ADVERTISEMENT

'യൂ ട്യൂബ് കണ്ടു ആയിരങ്ങള്‍ മുടക്കി ചൂണ്ട വാങ്ങി, ബെര്‍തെ ആളെ പറ്റിക്കാന്‍, മീന്‍ കൊത്തുന്നില്ല' പലരും പറഞ്ഞു കേട്ട പരാതിയാണ്. എന്നാല്‍ ആംഗ്ലിങ് അല്ലെങ്കില്‍ റോഡ് ആന്‍ഡ് റീല്‍ ഫിഷിങ് എന്നറിയപ്പെടുന്ന ആധുനിക ചൂണ്ടയിടല്‍ കായികക്ഷമത പോലെ നല്ല പ്രാഗല്‍ഭ്യവും ക്ഷമയും വേണ്ട വിനോദമാണ്. സാധാരണ ചൂണ്ടയില്‍ ഇര കോര്‍ത്ത് മീന്‍ പിടിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമാണിത്.

ഉപജീവനത്തേക്കാളുപരി ജോലിയുടെയും ബിസിനസിന്റെയും പിരിമുറുക്കം കുറയ്ക്കാനൊക്കയാണ് കൂടുതല്‍ പേരും ചൂണ്ടയുമായി പോകുന്നത്. യോഗ ചെയ്യുന്ന ഫലമാണ് ഇതിലൂടെ കിട്ടുന്നതെന്ന് സന്ദീപ് നായര്‍ പറയുന്നു, ഒപ്പം കുട്ടികള്‍ വന്നാല്‍ അവര്‍ക്ക് ഏകാഗ്രത കൂടും. ഇലക്ട്രോണിക് ഗാഡ്ജറ്റുകളില്‍ മാറി നില്‍ക്കാനും മാനസികമായി കുട്ടികള്‍ക്ക് സന്തോഷം നല്‍കാനും നല്ലതാണന്നാണ് പലരുടെയും അനുഭവം.

fish-dileep-queen-fish
ദീലീപ് കുമാര്‍ ഒമാനില്‍നിന്നു പിടിച്ച ക്യൂന്‍ ഫിഷുമായി.

ആധുനിക രീതിയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ചുള്ള ശ്രദ്ധാപൂര്‍വമുള്ള മീന്‍ പിടിത്ത രീതിയാണ് ആംഗ്ലിങ്. 4000 രൂപ മുതല്‍ റോഡ് ആന്‍ഡ് റീല്‍ സെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഗ്രാഫൈറ്റ്, ഫൈബര്‍ ഗ്ലാസ് എന്നിവകൊണ്ട് റോഡുകളും അലുമിനിയം, ഗ്രാഫൈറ്റ് എന്നിവ ഉപയോഗിച്ച് റീലുകളും നിര്‍മിക്കുന്നു. ചൂണ്ടയുടെ തണ്ടാണ് റോഡ്, നൂല്‍ ചുറ്റി വലിക്കുന്നിടം റീല്‍.

fish-akhil-teja-sandeep-1
13 കിലോയുള്ള ക്യൂന്‍ ഫിഷുമായി അഖില്‍ കുട്ടായി, ഡോ. തേജ കണ്ണൂരില്‍നിന്നും പിടിച്ച കാളാഞ്ചിയുമായി, ചെല്ലാനം പുലിമുട്ടില്‍നിന്നു പിടിച്ച 10 കിലോ തൂക്കമുള്ള കാളാഞ്ചിയുമായി സന്ദീപ് നായര്‍.

ചുണ്ടയിലെ നൂലുകളെ ബ്രൈഡുകള്‍ എന്നാണ് വിളിക്കുന്നത്. നൈലോണ്‍, പോളി കാര്‍ബണ്‍ എന്നിവ കൊണ്ടാണ് നിര്‍മാണം. അതുകൊണ്ടുതന്നെ ഒരിക്കലും മിന്നലോ കനത്ത മഴയോ ഉള്ള സമയത്ത് ചൂണ്ടയുമായി ഇറങ്ങരുത്. അതീവ ചാലക ശേഷിയുള്ള ഉപകരണം മിന്നലിലേക്ക് ആകര്‍ഷിക്കും, മരണം വരെ സംഭവിക്കാം. 

ഇരയായി ഉപയോഗിക്കുന്ന ലൂര്‍ (ചെറു മീനിന്റെയും ചെമ്മീനിന്റെയും തവള, പാറ്റ എന്നിവയുടെയൊക്കെ ആകൃതിയില്‍ ഇരയെന്നു കബളിപ്പിച്ച് പിടിക്കല്‍)  അതിന്റെ വലുപ്പം, തൂക്കം, ആകൃതി, നിറം, അത് പോകുന്ന ആഴം വെള്ളത്തിന്റെ നിറം, ലൂറിനെ വെള്ളത്തില്‍ ജീവനുള്ള മീനോ ചെമ്മീനോ തവളയോ സഞ്ചരിക്കുന്ന വേഗത്തില്‍ ചലിപ്പിക്കണം, മീന്‍ കൊത്തിയാല്‍ തിരിച്ചു വലിക്കുന്ന കയ്യടക്കം, അങ്ങനെ ഒരുപാടു കാര്യങ്ങള്‍ കൂടി ചേര്‍ന്നു വരുമ്പോഴാണ് ഫലം ഉണ്ടാകുന്നതും മീന്‍ ഉദ്ദേശിച്ച പോലെ കരയിലെത്തുന്നതും. ലൂറില്‍ മീന്‍ കൊത്തിയാല്‍ ഉടന്‍തന്നെ ഏത് മീനാണ് കൊത്തിയതെന്നും തൂക്കമെത്രയെന്നും കൈത്തഴക്കമുള്ള ചൂണ്ടക്കാരന് അറിയാനാകും. 

fish-shark
ദീലീപ് കുമാര്‍ ഒമാനില്‍നിന്നു പിടിച്ച സ്രാവുമായി, ആര്‍. രഞ്ജിത്ത് പിടിച്ച കടല്‍ കറൂപ്പ് (അമൂര്‍)

ലൂറുകളെ സോഫ്റ്റ് ലൂര്‍ അഥവാ ഷാടുകള്‍, ഹാര്‍ഡ് ആയ ലൂറുകള്‍ എന്നിങ്ങനെ തരം തിരിക്കാം. ലൂര്‍ 500 രൂപ മുതലും സോഫ്റ്റ് ലൂര്‍ സെറ്റ് 150 രൂപ മുതലും ലഭ്യമാണ്. ഓരോ ലൂറുകളും ലക്ഷ്യമിടുന്നത് ഓരോ ഇനത്തിലും ആഴത്തിലുമുള്ള മീനുകളെയാണ്. 

മീനിനെ കുടുക്കി പൊക്കി എടുക്കുന്നതാണ് ടാക്കിള്‍സ്, ഇത് തിരഞ്ഞെടുക്കുന്നത് മുതല്‍ വളരെ ശ്രദ്ധയോടെ വേണം മുന്‍പോട്ടു പോകാന്‍ അശ്രദ്ധമായ ഉപയോഗം വളരെ അപകടം നിറഞ്ഞതുമാണ്. വ്യത്യസ്ത തരം മീനുകള്‍ക്കു അവയുടെ വലുപ്പം സ്വഭാവം എന്നിവ അനുസരിച്ചുവേണം ടാക്കിള്‍സ് തിരഞ്ഞെടുക്കാന്‍

fish-indian-salmon-king-fish
ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് തീരത്തുനിന്നു പിടിക്കുന്ന ഇന്ത്യന്‍ സാല്‍മണ്‍, മഹാരാഷ്ട്രയിലെ മാല്‍വനില്‍നിന്നു പിടിച്ച കിങ് ഫിഷ് ( നെയ് മീന്‍ )

ആധുനിക രീതികള്‍ അനുസരിച്ചു നിലവിലെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചും ഇന്ന് ചൂണ്ടയിടല്‍ ഹരമാക്കിയ ഒരു കൂട്ടം യുവാക്കള്‍ ആംഗ്ലേഴ്‌സ് ക്ലബ് ആലപ്പി എന്ന കുട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മത്സ്യസമ്പത്തിനെ ശാസ്ത്രീയ രീതിയില്‍ സംരക്ഷിക്കുകയും മത്സ്യക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ജലമലിനീകരണം തടയുക, രക്തദാനം, നേത്രദാനം എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയാണ് ഇവരുെട പ്രവര്‍ത്തനങ്ങള്‍. ചൂണ്ടയിടല്‍ മത്സരങ്ങള്‍, ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക എന്നിവ ആംഗ്ലേഴ്‌സ് ക്ലബ് ആലപ്പിയുടെ പ്രവര്‍ത്തങ്ങളുടെ ഭാഗമാണ്.

ആംഗ്ലേഴ്‌സ് ക്ലബ് ആലപ്പി, കേരള ആംഗ്ലേഴ്‌സ് ട്രൈബ് (കണ്ണൂര്‍), ആംഗ്ലേഴ്‌സ് ക്ലബ്ബ് കൊച്ചിന്‍ എന്നിവര്‍ ചേര്‍ന്നു ചെമ്പല്ലിക്കുഞ്ഞുങ്ങളെ പൊതുജലാശയത്തില്‍ നിക്ഷേപിക്കാനും പദ്ധതിയുണ്ട്. റോഡും റീലും ഉപയോഗിക്കുന്നവര്‍, സാധാരണ ഒരു കിലോയില്‍ താഴെ വലുപ്പമുള്ള മീനുകളെ പിടിക്കാറില്ല. കോവിഡ് കാലത്ത് പൊതുജലാശയങ്ങളിലൊന്നും ക്ലബ് അംഗങ്ങള്‍ മീന്‍ പിടിക്കാന്‍ പോകാറില്ല. കിട്ടിയാലും പലരും തിരികെ വിടും. വലിയ മീനുകളെയും പിടിച്ച് തിരികെ വീടുന്നവരും ഇവര്‍ക്കിടയില്‍ ഉണ്ട്.

English summary: Reasons to Go Fishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com