കർഷകർ ആലോചിക്കും, ഇനി എന്തിന് കൃഷി ചെയ്യണം: ഇടനിലക്കാരുടെ നാടോ കേരളം?

HIGHLIGHTS
  • ആന്ധ്രമത്സ്യങ്ങളുടെ വരവ് കേരളത്തിലെ മത്സ്യക്കർഷകരുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്
vegetable-1
SHARE

കേരളത്തിൽ കർഷകർ ഒട്ടേറെയുണ്ട്, എന്നാൽ മലയാളിക്ക് വയറു നിറയെ ഉണ്ണണമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കു ട്രെയിനുകളും ചരക്കു ലോറികളും അതിർത്തി കടന്ന് എത്തണം. അതുപോലെ ദൈനംദിന ജീവിതത്തിലെ നല്ല ശതമാനം ഉൽപന്നങ്ങളും മലയാളിക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. എന്താണ് ഇങ്ങനെ? മലയാളി കൃഷി മറക്കുകയാണോ? അതോ ഉപേക്ഷിക്കുകയാണോ?

കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ഊർജിത കർമപരിപാടികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും പൂർണമായി ഫലപ്രാപ്തിയിലേക്ക് എത്തിയിട്ടില്ല. ഓണത്തിനൊരുമുറം പച്ചക്കറി എന്ന പേരിൽ ഏതാനും വർഷങ്ങളായി കൃഷിവകുപ്പ് വീട്ടുമുറ്റത്തെ കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, 50 ലക്ഷം വിത്തുപായ്ക്കറ്റുകളും 1.5 കോടി പച്ചക്കറിത്തൈകളും വിതരണം ചെയ്യുന്നുണ്ടെങ്കിലും മലയാളിക്ക് ഓണസദ്യ കഴിക്കണമെങ്കിൽ മിക്ക പച്ചക്കറികളും വണ്ടി കയറി വരണം. 

അധ്വാനിക്കാതെ ഉൽപന്നങ്ങൾ ലഭ്യമാകും എന്നതുകൊണ്ടു കൃഷിയോട് അകൽച്ച കാണിക്കുന്നവരും ഏറെ. വീട്ടുമുറ്റത്തെ പച്ചക്കറിക്കൃഷിക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വളർച്ച ലഭിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാനും വയ്യ. എന്നാൽ, വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേരളത്തിൽ പരാജയമാകുന്നു എന്നതാണ് ഇവിടുത്തെ കർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. വിത്തു നടുമ്പോൾ മികച്ച വിലയായിരിക്കും ഓരോ പച്ചക്കറിയിനത്തിനും എന്നാൽ, വിളവെടുത്താൽ ആർക്കും വേണ്ടാത്ത അവസ്ഥ. തുച്ഛമായ വിലപോലും ലഭിക്കാത്ത അവസ്ഥയും വരും. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കപ്പ, ചേന, വാഴ, പാവൽ, പടവലം തുടങ്ങിയ വിളകൾ കൃഷി ചെയ്ത കർഷകരും ആലപ്പുഴയിലെ തണ്ണിമത്തൻ കർഷകനുമെല്ലാം അഭിമുഖീകരിച്ചത് ഇതേ പ്രശ്നമാണ്. 

കേരളത്തിലേക്ക് പച്ചക്കറികൾ വരുന്നതുപോലെ പാൽ, പഴം, മത്സ്യങ്ങൾ എന്നിവയെല്ലാം കടന്നുവരുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്നതിന് വില നൽകാൻ ഇടനിലക്കാർ ശ്രമിക്കാറുമില്ല. കാരണം കുറഞ്ഞ വിലയ്ക്ക് അതിർത്തി കടന്ന് എല്ലാ ഉൽപന്നങ്ങളും വരുമ്പോൾ, അവയിൽനിന്ന് കൂടുതൽ മാർജിൻ ലഭിക്കുമ്പോൾ ആരാണ് കേരളത്തിലെ ഉൽപന്നം വാങ്ങുക?

