ADVERTISEMENT

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിനു മലപ്പുറം മക്കരപറമ്പ് പൊരിങ്ങപ്പറമ്പിൽ ഒരു വകഭേദമുണ്ട്. അധ്വാനിക്കാൻ തയാറെങ്കിൽ ഡ്രാഗൺ ഫ്രൂട്ട് ചെങ്കല്ല് ക്വാറിയിലും വിളയുമെന്നു പറയുകയല്ല, ചെയ്തു കാണിച്ചു തരികയാണു  പറമ്പൻ ഉമ്മർകുട്ടി എന്ന കർഷകൻ. ഒന്നര പതിറ്റാണ്ടിലെ കഠിനാധ്വാനത്തിലൂടെയാണു മുൻ പ്രവാസിയായി ഉമ്മർകുട്ടി രണ്ടരയേക്കർ ചെങ്കൽ ക്വാറി മനോഹര കൃഷിയിടമാക്കി മാറ്റിയത്. ആദ്യം പല വിളകൾ പരീക്ഷിച്ചു. എല്ലാം വിജയമായിരുന്നു. എന്നാൽ, ജലക്ഷാമം വില്ലനായി. ജലക്ഷാമമുള്ള സ്ഥലത്തിനു അനുയോജ്യമായ കൃഷി തേടിയുള്ള അന്വേഷണമാണു ഡ്രാഗൺ ഫ്രൂട്ടിലെത്തിച്ചേർന്നത്. നിലവിൽ ഒരേക്കറിൽനിന്നു വർഷം 6000 കി.ഗ്രാംവരെ പഴം ലഭിക്കും. പ്രാദേശിക വിപണിയിൽ വിറ്റഴിക്കുന്നതിനു പുറമെ, കയറ്റുമതിയുമുണ്ട്. കിലോയ്ക്ക് 250 രൂപയാണു വില. കൃഷിയിൽ ഉമ്മർകുട്ടി പൊന്നു വിളയിക്കുന്നതു കണ്ട് ഒട്ടേറെ പേർ കാണാനെത്തുന്നു, കൃഷി തുടങ്ങുന്നു. ജില്ലയിൽ ഡ്രാഗൺ ഫ്രൂട്ട്സ് കൃഷിയുടെ അനൗദ്യോഗിക അംബാഡിസർ കൂടിയായി അങ്ങനെ ഉമ്മർ കുട്ടി മാറി. 

മരുഭൂമിയിലെ ഓർമ, നാട്ടിലെ പച്ചപ്പ്

വർഷങ്ങളോളം ഗൾഫിലായിരുന്നു ഉമ്മർകുട്ടി റിയാദിൽ എംബസി സ്കൂളിൽ ജീവനക്കാരനായിരുന്നു. അക്കാലത്ത് അവധി ദിവസങ്ങളിൽ കുടുംബ സമേതം ചെലവഴിച്ചിരുന്നതു നഗരപ്രാന്തത്തിലുള്ള ഫാം ഹൗസിലായിരുന്നു. സൗദി പൗരന്റെ  ഉടമസ്ഥതയിലുള്ള ഫാം ഹൗസന്റെ മാനേജർ അടുത്ത സുഹൃത്തായിരുന്നു. നല്ല പാകത്തിൽ വിളഞ്ഞു നിൽക്കുന്ന പച്ചക്കറികൾ കണ്ടപ്പോഴാണു നാട്ടിൽ മടങ്ങിയെത്തിയാൽ കൃഷിയിൽ ഒരു കൈ നോക്കാമെന്നുറപ്പിച്ചത്. അങ്ങനെ 12 വർഷം മുൻപ് നാട്ടിലെത്തി. മക്കര പറമ്പിൽ വെറുതെ കിടന്നിരുന്ന ചെങ്കൽ ക്വാറിയിൽ പ്രതീക്ഷയുടെ പുതിയ വിത്തുകൾ നട്ടു. തക്കാളി, കുക്കുമ്പർ ഉൾപ്പെടെയുള്ള സാലഡ് ഇനങ്ങളും  ഉൾപ്പെടെയുള്ളതായിരുന്നു കൃഷി. നല്ല നിലയിൽ വിളവു ലഭിച്ചു. എന്നാൽ, ജലക്ഷാമം പ്രശ്നമായി. വേനൽ കാലത്ത് സുലഭമായി വെള്ളം ലഭിക്കുന്ന സ്ഥലമല്ല മക്കരപറമ്പ്. 

dragon-fruit-farmer
ഉമ്മർകുട്ടി തോട്ടത്തിൽ

അന്വേഷിച്ചു, ഡ്രാഗൺ കണ്ടെത്തി

അങ്ങനെയാണ്, വൻ തോതിൽ വെള്ളം ആവശ്യമില്ലാത്ത കൃഷിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. യൂ ട്യൂബിലും പരിചയമുള്ള കൃഷിക്കാരോടും അന്വേഷിച്ചു. ആ അന്വേഷണമാണ് കള്ളിച്ചെടി വിഭാഗത്തിൽപ്പെട്ട ഡ്രാഗൽ ഫ്രൂട്സിലെത്തിയത്. മെക്സിക്കോ, വിയറ്റ്നാം, തായ്‌ലാൻഡ്, മധ്യ അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ഡ്രാഗൺ ഫ്രൂട്സ് കൃഷി കേരളത്തിൽ അന്നു അത്ര പരിചിതമല്ലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡ്രാഗൺ ഫ്രൂട്സ് കൃഷിക്കാരുടെ ഓൺലൈൻ കൂട്ടായ്മകളുണ്ട്. അതുവഴി കൃഷിയെക്കുറിച്ച് കൂടുതൽ പഠിച്ച ഉമ്മർകുട്ടി ഉറപ്പിച്ചു- ചെങ്കൽ ക്വാറിയിൽ പൊന്നു വിളയിക്കാൻ നല്ലതു ഡ്രാഗൺ ഫ്രൂട്സ്  തന്നെ. മറ്റു കൃഷികൾ സാധ്യമല്ലാത്ത, തരിശ് നിലങ്ങൾക്കു ഏറ്റവും അനുയോജ്യം ഡ്രാഗൺ ഫ്രൂട്സാണെന്നു ഉമ്മർകുട്ടി പറയുന്നു.

ഒരേക്കൽ, 6000 കിലോ 

ഒരേക്കറിൽ 1700 തൈകൾ നടാം. രണ്ടു തൈകൾക്കിടയിൽ 2 മീറ്റർ അകലം വേണം. ഒരേക്കറിൽ കൃഷി ചെയ്യാൻ 6 ലക്ഷം രൂപ ചെലവു വരും. മൂന്നു വർഷം കൊണ്ട് മുടക്കു മുതൽ തിരിച്ചുപിടിക്കാനാകുമെന്നാണു ഉമ്മർ കുട്ടിയുടെ അനുഭവം. ഒരു ചെടിക്കു 20 വർഷത്തിലേറെയാണു ആയുസ്സ്. അതിൽ കൂടുതൽ കാലം ഫലം നൽകുന്നുവയുമുണ്ട്. വലിയ പരിചരണം ആവശ്യമില്ലെന്നതാണു പ്രധാന ഗുണം. വേനൽകാലത്ത് പോലും മൂന്നു ദിവസത്തിലൊരിക്കൽ ചെറുതായൊന്നു നനച്ചു നൽകിയാൽ മതിയാകും. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. 3 മാസത്തിലൊരിക്കൽ വേപ്പു മണ്ണ്, ചാണകം, എല്ലുപൊടി തുടങ്ങിയ വളങ്ങളിടാം. ഉമ്മർകുട്ടി പൂർണമായും ജൈവ വളം മാത്രമാണുപയോഗിക്കുന്നത്. 

ഒന്നര വർഷം കൊണ്ട് ഫലം

രണ്ടു രീതിയിലാണു ഡ്രാഗൺ ഫ്രൂട്ട്സ് കൃഷി ചെയ്യുന്നത്. തണ്ട് വേരുപിടിപ്പിച്ചു ചെയ്യുന്നതാണു എളുപ്പം. ഒന്നര മാസംകൊണ്ട് തണ്ട് വേരുപിടിക്കും. അതു നട്ടാൽ ഒന്നര വർഷം കൊണ്ട് ഫലം ലഭിച്ചു തുടങ്ങും. വിത്ത് നടുകയാണു മറ്റൊരു മാർഗം. എന്നാൽ, ഇതിൽ നിന്നു ഫലം ലഭിക്കാൻ 3-4 വർഷം കാത്തിരിക്കണം. ഏപ്രിൽ നവംബർ മാസത്തിലാണു ഡ്രാഗൺ ഫ്രൂട്സ് ഫലം ലഭിക്കുന്ന സീസൺ. ഡിസംബറിൽ തണ്ടെടുത്തു കുത്താം. കണ്ടും കേട്ടുമറിഞ്ഞു ഇപ്പോൾ ഒട്ടേറെ പേർ ഡ്രാഗൺ ഫ്രൂട്സ് കൃഷിക്കു താൽപര്യത്തോടെ എത്തുന്നുണ്ട്. കൃഷി താൽപര്യത്തോടെയെത്തുന്നവർക്കു തണ്ടുകൾ നൽകുന്നതിനൊപ്പം ആദ്യ വിളവെടുപ്പ് വരെ ഉമ്മർകുട്ടിയുടെ മേൽനോട്ടമുണ്ടാകും. ടെറസിലും അടുക്കള തോട്ടത്തിലും കൃഷി ചെയ്യാവുന്ന രീതിയിൽ 4 തണ്ടുകളുൾപ്പെടുന്ന പാക്കേജ് നൽകുന്നുണ്ട്. ഇതിന് 700 രൂപയാണു വില. 

ഗുണം മെച്ചം

ഒരേക്കളിൽനിന്ന് 6000 കിലോ ഡ്രാഗൺ ഫ്രൂട്സാണു ഒരു വർഷം ഉമ്മർ കുട്ടി വിൽക്കുന്നത്. നേരത്തെ കൂടുതലും കയറ്റുമതി ചെയ്യുകയായിരുന്നു. എന്നാൽ, ഇപ്പോൾ പ്രാദേശികമായും ഒട്ടേറെ ആവശ്യക്കാരുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കുന്നതിനുൾപ്പെടെ  ഡോക്ടർമാർ ഇതു ശുപാർശ ചെയ്യാറുണ്ടെന്നു ഉമ്മർകുട്ടി പറയുന്നു. ചികിത്സയുടെ ഭാഗമായി ഇതു വാങ്ങാനെത്തുന്നവർ ധാരാളം. ലോക്ഡൗൺ  കയറ്റുമതിയെയും പ്രാദേശിക വിൽപനയെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, ധാരാളം പേർ ഫാമിൽ നേരിട്ടു പഴം വാങ്ങാനെത്തുന്നുണ്ട്. സംസ്ഥാന സർക്കാർ ഇത്തവണ ബജറ്റിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കു പ്രോത്സാഹനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൃഷി കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്നു ഉമ്മർ കുട്ടി വിശ്വസിക്കുന്നു. 

ഫോൺ: 8089870430

Karshakasree: Dragon fruit farm in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com