ADVERTISEMENT

ഇറച്ചിക്കായി കൊല്ലാവുന്ന മൃഗങ്ങളുടെ പട്ടികയില്‍ മുയലുണ്ടെങ്കിലും മലയാളികള്‍ക്ക് ഇപ്പോഴും മുയല്‍ അരുമജീവിയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള മുയല്‍ വളര്‍ത്തലിന്റെ ലക്ഷ്യം എപ്പോഴും ഇറച്ചിവിപണിയായിരിക്കണം എന്നാണ് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നത്. എന്നാല്‍, കേരളത്തില്‍ മുയലിറച്ചി സംസ്‌കാരം ഇപ്പോഴും പ്രാരംഭദശയില്‍ത്തന്നെയെന്ന് പറയാതിരിക്കാനും കഴിയില്ല. അതേസമയം, മുയലിറച്ചിക്കുവേണ്ടി എക്‌സ്‌ക്ലൂസീവ് റസ്റ്ററന്റുകള്‍ വരെ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് മുയലിറച്ചിയുടെ ഭാവി മികച്ചതാണെന്നതിന് തെളിവാണ്.

മുയലുകളെ വളര്‍ത്തുന്നതിനൊപ്പം ഇറച്ചിവിപണിയാണ് പ്രധാനമെന്ന് കണ്ട് മുയലിറച്ചി വില്‍പനയിലേക്ക് തിരിഞ്ഞ കര്‍ഷകനാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി നിഷാദ് അഷ്‌റഫ്. വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ മുയലുകളെ വളര്‍ത്തുന്നതിനൊപ്പം അവയെ ഇറച്ചിയാക്കിക്കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, മുയലിറച്ചി വില്‍പനയേക്കാളും നിഷാദ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത് മുയലിറച്ചി റോസ്റ്റ് ആണ്. മുയലിറച്ചി കഴിക്കണമെന്ന ആഗ്രഹമുള്ള പലരും അതെങ്ങനെ പാകം ചെയ്യണമെന്ന് അറിയില്ലാത്തതിനാല്‍ കറിയാക്കി തരുമോ എന്ന് നിഷാദിനോട് ചോദിച്ചു. അവര്‍ക്ക് പാകം ചെയ്തു നല്‍കുകയും ചെയ്തു. കൂടുതല്‍ പേര്‍ മുയല്‍ റോസ്റ്റിനായി സമീപിച്ചപ്പോഴാണ് അതിലേക്കു കൂടുതല്‍ ശ്രദ്ധ ചെലുത്തിയാലോ എന്ന് നിഷാദ് ചിന്തിച്ചത്. സ്വന്തമായി പൊടിപ്പിച്ചെടുക്കുന്ന മസാലക്കൂട്ട് ആയതിനാല്‍ രുചി ഇഷ്ടപ്പെട്ട് വീണ്ടും മുയല്‍ റോസ്റ്റ് ആവശ്യപ്പെടുന്നവര്‍ ഏറെയുണ്ടെന്ന് നിഷാദ്.

nishad-rabbit-rost-1

കുട്ടിക്കാലം മുതല്‍ നിഷാദ് മുയലുകളെ വളര്‍ത്തുന്നുണ്ടെങ്കിലും ഫാം ആയി തുടങ്ങിയിട്ട് 5 വര്‍ഷം ആകുന്നതേയുള്ളൂ. ഇതുവരെയുണ്ടായിരുന്ന മുയലുകളെ ഇറച്ചിക്കായി മാറ്റിയശേഷം പുതിയ മാതൃ-പിതൃ ശേഖരം ഫാമില്‍ സജ്ജീകരിക്കുകയാണ് നിഷാദ് ഇപ്പോള്‍. നിലവില്‍ വൈറ്റ് ജയന്റ് ഇനത്തില്‍പ്പെട്ട 5 യൂണിറ്റ് അഥവാ 50 മുയലുകളാണ് നിഷാദിന്റെ മാതൃ-പിതൃ ശേഖരത്തിലുള്ളത്. 

രണ്ടു നേരമാണ് മുയലിന് ഭക്ഷണം നല്‍കുന്നത്. ഒരു നേരം പ്രത്യേകം തയാറാക്കുന്ന കൈത്തീറ്റയും ഒരു നേരം പുല്ലും നല്‍കുന്നു. 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന വിധത്തില്‍ കുടിവെള്ള സംവിധാനവും കൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഭാര്യ ഹിബ ഫാത്തിമയും മക്കളായ നദ നൗറിനും നിഹാനുമാണ് പ്രധാനമായും മുയലുകളെ പരിചരണം ഏറ്റെടുത്തിട്ടുള്ളത്. 

കുഞ്ഞുങ്ങളുടെ വിപണനം ഫാമുകള്‍ക്ക് നേട്ടമാണെങ്കിലും ഇനിയുള്ള കാലത്ത് കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് സാധ്യത കുറവാണെന്നതാണ് നിഷാദിന്റെ പക്ഷം. അതുകൊണ്ടുതന്നെ ഇറച്ചിവിപണിയിലേക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. മികച്ച ഇനവും മികച്ച കാലാവസ്ഥയും മികച്ച ഭക്ഷണവുമുണ്ടെങ്കില്‍ 3 മാസംകൊണ്ട് മുയല്‍കുഞ്ഞുങ്ങള്‍ ഇറച്ചിക്കായി പാകമാകുമെന്നു നിഷാദ് പറയുന്നു. കര്‍ഷകനെന്ന നിലയില്‍ കുഞ്ഞുങ്ങള്‍ തൂക്കമെത്താന്‍ കൂടുതല്‍ സമയമെടുത്താല്‍ സാമ്പത്തികമായി നേട്ടം ലഭിക്കില്ല. കിലോഗ്രാമിന് 270 രൂപ നിരക്കിലാണ് ഇറച്ചിമുയലുകളെ വില്‍ക്കുന്നത്. റോസ്റ്റിന് 800 (ഫുള്‍) രൂപയാണ് വിലവരിക. 

മുയലുകളെകൂടാതെ ആടുവളര്‍ത്തലും നിഷാദിനുണ്ട്. ആവശ്യക്കാരുള്ളപ്പോള്‍ പഞ്ചാബില്‍നിന്ന് ബീറ്റല്‍ പെണ്ണാടുകളെ എത്തിച്ചുകൊടുക്കാറുമുണ്ട്.

nishad-rabbit-rost-3

മുയല്‍ റോസ്റ്റ് (നിഷാദിന്റെ പാചകക്കൂട്ട്)

  • മുയല്‍ - 1 കിലോ
  • സവാള - 3എണ്ണം
  • ഉള്ളി - 100 ഗ്രാം
  • വെളുത്തുള്ളി - 2 കുടം
  • ഇഞ്ചി - വലിയ കഷ്ണം
  • തക്കാളി - 3 എണ്ണം
  • മല്ലിയില, കറിവേപ്പില - ആവശ്യത്തിന് 
  • മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
  • മുളകുപൊടി - 2 സ്പൂണ്‍
  • മല്ലിപ്പൊടി - 3 സ്പൂണ്‍
  • ഗരംമസാല - 2 സ്പൂണ്‍
  • കുരുമുളകുപൊടി - അരിവ് അനുസരിച്ച്
  • ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

  1. വെളിച്ചെണ്ണ ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.
  2. പച്ചമണം മാറിക്കഴിഞ്ഞാല്‍ സവാള അരിഞ്ഞതും ഉള്ളി അരിഞ്ഞതും (ഉള്ളി മിക്‌സിയില്‍ ചതച്ചെടുത്താലും മതി) ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.
  3. സവാളയും ഉള്ളിയും നന്നായി വഴറ്റിയശേഷം അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്തുകൊടുക്കാം. നന്നായി വഴറ്റി കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ക്കാം.
  4. തീ കുറച്ചതിനുശേഷം മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. 
  5. അതിനുശേഷം ഗരം മസാല (തനിയെ പൊടിച്ചെടുക്കുന്നതാണ് നിഷാദിന്റെ രീതി) ചേര്‍ത്ത് മുയലിറച്ചി ഇട്ട് ഇളക്കിയെടുക്കണം. ആവശ്യത്തിന് വെള്ളം ഇപ്പോള്‍ ചേര്‍ക്കാം (മുയലിറച്ചില്‍ വെള്ളമുള്ളതിനാല്‍ ഒഴിക്കുന്ന വെള്ളം അധികമാവാതെ ശ്രദ്ധിക്കണം). ആവശ്യാനുസരണം ഉപ്പു ചേര്‍ത്തു കൊടുക്കണം. (1 ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്തുനല്‍കുന്നത് ഇറച്ചി വേഗം വേവാന്‍ സഹായിക്കും).
  6. വെള്ളം വറ്റിയാല്‍ ഇറച്ചി വഴറ്റിക്കൊണ്ടിരിക്കുക. ബ്രൗണ്‍ നിറത്തിലായാല്‍ കുരുമുളകുപൊടിയും അല്‍പം ഗരം മസാലയും തൂകിക്കൊടുത്ത് ഇളക്കിയെടുക്കുക.
  7. മല്ലിയിലകൂടി മുകളില്‍ തൂകിയാല്‍ മുയല്‍ റോസ്റ്റ് റെഡി.

ഫോണ്‍: 9947615040

English summary: How to Earn Money from Rabbit Farming-Meat Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com