മിൽമ എന്ന പൊതുമേഖലാ സ്ഥാപനത്തിനൊപ്പം കേരളത്തിലെ മലയാളിയെ പാലൂട്ടാൻ ഒട്ടേറെ സ്വകാര്യ പാൽ കമ്പനികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവയിലൂടെ ഇവിടെ വിതരണം ചെയ്യപ്പെടുന്ന പാൽ കേരളത്തിലെ ഫാമുകളിൽനിന്ന് ശേഖരിക്കുന്നതാണോ? അല്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പാലിന്റെ വിതരണം നിർവഹിക്കുന്ന ഇടനിലക്കാ‌ർ മാത്രമാണ് ഇത്തരം ചില കമ്പനികൾ. കർഷകരിൽനിന്ന് സംഭരിക്കാതെ ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന പാൽ വിതരണം ചെയ്യുന്ന കർഷകസംഘങ്ങൾ വരെ നാട്ടിലുണ്ട്. ഇതുമൂലം കന്നുകാലി വളർത്തൽ ഉപേക്ഷിച്ച നാടും കേരളത്തിലുണ്ട്. സർക്കാർ പദ്ധതികളിൽ പശുക്കളെ വാങ്ങിക്കണമെങ്കിലും പോകണം തമിഴ്നാട്ടിലേക്ക്. 

ഗാർഡൻ മേഖലയിലും സമാന രീതിയാണുള്ളത്. ഇവിടെ വിൽപനയ്ക്കെത്തുന്ന പല പൂച്ചെടികളും വളരുന്നത് ഇവിടെയല്ല. മറ്റൊരു നാട്ടിൽ വളർന്ന ചെടികൾ ഇവിടെ ഇടനിലക്കാരിലൂടെ വിൽപനയ്ക്കെത്തുന്നു. വാഴക്കൃഷി ചെയ്യണമെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിത്തുകൾ വേണം. കേരളത്തിൽ വാഴക്കർഷകർ ഒട്ടേറെയുണ്ടെങ്കിലും വിത്തുകൾക്കുവേണ്ടി എപ്പോളും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്.

മത്സ്യമേഖലയിൽ കുഞ്ഞുങ്ങളും വലിയവയും ഇവിടേക്ക് ഓടിയും പറന്നും എത്തുന്നു. കേരളത്തിലേക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങൾ പ്രധാനമായും എത്തുന്നത് പശ്ചിമബംഗാളിൽനിന്നാണ്. അതുപോലെ ആന്ധ്രയിൽനിന്ന് വലിയ മത്സ്യങ്ങളും എത്തുന്നു. ആന്ധ്രമത്സ്യങ്ങളുടെ വരവ് കേരളത്തിലെ മത്സ്യക്കർഷകരുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്. കുറഞ്ഞ വിലയ്ക്ക് അത്തരം മത്സ്യങ്ങൾ ഇവിടെ എത്തി വിപണി പിടിച്ചു. അതുകൊണ്ടുതന്നെ മത്സ്യം വളർത്തി വരുമാനം നേടാമെന്നു കരുതിയ ഒട്ടേറെ പേർ പ്രതിസന്ധിയിലായി. കേരളത്തിൽനിന്നുള്ള മത്സ്യം എടുക്കാൻ ഇടനിലക്കാർക്കും താൽപര്യമില്ല. ഇനി എടുക്കണമെങ്കിൽ പറയുന്നത് തുച്ഛമായ വിലയും. ഒട്ടേറെ കർഷകർ സ്വന്തമായി വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ട്രോളിങ് നിരോധനം കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

കേരളത്തിലെ കർഷകർ കൃഷിയിൽ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇടനിലക്കാരുടെ ചൂഷണമാണ് പലരെയും ഇതിൽനിന്ന് അകറ്റുന്നത്. കർഷകർ മാസങ്ങളോളം അധ്വാനിച്ചുണ്ടാക്കുന്ന ഉൽപന്നം ചുളുവിലയ്ക്ക് കരസ്ഥമാക്കി വലിയ വിലയ്ക്ക് മറിച്ചുവിൽക്കുന്നത് കാണുമ്പോൾ പല കർഷകരും ആലോചിക്കും, ഇനി എന്തിന് കൃഷി ചെയ്യണം? പല കർഷകരും കണക്കെണിയിലാകുന്നതും ഇതുകൊണ്ടാണ്. ഇതിനൊരു മാറ്റം വന്നാൽ കർഷകർ വളരും, ഒപ്പം കാർഷിക കേരളവും. 

English summary: Problems of farmers in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA