മനുഷ്യർക്കും കാലിസമ്പത്തിനും വൻ വിപത്തു വിതച്ച വൈറസിനെ തുടച്ചുനീക്കിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട്

HIGHLIGHTS
  • അറുതിയില്ലാത്ത ദുരിതം വിതച്ച കാലിവസന്ത
  • രോഗം മനുഷ്യരാശിക്കു വിതച്ച ദുരിതം ചെറുതല്ലായിരുന്നു
rinderpest
SHARE

കന്നുകാലികളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മഹാമാരിയായ കാലിവസന്തയെ (റിൻഡർ പെസ്റ്റ്- Rinderpest) ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട് പൂർത്തിയാവുന്നു. ലോകമെമ്പാടും കന്നുകാലി മാംസ–ക്ഷീരോൽപാദകമേഖലയിൽ അറുതിയില്ലാത്ത ദുരിതവും കണക്കില്ലാത്ത സാമ്പത്തികനഷ്ടവും വിതച്ച കാലിവസന്ത രോഗത്തെ ഭൂമിയിൽനിന്നും നിർമാർജനം ചെയ്തതായി ഐക്യരാഷ്ട്രസംഘടനയുടെ ഏജൻസിയായ ഭക്ഷ്യകാർഷികസംഘടന (United Nations Food and Agriculture Organization (FAO) ) പ്രഖ്യാപിച്ചത് 2011, ജൂൺ 28നായിരുന്നു. ഈ പ്രഖ്യാപനത്തിനും അഞ്ചു വർഷങ്ങൾക്ക് മുൻപ് 2006ൽ ഇന്ത്യയെ കാലിവസന്ത വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. വസൂരിക്ക് / സ്മാൾ പോക്‌സ് (Smallpox) ശേഷം വാക്സിനേഷൻ വഴി ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ട രണ്ടാമത്തെ രോഗവും, ആദ്യത്തെ ജന്തുരോഗവുമാണ് കാലിവസന്ത. നൂറ്റിയമ്പതിൽ അധികം വർഷങ്ങൾ നീണ്ട കൂട്ടായ പരിശ്രമവും ശാസ്ത്രത്തിന്റെ സർവസന്നാഹങ്ങളും മുൻനിർത്തി നയിച്ച പോരാട്ടവുമായിരുന്നു കാലിവസന്ത വൈറസിനെ ഉന്മൂലനം ചെയ്യാൻ മനുഷ്യരാശിയ്ക്ക് കരുത്തുപകർന്നത്. 

അറുതിയില്ലാത്ത ദുരിതം വിതച്ച കാലിവസന്ത  

മനുഷ്യൻ കൂട്ടമായി കാലിവളർത്തൽ ആരംഭിച്ച പൗരാണിക കാലത്ത് എന്നോ ഏഷ്യൻ വൻകരയിലാണ് കാലവസന്ത വൈറസിന്റെ ഉദ്ഭവം എന്നാണ് കരുതപ്പെടുന്നത്. മനുഷ്യരെ ബാധിക്കുന്ന മീസിൽസ് അഥവാ അഞ്ചാം പനി വൈറസുകൾ പതിനൊന്നാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ കാലി വസന്ത വൈറസുകളിൽ നിന്നാണ് ഉദ്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. കന്നുകാലികളുടെ കടത്തും കൈമാറ്റവും  വിപണനവുമെല്ലാം വ്യാപകമായ പിന്നീടുള്ള കാലങ്ങളിൽ നുറ്റാണ്ടുകളെയെല്ലാം വിറപ്പിച്ച മഹാമാരിയായി ലോകമെങ്ങും കാലിവസന്ത വൈറസ് പടർന്നു. പശുവും എരുമയും ഉൾപ്പെടെയുള്ള  കന്നുകാലികളെ മാത്രമല്ല ഇരട്ട കുളമ്പുള്ള വന്യജീവികളെയും വൈറസ് ബാധിച്ചു. സമ്പർക്കത്തിലൂടെ മാത്രമല്ല തീറ്റയിലൂടെയും കുടിവെള്ളത്തിലൂടെയും വായുവിലൂടെയുമെല്ലാം കാലവസന്തയ്ക്ക് കാരണമായ റിൻഡർ പെസ്റ്റ് മോർബിലി വൈറസുകൾ അതിവേഗം വ്യാപിച്ചു. വൈറസ് ബാധയേറ്റ മൃഗങ്ങളിൽ മരണനിരക്ക് 100 ശതമാനം വരെയായിരുന്നു. മനുഷ്യരിൽ കറുത്ത മരണം വിതച്ച പ്ലേഗിന് സമാനമായി കന്നുകാലി പ്ലേഗ് എന്ന അപരനാമം കാലിവസന്തയ്ക്ക് വന്നുചേർന്നതിന്റെ കാരണവും മറ്റൊന്നല്ല. 18-ാം നൂറ്റാണ്ടും 19-ാം  നൂറ്റാണ്ടും 20-ാം നൂറ്റാണ്ടുമെല്ലാം കാലിവസന്ത  വിതച്ച മഹാദുരന്തത്തിന്റെ സാക്ഷിയായി. 

കാലിവസന്ത കന്നുകാലികളെ മാത്രം  ബാധിച്ചിരുന്ന ഒരു വൈറസ് രോഗമായിരുന്നെങ്കിലും ഈ രോഗം മനുഷ്യരാശിക്കു വിതച്ച ദുരിതം ചെറുതല്ലായിരുന്നു. കാലികളിൽ നൂറു ശതമാനം വരെ മരണസാധ്യതയുള്ള ഈ വൈറസ് ബാധിച്ച കാലികൾ കൂട്ടമായി ചത്തൊടുങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ദക്ഷിണാഫ്രിക്കയിൽ പടർന്ന കാലിവസന്ത ദക്ഷിണ, കിഴക്കൻ ആഫ്രിക്കയിലെ 90 ശതമാനം കാലിസമ്പത്തിനെയും ഒറ്റയടിക്ക് തുടച്ചുനീക്കി. അതിനുപിന്നാലെ ഉപജീവനമാർഗവും വരുമാനമാർഗവും വഴിമുട്ടി സബ് സഹാറൻ മേഖലയിൽ അനേകം ലക്ഷം മനുഷ്യർ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും വഴുതിവീണു. 1889ൽ എത്യോപ്യയുടെ ആകെ  ജനസംഖ്യയുടെ മൂന്നിലൊന്നു പേർ  അകാലത്തിൽ  മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് വഴിയൊരുക്കിയത് കാലിവസന്ത കാരണം കന്നുകാലിസമ്പത്തിനുണ്ടായ നാശവും പിന്നാലെയെത്തിയ രൂക്ഷമായ പട്ടിണിയുമാണ്. ആഫ്രിക്കയിൽ  മാത്രമായിരുന്നില്ല കാലിവസന്ത  ദുരിതം വിതച്ചത്,  ക്രമേണ വൻകരകൾ കടന്ന് കാലിവസന്ത പടർന്നു. ഇന്ത്യ ഉൾപ്പെടെ  വികസ്വരരജ്യങ്ങളിലും  യൂറോപ്പിലെ വികസിത രാഷ്ട്രങ്ങളിലും എല്ലാം തന്നെ രോഗത്തിന്റെ ആഘാതമുണ്ടായി. ഏറ്റവും ഒടുവിൽ 1982–1984 കാലഘട്ടത്തിൽ ആഫ്രിക്കയിൽ  കാലിവസന്ത പൊട്ടിപുറപെട്ടപ്പോൾ രണ്ട് ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന കാലിസമ്പത്താണ് ചത്തൊടുങ്ങിയത്.

അതിജീവനത്തിന്  കരുത്തായത് വാക്‌സിൻ

കാലിവസന്ത വൈറസിനെ അതിജയിക്കാനും അതിജീവിക്കാനുമുള്ള മനുഷ്യരാശിയുടെ പോരാട്ടത്തിനും പരിശ്രമത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1761ൽ ഫ്രാൻസിലെ ലിയോണിൽ (Lyon - 1762) ലോകത്തെ ആദ്യത്തെ വെറ്ററിനറി കലാലയം  സ്ഥാപിതമാകുന്നത് പോലും കാലിവസന്തയെ പ്രതിരോധിക്കാൻ വേണ്ടിയായിരുന്നു. കാലിവസന്തയെ കുറിച്ച് പഠിക്കാൻ അന്നത്തെ പോപ്പ് ആയിരുന്ന ക്ലമന്റ് XI നിയമിച്ച ജിയോവാന്നി മരിയ ലാൻസിസി എന്ന ഭിഷ്വഗ്വരൻ  നിർദേശിച്ച ലാൻസിസിയുടെ നിയമങ്ങൾ (Lancisi's principles) എന്നറിയപ്പെടുന്ന  രോഗ നിയന്ത്രണ പ്രതിരോധ  മാർഗങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമായിരുന്നു വെറ്ററിനറി കലാലയം സ്‌ഥാപിച്ചതിന്റെ പ്രധാന ലക്‌ഷ്യം. 

1924ൽ ലോക മൃഗാരോഗ്യ സംഘടന   (OIE/ World Organisation for Animal Health) രൂപീകരിച്ചതും 1950ൽ ഇന്റർ ആഫ്രിക്കൻ ബ്യൂറോ ഓഫ് എപിസൂട്ടിക് ഡിസീസസ്  (Inter-African Bureau of Epizootic Diseases) കാലിവസന്ത നിർമാർജനമെന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ടിയായിരുന്നു. 1945ൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഭക്ഷ്യ കാർഷിക സംഘടന  (Food and Agriculture Organization of the United Nations (FAO)) രൂപീകരിക്കപ്പെട്ടതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും മനുഷ്യരാശിയുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുന്ന കാലിവസന്തയെ തുടച്ചുനീക്കാനുള്ള നിർമാർജന ദൗത്യത്തിന് നേതൃത്വം നൽകുക എന്നതായിരുന്നു. ഇന്ത്യയിലെ പ്രഥമ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (Indian Veterinary Research Institute) 1889ൽ ഉത്തർപ്രദേശിലെ ബറേലിയിൽ സ്ഥാപിതമായതും കാലിവസന്ത പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വേണ്ടിയായിരുന്നു. 

രോഗം കണ്ടെത്തിയ മൃഗങ്ങളെ കൂട്ടമായി കൊന്നൊടുക്കുകയും (Slaughter) മറ്റു മൃഗങ്ങൾക്ക്  രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് ശേഖരിച്ച നിർവീര്യമാക്കിയ വൈറസിന്റെ കണികകൾ കുത്തിവയ്ക്കുന്ന ഇനോക്കുലേഷൻ (Inoculation) രീതിയും ക്വാറന്റീനും (Quarantine) ആയിരുന്നു ആദ്യകാലങ്ങളിൽ സ്വീകരിച്ചിരുന്ന പ്രധാന രോഗനിയന്ത്രണ,പ്രതിരോധ മാർഗങ്ങൾ. 1960കളിൽ കാലിവസന്ത തടയാനുള്ള വാക്‌സിൻ കണ്ടെത്തിയതോടെയാണ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിയത്. ബ്രിട്ടീഷ് വെറ്ററിനറി ഡോക്ടറും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. വാൾട്ടർ പ്ലോറൈറ്റ് ഒരു ദശകത്തോളം നടത്തിയ ഗവേഷണങ്ങളായിരുന്നു കാലിവസന്ത തടയാനുള്ള ടിഷ്യൂ കൾച്ചർ വാക്സിന്റെ (TCRV- Inactivated Rinderpest vaccine/ Plowright  vaccine/ RBOK strain of the rinderpest virus) പിറവിയുടെ പിന്നിൽ.   

കന്നുകാലികൾക്ക് ഒരിക്കൽ വാക്സിൻ നൽകിയാൽ ജീവിതകാലം മുഴുവൻ കാലിവസന്തക്കെതിരെ പ്രതിരോധ ശേഷി നൽകാൻ പ്ലോറൈറ്റ് വികസിപ്പിച്ച വാക്‌സിന് കഴിയുമായിരുന്നു. 1961ൽ പോളിയോ രോഗം തടയാനുള്ള തുള്ളിമരുന്ന് രൂപത്തിലുള്ള വാക്സിൻ വികസിപ്പിക്കാൻ ആൽബർട്ട് സാബിൻ എന്ന ഗവേഷകന് പ്രചോദനം ആയതും വാൾട്ടർ പ്ലോറൈറ്റ് നടത്തിയ കാലിവസന്ത വാക്‌സിൻ ഗവേഷണമായിരുന്നു. കാലികൾക്ക് റിൻഡർ പെസ്റ്റ് വൈറസിനെ തടയാൻ ജീവിതകാലം മുഴുവൻ ശേഷി നൽകുന്ന വാക്സിന്റെ വൻതോതിലുള്ള ഉൽപാദനം രോഗപ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ സക്രിയമാക്കി. ലോകഭക്ഷ്യകർഷികസംഘടനയും ലോകമൃഗാരോഗ്യസംഘടനയും അന്താരാഷ്ട്ര അറ്റോമിക് ഏജൻസിയും ചേർന്ന് 1994ൽ  ആഗോള കാലിവസന്ത നിർമാർജന പദ്ധതിക്ക്  (Global Rinderpest Eradication Programme) തുടക്കമിട്ടു. കാലിവസന്ത വാക്‌സിൻ കണ്ടെത്തിയ ഡോ. വാൾട്ടർ പ്ലോറൈറ്റിനെ തേടി യുഎൻ ഭക്ഷ്യകർഷികസംഘടനയുടെ 1999ലെ ലോകഭക്ഷ്യപുരസ്കാരമെത്തി. പ്ലോറൈറ്റ് നടത്തിയ ഗവേഷണവും അദ്ദേഹം വികസിപ്പിച്ച വാക്സിനും ലോകത്തിന്റെ പട്ടിണി മാറ്റാൻ തുണയായെന്നാണ് പുരസ്കാരസമിതി വിശേഷിപ്പിച്ചത് .

കാലിവസന്ത വിമുക്തിയിലേക്ക് 

2001ൽ കെനിയയിൽ ആയിരുന്നു ഭൂമിയിൽ അവസാനമായി കാലിവസന്ത സ്ഥിരീകരിച്ചത്. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ലോക ഭക്ഷ്യകാർഷിക സംഘടന ഒരു ദശകം നീളുന്ന കാലിവസന്ത നിർമാർജന ഊർജിതദൗത്യത്തിന് തുടക്കമിട്ടു. ഈ ദൗത്യത്തിന്റെ ഒടുവിലാണ് 2011, ജൂണിൽ 28ന് കാലിവസന്ത നിർമാർജനം ചെയ്തതായി പ്രഖ്യാപിക്കപ്പെടുന്നത്. കാലിവസന്തയിൽ നിന്നുള്ള ലോകത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം അഥവാ , Global Freedom from Rinderpest, എന്നാണ് 2011-ലെ ഈ പ്രഖ്യാപനം ചരിത്രത്തിൽ അറിയപ്പെടുന്നത്.  വൈറസ് ചോർച്ചയുടെയും വ്യാപനത്തിന്റെയും ചെറിയസാധ്യതകൾ പോലും തടയുന്നതിനായി ലോകത്ത് ഗവേഷണ സ്ഥാപനങ്ങളിൽ സൂക്ഷിക്കുന്ന റിൻഡർ പെസ്റ്റ് മോർബിലി വൈറസുകളെ സുരക്ഷിതമായി നശിപ്പിച്ച് ഒഴിവാക്കണമെന്ന ഐക്യരാഷ്ട്രസംഘടനയും ലോകമൃഗാരോഗ്യ സംഘടനയും നിർദേശിച്ചിട്ടുണ്ട്. വൈറസിന്റെ സമ്പൂർണ ജനിതകപഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ വിവരങ്ങളും ലഭ്യമായ സാഹചര്യത്തിൽ വൈറസിനെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇനി സൂക്ഷിക്കേണ്ടതില്ലന്നാണ് ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണം. 2019 ജൂണിൽ ബ്രിട്ടണിലെ സുറെ നഗരത്തിലെ Pirbright Institute എന്ന ഗവേഷണകേന്ദ്രം തങ്ങൾ സൂക്ഷിച്ചിരുന്ന ഏറെ പഴക്കമുള്ളതും വലുതുമായ റിൻഡർ പെസ്റ്റ് വൈറസ്‌ ശേഖരം സുരക്ഷിതമായി നശിപ്പിച്ച് ഒഴിവാക്കിയിരുന്നു. ലോകത്ത് ലാബുകളിൽ സൂക്ഷിച്ച അവസാന വൈറസ് ശേഖരവും ഇല്ലാതായാൽ ഭൂമിയെ സമ്പൂർണാർഥത്തിൽ റിൻഡർ പെസ്റ്റ് വൈറസ് വിമുക്തം എന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്ന് യുഎൻ പ്രത്യാശ പ്രകടിപ്പിക്കുന്നു.

കാലിവസന്ത വൈറസിന് തിരിച്ചുവരാൻ അവസരം നൽകരുത്

കാലാവസ്ഥ മാറ്റവും നിരന്തരമുള്ള പ്രകൃതി ദുരന്തങ്ങളുംപുതിയ രോഗാണുക്കളുടെ ആവിർഭാവവും ഉൾപ്പെടെയുള്ള  പ്രതിസന്ധികൾ വെല്ലുവിളിയായി തുടരുന്ന ഈ കാലത്ത് ഊന്മൂലനം ചെയ്യപ്പെട്ട വൈറസുകൾ തിരിച്ചുവരാനും വീണ്ടും മഹാമാരിയായി പരിണമിക്കാനുമുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യപിക്കപ്പെട്ട  പോളിയോ രോഗവും ഗിനിയ വേം (Guinea Worm (GW) disease) രോഗവുമെല്ലാം പലയിടങ്ങളിൽ പൊട്ടിപുറപ്പെടുന്നതായി ഈയടുത്ത കാലത്ത് വന്ന  റിപ്പോർട്ടുകൾ നമുക്ക് മുന്നിലുണ്ട്. റിൻഡർ പെസ്റ്റ് വൈറസിനെ ഭൂമുഖത്തേക്ക് തിരിച്ചുവരാൻ ഒരു അവസരം നൽകാത്ത വിധം അതിജാഗ്രതയും നിരീക്ഷണവും തുടരണമെന്ന് ലോകമൃഗാരോഗ്യസംഘടനയുടെ ലോകത്തോട് ആവശ്യപ്പെടുന്നു. 

ലോകമൃഗാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ  വിപുലമായാണ് കാലിവസന്ത നിർമാർജനത്തിന്റെ ഈ പത്താം വാർഷികദിനം ആചരിക്കുന്നത്. റിൻഡർ പെസ്റ്റ് വൈറസിനെതിരെ ഒരു പതിറ്റാണ്ട് മുൻപ് നാം നേടിയ മഹാവിജയത്തിന്റെ ഓർമപുതുക്കൽ,  ഇതുവരെ പൂർണവും വ്യക്തവുമായ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു ജന്തുസ്രോതസിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന മഹാമാരിയായി പരിണമിച്ച സാർസ് കോവ് 2  എന്ന കോവിഡ് രോഗ വൈറസിനെ അതിജീവിക്കാനും അതിജയിക്കാനുമുള്ള മനുഷ്യരാശിയുടെ പോരാട്ടം തുടരുന്ന കഠിനകാലത്ത് പ്രചോദനമാവുമെന്നത് തീർച്ചയാണ്. 

English summary: The long journey of cattle plague, How Rinderpest was eradicated

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA