ADVERTISEMENT

ഇത്രയും അനാഥമാക്കപ്പെട്ട ഒരു ഭക്ഷ്യവസ്തു മറ്റൊന്നുണ്ടോ കേരളത്തില്‍ എന്നു ചോദിച്ചാല്‍ ഇല്ലെന്നേ പറയാനാവൂ, കാരണം കേരളത്തിന്റെ ഏതു മൂലയില്‍ പോയാലും കൊഴിഞ്ഞുവീണ് ചിതറി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ഒരു ചക്കയെങ്കിലും കാണാം. ഇനിയും തിരിച്ചറിയപ്പെടാതെ പോയ, അംഗീകരിക്കപ്പെടാതെ പോയ ഈ ചക്കയ്ക്കുമുണ്ട് ഒരു ദിനം. അത് ഇന്നാണ്. ഇന്നാണ് ആ സുദിനം-രാജ്യാന്തര ചക്ക ദിനം. 

ചക്കയെ ചേര്‍ത്തുപിടിച്ച് 'ചക്കക്കൂട്ടം' എന്ന വാട്‌സാപ് സംഘം

ഇങ്ങനെയൊക്കെയാണെങ്കിലും ചക്കയെ സ്‌നേഹിക്കുന്ന ഒരു സംഘമാളുകള്‍ ഇവിടെ കൂട്ടംകൂടിയിരിപ്പുണ്ട്. 'ചക്കക്കൂട്ടം' എന്ന വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ച് അവര്‍ ഇടക്കിടെ കൂട്ടുകൂടി ചക്ക മഹോത്സവം സംഘടിപ്പിക്കാറുമുണ്ട്. കോവിഡ് സാഹചര്യത്തില്‍ അവരുടെ കൂട്ടായ്മയ്‌ക്കൊരു പൊലിമ കുറവാണെങ്കിലും ഇവരില്‍ പലരും ചക്ക ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ സംബന്ധിച്ച പുതിയ പുതിയ വിവരങ്ങള്‍ കൈമറുന്നുണ്ട്. ഇവരില്‍ സംരംഭകരായവര്‍ അവര്‍ തയാറാക്കുന്ന ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കൈമാറുന്നുമുണ്ട്. 

ചക്കയല്ലാതെ മറ്റൊരു ചര്‍ച്ചയില്ല

എറണാകുളം സ്വദേശി അനില്‍ ജോസ് ആണ് ഈ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍. കേരളത്തിനകത്തും പുറത്തുമുള്ള, ചക്കയെ സ്‌നേഹിക്കുന്ന 159 പേര്‍ ഇപ്പോള്‍ സംഘത്തിലുണ്ട്. ചക്കയല്ലാതെ മറ്റൊന്നും ഇവിടെ ചര്‍ച്ച ചെയ്യാന്‍ അനുവാദമില്ല. അതിനപ്പുറത്തേക്ക് കടക്കുന്നവരെ പുറത്താക്കുന്നതിലൂടെയാണ് എണ്ണം ഈ രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇരുനൂറോളം വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായി തുടരുന്ന അനില്‍ ജോസ് പക്ഷേ ഈ ഗ്രൂപ്പിന്റെ സാരഥ്യം കൈമാറിയിരിക്കുന്നത് ആര്‍. അശോകിനാണ്. അനിലിന്റെ നേതൃത്വത്തില്‍ ചക്കയ്ക്കും മാങ്ങയ്ക്കും പ്രത്യേകം വാട്‌സാപ് ഗ്രൂപ്പുകളുണ്ട്. മത്സ്യത്തിനു മാത്രമായി മൂന്നെണ്ണവും. തേനിനായി തുടക്കമിട്ട 2 വാട്‌സാപ് ഗ്രൂപ്പ് ആണ് തേനീച്ച വളര്‍ത്തുന്ന കേന്ദ്ര ഖാദി ബോര്‍ഡിന്റെ പദ്ധതി കേരളത്തില്‍ പല ജില്ലകളിലും വിജയിപ്പിച്ചതെന്ന് അറിയുമ്പോള്‍ വാട്‌സാപ് ഗ്രൂപ്പിന്റെ ശക്തി തിരിച്ചറിയുക. 

jackfruit-1

ഗ്രൂപ്പ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ അറിവിന്റെ സാഗരം

2019ലാണ് ചക്കക്കൂട്ടം വാട്‌സാപ് ഗ്രൂപ്പ് ആരംഭിച്ചത്. അതേ വര്‍ഷം ഗംഭീരമായി ചക്കമഹോത്സവം സംഘടിപ്പിച്ചിരുന്നു. കോവിഡ് കാരണം ചുരുങ്ങിയ രീതിയില്‍ ഏതാനും പേര്‍ മൂവാറ്റുപുഴയിലും കളമശേരിയിലും മാത്രം ഒത്തുചേര്‍ന്നു. ഇപ്പോള്‍ പ്രധാനമായും ഗ്രൂപ്പ് അംഗങ്ങള്‍ ചക്ക കിട്ടാത്തവര്‍ക്ക് പരസ്പരം ചക്ക പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നു. ചക്കയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനറിയുന്നവര്‍ അവരുടെ അറിവുകള്‍ പങ്കുവയ്ക്കുന്നു. സംരംഭകരുടെ വിപണനത്തിന് മാര്‍ഗങ്ങള്‍ പങ്കുവയ്ക്കുന്നു. ചെറിയ തോതില്‍ ചക്ക ഉല്‍പന്നങ്ങള്‍ തയാറാക്കി തങ്ങളുടെ പരിസരങ്ങളില്‍ വില്‍ക്കുന്നവര്‍ മുതല്‍ വിവിധ രാജ്യങ്ങളിലേക്ക് ചക്ക ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നവര്‍ വരെ ഈ ഗ്രൂപ്പിലുണ്ട്. കണ്ണൂരില്‍നിന്ന് ഷീബ, മഞ്ചേരിയില്‍നിന്ന് സുഹറ തുടങ്ങിയവര്‍ മുടങ്ങാതെ തങ്ങളുടെ അറിവുകള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നു. ദുബായ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചക്ക ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നവര്‍ ഈ കൂട്ടായ്മയിലുണ്ട്.

ലക്ഷ്യം സ്വന്തമായൊരു ബ്രാന്‍ഡ്

ചക്കക്കൂട്ടം ഒരു ബ്രാന്‍ഡ് ആയി മാറ്റണമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന അശോക് പറയുന്നു. ഓരോ പ്രദേശത്തെയും ചക്കപ്രേമികളുടെ കൂട്ടായ്മ രൂപീകരിച്ച് ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി അവയുടെ വിപണനത്തിന് രാജ്യത്തിനകത്തും പുറത്തും ഈ ബ്രാന്‍ഡ് ഉപയോഗിക്കുകയാണ് ലക്ഷ്യമിടുന്നത്. അതിനുമാത്രം ചക്ക ഇവിടെ ലഭ്യമാണ്. കൂട്ടായ്മ ചക്ക പാഴാകുന്നത് ഇല്ലാതാക്കി അവയുടെ വിനിയോഗം ഉറപ്പാക്കും. അതിനായി ഒത്തുചേരാനാഗ്രഹിക്കുന്നവര്‍ക്ക് ഈ ഗ്രൂപ്പുമായി ബന്ധപ്പെടാം : 9847056294

jackfrui-day-1

ചക്കദിനത്തിലൊരു ക്യാംപെയ്ന്‍ - 'ചക്കയുമായി വരൂ, ചക്ക ചിപ്‌സുമായി പോകൂ' 

രാജ്യാന്തര ചക്കദിനമായ ഇന്നു മുതല്‍ ചക്കക്കൂട്ടം ഗ്രൂപ്പ് അംഗമായ ബോബിന്‍സ് നൂട്രിമെന്റ് ഒരുക്കിയ മൂല്യവര്‍ധിത ക്യാംപെയ്ന്‍ ശ്രദ്ധേയമാണ്. 'ചക്കയുമായി വരൂ, ടേസ്റ്റി ചക്കപ്പഴം ചിപ്‌സുമായി പോകൂ' എന്നതാണ് ഈ ക്യാംപെയ്ന്‍. ചക്കയില്‍ നിന്ന് ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമുണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ചക്ക തങ്ങളുടെ അടുത്ത് കൊണ്ടുവന്നാല്‍ തങ്ങള്‍ പ്രോസസ്സ് ചെയ്ത് ഏറ്റവും മൂല്യവര്‍ധിത ഉല്‍പ്പന്നമായ വാക്കം കുക്ക്ഡ് ചിപ്‌സുമായി മടങ്ങിപ്പോകാം എന്നതാണ് പെരുമ്പാവൂരിലെ ഈ ചക്ക കമ്പനി നല്‍കുന്ന വാഗ്ദാനം. ഇന്നു മുതല്‍ ജൂലൈ 31 വരെയാണ് ഈ ക്യാംപെയ്ന്‍. ഓയില്‍ തീരെ കുറഞ്ഞ രീതിയില്‍ ചിപ്‌സ് ഉണ്ടാക്കുന്ന രീതിയാണ് വാക്കം കുക്കിങ് സാങ്കേതികവിദ്യ. ഇനി പഴയ എണ്ണമയം നിറഞ്ഞ ചിപ്‌സ് മറന്നേക്കൂ, പകരം നിങ്ങളുടെ വീട്ടിലെ ചക്കയില്‍ നിന്നുതന്നെ 100 % പ്രകൃതിദത്തമായ ചക്കപ്പഴം ചിപ്‌സ് കഴിക്കാമെന്നും ഇവര്‍ ഉറപ്പുതരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ക്ക് : 9447730490

English summary: Whatsapp group for jackfruit lovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com