ADVERTISEMENT

‘മിഥുനപ്പാതിയാണിപ്പോൾ. മഴ നിൽക്കാതെ പെയ്യേണ്ട കാലം. പക്ഷേ, മേടച്ചൂടിനെ തോൽപ്പിക്കുന്ന വെയിലും. ഇക്കുറി വിളവെടുക്കാൻ ഒന്നുമുണ്ടാകില്ല’. കരിഞ്ഞുണങ്ങാറായ നെല്ലിനെ നോക്കി കർഷകർ നെടുവീർപ്പിടുകയാണ്. 

തിരുവാതിര ഞാറ്റുവേലയിൽ ഇടമുറിയാതെ മഴ പെയ്യേണ്ട സമയത്ത് കടും വെയിൽ ആയതോടെ ആധിയേറുന്നത് കൃഷിയെ ഉപജീവനമാർഗമായി കാണുന്നവർക്കാണ്. നെല്ലിനും തെങ്ങിനും വളം ചെയ്യേണ്ട സമയം. കുരുമുളക് തിരി പിടിക്കേണ്ട കാലം. പക്ഷേ, എല്ലാ പ്രതീക്ഷയും അസ്തമിക്കുകയാണ്. 

കേരളത്തിലിപ്പോൾ മൺസൂൺ മാറി നിൽക്കുന്ന സമയമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി മഴ ലഭിക്കുന്നതുകൊണ്ടാണ് കൃഷി നശിക്കാതെ നിൽക്കുന്നത്. മെയ് പകുതിയോടെ തുടങ്ങുന്ന കൃഷി ജൂൺ, ജൂലൈ, ഓഗസ്റ്റോടെ വിളവെടുക്കാറാകും. 

നെൽക്കർഷകരാണ് ഏറെ ആശങ്കയിൽ. പാലക്കാട് ജില്ലയിലുള്ള നെൽകർഷകർ ഡാമുകൾ തുറന്നു വെള്ളം ഒഴുക്കിവിടണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. ഇങ്ങനെയൊരു പ്രതിസന്ധി അടുത്തൊന്നും ആർക്കുമുണ്ടായിട്ടില്ല. 

മൂന്നു വർഷത്തെ പ്രളയവും രണ്ടുവർഷത്തെ കോവിഡും കാരണം കേരളത്തിലെ കാർഷികരംഗം ശരിക്കും നടുവൊടിഞ്ഞിരിക്കുകയാണ്. അതിനിടെയാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷി നാശവും. 

കോവിഡ് കാലത്തെ പ്രതിസന്ധിയെ മലയാളി മറികടന്നത് കൃഷിയോടു താൽപര്യം കാട്ടിയിട്ടായിരുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പലരും തരിശുഭൂമിയിൽ കൃഷി ചെയ്തു. അതിൽ ഭൂരിഭാഗം പേരും ചെയ്തത് കപ്പയും കൈതച്ചക്കയുമായിരുന്നു. വൻ തോതിൽ കൃഷി ചെയ്തതോടെ വിളവെടുക്കാറായപ്പോൾ വിലത്തകർച്ചയുണ്ടായി.  ഉൽപാദനം കൂടുകയും വാങ്ങാൻ ആവശ്യക്കാർ ഇല്ലാതിരിക്കുകയും ചെയ്തതോടെ കപ്പകർഷകരും കൈതച്ചക്കകർഷകരും ശരിക്കും വെട്ടിലായി. കേരളത്തിൽ നിന്നുള്ള കപ്പയിൽ ഭൂരിഭാഗവും കൊണ്ടുപോയിരുന്നത് തമിഴ്നാട്ടിലെയും കർണാടകയിലെയും ബിസ്കറ്റ് കമ്പനികളിലേക്കായിരുന്നു. ലോക്ഡൗണിൽ ഈ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടതോടെ ഇവിടുത്തെ കപ്പ വാങ്ങാൻ ആളില്ലാതായി. ഉൽപാദനം കൂടിയ അവസ്ഥ കൂടിയായതോടെ കർഷകർ ശരിക്കും പെട്ടു. കിട്ടിയ വിലയ്ക്കു കൊടുക്കാൻ പോലും പറ്റാതെയായി.

ഇതുതന്നെയായിരുന്നു മഞ്ഞൾ കൃഷിക്കാരുടെയും സ്ഥിതി. കോഴിക്കോട് ജില്ലയിൽ കർഷകർ മഞ്ഞളിന് ആവശ്യക്കാരില്ലാതെ വന്നതോടെ കുഴികുത്തി കുഴിച്ചുമൂടുകയാണ്. മുള വന്ന മഞ്ഞൾ ഉണക്കി പൊടിയാക്കാനും പറ്റില്ല. ഉൽപാദനം കൂടിയതും വാങ്ങാൻ ആളില്ലാത്തെ വന്നതുമാണ് പ്രതിസന്ധിക്കു കാരണമായത്. 

ഇങ്ങനെയൊക്കെ കഷ്ടപ്പെടുമ്പോഴാണ് മഴ ഇല്ലാത്തതിന്റെ പ്രയാസം കൂടിയായത്. ഏറ്റവും കൂടുതൽ സ്ഥലത്ത് നെൽക്കൃഷിയിറക്കിയ വർഷം കൂടിയാണിത്. മെയ്മാസത്തിൽ പകുതിയോടെ മഴ വന്നതോടെ മിക്കയിടത്തെയും കാർഷികരീതി തകിടം മറിഞ്ഞിരുന്നു. അതിനെയൊക്കെ പതുക്കെ തരണം ചെയ്തുവരുമ്പോഴാണ് പാടത്ത് വെള്ളമില്ലാത്ത അവസ്ഥയായത്. 

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിൽ കൃഷി തുടങ്ങിയവരും ആശങ്കയിലാണ്. വിത്തുമുളച്ചു വരുമ്പോഴേക്കും മഴയില്ലാതായി. പലരുടെയും മുളച്ച തൈകളെല്ലാം വാടിപ്പോയി. 

ജൂലൈ പകുതിയോടെ മാത്രമേ കേരളത്തിൽ മഴ സജീവമാകുകയുള്ളൂ എന്നാണു കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. അതുവരെ പിടിച്ചുനിൽക്കുക കർഷകരെ സംബന്ധിച്ചിടത്തോളം പ്രയാസമായിരിക്കും. ഇതര സംസ്ഥാന തൊഴിലാളികളെല്ലാം നാട്ടിലേക്കു പോയതോടെ കൃഷി ചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്. എല്ലാ പ്രതിസന്ധിയെയും കർഷകൻ എങ്ങനെ നേരിടുമെന്നു ചോദിച്ചാൽ മുകളിലേക്കു നോക്കുക മാത്രമേ വഴിയുള്ളൂ.

English Summary: Lower monsoon, erratic rains to affect farm sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com