ഇന്ത്യന്‍ വാഴപ്പഴത്തിനുണ്ട് കയറ്റുമതിയില്‍ അനന്ത സാധ്യതകള്‍: ഐഎന്‍ഐ ഫാംസ് മേധാവി

HIGHLIGHTS
  • ഇന്ത്യന്‍ വാഴപ്പഴത്തിന് വിദേശ രാജ്യങ്ങഴില്‍ പ്രിയമേറിവരികയാണ്
  • വാഴപ്പഴത്തിന്റെ ഏറ്റവും വലിയ ഉല്‍പാദകരും ഉപഭോക്താക്കളും ഇന്ത്യയാണ്
ini-farm-head-1
SHARE

ഇന്ത്യന്‍ വാഴപ്പഴത്തിന് വിദേശ രാജ്യങ്ങഴില്‍ പ്രിയമേറിവരികയാണ്. അടുത്തിടെ കേരളത്തില്‍നിന്ന് യുകെയിലേക്ക് നേന്ത്രന്‍ കയറ്റി അയയ്ക്കുകയും ചെയ്തു. മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലേക്കും കേരളത്തില്‍നിന്നുള്ള നേന്ത്രന്‍ ഇനം വാഴയ്ക്ക സ്ഥാനം പിടിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ വാഴപ്പഴം വിദേശ വിപണിയിലെത്തിച്ച സ്ഥാപനമാണ് ഐഎന്‍ഐ ഫാംസ്, ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒന്ന്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി എങ്ങനെയായിരിക്കും? ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കര്‍ഷകര്‍ക്ക് എന്തെങ്കിലും പ്രതീക്ഷിക്കാമോ? ഐഎന്‍ഐ ഫാംസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പങ്കജ് ഖന്‍ഡേല്‍വാളുമായി മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീ നടത്തിയ പ്രത്യേക അഭിമുഖം.

വാഴപ്പഴത്തിന് ആഗോള വിപണി നേടാന്‍ കഴിഞ്ഞു. അത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് എത്രത്തോളം ഗുണകരമാണ്? പ്രത്യേകിച്ച് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്?

കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വാഴപ്പഴ മേഖല കാര്യമായ വളര്‍ച്ച കൈവരിച്ചതായി മനസിലാക്കാം. പ്രതിവര്‍ഷം 30 മില്യണ്‍ മെട്രിക് ടണ്‍ ഉല്‍പാദനമാണ് ഇവിടെ നടക്കുന്നത്. ആഗോള ഉല്‍പാദനത്തിന്റെ 28 ശതമാനത്തോളം വരുമിത്. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന പഴവര്‍ഗമെന്ന നിലയില്‍ ഈ വളര്‍ച്ച തീര്‍ച്ചയായും കര്‍ഷകര്‍ക്ക് ഗുണപ്രദമാണ്. സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് വിപണിമൂല്യത്തേക്കാള്‍ അധികവില ലഭിക്കുന്നു. പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്ണിലധികം വാഴപ്പഴമാണ് ആവശ്യമായി വരുന്നത്. ഇതോടൊപ്പം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കാര്‍ഷിക രീതികള്‍ കൂടി ചേരുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമാകും. ആന്ധ്രാപ്രദേശില്‍നിന്നുള്ള കാവന്‍ഡിഷിനും കേരളത്തില്‍നിന്നുള്ള രസകദളിക്കും നേന്ത്രപ്പഴത്തിനുമാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആവശ്യക്കാരേറെ.

ഇന്ത്യയില്‍നിന്നുള്ള വാഴപ്പഴം കയറ്റുമതിയിലെ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ എങ്ങനെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്? ഫിലിപ്പീന്‍സില്‍നിന്നുള്ള വാഴപ്പഴം ഇറക്കുമതി അമേരിക്ക നിരോധിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ വാഴപ്പഴത്തിന് നേട്ടമാകുമോ?

വാഴപ്പഴ കയറ്റുമതിയുടെ വളര്‍ച്ചയില്‍ വരും വര്‍ഷങ്ങളിലും ഇതേ കുതിപ്പു കാണാന്‍ സാധിക്കും എന്നതു തീര്‍ച്ച. വാഴപ്പഴ വ്യവസായത്തിന്റെ വളര്‍ച്ച ആരംഭിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. എങ്കില്‍പോലും മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. മഹാമാരിയുടെ ആഘാതത്തില്‍ എല്ലാ മേഖലകളും തകര്‍ന്നടിഞ്ഞുവെങ്കിലും വാഴപ്പഴ മേഖലയില്‍ 35 ശതമാനം വര്‍ധനയുണ്ടായി. വരും വര്‍ഷങ്ങളില്‍ വാഴപ്പഴ കയറ്റുമതിയില്‍ പ്രതിവര്‍ഷം 30 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഫിലിപ്പീന്‍സ് വളരെ ചെറിയ വിതരണക്കാരാണ്. ലാറ്റിന്‍ അമേരിക്കയില്‍നിന്നാണ് ഏറിയ പങ്കും അമേരിക്കയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ഫിലിപ്പീന്‍സിന്റെ വിലക്കിന് അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഇന്ത്യയെ വലുതായി സഹായിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.

ini-farms

ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഫലങ്ങളിൽ ഇപ്പോൾ രണ്ടാം സ്ഥാനം വാഴപ്പഴത്തിനുണ്ട്. എന്തായിരിക്കാം അതിനു കാരണം?

വാഴപ്പഴത്തിന്റെ ഏറ്റവും വലിയ ഉല്‍പാദകരും ഉപഭോക്താക്കളും ഇന്ത്യയാണ്. 8.4 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 297 ലക്ഷം മെട്രിക് ടണ്‍ വാഴപ്പഴമാണ് ഇന്ത്യ ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനത്തില്‍ മുന്നിലാണെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ആഗോള വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വിളവെടുപ്പിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കൃത്യമായ കയറ്റുമതി സംവിധാനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള അറിവില്ലായ്മയാകാം കാരണം.

കുറഞ്ഞ ഉല്‍പാദനച്ചെലവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള ദൂരക്കുറവുമാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണിക്ക് അനുഗ്രഹമാകുന്നത്. ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ഇതില്‍ വലിയൊരു പങ്കുണ്ട്. 

ഫലവര്‍ഗങ്ങളില്‍ വാഴപ്പഴ ഉല്‍പാദനത്തില്‍ ഇന്ത്യയാണു മുന്‍പിലെന്നു പറഞ്ഞല്ലോ, വര്‍ഷം മുഴുവനും വാഴക്കൃഷി സാധ്യമാകുന്നുവെന്നത് നമ്മുടെ പ്രത്യേകതയാണ്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വാഴപ്പഴം പശ്ചിമേഷ്യന്‍ മാര്‍ക്കറ്റിലെത്താന്‍ മൂന്നാഴ്ച വേണ്ടിവരും. എന്നാല്‍, ഇന്ത്യയ്ക്കിത് ഒരാഴ്ചയ്ക്കുള്ളില്‍ എത്തിക്കാന്‍ കഴിയും. ഏകദേശം നൂറോളം വാഴയിനങ്ങള്‍ ഇന്ത്യയിലുണ്ട് എന്നുള്ളത് പ്രത്യേകതയാണ്. 2019-20ല്‍ 1.96 ലക്ഷം മെട്രിക് ടണ്‍ വാഴപ്പഴം ഇന്ത്യ കയറ്റി അയച്ചു. തൊട്ടു മുന്‍വര്‍ഷം ഇത് 1.34 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു.

ini-farm-2

കയറ്റുമതിക്കുവേണ്ടി വാഴക്കൃഷി ചെയ്യുമ്പോള്‍ കര്‍ഷകന്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്?

കയറ്റുമതി ലക്ഷ്യമിട്ടുള്ള കൃഷിയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉല്‍പന്നത്തിന്റെ ഗുണനിലവാരമാണ്. ഉല്‍പാദനഘട്ടങ്ങളുടെ വിലയിരുത്തല്‍, കായ്കളുടെ വലുപ്പം ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക, കാഴ്ചയില്‍ത്തന്നെ മേന്മ തോന്നിക്കുമെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാനം. വിളവെടുപ്പിനുശേഷം ഫലങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ യാതൊരുവിധ കേടുപാടും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിശദ പഠനത്തിനായി കര്‍ഷകര്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ഫലവത്തായിരിക്കും.

കൃഷി, വളപ്രയോഗം, വിളവെടുപ്പ് എന്നിവയില്‍ ഐഎന്‍ഐ ഫാംസ് കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ടോ?

ഇന്ത്യയിലെ തോട്ടക്കൃഷിയെ ഉയരങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎന്‍ഐ ഫാംസിന്റെ ഓരോ പ്രവര്‍ത്തനവും. ഇതിന്റെ ഭാഗമായി 5000ല്‍പ്പരം കര്‍ഷകരുമായി ചേര്‍ന്ന് ഐഎന്‍ഐ ഫാംസ് പ്രവര്‍ത്തിച്ചുവരുന്നു. 2009 മുതല്‍ കര്‍ഷക കൂട്ടായ്മകള്‍, വിളവെടുപ്പിനും മുന്‍പും പിന്‍പുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഇടമൊരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഐഎന്‍ഐ ഫാംസിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

വിദേശ വിപണിയിലേക്ക് അയയ്ക്കുമ്പോള്‍ ഫ്രഷ്‌നെസ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. എന്തെല്ലാം കാര്യങ്ങളാണ് വിളവെടുപ്പ് മുതല്‍ പായ്ക്കിങ്, ചരക്കുനീക്കം എന്നീ സമയങ്ങളില്‍ വരെ ശ്രദ്ധിക്കുന്നത്?

അതിവേഗം കേടാകുന്ന ഫലമാണ് വാഴപ്പഴം. അതുകൊണ്ടുതന്നെ വിളവെടുപ്പ് മുതല്‍ കയറ്റിയയ്ക്കുന്നതു വരെ പ്രത്യേക ശ്രദ്ധ വേണം. വാഴപ്പഴം ഫ്രഷായിരിക്കാന്‍ വൃത്തിയുള്ള ഇടങ്ങളില്‍ അവ സൂക്ഷിക്കണം. വിളവെടുപ്പിനു മുന്‍പുതന്നെ സംഭരണത്തെക്കുറിച്ച് ധാരണയുണ്ടാകണം. വിളവെടുപ്പിനുശേഷം ഒട്ടുംതന്നെ സമയം പഴാക്കാതെ പഴങ്ങള്‍ തരംതിരിക്കുകയും കയറ്റിയയയ്ക്കുകയും വേണം. പഴങ്ങള്‍ ഏറെനാള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി അതിന്റെ ഗുണമേന്മ മെച്ചപ്പെടുത്തേണ്ടതാണ്. കൂടാതെ വൃത്തിയും നൂതനമായി പായ്ക്ക് ചെയ്യുന്നതും സൂക്ഷിപ്പുകാലം വര്‍ധിപ്പിക്കാന്‍ സഹായിക്കും

ഒരു വര്‍ഷം ഇന്ത്യയില്‍നിന്ന് എത്ര ടണ്‍ വാഴയ്ക്ക കമ്പനി സംഭരിക്കുന്നുണ്ട്? ഏതൊക്കെ സംസ്ഥാനങ്ങളില്‍നിന്നാണ് സംഭരിക്കുന്നത്?

ഐഎന്‍ഐ ഫാംസ് പ്രതിവര്‍ഷം 40,000 ടണ്ണോളം പഴം സംഭരിക്കാറുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും സംഭരിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്തും കയറ്റുമതിയില്‍ വര്‍ധന നേടാന്‍ ഐഎന്‍ഐ ഫാംസിനു കഴിഞ്ഞിട്ടുണ്ട്. ഇത് എങ്ങനെ സാധ്യമായി?

എല്ലാ മേഖലകളിലെയും പോലെ ഐഎന്‍ഐയെയും കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചു. എന്നാല്‍, കയറ്റുമതി സുഗമമാക്കുന്നതിനായി ഐഎന്‍ഐ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഐഎന്‍ഐയുടെ പ്രവര്‍ത്തനം സുഗമമാക്കാനും കര്‍ഷകരുടെ വിളകള്‍ കേടുകൂടാതെ കയറ്റിയയ്ക്കാനും ഇതു സഹായിച്ചു. പ്രധാനമായും ഐഎന്‍ഐയുടെ കയറ്റുമതി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കായതിനാല്‍ ഏതു തരത്തിലുള്ള പ്രതിസന്ധികളും വളരെ എളുപ്പത്തില്‍ മറികടക്കാന്‍ സാധിച്ചു.

വിലത്തകര്‍ച്ചകൊണ്ട് കേരളത്തിലെ വാഴക്കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. കേരളത്തിലെ കര്‍ഷകര്‍ക്കും വിദേശ വിപണി ലഭ്യമാക്കാന്‍ കമ്പനിക്കു കഴിയുമോ? കഴിയുമെങ്കില്‍ കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടത്?

കേരളത്തില്‍നിന്നുള്ള കര്‍ഷകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഐഎന്‍ഐയും ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ വാഴപ്പഴ വകഭേദങ്ങളുടെ മുന്‍നിര കയറ്റുമതിക്കാരാകാന്‍ കേരളത്തിനു സാധിക്കുമെന്ന് തീര്‍ച്ച. കര്‍ഷകര്‍ തന്നെ ചെറു സംഘങ്ങളായി തിരിഞ്ഞാല്‍ പങ്കാളിത്തം കൂടുതല്‍ എളുപ്പമാകും. ശേഷം കര്‍ഷകരും ഐഎന്‍ഐയും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിലൂടെ കൃഷി രീതികള്‍ മെച്ചപ്പെടുത്താനും കയറ്റുമതിക്കനുയോജ്യമായ ഗുണനിലവാരത്തില്‍ വാഴക്കൃഷി നടത്താനും സാധിക്കും. നിലവില്‍ ലോകത്തില്‍ അങ്ങോളമിങ്ങോളമുള്ള 35 രാജ്യങ്ങളുമായി ചേര്‍ന്നാണ് ഐഎന്‍ഐ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ വാഴക്കൃഷിയില്‍ ഐഎന്‍ഐ ഫാംസിന്റെ വിലയിരുത്തല്‍ എങ്ങനെ?

കേരളത്തിലെ വാഴക്കൃഷി സാധ്യതകളെക്കുറിച്ച് ഐഎന്‍ഐ വിലയിരുത്തിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങള്‍ കയറ്റുമതിക്കാവശ്യമായ ഗുണനിലവാരത്തോടുകൂടിയ പഴങ്ങളുണ്ടാക്കാന്‍ അനുയോജ്യമാണ്. രസകദളി, നേന്ത്രന്‍ എന്നീ ഇനങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കേരള സര്‍ക്കാരിന്റെ സഹായത്തോടെ കേരളത്തെ ഇന്ത്യയിലെ മികച്ച വാഴപ്പഴ കയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ് ഐഎന്‍ഐ.

English summary: An Interview with INI Farms Chairman Pankaj Khandelwal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA