ജാഗ്രതാ മുന്നറിയിപ്പ് നൽകി ഡിസീസ് എക്സ്: ഭാവിയിൽ ജൈവായുധം ആയി മാറാവുന്നത് ജന്തുജന്യരോഗങ്ങൾ!

HIGHLIGHTS
  • കോവിഡ്-19 വൈറസുകൾ വന്നത് എവിടെനിന്ന്?
  • ജന്തുജന്യരോഗങ്ങളുടെ ഭീഷണിയില്‍നിന്ന് കേരളവും മുക്തമല്ല
zoonoses
SHARE

ജന്തുജന്യരോഗവ്യാപനത്തിന്റെ കണ്ണികൾ പൊട്ടിക്കാം (Let’s Break the Chain of Zoonotic Transmission) എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന പ്രമേയം.

ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന 9 വയസ്സുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേവിഷബാധയേറ്റാൽ മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകനെ പേവിഷബാധയ്ക്ക് വിട്ടുനൽകാൻ അവന്റെ അമ്മ ഒരുക്കമല്ലായിരുന്നു. പേവിഷത്തിന് ചികിത്സ കണ്ടുപിടിക്കാൻ വർഷങ്ങളായി പരിശ്രമിക്കുന്നതായി താൻ കേട്ടറിഞ്ഞ ലൂയി പാസ്ചർ എന്ന ശാസ്ത്രജ്ഞനെ തേടി ആ അമ്മ  പാരീസിലെത്തി. ലൂയി പാസ്ചർ അതുവരെ മൃഗങ്ങളിൽ മാത്രം പരീക്ഷിച്ചിരുന്ന പേവിഷബാധ വാക്സിൻ ആദ്യമായി തന്റെ മകനിൽ പരീക്ഷിക്കാൻ അമ്മ അദ്ദേഹത്തിന് അനുമതി നൽകി. കാരണം, മരണം ഉറപ്പായ ഒരു രോഗത്തിൽ നിന്നും തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഏതറ്റം വരെ പോവാനും അവർ തയാറായിരുന്നു. ആ അമ്മയുടെ ശുഭാപ്തി വിശ്വാസവും താൻ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ലൂയി പാസ്ചറിന്റെ നിശ്ചയദാർഢ്യവും ഒരുമിച്ചതോടെ കാര്യങ്ങൾ  പിന്നെ വൈകിയില്ല.

1885, ജൂലൈ 6ന് വൈകുന്നേരം എട്ടിന് ലൂയി പാസ്ചർ തന്റെ സഹപ്രവർത്തകനായിരുന്ന എമിലെ റോക്‌സുമായി ചേർന്ന് വികസിപ്പിച്ച പേവിഷബാധ വാക്സിൻ ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തിൽ ത്വക്കിനടിയിൽ കുത്തിവച്ചു. മെയ്സ്റ്ററിന് നായയുടെ കടിയേറ്റതിന് ഏതാണ്ട് 60 മണിക്കൂറിനുശേഷമായിരുന്നു ഇത്. അടുത്ത 10  ദിവസങ്ങളിലായി ആകെ 12 തവണകളിലായി വാക്സിനേഷൻ ആവർത്തിച്ചു. പരീക്ഷണാർഥം റാബിസ് വൈറസിനെ കുത്തിവെച്ച് രോഗമുണ്ടാക്കിയ മുയലുകളിലെ സുഷുമ്നാ നാഡിയിൽ നിന്നും ശേഖരിച്ച്, വീര്യം കുറച്ച വൈറസുകളായിരുന്നു ലൂയി പാസ്ചറുടെയും എമിലെ റോക്‌സിന്റെയും പ്രഥമ വാക്സിൻ. Pasteur-Roux vaccine എന്നാണ് ഈ പ്രഥമ പേവിഷവാക്സിൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. 

luyi-pascher
ലൂയി പാസ്ചർ

ആ അമ്മയുടെ ശുഭചിന്തയും ലൂയി പാസ്ചറിന്റെ നിശ്ചയദാർഡ്യവും തെറ്റിയില്ല. ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തെ കീഴടക്കാൻ പേവിഷ വൈറസിന് കഴിഞ്ഞില്ല. മൂന്നു മാസത്തിനുശേഷം ടെസ്റ്റ് നടത്തിയപ്പോൾ ജോസഫ് മെയ്സ്റ്റർ പൂർണ്ണാരോഗ്യവനായിരുന്നു. പിന്നീട് പേവിഷചികിത്സയ്ക്കായി ലൂയി പാസ്ചറെ തേടി നൂറുകണക്കിനാളുകൾ എത്തി. പേവിഷബാധയ്ക്ക് കാരണമായ റാബീസ് വൈറസിനു മേൽ ലൂയി പാസ്ചർ കൈവരിച്ച വാക്സിൻ വിജയം പിന്നീട് അനേകമനേകം വാക്സിൻ പരീക്ഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും വഴിതുറന്നു. ഇന്ന് ഈ കോവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചുള്ള പോരാട്ടങ്ങൾക്ക്  പോലും ഊർജം പകരുന്നത് 136 വർഷങ്ങൾക്ക് മുൻപ്  ലൂയി പാസ്ചർ റാബീസ് വൈറസിനെ കീഴടക്കിയ ശാസ്ത്രജിഹ്വ തന്നെ. ജോസഫ് മെയ്സ്റ്റർ എന്ന കുട്ടി വളർന്നു വലുതായി ഒടുവിൽ ലൂയി പാസചർ സ്ഥാപിച്ച പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായി മാറിയത് ചരിത്രത്തിന്റെ മറ്റൊരു കൗതുകം.

മനുഷ്യസമൂഹത്തിന് എക്കാലവും വെല്ലുവിളിയുയർത്തുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമായ പേവിഷബാധയെ പ്രതിരോധിക്കാൻ ലൂയി പാസ്ചർ 1885, ജൂലൈ 6ന് നടത്തിയ ഈ പ്രഥമവും വിജയകരവുമായ വാക്സിൻ പരീക്ഷണത്തിന്റെ ഓർമപുതുക്കാൻ വേണ്ടിയാണ് എല്ലാ വർഷവും അതേ ദിവസം ലോകമെങ്ങും ജന്തുജന്യരോഗദിനമായി (Zoonosis Day) ആചരിക്കുന്നത്. ശാസ്ത്രലോകത്തിന് ഇതുവരെ പൂർണ്ണവും വ്യക്തവുമായ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു ജന്തുസ്രോതസ്സിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന മഹാമാരിയായി പരിണമിച്ച കോവിഡിനെ അതിജീവിക്കാനും അതിജയിക്കാനുമുള്ള മനുഷ്യരാശിയുടെ പോരാട്ടം ഒരു വർഷം പിന്നിട്ടും തുടരുന്ന കഠിനകാലത്താണ് ഈ വർഷം ജന്തുജന്യരോഗദിനം വന്നെത്തിയിരിക്കുന്നത്. ‘ജന്തുജന്യരോഗവ്യാപനത്തിന്റെ കണ്ണികൾ പൊട്ടിക്കാം’ (Let’s Break the Chain of Zoonotic Transmission) എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന പ്രമേയം

പുതിയ രോഗങ്ങളില്‍ മഹാഭൂരിഭാഗവും ജന്തുജന്യരോഗങ്ങൾ

കോവിഡ്-19 അടക്കം മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതുതായി ആവിർഭവിച്ച ( Emerging diseases) രോഗങ്ങളില്‍ 75 ശതമാനവും നട്ടെല്ലുള്ള ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകാരോഗ്യസംഘടനയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമികരോഗങ്ങളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നോ, ജന്തുജന്യ ഉല്‍പ്പന്നങ്ങളില്‍ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്ന് വ്യക്തമാക്കുന്നു. ആഗോളമായി ഭീതിയുയര്‍ത്തിയ കോഗോ പനിയും, എബോളയും, മെര്‍സ് കൊറോണയും, സാര്‍സ് കൊറോണയും, നിപയും, സിക്കയും, ഹെനിപയും ഈ പട്ടികയില്‍ ഉള്‍പ്പെട്ട ജന്തുജന്യപകര്‍ച്ചവ്യാധികളാണ്. ലോകത്തിന്റെ വിവിധയിടങ്ങളിൽ ഓരോ വർഷവും ഉത്ഭവിക്കപ്പെടുന്ന അഞ്ച് പുതിയ രോഗങ്ങളിൽ മൂന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളാണന്ന് ലോക മൃഗാരോഗ്യസംഘടന ( World Organisation for Animal Health) വ്യക്തമാക്കുന്നു. ജന്തുജന്യരോഗാണുക്കളിൽ 80 ശതമാനവും ജൈവായുധ സാധ്യതയുള്ളതാണന്നും ഇവ ഭാവിയിൽ ജൈവായുധങ്ങൾ ആയി മാറിയേക്കാമെന്ന ആശങ്കയും ലോക മൃഗാരോഗ്യസംഘടന പങ്കുവെച്ചിട്ടുണ്ട്.

സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ 2008ൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ മനുഷ്യരിലെ സാംക്രമിക രോഗങ്ങളിൽ 60.3 ശതമാനവും ജന്തുജന്യമാണെന്നും, അതിൽത്തന്നെ 71.8 ശതമാനം വന്യജീവികളിൽ നിന്നാണെന്നും വെളിപ്പെടുത്തിയിരുന്നു. വരും ഭാവിയിൽ ലോക വ്യാപകമായി ശക്തമായി പടർന്നുപിടിക്കാൻ സാധ്യതയുള്ള ഡിസീസ് എക്സ് (Disease X) എന്ന ഒരു പകർച്ചവ്യാധിയെ പറ്റിയും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസീസ് എക്സ്  ജന്തുജന്യരോഗം ആവാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ലോകാരോഗ്യസംഘടന പങ്കുവെച്ചിട്ടുണ്ട്.  ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് പ്രവചിച്ചത് 1976ല്‍ ആദ്യമായി എബോള വൈറസിനെ തിരിച്ചറിഞ്ഞ ഗവേഷകനായ ജീന്‍ ജാക്വസ് മുയെംബെ തംഫും ആണ്. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ക്ക് ജന്മം നല്‍കിയേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പും അദ്ദേഹം  നല്‍കിയിട്ടുണ്ട്. 2018ല്‍ ലോകാരോഗ്യ സംഘടന അതിജാഗ്രത പുലർത്തേണ്ട പത്ത് മഹാമാരികളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ ഡിസീസ് എക്സ് എന്ന രോഗത്തെയും ഉള്‍പ്പെടുത്തിയിരുന്നു. 

ജന്തുജന്യരോഗങ്ങൾ മനുഷ്യരെ തേടിയെത്തുന്ന വഴി

ജന്തുജന്യരോഗങ്ങൾ തുടർക്കഥയാവുന്ന ഈ കാലഘട്ടത്തിൽ മഹാമാരികള്‍ക്ക് കാരണമായ രോഗാണുക്കൾ ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്കെത്തിയതിന്റെ വഴികള്‍ അന്വേഷിച്ചാല്‍ പരിസ്ഥിതിനശീകരണത്തിന്റെയും വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റത്തിന്റെയും ആവാസവ്യവസ്ഥ നശിപ്പിച്ചതിന്റെയുമെല്ലാം യാഥാർഥ്യങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. മലേഷ്യയിൽ  1999- ൽ നിപ വൈറസ് ആദ്യമായി എങ്ങനെ മനുഷ്യരിലേക്കെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടിയ ശാസ്ത്രപഠനങ്ങൾ വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നീ രണ്ട് ഉത്തരങ്ങളിലാണ് ഒടുവിലെത്തിയത്. 

നിപ വൈറസ് രോഗം കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു മലേഷ്യയില്‍ വനനശീകരണം നടന്നത്. വനം കയ്യേറ്റവും നശീകരണവും വനങ്ങളിലെ മഹാമരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്നാണ് മലേഷ്യയിലെ നിപ ബാധയെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയത്.  ആവാസ വ്യവസ്ഥ നഷ്ടമായ വവ്വാലുകൾ തീരപ്രദേശങ്ങളോട് ചേര്‍ന്ന വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങൾ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന വനങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. ഒരേ ചുറ്റുപാടിൽ  നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടായതോടെ വവ്വാലുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന നിപ വൈറസുകൾ വളർത്തുപന്നികളിലേക്കെത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമുണ്ടായി. 

വനത്തിനുള്ളിൽ കടന്ന് ചിമ്പാന്‍സികളെ വേട്ടയാടുകയും അവയുടെ മാംസം ആഹാരമാക്കുകയും ചെയ്‌തതായിരുന്നു എയിഡ്സിന് കാരണമായ ഹ്യൂമന്‍ ഇമ്യുണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (എച്ച്ഐവി) മനുഷ്യരില്‍ എത്താൻ കാരണം. അതീവ ജാഗ്രത പുലർത്തേണ്ട രോഗമായി ലോകാരോഗ്യസംഘടന 2019ൽ പ്രഖ്യാപിച്ച എബോള ഹേമേറജിക് ഫീവർ രോഗത്തിന്റെ ആരംഭ കേസുകൾ ( ഇൻഡക്സ്) എല്ലാം തന്നെ വനശീകരണം വ്യാപകമായി നടന്ന ആഫ്രിക്കയിലെ പ്രദേശങ്ങളോട് ചേർന്നായിരുന്നു. ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറുകയും വവ്വാലുകളെയും ആൾക്കുരങ്ങുകളെയും വേട്ടയാടി വീഴ്ത്തി ആഹരിക്കുകയും ചെയ്തതോടെ വന്യജീവികളിൽ സ്വാഭാവികമായി കാണപ്പെട്ടിരുന്ന എബോള വൈറസിന് മനുഷൃലേക്ക് കടന്നുകയറാനുള്ള വഴി എളുപ്പമായി. ജന്തുജന്യരോഗങ്ങളുടെ ഉദ്ഭവവും ആവാസവ്യവസ്ഥകളുടെ നശീകരണവുമായുള്ള ബന്ധം തുറന്നുകാണിക്കുന്ന വളരെ കുറച്ച് ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ പരിശോധിക്കപ്പെട്ടിട്ടുള്ളത്. ഓരോ ജന്തുജന്യരോഗാണുവിന്റെയും ആവിർഭാവ, വ്യാപന ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ അനേകം ഉദാഹരണങ്ങളും തെളിവുകളും  ഇനിയുമുണ്ട്.

zoonses-1

കോവിഡ്-19 വൈറസുകൾ വന്നത് എവിടെനിന്ന്?

കോവിഡ്-19 ന് കാരണമായ ബീറ്റാ കൊറോണ കുടുംബത്തിൽ ഉൾപ്പെടുന്ന സാര്‍സ്- കോവ്- 2 (SARS-CoV-2) വൈറസുകള്‍ ഏത് ജന്തുസ്രോതസില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയും കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സാര്‍സ് - കോവ്- 2 വൈറസിന്‍റെ ജനിതക ശ്രേണികരണ, താരതമ്യപഠനങ്ങളുടെ അടിസ്ഥാനത്തില്‍ വൈറസുകള്‍ മനുഷ്യരിലേക്കെത്തിയത് വവ്വാലുകളില്‍ നിന്നാണെന്ന് ചില ഗവേഷകർ നിരീക്ഷിച്ചപ്പോൾ വുഹാനിലെ വന്യജീവി മാർക്കറ്റിൽ വിൽപനയ്ക്കായെത്തിയ മലയൻ ഈനാംപേച്ചികളില്‍ നിന്നാണെന്നാണ് മറ്റൊരു കണ്ടെത്തൽ. റൈനോലോഫസ് എന്ന് വിളിക്കപ്പെടുന്ന കുതിരലാടത്തിന്‍റെ അകൃതിയിൽ മുഖമുളള വവ്വാലുകളില്‍ സ്വാഭാവികമായ കാണപ്പെടുന്ന വൈറസുകളോടാണ് സാര്‍സ്-കോവ്-2 വൈറസിന് സാമ്യം എന്ന വാദമാണ് ഇതില്‍ പ്രബലം. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ വവ്വാല്‍ക്കാഷ്ഠം വൃത്തിയാക്കിയ ഖനിത്തൊഴിലാളികള്‍ക്ക് ന്യുമോണിയ പിടിപെട്ടതിനെ തുടർന്ന് നടത്തിയ  ശാസ്ത്രാന്വേഷണമാണ് ഇങ്ങനെ ഒരു നിഗമനത്തിൽ ഗവേഷകരെ  എത്തിച്ചത്. വവ്വാലുകളില്‍ നിന്നും വന്യമൃഗങ്ങളിലേക്ക് കടന്നുകയറിയ വൈറസുകള്‍ക്ക് ജനിതകപരിവര്‍ത്തനങ്ങള്‍ സംഭവിച്ചാണ് കോവിഡിന് കാരണമായ വൈറസുകള്‍ മനുഷ്യരിൽ എത്തിയതെന്ന നിഗമനങ്ങളും ഉണ്ട്. സാര്‍സ്-കോവ് -2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദത്തെയും ചോർച്ചസിദ്ധാന്തത്തെയും ലോകാരോഗ്യസംഘടന തള്ളിയിട്ടുണ്ട്. 

കോവിഡ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് പിന്നില്‍ ഇടനിലയായി വർത്തിച്ച ഒന്നോ രണ്ടോ ജന്തുസ്രോതസ്സുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യസംഘടന നിരീക്ഷിച്ചിട്ടുള്ളത്.

എയ്‌ഡ്‌സ് രോഗമുണ്ടാക്കുന്ന എച്ച്ഐവി രോഗാണുക്കൾ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരിലെത്തിയത് എന്ന് സംശയലേശമെന്യേ കണ്ടെത്താന്‍ പതിറ്റാണ്ടുകൾ വേണ്ടിവന്ന  ഗവേഷണചരിത്രം നമ്മുടെ മുന്നിലുണ്ട്. സാര്‍സ്-കോവ് -2 വൈറസ് ഉൽഭവിക്കപ്പെട്ട സ്രോതസ്സ് ഏതെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും വന്യമൃഗങ്ങളില്‍ സ്വാഭാവികമായി കാണപ്പെട്ട വൈറസുകള്‍ മനുഷ്യരിലേക്ക് എത്തി മഹാമാരിയായി പടര്‍ന്നുപിടിച്ചതിന്റെ കാരണങ്ങള്‍ സുവ്യക്തമാണ്. പരിസ്ഥിതി നശീകരണം, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്ന്കയറല്‍, ആവാസവ്യവസ്ഥ നശിപ്പിക്കല്‍, വന്യമൃഗങ്ങളെ വേട്ടയാടല്‍, അവയെ പിടികൂടി വിപണനം നടത്തല്‍, ആഹാരമാക്കല്‍ തുടങ്ങിയ അനവധി കാരണങ്ങള്‍  സാര്‍സ്-കോവ്-2 വൈറസുകളുടെ  ഉദ്ഭവത്തിനും വ്യാപനത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി പല ശാസ്ത്ര പഠനങ്ങളും വിലയിരുത്തിയിട്ടുണ്ട്.

ജന്തുജന്യരോഗങ്ങളുടെ ഭീഷണിയില്‍നിന്ന് കേരളവും മുക്തമല്ല

ജന്തുജന്യരോഗങ്ങളുടെ ഭീഷണിയില്‍നിന്ന് നമ്മുടെ സംസ്ഥാനവും മുക്തമല്ല. കേരളത്തില്‍നിന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങളില്‍ ഭൂരിഭാഗവും ജന്തുജന്യരോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. മഴക്കാലമെത്തുമ്പോൾ സംസ്ഥാനത്ത് പടരുന്ന എലിപ്പനിയും, ചെള്ളുപനിയും, കരിമ്പനിയും വയനാട്ടിലെ വനഗ്രാമങ്ങളില്‍ ഭീതി തീര്‍ത്ത കുരങ്ങുപനിയും, അതിജാഗ്രത കൊണ്ട് നാം പിടിച്ചു കെട്ടിയ പക്ഷിപ്പനിയുമെല്ലാം ജന്തുജന്യ രോഗങ്ങളാണ്. വെസ്റ്റ് നൈല്‍ ഫീവര്‍, ഫൈലേറിയ, ബ്രൂസെല്ലോസിസ്, ജപ്പാന്‍ജ്വരം തുടങ്ങി സംസ്ഥാനത്ത് പടരുന്ന ഈ പട്ടിക ഇനിയും നീണ്ടതാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിട്ട് പോലും പേവിഷബാധ മരണങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നു. കേരളത്തിലെ പഴംതീനി വവ്വാലുകള്‍ക്കിടയില്‍  നിപ്പ വൈറസിന്‍റെ സാന്നിധ്യം 22-33% വരെയാണെന്നാണ് അനുമാനം. വൈറസിന്‍റെ റിസര്‍വോയറുകളായ വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ  പ്രജനനകാലത്ത് ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാവാനിടയുണ്ടെന്ന് ഗവേഷണസമൂഹം  മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ഇടപഴകലുകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജന്തുജന്യരോഗങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവുണ്ടായാൽ മാത്രമേ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ.

വേണ്ടത്  വണ്‍  ഹെൽത്ത്

പരിസ്ഥിതിനശീകരണവും ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളുടെ ശിഥിലീകരണവും വലിയ ആരോഗ്യ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും എന്ന സത്യം നാം മനസിലാക്കേണ്ടതുണ്ട്. മനുഷ്യന്റെ അറിവുകൾക്ക് ഇന്നേവരെ തീർത്തും അപരിചിതമായ അനേകലക്ഷം രോഗാണുക്കള്‍ വന്യജീവികളിലും പക്ഷികളിലും സ്വാഭാവികമായ രീതിയിൽ വസിക്കുന്നുണ്ട്. ജന്തുജന്യരോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യസമീപനങ്ങളില്‍ നയപരമായ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യരോഗനിയന്ത്രണം സാധ്യമല്ല. നമുക്ക് ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും, അവയുടെ ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യരോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്‍റെ സത്ത, ലോക ജന്തുജന്യരോഗദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശവും അതുതന്നെ.

English summary: One Health approach important to control Zoonotic diseases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA