ADVERTISEMENT

ലോകമെമ്പാടുമുള്ള മാനവരാശി കോവിഡ് 19 എന്ന മഹാമാരിയുടെ ഭീഷണിയിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ജനങ്ങൾ ഇതിനകം രോഗബാധിതർ ആവുകയും മരണപ്പെടുകയും ചെയ്തു കഴിഞ്ഞു. ചൈനയിലെ വുഹാൻ മാംസ മാർക്കറ്റിൽനിന്നും ഉൽഭവിച്ച ഈ രോഗം ഉയർത്തിയ വെല്ലുവിളികൾ ചെറുതല്ല. പുതിയ പുതിയ ജന്തുജന്യ രോഗങ്ങൾ മനുഷ്യാരോഗ്യത്തിന് ഇനിയും ഭീഷണി ഉയർത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് ലോക ജന്തുജന്യ രോഗ ദിനമായ ജൂലൈ 6ന്റെ പ്രസക്തി ഏറുന്നതും. 

എല്ലാ വർഷവും ജൂലൈ 6 ലോക ജന്തുജന്യ രോഗദിനമായി ആചരിച്ചു വരുന്നു. 1885 ജൂലൈ 6ന് ആയിരുന്നു ശാസ്ത്രജ്ഞനായ ലൂയി പാസ്റ്റർ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് ജോസഫ് മീസ്റ്റർ എന്ന പതിനാലുകാരനിൽ ഫലപ്രദമായി പരീക്ഷിച്ചു വിജയിച്ചത്. 

ഏകദേശം 150ൽപ്പരം രോഗങ്ങൾ ജന്തുജന്യ രോഗങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബോധവൽക്കരണത്തിലൂടെ ഭൂഖണ്ഡത്തെ മുഴുവനും വരുംകാലങ്ങളിൽ ഇത്തരം മാനവരാശിക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെയാണ് ജന്തുജന്യ രോഗങ്ങൾ അഥവാ സൂണോട്ടിക് രോഗങ്ങൾ എന്നറിയപ്പെടുന്നത്. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം, രോഗവാഹകരായ മൃഗങ്ങൾ, പരാദങ്ങൾ, ആഹാര പദാർഥങ്ങൾ ഇവ എല്ലാം രോഗം പകർത്തും. പേ വിഷബാധ, എബോള , പക്ഷിപ്പനി, നിപ്പാ, ആന്ത്രാക്സ്, പന്നിപനി സാൽമണെല്ലോസിസ് എന്നിവ എല്ലാം ഈ ഗണത്തിൽ പെടുന്നു. 

ഇനിയും ഉണ്ടായേക്കാവുന്ന പല മഹാമാരികളും ജന്തുജന്യ രോഗങ്ങൾ തന്നെ ആവാം. കോവിഡ് 19 ഇതിന് ഒരു ഉദാഹരണമാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കും മനുഷ്യനിൽ നിന്നും മനുഷ്യരിലേക്കും പകർന്ന് ഒരു മഹാമാരിയായി മാറിയത് ഇത്തരുണത്തിൽ ആണ്. ഇപ്രകാരമുള്ള രോഗ പകർച്ച വളരെ പെട്ടെന്ന് ആയത് കൊണ്ട് തന്നെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്. മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും രോഗങ്ങൾ പകരുണ്ട്. ഇവയെ റിവേഴ്സ് സൂണോസിസ് അഥവാ ആൻത്രോപോണോസിസ് എന്നുപറയുന്നു. ക്ഷയരോഗം ഇതിനുദാഹരണമാണ്. CDC (സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ) രേഖകൾ അനുസരിച്ച് പുതുതായി തിരിച്ചറിയുന്ന 75% രോഗങ്ങളും ജന്തുജന്യ രോഗങ്ങൾ തന്നെ. വളരെ കൂടുതൽ ആളുകൾ ഓമന മൃഗങ്ങളായും ജീവനോപാധികൾ ആയും മൃഗങ്ങളെ പരിപാലിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നതുമൂലം ജന്തുജന്യ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളി കളും ഭീഷണിയും നിസ്സാരമല്ല. Lets break the chain of zoonotic Transmission എന്നതാണ് ഈ വർഷത്തെ ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ പ്രചരണ വാക്യം തന്നെ.

ജന്തുജന്യ രോഗങ്ങളെ തടയാമോ എന്ന ചോദ്യത്തിന് രണ്ടുത്തരങ്ങൾ ഉണ്ട്. അതേ എന്നും ഇല്ലാ എന്നും. ഉത്തരം അതേ എന്നാണെങ്കിൽ മൃഗപരിപാലനത്തിൽ ഏറെ ശ്രദ്ധിക്കണം എന്നാണർഥം. മൃഗങ്ങളെ കൈകാര്യം ചെയ്തതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, ഓമന / വളർത്തുമൃഗങ്ങളെ വൃത്തിയായി സംരക്ഷിക്കുക, ചെള്ള്, പേൻ, പട്ടുണ്ണി തുടങ്ങിയ ബാഹ്യപരാദങ്ങളിൽ നിന്നുമുള്ള കടിയിൽ നിന്നും രക്ഷാ മാർഗങ്ങൾ ഉപയോഗിക്കുക, മനുഷ്യരുടെ ഭക്ഷണപദാർഥങ്ങൾ അടച്ച് ഭദ്രമായി സൂക്ഷിക്കുക, എലി, പെരുച്ചാഴി, മറ്റു മൃഗങ്ങൾ എന്നിവയ്ക്ക് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക, മൃഗങ്ങളുമായി ഒരേ പാത്രത്തിൽ നിന്നും ആഹാരം പങ്കുവയ്ക്കാതിരിക്കുക, വളർത്തുമൃഗങ്ങളുടെ തീറ്റപ്പാത്രങ്ങൾ വെള്ളപ്പാത്രങ്ങൾ എന്നിവ കഴുകി വൃത്തിയായി ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

ഉത്തരം നോ അഥവാ ഇല്ലാ എന്നാണെങ്കിൽ മാംസം ഭക്ഷിക്കുന്നതും കശാപ്പ് നടത്തുന്നതും ശ്രദ്ധയോടെ വേണം എന്ന് പറയാതെ വയ്യ.

മൃഗാരോഗ്യവും മനുഷ്യാരോഗ്യവും

മൃഗാരോഗ്യവും മനുഷ്യാരോഗ്യവും പരസ്പര ബന്ധമുള്ളതുകൊണ്ട് ഏകലോകം ഏകാരോഗ്യം എന്ന സിദ്ധാന്തത്തിന് വളരെ പ്രസക്തിയുണ്ട്. ഇന്ന് ലോകത്ത് രണ്ട് ചേരികളിലുള്ള ജനങ്ങൾ മാത്രമേ ഉള്ളു. കോവിഡ് ബാധിതരും അല്ലാത്തവരും. ഇത് നമ്മെ പഠിപ്പിക്കുന്നത് ഇനിയും വരാനിരിക്കുന്ന മഹാമാരികൾ പലതും ജന്തുജന്യ രോഗങ്ങൾ ആവാം എന്നുള്ളതാണ്. മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷ്മാണുക്കളും തമ്മിലുള്ള സമഗ്ര പഠനത്തിന്റെ സമന്വയ ശാസ്ത്രമാണ് ഏകാരോഗ്യം. അറിവിനെ സമരായുധമാക്കി മാറ്റുക എന്നുള്ളത് വഴി ഇത്തരം ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ മാനവരാശിക്ക് കഴിയും. Preventing the next pandemic Zoonotic Diseases and how to break the chain of transmission എന്ന ഈ വർഷത്തെ ലോകജന്തുജന്യ രോഗചാരണ ദിനത്തിന്റെ ഉണർത്തുപാട്ടിന്റെ മാധുര്യം കൂട്ടാൻ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം. ജന്തുജന്യ രോഗ പകർച്ചയുടെ കണ്ണികൾ മുറിക്കാൻ മഹാമാരികളിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ മനുഷ്യനിർമിത ചേരിതിരിവുകളും വിദ്വേഷങ്ങളും ഇല്ലാതെ ഒന്നായി പ്രവർത്തിക്കാം.

English summary: World Zoonoses Day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com