍ പ്രായോഗിക പരിശീലനത്തിനൊപ്പം സംരഭകത്വവികസനത്തിന് ഉതകുന്ന വ്യക്തിത്വവികസനവും ഈ പദ്ധതി ലക്ഷ്യമിടുന്നു. 

ഹെഡ്രോപോണിക്‌സ് അടക്കമുള്ള മണ്ണില്ലാ തീറ്റപ്പുല്‍കൃഷിരീതികള്‍, തീറ്റപ്പുല്‍ പെല്ലറ്റ് നിര്‍മാണം, യന്ത്രവല്‍കൃത വിളവെടുപ്പ് രീതികള്‍ എന്നീ മേഖലകളില്‍ പരിശീലനാര്‍ഥികള്‍ക്ക് അവഗാഹം നല്‍കാനും പരിപാടി ലക്ഷ്യംവയ്ക്കുന്നു. ഫാം വേസ്റ്റില്‍നിന്ന് വെര്‍മി കമ്പോസ്റ്റ്, എയറോബിക്ക് കമ്പോസ്റ്റ്, പഞ്ചഗവ്യം  മുതലായ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും വിപണത്തിനുമുള്ള പരിശീലനവും ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്‌മെന്റ് ആര്‍മിയിലേക്ക് തിരഞ്ഞെടുത്തവര്‍ക്ക് നല്‍കും. മാത്രമല്ല പരിശീലനാര്‍ഥികള്‍ക്ക് നിശ്ചിത തുക പ്രതിമാസ സ്‌റ്റൈപ്പെന്‍ഡും സര്‍വകലാശാല നല്‍കും.

പുല്ലില്‍ ഒളിഞ്ഞിരിക്കുന്ന ആദായസാധ്യതകള്‍ ഏറെ  

തീറ്റപ്പുല്ലിന് എപ്പോഴും ആവശ്യക്കാര്‍ ഉള്ളതിനാല്‍ പശുക്കളെയും ആടുകളെയുമൊന്നും വളര്‍ത്താത്ത ആളുകള്‍ക്കും തീറ്റപ്പുല്‍ക്കൃഷി ഒരു ആദായ സ്രോതസ്സാണ്. പറമ്പില്‍ സമൃദ്ധമായി തീറ്റപ്പുല്ല് വിളയുന്നുണ്ടെങ്കില്‍ അത് വിലകൊടുത്ത് വാങ്ങാന്‍ ആവശ്യക്കാര്‍ നിത്യവും വരും. തീറ്റപ്പുല്ലിന്റെ ഈ ഒരു സംരംഭകസാധ്യത തിരിച്ചറിഞ്ഞ് കൃഷിയിടങ്ങളില്‍ പുല്ലിറക്കി ആദായം കൊയ്യുന്ന സംരംഭകരും കൂട്ടായ്മകളും ഇന്ന് സംസ്ഥാനത്തുണ്ട്. ക്ഷീരവികസന വകുപ്പിന്റെ വിവിധ സാമ്പത്തികസഹായങ്ങളും തീറ്റപ്പുല്‍ കൃഷി സംരംഭകള്‍ക്ക് ലഭ്യമാണ്. പണം കായ്ക്കുന്ന മറ്റ് നാണ്യവിളകളെ പോലെ തീറ്റപ്പുല്ലും ഒരു ആദായവിളയാണെന്ന് നമ്മള്‍ അറിയണം. തീറ്റപ്പുല്‍കൃഷിയുടെ വാണിജ്യവല്‍ക്കരണത്തിനും  മൂല്യവര്‍ധനയ്ക്കും ഇനിയും കേരളത്തില്‍ സാധ്യതകള്‍ ഏറെയുണ്ട്. പുല്‍കൃഷിയിലും അനുബന്ധ മേഖലകളിലും ഒളിഞ്ഞിരിക്കും ബഹുവിധ സംരഭക സാധ്യതകളെ നമ്മുടെ ക്ഷീരകര്‍ഷകര്‍ക്കും ചെറുപ്പക്കാരുള്‍പ്പെടെയുള്ള ആളുകള്‍ക്കും ആഴത്തില്‍ മനസ്സിലാക്കി കൊടുത്ത് പുതിയ ഒരു തൊഴില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍  അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ഫോഡര്‍ ക്രോപ് ആര്‍മി പദ്ധതിയുടെ പിന്നിലുണ്ട്.

സംസ്ഥാനത്തിന്റെ തീറ്റപ്പുല്‍കൃഷി സ്വയംപര്യാപ്തതക്കായി ഒരു ചുവടുവയ്പ് 

ഫോഡര്‍ ഡെവലപ്പ്‌മെന്റ് ആര്‍മിയുടെ ആദ്യ ബാച്ചില്‍ പ്രവേശനം നിജപ്പെടുത്തിയിട്ടുള്ളത് തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിന്റെ സമീപത്തുള്ള പഞ്ചായത്തുകളിലെ മുപ്പത് വിദ്യാര്‍ഥികള്‍ക്ക് മാത്രമായാണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കി ക്ഷീര, മൃഗസംരക്ഷണമേഖലയ്ക്ക് പിന്തുണ നല്‍കുന്ന തീറ്റപ്പുല്‍ കൃഷി കര്‍മ്മസേനയെ സംസ്ഥാനത്തിന് വേണ്ടി സജ്ജമാക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. 

വെറ്ററിനറി സര്‍വകലാശാലയുടെ ലൈവ് സ്റ്റോക്ക് ഫാം മേധാവി ഡോ. കെ.എം. ശ്യാംമോഹന്റെ മനസ്സില്‍ വിരിഞ്ഞ ആശയമാണ് ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്‌മെന്റ്  ആര്‍മി. ഈ പഠന പരിശീലന പദ്ധതിയുടെ  ഡയറക്ടര്‍ വെറ്ററിനറി സര്‍വകലാശാല ലൈവ്‌സ്റ്റോക്ക് ഫാമില്‍ അസിസ്റ്റന്റ് പ്രഫസറായ ഡോ. ജിത്ത് ജോണ്‍ മാത്യുവാണ്. പരിശീലനത്തിന്റെ മികച്ച നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നതിനായി ഫോഡര്‍ സെക്ഷനിലെ സീനിയര്‍ ഫാം സൂപ്പര്‍വൈസറായ റോയിയുടെയും, ഫാം സൂപ്പര്‍വൈസറായ ബിനു ചാണ്ടിയുടെയും നേതൃത്വത്തിലുള്ള ടീമുമുണ്ട്.

English summary:  Fodder crops development army

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA